മലപ്പുറം മാച്ച് ഫിക്സിങ്: ബിജെപി ജയിച്ചു കയറുമോ?

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പല കാണാക്കളികളും മലയാളിയെ കാട്ടും. സ്വാഭാവിക വിജയിയാകേണ്ട പി കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിലേക്ക് സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങൾ വഴി തെളിച്ചു കൂടായ്കയില്ല. അങ്ങനെ വരുമ്പോൾ രണ്ടാംസ്ഥാനത്ത് എത്തുന്ന സ്ഥാനാർത്ഥി മലപ്പുറത്തിന്റെ എംപിയാകും. എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് ആ സ്ഥാനത്തേക്ക് ബിജെപി എത്തിപ്പെടുമോ? അത്തരമൊരു സാധ്യതയെക്കുറിച്ചുള്ള വിലയിരുത്തലാണ് മാത്യു സാമുവൽ നടത്തുന്നത്.

മലപ്പുറം മാച്ച് ഫിക്സിങ്: ബിജെപി ജയിച്ചു കയറുമോ?

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏപ്രിൽ മാസത്തിലെ കൊടുംചൂടിൽ ഉരുകി ഫലം പുറത്തു വരും. പക്ഷെ, പരമോന്നത കോടതിയുടെ അവസാനവിധി വരുമ്പോൾ മാത്രമേ ആരാണ് മലപ്പുറത്തിന്‍റെ മെമ്പർ ഓഫ് പാർലമെന്റ് എന്ന ഉത്തരം കിട്ടൂ. മുൻവിധിയില്ലാതെ വീക്ഷിച്ചാല്‍ യുഡിഫ് എൽഡിഫ് ബിജെപി ഇവരിൽ ആരുമാകാം മലപ്പുറം എം.പി. 'ബിജെപിയോ?' എന്ന അത്ഭുതം കൂറുന്ന ചോദ്യം സ്വാഭാവികമാണ്. ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു. യുക്തിക്ക് നിരക്കുന്നതാണോ അല്ലയോ എന്ന് വായനയ്ക്കു ശേഷം വിലയിരുത്താം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.അഹമ്മദ് ഒരു ലക്ഷത്തിതൊണ്ണൂറായിരം വോട്ടിനു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ചരിത്രം നമുക്കറിയാം. ബിജെപി അവിടെ 64000 വോട്ടുകൾ നേടി, മറ്റു ചില മുസ്ലിം ഗ്രൂപ്പുകൾ ചേർന്നു 70000 വോട്ടുകളും കരസ്ഥമാക്കി.

ഇത്തവണ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ പറഞ്ഞത് ബിജെപിയോടുള്ള ഒരു തുറന്ന പോരാട്ടത്തിനായി ഡൽഹിയിൽ പോകുന്നു എന്നായിരുന്നു. വിവിധ മുസ്ലിം സംഘടനകളുടെ തീരുമാനവും ഒപ്പം വന്നു - ബിജെപിയെ എതിർക്കാനായി പോകുന്ന കുഞ്ഞാപ്പയെ എല്ലാവരും പിന്തുണയ്ക്കുന്നു എന്ന് അവരും പ്രഖ്യാപിച്ചു. അപ്പോൾ മുസ്ലിം ഭൂരിപക്ഷത്തില്‍ നിന്നും ഒരു ഫ്രിഞ്ജ് ഗ്രൂപ്പും കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്നില്ല.

ഇടതുപക്ഷ സ്ഥാനാര്‍ഥിയായി താരതമ്യേന ഒരു പുതുമുഖത്തെ ഇറക്കുമ്പോള്‍ പല സംശയങ്ങളും ആദ്യം മുതല്‍ തന്നെ നിലനിന്നിരുന്നു. ഇതൊരു മാച്ച് ഫിക്സിങ് ആണോ എന്നുള്ളതായിരുന്നു അതില്‍ പ്രധാനം. ഈ തീരുമാനം കുഞ്ഞാലിക്കുട്ടിക്ക് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കും. ഏകേദശം രണ്ടര-മൂന്നു ലക്ഷം വോട്ടുകളുടെ ചോര്‍ച്ചയുണ്ടാകും. അത് ഇടതുപക്ഷത്തിന്റെയാകും.

വിവിധ മുസ്ലിം സംഘടനകളുടെ വോട്ടുകൾ ലീഗിനൊഴുകുമ്പോൾ ഇടതുപക്ഷത്തിനു പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ലീഗ് വിരോധികളായ മുസ്ലീങ്ങളുടെ വോട്ടുകൾ പോലും കുഞ്ഞാലിക്കുട്ടി എന്ന അതികായനിലേക്ക് എത്തിച്ചേരാനുള്ള സാധ്യത ചെറുതല്ല. മറുവശത്ത് ഹിന്ദുവോട്ടുകളെ കൺസോളിഡേറ്റ് ചെയ്യാൻ കഴിയുന്ന ഒരു നിലയിലല്ല, എൽഡിഎഫ് സ്ഥാനാർത്ഥിയുള്ളത്. അഡ്ജസ്റ്റ്മെന്റ്, പ്രീണനം തുടങ്ങിയ പ്രചാരണങ്ങളിൽ തട്ടി, ഇടതുപക്ഷത്തിനു സ്വാഭാവികമായി ലഭിക്കേണ്ട ഹൈന്ദവ വിശ്വാസികളായ സമ്മതിദായകരുടെ വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കാനും ഒരുപക്ഷെ ഒരട്ടിമറി തന്നെ സംഭവിച്ച് ഇടതുപക്ഷത്തെ കഷ്ടിച്ചു മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താനും ബിജെപിക്കു സാധിച്ചുകൂടെന്നില്ല. രാജ്യസഭാ എംപിയെന്ന നിലയിൽ തിരുവനന്തപുരം നഗരത്തിൽ ധാരാളം വികസനപ്രവർത്തനങ്ങൾ ചെയ്തു നിറഞ്ഞുനിന്നിരുന്ന ആളായിരുന്നിട്ടുകൂടി വട്ടിയൂർക്കാവു നിയോജകമണ്ഡലത്തിൽ ടി എൻ സീമയെ മറികടന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തിയത് ഓർമ്മിക്കുക.

ഹിന്ദു വോട്ടുകളുടെ ചോർച്ച എൽഡിഎഫിനെ മാത്രമല്ല, ബാധിക്കുക. പ്രത്യക്ഷത്തിൽ തന്നെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ കുന്തമുനയാവാൻ കച്ചകെട്ടിയിരിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് തങ്ങളുടെ വോട്ടുകൾ നൽകേണ്ടതില്ലെന്നു ജാതിഹിന്ദുക്കളടങ്ങുന്ന കോൺഗ്രസ് അനുകൂല വോട്ടർമാർ തീരുമാനിച്ചു കൂടെന്നില്ല. ഇത് പ്രതീക്ഷിത ഭൂരിപക്ഷത്തിലേക്ക് മുസ്ലീം ലീഗ് എത്തുന്നതിനെ തടയുക മാത്രമല്ല, മറുവശത്ത് ആ വോട്ടുകൾ കൂടി ബിജെപിയിലേക്ക് ഒഴുകുന്നതിലൂടെ ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടാം സ്ഥാനത്തിനായുള്ള മത്സരം വിജയപ്രാപ്തിയിലെത്താനുള്ള സാധ്യതയെ ഉയർത്തുകകൂടി ചെയ്യുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ തമ്മിലുള്ള പോരാട്ടത്തിൽ വോട്ടുചോർച്ച യുഡിഎഫിൽ പതിവായതിനാൽ ഇത് തികച്ചും സാധ്യമായ ഒരു പ്രൊപ്പോസിഷനാണ്.

എങ്ങനെ കളിച്ചാലും ബിജെപിക്കിത് ലാഭക്കച്ചവടമാണ്. വോട്ടുകൂടുമെന്ന കാര്യം ഉറപ്പ്. രണ്ടാംസ്ഥാനത്തെത്തിയാൽ കളിമാറും.

ഇനിയാണ് ചോദ്യം ചിലപ്പോൾ വളരെ നേരിയ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി റണ്ണർ അപ്പ് ആകുന്നുവെന്നിരിക്കട്ടെ. സത്യവാങ്മൂലം തെറ്റിച്ചു നൽകിയ പ്രശ്നവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം കോടതി അസാധുവാക്കുന്നുവെങ്കില്‍? അടുത്ത വിജയി ആരായിരിക്കും?

ചിലപ്പോൾ മാച്ച് ഫിക്സിങ് ആരും കാണുകയും കേൾക്കുകയും ചിന്തിക്കുകയും ചെയ്യാത്ത സ്ഥലങ്ങളിലേക്കു പോകും. അതു പലപ്പോഴും സംഭവിച്ചിട്ടുമുണ്ട്. പ്രവാചനാതീതമാണ് ഇവയെല്ലാം.

ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം. തെരെഞ്ഞെടുപ്പ് പത്രികയിൽ കൊടുത്ത പിശക് ഭരണഘടനാബെഞ്ച് ഒരിക്കലും അനുവദിക്കില്ല. ഇന്ത്യയില്‍ ഏറ്റവുമധികം ഫീസ്‌ വാങ്ങുന്ന നരിമാന്‍ വക്കീല്‍ നേരിട്ടു ഇറങ്ങിയാൽ പോലും കോടതി ഇത് അംഗീകരിക്കുമെന്നു തോന്നുന്നില്ല. കുഞ്ഞാലിക്കുട്ടിയെ ഇക്കാര്യത്തില്‍ അനുവദിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ പില്‍ക്കാലത്ത് തുടരെത്തുടരെ ചോദ്യം ചെയ്യപ്പെടാം.

Resurgent India എന്ന എന്‍.ജി.യോ കൊടുത്ത പൊതുതാല്പര്യ ഹർജിയിൽ വിധി തീർപ്പാക്കി സുപ്രീംകോടതി നല്‍കിയ ഉത്തരവിൽ അന്ന് ജസ്റ്റിസ് സദാശിവം കുറിച്ചത് ഇങ്ങനെയാണ്:

"The ultimate purpose of filing an affidavit along with the nomination paper is to effectuate the fundamental right of the citizens under Article 19(1) (a) of the Constitution. The Returning Officer could very well compel a candidate to furnish the relevant information."

അങ്ങനെയാകുമ്പോള്‍ നോമിനേഷൻ സ്വീകരിച്ച വരണാധികാരിയും കുറ്റക്കാരനാകും.

പച്ച മണ്ണില്‍ താമര വിരിയുമോ? ഇലക്ട്രോണിക് വോട്ടിങ് മെഷീനിനെ കുറിച്ച് പലതും കേൾക്കുന്നു, ചിലതു കാണുകയും ചെയ്യുന്നു. അരിവാളിനു കുത്തുന്നത് കോവണിക്കു പോയാലും സംഗതി പാളും. താമരയ്ക്കു പോകണം എന്നില്ല. എങ്കില്‍ പോലും താമര വിരിയും. സാധ്യതകൾ സംഭവിക്കുന്നതു മാത്രമല്ലല്ലോ. സംഭവിപ്പിക്കുന്നതു കൂടിയല്ലേ?