'തള്ളലിലൂടെയല്ല' ദേശസുരക്ഷ ഉറപ്പാക്കേണ്ടത്; രക്തസാക്ഷിത്വം അതിനുള്ള അളവുകോലുമല്ല

സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ ക്രെഡിറ്റും രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തു. ഇന്ത്യൻ പട്ടാളം എന്നത് സംഘപരിവാറിന്റെ ഒരു ഉപയൂണിറ്റ് ആണെന്നു തോന്നിപ്പിക്കും വിധം സർജിക്കൽ സ്‌ട്രൈക്കിനെ യുപിയിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു. സൈന്യത്തിന്റെ നേട്ടം മോദിയുടെ അക്കൗണ്ടിൽ വരുമെങ്കിൽ സൈന്യത്തിനും രാജ്യസുരക്ഷയ്ക്കുമേറ്റ പരാജയങ്ങളും അതേ അക്കൗണ്ടിൽ തന്നെ എഴുതണം

തള്ളലിലൂടെയല്ല ദേശസുരക്ഷ ഉറപ്പാക്കേണ്ടത്; രക്തസാക്ഷിത്വം അതിനുള്ള അളവുകോലുമല്ല

ദേശസ്നേഹത്തിന്റെ മൊത്തക്കവടക്കാർ നാടുഭരിക്കുമ്പോൾ അനുദിനം ജവാന്മാർ മരിച്ചുവീഴുകയാണ്. എത്ര രക്തസാക്ഷികൾ ഉണ്ടായി എന്നു നോക്കി രാജ്യസ്നേഹത്തിന്റെ അളവുതീരുമാനിക്കുകയാണെന്നു തോന്നുന്നു. യുപിഎ ഭരണകാലത്ത് തീവ്രവാദി ആക്രമണങ്ങളും പട്ടാളക്കാരുടെ രക്തസാക്ഷിത്വവും ഉണ്ടായപ്പോഴെല്ലാം അതിനെ രാജ്യസുരക്ഷ തകർന്നു എന്ന മട്ടിൽ പ്രചരിപ്പിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്തവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത് എന്നോർക്കുക. അവരാണ് ഇന്ന് ഓരോ പട്ടാളക്കാരന്റെ ജീവനെയും ദേശസ്നേഹത്തിന്റെ ക്രീം പുരട്ടി ആഘോഷിക്കുന്നത്.

രക്തസാക്ഷിത്വം ചിലപ്പോഴൊക്കെ പരാജയം കൂടിയാണ്

രക്തസാക്ഷിത്വമാണ് ധീരതയുടെയും രാജ്യസ്നേഹത്തിന്റെയും അളവുകോൽ എന്നൊക്കെ ചിന്തിക്കുന്ന ഗോത്രകാലം കടന്നുപോയത് ഇപ്പോഴും ബിജെപിയും അവരടങ്ങുന്ന സംഘപരിവാറും അറിഞ്ഞില്ലെന്ന് വേണം കരുതാൻ. സ്വപക്ഷത്തു നിന്നും ഒരു ജീവൻപോലും നഷ്ടപ്പെടുത്താതെ ജയിച്ചു കയറുന്നതാണ് ആധുനികയുദ്ധങ്ങളുടെ സവിശേഷത. ഇത് മനസ്സിലാവാത്തതിനാലാവില്ല, മറിച്ച് രക്തസാക്ഷ്യങ്ങൾ ദേശസ്നേഹം വർധിപ്പിക്കുകയും അത് രാജാവിനോടുള്ള പ്രജകളുടെ സ്നേഹമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യും എന്ന ഗോത്രകാല അനുഭവങ്ങൾ പ്രയോഗിക്കുകയാവാം ഭരണകൂടം എന്നു സംശയിച്ചാലും തെറ്റ് പറയാൻ കഴിയില്ല.

നരേന്ദ്ര മോദി കാലത്ത് സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ ക്രെഡിറ്റും രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തു. ഇന്ത്യൻ പട്ടാളം എന്നത് സംഘപരിവാറിന്റെ ഒരു ഉപയൂണിറ്റ് ആണെന്നു തോന്നിപ്പിക്കും വിധം സർജിക്കൽ സ്‌ട്രൈക്കിനെ യുപിയിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു. സൈന്യത്തിന്റെ നേട്ടം മോദിയുടെ അക്കൗണ്ടിൽ വരുമെങ്കിൽ സൈന്യത്തിനും രാജ്യസുരക്ഷയ്ക്കുമേറ്റ പരാജയങ്ങളും അതെ അക്കൗണ്ടിൽ തന്നെ എഴുതണം. ഇന്ത്യക്കെതിരായ പാക് ഭാഗത്തുനിന്നും എത്ര സർജിക്കൽ സ്ട്രയ്ക്കുകളാണ് ഉണ്ടായിട്ടുള്ളത് എന്നു നോക്കുക. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും തകർത്ത് ഭീകരർ എത്ര 'കൂളായാണ്' നമുക്ക് 'അഭിമാനിക്കാനായി' രക്തസാക്ഷികളെ സമ്മാനിച്ചിട്ടു പോയത്!

ഛത്തീസ്ഗഡിൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 26 സിആർപിഎഫ് ജവാന്മാരുടെ ചിതകൾ ഇനിയും അണഞ്ഞിട്ടില്ല. അതിനിടെയാണ് ജമ്മു കശ്‌മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്ത് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നിരിക്കുന്നത്. ഒരു ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ജീവനെടുക്കുന്ന വീഴ്ചകൾ!

'അടിയന്തരമായി സൈന്യത്തില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ നാം ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരും. സിആര്‍പിഎഫിന് വിദഗ്ധമായ പരിശീലനം ആവശ്യമാണ്' എന്ന റിട്ടയേര്‍ഡ്‌ ലെഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗിന്റെ വിമർശനത്തെ ചെറുതായി കാണാൻ കഴിയില്ല. ഛത്തീസ്ഗഡിൽ 26 സിആർപിഎഫ് ജവാന്മാർ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു മുൻ പട്ടാള ഉദ്യോഗസ്ഥന്റെ ഈ പരാമർശം. അനേകം പട്ടാള സിനിമകളിൽ കാണുന്നതു പോലെ വന്ദേ മാതരം മുഴക്കി, ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ ജീവനു പകരം രണ്ടു ശത്രുവിന്റെ (പാക്കികളുടെ) ജീവനെടുപ്പല്ല സൈന്യത്തിൽ വേണ്ടത്, കൃത്യമായ പ്രൊഫഷനലിസം തന്നെയാണ് എന്നതിന്റെ ആവശ്യകതയിലേക്കാണ് ഓരോ പട്ടാളക്കാരന്റെയും ജീവത്യാഗം വിരൽ ചൂണ്ടുന്നത്.

ഛത്തീസ്ഗഡിലെയും ഉറിയിലെയും അടക്കം രാജ്യത്തിനകത്തും അതിർത്തിയിലും നടന്ന ആക്രമണങ്ങളിൽ ഇന്റലിജൻസ് വീഴ്ച വ്യക്തമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ നടക്കുന്ന നീക്കങ്ങളെ മുൻകൂട്ടി കാണാനും തടയാനും കഴിയാതിരുന്നത് കനത്ത വീഴ്ച തന്നെയാണ്. ഇത്തരം വീഴ്ചകളുടെ ഉത്തരവാദിത്തം കൂടി ഭരണകൂടം ഏറ്റെടുക്കുകയും അതുകൂടി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുകയുമാണ് വേണ്ടത്.

'തള്ളിയിട്ടു' കാര്യമില്ല; വേണ്ടതു ചെയ്യണം

ജവാന്മാരടക്കം ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സുരക്ഷാ - ഇന്റലിജൻസ് വീഴ്ചകളാണ് ജവാന്മാരുടെ ഹത്യക്ക് ഇടയാക്കുന്നത്. ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്തുക. 'തള്ളലിലൂടെ' രാജ്യ സുരക്ഷ ഉറപ്പുവരുത്താൻ കഴിയില്ലെന്ന് ഇനിയെങ്കിലും കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞേ പറ്റൂ.

ഏറ്റവും ക്ലേശകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്ന വിഭാഗമാണ് പട്ടാളക്കാർ. തൊഴിലാളികൾ എന്ന നിലയിലായാലും രാജ്യസ്നേഹത്തിന്റെ കണ്ണിലൂടെയായാലും പട്ടാളക്കാരന് നല്ല ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയേ തീരൂ. സത്യം വിളിച്ചു പറയുന്ന പട്ടാളക്കാരെ പുറത്താക്കിയും ഒതുക്കിയും ദേശസ്നേഹമുദ്രാവാക്യങ്ങൾ മുഴക്കിയതുകൊണ്ടു യാതൊരു ഫലവുമില്ല.ബീക്കൺ ലൈറ്റ് ഉപേക്ഷിച്ച് കൊളോണിയൽ അവശിഷ്ടങ്ങൾ സിവിൽ സമൂഹത്തിൽ നിന്നും ഒഴിവാക്കാൻ കാട്ടുന്ന നീക്കങ്ങൾ അഭിനന്ദനീയം തന്നെ. പട്ടാളത്തിലെ ജാതി വ്യവസ്ഥയും, 'ഓഡർലി' പോലുള്ള കൊളോണിയൽ മാലിന്യ സമ്പ്രദായങ്ങളും ചർച്ച ചെയ്യാനും ഒഴിവാക്കാനും ശ്രമം നടത്തിയേ പറ്റൂ.

യുദ്ധം ഒഴിവാക്കുന്നത് ഏറ്റവും വലിയ ധീരതയാണ്!

എല്ലാ യുദ്ധങ്ങളും മനുഷ്യരാശിക്ക് സമ്മാനിക്കുന്നത് തീരാ മുറിവുകൾ തന്നെയാണ്. ജയിച്ചവനും പരാജയപ്പെട്ടവനും ലഭിക്കുന്നത് ഒരുപോലെ അനാഥരായ കുഞ്ഞുങ്ങളെയും വിധവകളേയുമാണ്. വിദ്യാലയങ്ങളും റോഡുകളും വ്യവസായശാലകളും ആശുപത്രികളും നിർമിക്കേണ്ട പണമാണ് വെടിയുണ്ടകളായും ബോംബുകളായും മൈനുകളായും നാമാവശേഷമാക്കപ്പെടുന്നത്. ഒരു യുദ്ധത്തിൽ ഒരാളുടെ ജീവൻ രക്ഷിച്ചവൻ ധീരനെങ്കിൽ അനേകരുടെ ജീവൻ രക്ഷിക്കാനായി ഒരു യുദ്ധം തന്നെ ഒഴിവാക്കുന്നവനാകും ഏറ്റവും വലിയ 'ഹീറോ'.

യുദ്ധം ചെയ്യാനായി രാജാവിനെ പ്രാപ്തനാക്കുന്ന സൂക്തങ്ങൾ രചിക്കപ്പെട്ട പാരമ്പര്യം മാത്രമല്ല, താൻ നയിച്ച യുദ്ധത്തിന്റെ കെടുതികൾ കണ്ടു സർവം ത്യജിച്ച് ബുദ്ധമതത്തിൽ ചേർന്ന അശോകന്റെ പാരമ്പര്യം കൂടി നമുക്കുണ്ടെന്നു ഓർക്കുക.