പ്രിയപ്പെട്ട മണിയാശാനേ, അങ്ങയുടെ കൈവശമുണ്ടോ വൻകിട കൈയേറ്റക്കാരുടെ വൺ, ടൂ, ത്രീ പട്ടിക?

പ്രസംഗവേദികളും പത്രസമ്മേളനങ്ങളുമൊക്കെ ആക്രോശങ്ങളിലും പുലഭ്യങ്ങളിലും പ്രകമ്പനം കൊണ്ടാൽ ഉദ്യോഗസ്ഥർ വരുതിയ്ക്കു നിൽക്കുമെന്നും മാധ്യമങ്ങൾ മര്യാദ പഠിക്കുമെന്നും മണിയാശാൻ വ്യാമോഹിക്കുന്നു. അധികാരത്തിന്റെ ചെങ്കോലേന്തുമ്പോൾ ഇത്തരം വ്യാമോഹങ്ങൾക്കു കീഴ്പ്പെട്ടുപോയ ആദ്യത്തെ ഭരണാധികാരിയോ രാഷ്ട്രീയ നേതാവോ അല്ല എം എം മണി.

പ്രിയപ്പെട്ട മണിയാശാനേ,  അങ്ങയുടെ കൈവശമുണ്ടോ വൻകിട കൈയേറ്റക്കാരുടെ വൺ, ടൂ, ത്രീ പട്ടിക?

കാൽ നൂറ്റാണ്ടുകാലം സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു, എം എം മണി. കാൽ നൂറ്റാണ്ടും പിന്നിട്ട് ഒരഞ്ചു വർഷം കൂടി തികച്ചു, ബംഗാളിലെ ഇടതുഭരണം. തുടർച്ചയായി അധികാരം കൈകാര്യം ചെയ്ത വ്യക്തികൾക്കു സംഭവിച്ച നാനാതരം അപചയങ്ങളുടെ ആകെത്തുകയാണ് ബംഗാളിലെ സിപിഎമ്മിന്റെ പതനം. അത്തരത്തിൽ പരമാധികാരത്തിന്റെ പർവതമുനമ്പിൽ നിന്ന് തെറിച്ചു വീഴാൻ പോകുന്നതിന്റെ അപായമണിയാണോ മന്ത്രിക്കസേരയിലിരുന്ന് മണിയാശാൻ മുഴക്കുന്നത്?

തന്റെ തന്നെ ഭൂതകാലാനുഭവങ്ങളോട് എം എം മണിയ്ക്കു നീതിപുലർത്താനാവുന്നില്ലെന്നായിരുന്നു കുപ്രസിദ്ധമായ വൺ ടു ത്രീ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ഡോ. തോമസ് ഐസക്കിന്റെ വിമർശനം (വിരുദ്ധന്മാരുടെ രണ്ടാംവരവ്, പേജ് 52). (അന്നത്തെ) അദ്ദേഹത്തിന്റെ ഭാഷ്യവും ആംഗ്യവും പാർടിയെ അവമതിപ്പെടുത്തുന്നതിനും കടന്നാക്രമിക്കുന്നതിനും വിരുദ്ധർക്ക് അവസരമൊരുക്കിയെന്നും ഐസക് കൂട്ടിച്ചേർത്തിരുന്നു.

പക്ഷേ, ആ വിമർശനം വെള്ളത്തിൽ വരച്ച വരയായി. മേപ്പടി ഭാഷ്യവും ആംഗ്യവുമില്ലെങ്കിൽ മണിയാശാനില്ല. ചെറ്റ, എമ്പോക്കി, പുളുത്തി, ഓഹോ, ആഹാ, പിന്നേ.. തുടങ്ങിയ വാക്കുകളുടെ ആവർത്തനവും കൈയാംഗ്യങ്ങളുമാണ് മണിയാശാനെ സംബന്ധിച്ചു പ്രസംഗം. ഐസക്കിന്റെയും പാർടിയുടെയും വിമർശനം പുസ്തകത്തിലും ചരിത്രത്തിലും ഉറങ്ങുമ്പോൾ മണിയാശാൻ വേദികളിൽ നിന്നു വേദികളിലേയ്ക്കു ജൈത്രയാത്ര തുടരുന്നു. തന്റെ പാർടിയുടെ അന്തസിനെ തെരുവിൽ വലിച്ചിഴച്ചുകൊണ്ട്.

എം എം മണി മൂന്നാറിലെ തൊഴിലാളി സ്ത്രീകളെയോ അവരുടെ സമരത്തെയോ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചിട്ടില്ല. അതിനു തെളിവുമില്ല. ഏതോ ഡിവൈഎസ് പിയുടെ മറന്നുപോയ പേരു ചോദിച്ചു മനസിലാക്കി പറയാൻ ശ്രമിക്കുന്ന വാചകങ്ങളിലെ മറ്റേപ്പണിയിൽ സമരം ചെയ്ത സ്ത്രീകൾ ഇല്ല തന്നെ. പോലീസും സമരക്കാരും ചേർന്നെന്ത് മറ്റേപ്പണി?

എന്നാൽ, അവിടെ നടന്നത് ആരുടെ ഏതു മറ്റേപ്പണിയായാലും മണിയാശാനെ സംബന്ധിച്ച് അതു കേട്ടുകേൾവി മാത്രമാണ്. കാരണം, പൊമ്പൊളൈ ഒരുമൈ സമരം നടക്കുമ്പോൾ അദ്ദേഹം മൂന്നാറിലോ കേരളത്തിലോ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും, സമരവേദിയ്ക്കു സമീപമുള്ള വനത്തിൽ നടന്നതായി പറയുന്ന വൃത്തികേടുകളെക്കുറിച്ച് ആരോ പറഞ്ഞ അറിവേ അദ്ദേഹത്തിനുള്ളൂ.

ആ കേട്ടുകേൾവികളെയാണ് ആധികാരികനാട്യത്തോടെ പൊതുയോഗത്തിലെടുത്തു വീശിയത്. സ്വന്തം ചെവിയിലെത്തുന്ന ഏതപവാദവും മൈക്കിനു മുന്നിൽ വിളമ്പാൻ മടിയില്ലാത്ത കേവലനായ ഒരു കവലപ്രസംഗകന്റെ നിലവാരത്തിലേയ്ക്കു പതിക്കുകയായിരുന്നു ഉന്നതനായ സിപിഐഎം നേതാവും മന്ത്രിയുമായ എം എം മണി.

കേട്ടുകേൾവികളെ വാർത്തയാക്കരുത് എന്ന് പിണറായി വിജയൻ മാധ്യമങ്ങളെ ഉപദേശിച്ചിട്ടുണ്ട്. ന്യായമായ ഉപദേശം. ദുരഭിമാനം വെടിഞ്ഞ് അതു ചെവിക്കൊണ്ടാൽ വിശ്വാസ്യതയേറും. തർക്കമില്ല. പക്ഷേ, കേട്ടുകേൾവി രാഷ്ട്രീയക്കാരന് ആയുധമാകാമോ? അതുമൊരു മന്ത്രിയ്ക്ക്? ഇപ്പോൾ വിവാദമായിരിക്കുന്ന മണിയാശാന്റെ പ്രസംഗങ്ങളെല്ലാം കേട്ടുകേൾവിയെ മാത്രം ആധാരമാക്കിയ പുലഭ്യം പറച്ചിലുകളാണ്. പിണറായി വിജയന് അവയൊക്കെ നാട്ടുമൊഴിയുടെ മാദകഭംഗിയായി ആസ്വദിക്കാം. കിളികൊഞ്ചും നാടിന്റെ ഗ്രാമീണഭംഗിയാണല്ലോ പ്രസംഗവേദികളിൽ പൂരപ്പാട്ടായി ഒഴുകുന്നത്.

എല്ലാവരും അത് അങ്ങനെതന്നെ കണക്കിലെടുക്കണമെന്ന് ദയവായി വാശിപിടിക്കരുത്. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച് എം എം മണി നടത്തുന്ന ആക്രോശങ്ങളിൽ പാവപ്പെട്ടവന്റെ കിടപ്പാടത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലായ്മയല്ല പ്രതിഫലിക്കുന്നത്. പൊതുസമൂഹത്തിനു മുന്നിൽ അദ്ദേഹം വൻകിട കൈയേറ്റക്കാരുടെ കങ്കാണിയാണ്. ആ പ്രതിച്ഛായയ്ക്കു മാധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ല. ഇടുക്കി കൈയേറ്റം സംബന്ധിച്ച് നാളിതുവരെ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകളും ആക്രോശങ്ങളും പ്രസംഗപ്പെരുമഴയും വാക്കും വാചകവും ശൈലിയും ആംഗ്യവുമൊക്കെ ഉണ്ടാക്കിക്കൊടുത്ത പ്രതിച്ഛായയാണത്. അതിനു കണ്ണാടികളുടെ തന്തയ്ക്കു പറഞ്ഞിട്ടു കാര്യമില്ല.

വൻകിട കൈയേറ്റങ്ങളെന്ന അമൂർത്തതയെ ചുറ്റിപ്പറ്റിയാണ് എം എം മണിയുടെ എല്ലാ നിലപാടുകളും. അതുകൊണ്ട് സമൂഹത്തെ എത്രനാൾ കബളിപ്പിക്കാനാവും? കാൽനൂറ്റാണ്ടുകാലം ഇടുക്കി സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇന്നും ജില്ലയിലെ മുടിചൂടാമന്നനാണ് മണി. അദ്ദേഹത്തിന് ഇടുക്കിയിലെ വൻകിട കൈയേറ്റങ്ങളെ വൺ, ടൂ, ത്രീ എന്നു പട്ടികപ്പെടുത്തി സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയുണ്ട്.

ഒരു വൻകിട കൈയേറ്റ ഭൂമിയെ ചൂണ്ടി, "അതാണ് ആദ്യം ഒഴിപ്പിക്കേണ്ടത് "എന്ന് റവന്യൂ വകുപ്പിനോട് ഇന്നോളം ആവശ്യപ്പെട്ടിട്ടില്ല മണിയാശാൻ. ആദ്യം ഒഴിപ്പിക്കേണ്ട കൈയേറ്റമേത്, ആദ്യം പറഞ്ഞു വിടേണ്ട കൈയേറ്റക്കാരനാര്, ഏതു റിസോർട്ടാണ് ആദ്യം പൊളിക്കേണ്ടത്.. ഏതാണ് ആദ്യം ഏറ്റെടുക്കേണ്ടത്... തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഒരു പ്രസംഗത്തിലും ഉത്തരമില്ല. പകരം നടക്കുന്നതോ? ഏതു കൈയേറ്റം ഒഴിപ്പിക്കാനിറങ്ങിയാലും കുറുകെ നിന്ന്, "ആദ്യം വൻകിട കൈയേറ്റം ഒഴിപ്പിച്ചിട്ടു വാ" എന്ന ക്ഷീരബല... ആകെ മടുത്തൂ സഖാവേ, നിർത്തുകീ ആവർത്തനം... .

പ്രസംഗവേദികളും പത്രസമ്മേളനങ്ങളുമൊക്കെ ആക്രോശങ്ങളിലും പുലഭ്യങ്ങളിലും പ്രകമ്പനം കൊണ്ടാൽ ഉദ്യോഗസ്ഥർ വരുതിയ്ക്കു നിൽക്കുമെന്നും മാധ്യമങ്ങൾ മര്യാദ പഠിക്കുമെന്നും മണിയാശാൻ വ്യാമോഹിക്കുന്നു. അധികാരത്തിന്റെ ചെങ്കോലേന്തുമ്പോൾ ഇത്തരം വ്യാമോഹങ്ങൾക്കു കീഴ്പ്പെട്ടുപോയ ആദ്യത്തെ ഭരണാധികാരിയോ രാഷ്ട്രീയ നേതാവോ അല്ല എം എം മണി. കൈയേറ്റക്കാരുടെ കങ്കാണിപ്പണിയ്ക്കിറങ്ങുമ്പോൾ വൺ, ടൂ, ത്രീ പട്ടികയുണ്ടാക്കി ഉന്മൂലനം ചെയ്യാൻ ശ്രമിച്ച മുള്ളഞ്ചിറ മത്തായിമാരുടെ ഭാഷ്യവും ഭാവവുമാണ് മണിയിലൂടെ പുറത്തുവരുന്നതെന്ന് തോമസ് ഐസക്കെങ്കിലും തിരിച്ചറിഞ്ഞ് ഉപദേശിക്കണം.

ചോദ്യങ്ങൾ കൃത്യമാണ്. മൂന്നാറിൽ ആരാണ് വൻകിട കൈയേറ്റക്കാർ? വൻകിട കൈയേറ്റക്കാരുടെ വൺ., ടൂ, ത്രീ പട്ടിക സിപിഎമ്മിന്റെയും എം എം മണിയുടെയും കൈവശമുണ്ടോ? ആരുടെ ഭൂമി ആദ്യം ഒഴിപ്പിക്കണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്.... ഈ ചോദ്യങ്ങൾക്ക് നേരെ ചൊവ്വേ ഉത്തരം പറയാത്തിടത്തോളം കാലം സിപിഐഎമ്മിന്റെയും എം എം മണിയുടെയും വാദങ്ങൾക്ക് വിശ്വാസ്യത കുറവാണ്.