അല്ല സർ... മുകുൾ വാസ്നിക്കിന് മലയാളമറിയാമോ?

രാജ്യത്തെ ഏതെങ്കിലും കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് എന്തെങ്കിലും വ്യക്തതയുണ്ടെന്ന ആക്ഷേപം ഇന്നേവരെ കടുത്ത എതിരാളികൾ പോലും ഉന്നയിച്ചിട്ടില്ല. അപ്പോഴാണ് നെടുകെ കീറിയ പാവയ്ക്കായുടെ വലിപ്പത്തിലുള്ള ഒരു സംസ്ഥാനത്തെ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് വ്യക്തതയില്ലെന്ന ആക്ഷേപം. ഈ ആരോപണമുന്നയിക്കുന്നവനെയൊക്കെ മുക്കാലിയിൽ കെട്ടി അടിക്കുകയാണ് വേണ്ടത്. എവിടെ മുരളീധർജി?

അല്ല സർ... മുകുൾ വാസ്നിക്കിന് മലയാളമറിയാമോ?

ഒരു മനോരമാ വാർത്ത വായിച്ചപ്പോഴുള്ള സംശയമാണ്. കെപിസിസി - വൈകി ഉണർന്ന് കോൺ. ഹൈക്കമാൻഡ് എന്നു തലക്കെട്ട്. തിരുവനന്തപുരം എഡിഷനിൽ പേജു പതിനൊന്ന്.

പുതിയ കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള ചർച്ചകൾക്ക് എഐസിസി നേതൃത്വം തുടക്കമിട്ടത്രേ. നല്ല കാര്യം. സെമിഫൈനൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സർവാംഗം അടികൊണ്ട് നടുവൊടിഞ്ഞു കിടക്കുകയാണ് ഹൈക്കമാൻഡ്. വൈകിയാണെങ്കിലും ഉണർന്നതു നന്നായി എന്നേ ആരും പറയൂ. കേരളത്തിൽ ഒരു കെപിസിസി പ്രസിഡന്റുണ്ടാകുന്നതും നല്ല കാര്യം.

വൈകി ഉണർന്ന കോൺഗ്രസ് ഹൈക്കമാൻഡ് എന്താണു ചെയ്തത് എന്നറിയാൻ ഏവർക്കും ആകാംക്ഷ സ്വാഭാവികം. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് മുകുൾ വാസ്നിക്കിന്റെ രൂപത്തിലാണ് അവതരിച്ചത്. വൈകി ഉണർന്ന് ഹൈക്കമാൻഡ് എന്നു വായിക്കുമ്പോൾ മൂക്കറ്റം മൃഷ്ടാന്നം കിടന്നുറങ്ങി നേരം വൈകി ഉണർന്നതു മുകുൾ വാസ്നിക്കാണെന്നു നമ്മൾ മനസിലാക്കണം.

മുകുൾ വാസ്നിക് എന്തു ചെയ്തു...? കട്ടൻ ചായ കുടിച്ചതിനു ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഫോൺ ചെയ്തു. ഇനി എന്തു വേണം എന്ന് ആരാഞ്ഞു.

വൈകി ഉണർന്ന വാസ്നികിന്റെ ഫോൺ വരുമ്പോൾ ഇവിടെ സമയം പത്തു പത്തരയാവുക സ്വാഭാവികം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും കൃത്യാന്തര ബാഹുല്യങ്ങളിലേയ്ക്കു കടക്കുന്ന നേരം. അപ്പോഴാണ് ഇനിയെന്തു വേണമെന്ന ചോദ്യവുമായി ദില്ലിയിൽ നിന്ന് ഫോൺ. ആർക്കായാലും ദേഷ്യം വരും.

"ചുമതല നൽകണമോ മുഴുവൻ സമയ പ്രസിഡന്റ് വേണമോ എന്നതിൽ ഇപ്പോഴും അഭിപ്രായം ആരായുന്ന സമീപനമാണ് മുകുൾ സ്വീകരിച്ചത്" എന്നാണ് മനോരമ പറയുന്നത്. വാർത്തയിലെ അടുത്ത വാചകമാണ് ക്ലാസിക്.

ചുമതല നൽകാനായിരുന്നെങ്കിൽ അതു വി എം സുധീരൻ ഒഴിഞ്ഞ സമയത്തു തന്നെ വേണ്ടിയിരുന്നില്ലേ എന്നാണ് ഇവിടെ ഉയരുന്ന ചോദ്യം.

അല്ല സർ.. ചോദ്യം ചോദിച്ചത് മുകുൾ വാസ്നിക്കല്ലേ? അപ്പോൾ ഇക്കാര്യം അങ്ങോരോടല്ലേ ചോദിക്കേണ്ടത്? അതിനു പകരം ഇവിടെ ചോദ്യം ഉയർത്തിയിട്ടെന്തു കാര്യം? മുകുൾ വാസ്നിക്കിനോടു ചോദിക്കാനുള്ളത് നാട്ടുകാരോടു ചോദിച്ചാൽ അവരെന്തു മറുപടി പറയും? വായനക്കാരെ ഇങ്ങനെ ആത്മസംഘർഷത്തിലേയ്ക്കും ആശയക്കുഴപ്പത്തിലേയ്ക്കും ഒരു വൃത്താന്തപ്പത്രം തള്ളി വിടാമോ? കാര്യം മലയാളത്തിന്റെ സുപ്രഭാതം തന്നെ.

വൈകി ഉണർന്ന മുകുൾ വാസ്നിക് ഫോൺ ചെയ്തിട്ടും ഹൈക്കമാൻഡിന് ഇക്കാര്യത്തിൽ ഇനിയും വ്യക്തതയില്ലെന്ന വിലയിരുത്തലാണത്രേ ഇവിടെ അവശേഷിച്ചത്. ശാന്തം പാപം.

രാജ്യത്തെ ഏതെങ്കിലും കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് എന്തെങ്കിലും വ്യക്തതയുണ്ടെന്ന ആക്ഷേപം ഇന്നേവരെ കടുത്ത എതിരാളികൾ പോലും ഉന്നയിച്ചിട്ടില്ല. അപ്പോഴാണ് നെടുകെ കീറിയ പാവയ്ക്കായുടെ വലിപ്പത്തിലുള്ള ഒരു സംസ്ഥാനത്തെ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് വ്യക്തതയില്ലെന്ന ആക്ഷേപം. ഈ ആരോപണമുന്നയിക്കുന്നവനെയൊക്കെ മുക്കാലിയിൽ കെട്ടി അടിക്കുകയാണ് വേണ്ടത്. എവിടെ മുരളീധർജി?

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ജനം വോട്ടുചെയ്തു വിജയിപ്പിച്ചത് കോൺഗ്രസിനെ. അധികാരം റാഞ്ചിയത് ബിജെപി. അപ്പോഴും കൂർക്കം വലിച്ചുറങ്ങിയ സാക്ഷാൽ ഹൈക്കമാൻഡിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നവരെ നരകത്തീയിൽ ദണ്ഡിക്കണം.

എന്നാലും ആ സംശയം ബാക്കിയാകുന്നു. "ചുമതല നൽകാനായിരുന്നെങ്കിൽ അതു വിഎം സുധീരൻ ഒഴിഞ്ഞ സമയത്തു തന്നെ വേണ്ടിയിരുന്നില്ലേ എന്ന് ഇവിടെ ഉയരുന്ന ചോദ്യ"ത്തിന് ആരു മറുപടി പറയും...

മലയാളം പഠിച്ച് മനോരമ വായിച്ച് മുകുൾ വാസ്നിക്കു പറയുമായിരിക്കും. നമുക്കു കാത്തിരിക്കാം.

(ചിത്രം: എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കും മുൻ നിരീക്ഷകൻ ഗുലാം നബി ആസാദും കേന്ദ്രമന്ത്രിമാരായിരിക്കെ (ഗവ. ആർക്കൈവ്സ്))