മനോരാജ്യം ഒന്ന്; ആറ് വാക്കുകളിൽ ഒരു കഥ!

ആറ് വാക്കുകളിൽ ഒരു കഥ എന്നായിരുന്നു പന്തയം. ഹെമിംങ് വേ ഒരു പഴയ ഓർമ്മയിൽ നിന്നും അതെഴുതി.

മനോരാജ്യം ഒന്ന്; ആറ് വാക്കുകളിൽ ഒരു കഥ!

ഏണസ്റ്റ് ഹെമിങ്‌വേയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധിഷണാശാലിയായ എഴുത്തുകാരന്‍. ഒന്നാം ലോകമഹായുദ്ധവും സ്പാനിഷ് അഭ്യന്തരസമരവും നേരിട്ട് കണ്ട അദ്ദേഹം പിന്നീട് കഥാകാരനായി മാറി. ലോകപ്രസിദ്ധമായ കഥകളും നോവലുകളും എഴുതിയ ഹെമിങ്‌വേയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ലഭിച്ചു. വളരെയേറെ സാഹസികമായ ജീവിതം നയിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഒന്നാം ലോകമഹായുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഒരു ജേര്‍ണലിസ്റ്റ് ആയിരുന്നു അദ്ദേഹം. എഴുത്തില്‍ അതിലേറെ കാര്യങ്ങള്‍ ചെയ്തയാള്‍.

ഹെമിങ്‌വേയെക്കുറിച്ച് ധാരാളം കഥകളുണ്ട്. അതിലൊന്നാണ് 'ഉപയോഗിക്കാത്ത ബേബി ഷൂ'. കഥയിങ്ങനെ:

കനേഡിയന്‍ ഹാസ്യസാമ്രാട്ടായ ജോണ്‍ റോബര്‍ട്ട് കൊളംബോയും സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍ ആര്‍തര്‍ സി ക്ലാര്‍ക്കും ഹെമിങ്‌വേയും ഒരു റസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിയ്ക്കുകയായിരുന്നു. അവിടെ ഒരു തര്‍ക്കത്തിനിടയില്‍ ഹെമിങ്‌വേ പറഞ്ഞു തനിക്ക് ആറ് വാക്കുകള്‍ മാത്രം ഉപയോഗിച്ച് ഒരു കഥ എഴുതാന്‍ സാധിക്കുമെന്ന്. പത്ത് ഡോളറായിരുന്നു പന്തയം. വാക്കുറപ്പിച്ച ശേഷം ഹെമിങ്‌വേ ആറ് വാക്കുകളില്‍ ഒരു കഥയെഴുതി:

"For sale: baby shoes, never worn"

വെറുതേ എഴുതിയതായിരുന്നില്ല ആ കഥ. ചെറിയൊരു ചരിത്രം അതിന്റെ പിന്നിലുണ്ടായിരുന്നു.

1910 മെയ് 16 ന് ഇറങ്ങിയ ദ സ്‌പോകേന്‍ പ്രസ്സില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. തുണിക്കച്ചവടത്തില്‍ ഒരു കുഞ്ഞിനുണ്ടായ ദുരന്തം എന്നായിരുന്നു ആ വാര്‍ത്ത. അപ്പോള്‍ ഹെമിംഗ്‌വേയ്ക്കു പത്തു വയസ്സ് പ്രായം കാണും.

വാര്‍ത്തയുടെ പശ്ചാത്തലം ഒരു സ്ത്രീയുടെ പരസ്യം ആയിരുന്നു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കൈകൊണ്ടുണ്ടാക്കിയ ട്രൗസിയൂവും കിടക്കയും വില്‍പനയ്ക്ക് എന്നൊരു പരസ്യമായിരുന്നു അത്. ഒരിക്കലും ഉപയോഗിക്കാത്തതായിരുന്നത്രേ അവ. സാധാരണ വായനക്കാര്‍ക്ക് അതു കാര്യമായി തോന്നിയില്ലെങ്കിലും തന്റെ കുഞ്ഞിനു വേണ്ടി ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിയ്ക്കുന്ന ഒരു അമ്മയ്ക്ക് അത് അത്ര നിസ്സാരമായി തോന്നാനിടയില്ല. കുഞ്ഞു ജനിക്കാന്‍ കാത്തിരുന്ന്, എല്ലാം ഒരുക്കി വച്ചിരിക്കുന്ന ഒരു സ്ത്രീയ്ക്ക് വേദനാജനകമായിരിക്കും കുഞ്ഞു വരുന്നില്ല എന്ന തിരിച്ചറിവ്. അപ്പോൾ കരുതി വച്ചതെല്ലാം വില്‍ക്കുകയല്ലാതെ എന്ത് ചെയ്യും!

ആ വാര്‍ത്ത പിന്നീട് പല തവണ പത്രങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അതായിരുന്നു ഹെമിങ്‌വേയ്ക്കും പ്രചോദനമായത്. ഏതാനും വാക്കുകളില്‍ കഥയെഴുതുന്നതിനെ ഫ്‌ളാഷ് ഫിക്ഷന്‍ എന്നാണു വിളിയ്ക്കുക. ആറു വാക്കുകള്‍ എന്ന നിബന്ധന കാരണം 'സിക്‌സ് വേര്‍ഡ് മെമ്മയേഴ്‌സ്' എന്ന ആശയവും വന്നു. പ്രശസ്തരായ എഴുത്തുകാര്‍ എഴുതിയ ആറ് വാക്ക് കഥകള്‍ പുസ്തകരൂപത്തിലും വന്നിട്ടുണ്ട്.

Story by