എട്ടിന്റെ പണിയ്ക്ക് അർഹനാണ് എ കെ ശശീന്ദ്രൻ... മംഗളം ചാനൽ ഒരു നിമിത്തം മാത്രം...

എ കെ ശശീന്ദ്രനെയോർത്ത് കണ്ണീർപൊഴിച്ചിട്ടു കാര്യമില്ല. മംഗളം ചാനലിന്റെ എഡിറ്റോറിയൽ പോളിസിയ്ക്കെതിരെ രോഷം കൊണ്ടിട്ടും. ക്രൈം വാരികയുടെ ദൃശ്യരൂപം നമ്മുടെ മുന്നിലെത്തുകയാണ്. അതിനു മാർക്കറ്റുണ്ട്- അസോസിയേറ്റ് എഡിറ്റർ കെ.ജി ബിജു എഴുതുന്നു.

എട്ടിന്റെ പണിയ്ക്ക് അർഹനാണ് എ കെ ശശീന്ദ്രൻ... മംഗളം ചാനൽ ഒരു നിമിത്തം മാത്രം...

സ്വപ്നതുല്യമായ തുടക്കം. വേറെന്തു പറയും, മംഗളം ചാനലിന്റെ രംഗപ്രവേശത്തെക്കുറിച്ച്. ഒരു മന്ത്രിയുടെ കസേരയ്ക്കു തീ കൊളുത്തിക്കൊണ്ടുള്ള ആ വരവിന് ഒരു മെഗാസ്റ്റാറിന്റെ മാസ് എൻട്രിയുടെ പരിവേഷമുണ്ട്.

എ കെ ശശീന്ദ്രനെയോർത്ത് കണ്ണീർപൊഴിച്ചിട്ടു കാര്യമില്ല. മംഗളം ചാനലിന്റെ എഡിറ്റോറിയൽ പോളിസിയ്ക്കെതിരെ രോഷം കൊണ്ടിട്ടും. ക്രൈം വാരികയുടെ ദൃശ്യരൂപം നമ്മുടെ മുന്നിലെത്തുകയാണ്. അതിനു മാർക്കറ്റുണ്ട്.

സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ശശീന്ദ്രനുണ്ടായിരുന്നു. അരനൂറ്റാണ്ടിനുമീതേ പഴക്കമുള്ള പൊതുപ്രവർത്തന ജീവിതത്തിൽ ആദ്യമായാണ് മന്ത്രിസ്ഥാനം കൈവന്നത്. ഒരു വർഷം തികച്ച് ആ കസേര സംരക്ഷിക്കാനായില്ല. മൃഗതൃഷ്ണയുടെ സാഫല്യം മുൻഗണനാപ്പട്ടികയിൽ മുന്തി നിന്നു. അതിന്റെ വിലയും കൊടുത്തു. മംഗളം ഒരു നിമിത്തമായെന്നേയുള്ളൂ.

പൊതുപ്രവർത്തകർ പൊതുമൂല്യബോധത്തിനത്റെ സംരക്ഷകരാകണം. എന്തെല്ലാം കാപട്യങ്ങളുണ്ടെങ്കിലും പൊതുജനത്തിന് അരുതായ്കകളെക്കുറിച്ചൊരു സങ്കൽപമുണ്ട്. അതു ലംഘിക്കുന്നവർക്ക് ഏതു വഴിയായാലും എട്ടിന്റെ പണി കിട്ടണം. ജനത്തിന്റെ വോട്ടും വാങ്ങി അധികാരത്തിലേറിയാൽ എന്തു തരവഴിയുമാകാമെന്നു ചിന്തിക്കുന്നവർക്ക് മംഗളം കൊടുത്തതു തന്നെയാണ് പണി.

ആ ശബ്ദരേഖ കേട്ടവർക്കറിയാം, കാമത്തീയിൽ ആളിക്കത്തുകയാണ് കഥാനായകൻ. ശശീന്ദ്രന്റെ ഇത്തരം ഫോൺ കോളുകൾക്ക് മറുവശത്തുള്ള സ്ത്രീയുടെ പ്രതികാരമാകാം വിഷയം ചാനലിലേയ്ക്കെത്തിച്ചത്. പരസ്യമായി പരാതിപ്പെട്ടാൽ സംഭവിക്കുന്നതിന്റെ ആയിരം മടങ്ങായിരുന്നു പ്രത്യാഘാതം. സംഭാഷണം സംപ്രേക്ഷണം ചെയ്തതിന്റെ കൃത്യം ആറാം മണിക്കൂറിൽ മന്ത്രിയുടെ പടം പൊഴിഞ്ഞു. അഗതിയായ സ്ത്രീയെന്നു മാത്രമേ മംഗളം പരിചയപ്പെടുത്തിയുള്ളൂ. അഭിയുക്തമായിരുന്നു അവരുടെ പ്രതികാരം.

ഒറ്റിയതാകാം ശശീന്ദ്രനെ. ചെയ്തതു ചിലപ്പോൾ ഏറ്റവുമടുത്ത അനുചരന്മാരുമായിരുന്നിരിക്കാം. വിവരം എങ്ങനെയോ ചോർത്തിയവർ മറുവശത്ത് വില പേശിയിട്ടുണ്ടാകാം. ഉച്ചരിക്കപ്പെട്ട ഒരക്ഷരം കൊണ്ടുപോലും മറുവശത്താരെന്ന് തിരിച്ചറിയപ്പെടരുത് എന്ന ചാനൽ നിഷ്കർഷ അതുകൊണ്ടാവാം.

എല്ലാം ഊഹമാണ്. എന്തായാലും ഫോണിനു മറുവശത്തു നടത്തിയ തിരഞ്ഞെടുപ്പിൽ ശശീന്ദ്രൻ അമ്പേ പരാജയപ്പെട്ടുപോയി. അല്ലെങ്കിൽ പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെട്ടു. ഏറ്റവും സ്വകാര്യമായ നിമിഷമെന്ന ഉത്തമബോധ്യത്തോടെ, ഒരിക്കലും ചതിക്കപ്പെടുകയില്ല എന്ന പൂർണ വിശ്വാസത്തിലാണ് എ കെ ശശീന്ദ്രൻ ഫോണെടുത്തത്. തെറ്റിപ്പോയെന്ന് ബോധ്യപ്പെട്ടപ്പോഴേയ്ക്കും ഇരിപ്പിടം ചാമ്പലായിപ്പോയി.

ഇത്തരം കെണികൾ കൂടി അതിജീവിക്കേണ്ടവരാണ് പൊതുപ്രവർത്തകർ. കാര്യം സദാചാരപ്പോലീസുകളിയാണെന്നൊക്കെ ആക്ഷേപിക്കാം. മലീമസ മാധ്യമപ്രവർത്തനമാണെന്ന് വിമർശിക്കാം. പക്ഷേ, ലൈംഗികോദ്ദേശത്തോടെയുള്ള മുൻകൈയെടുക്കലുകൾക്ക് പൊതുപ്രവർത്തകർ ഇറങ്ങിപ്പുറപ്പെടുമ്പോൾ, വില്ലൻ വേഷത്തിലൊരു സ്മാർട് ഫോൺ മറുവശത്തുണ്ടാകാമെന്നു കൂടി ആലോചിക്കുന്നത് നന്ന്.

ഇതോ മാധ്യമപ്രവർത്തനം എന്നു നെറ്റി ചുളിക്കുന്നവരുണ്ട്. ഇങ്ങനെ പലതരം മാധ്യമപ്രവർത്തനങ്ങളുണ്ട്. നിയമങ്ങളും ചട്ടങ്ങളും കീഴ്വഴക്കങ്ങളുമൊക്കെ സമൂലം മാറ്റത്തിനു വിധേയമാകുമ്പോൾ ക്രൈം റിപ്പോർട്ടിംഗിൽ മാത്രമെന്തിന് പഴയ വ്യാകരണം മുറുകെപ്പിടിക്കണം? പരിപൂർണ നഗ്നയായി മാതാഹരി കമിഴ്ന്നു കിടക്കുന്ന ചിത്രം എഡിറ്റ് പേജിൽ അച്ചടിക്കുമ്പോൾ മനോരമ ലക്ഷ്യമിട്ടതും വിപണിയെത്തന്നെയാണ്. ഇതേ മലയാളിയുടെ പൂമുഖത്തല്ലേ, കിടപ്പറയിലെ ട്യൂണയെന്ന വിശേഷണങ്ങളൊക്കെ അച്ചടിച്ച പത്രവും വന്നുവീണത്? ഇതൊന്നും തുടങ്ങിവെച്ചത് മംഗളമല്ല.

ഒരു മന്ത്രിയുടെ തലയുരുട്ടാൻ പോന്ന ഈ വിവരം കിട്ടിയിരുന്നെങ്കിൽ മറ്റു മുഖ്യധാരാ ചാനലുകൾ എന്തു ചെയ്യുമായിരുന്നു? അതല്ലേ മംഗളവും ചെയ്തുള്ളൂ...