ലോങ് മാർച്ചിൻ്റെ ചലനത്തില്‍ കേരളത്തില്‍ എന്തെങ്കിലും സംഭവിക്കുമോ? എം. ഗീതാനന്ദന്‍ വിലയിരുത്തുന്നു

ലോങ് മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ ഉയരുന്നത് നിരവധി സംവാദങ്ങളാണ്. കേരളത്തില്‍ ചെങ്കൊടിയേന്തിയ പ്രക്ഷോഭത്തിന്‍റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. മുത്തങ്ങ- നില്‍പ്പുസമരങ്ങള്‍ നയിച്ച എം. ഗീതാനന്ദന്‍ ലോങ് മാര്‍ച്ചിനെ കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു

ലോങ് മാർച്ചിൻ്റെ ചലനത്തില്‍ കേരളത്തില്‍ എന്തെങ്കിലും സംഭവിക്കുമോ? എം. ഗീതാനന്ദന്‍ വിലയിരുത്തുന്നു

അതീവ ഗൂരുതരമായ, സാവധാനത്തിലുള്ള നടപടിക്രമങ്ങളിലൂടെയാണ് കേരളത്തില്‍ ആദിവാസി ഭൂപ്രശ്‌നമാണെങ്കിലും വനനിയമമാണെങ്കിലും കടന്നു പോകുന്നത്. മോശപ്പെട്ട നിലയിലാണ് നടപ്പിലാക്കല്‍ പ്രക്രിയ. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം ഒട്ടും ഭേദപ്പെട്ടില്ലെന്നു മാത്രമല്ല, കുറച്ചുകൂടി കുഴപ്പത്തിലേയ്ക്ക് നീങ്ങുന്നു. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും പട്ടിക വര്‍ഗ്ഗ വകുപ്പാണ് വനാവകാശ നിയമത്തിന്റെ നോഡല്‍/ മോണിറ്ററിങ് ഏജന്‍സി പട്ടിക വര്‍ഗ്ഗ വകുപ്പാണ്. കേരളത്തില്‍ പട്ടികവർഗ്ഗ വകുപ്പിന് ഒരു ഡയറക്ടര്‍ പോലുമില്ല. ഒരു ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ചാര്‍ജ്. യുഡിഎഫിന്റെ അവസാന കാലത്ത് നിയമിച്ചതാണ്. വനംവകുപ്പ് പൊതുവെ വനാവകാശ നിയമം നടപ്പാക്കുന്നതിന് എതിരാണ്. അവരിതിന് വിരുദ്ധരാണ്. മോണിറ്ററിങ് ഏജന്‍സിയായ പട്ടികവര്‍ഗ്ഗ വകുപ്പിന് യാതൊരു അധികാരവുമില്ലാത്ത അവസ്ഥയിലാണ്.എന്നാൽ ഒരു സീനിയർ ഐഎഎസ് ഒഫീസർ ഫുൾ ടൈം ഡയറക്ടറായി ഇരിക്കേണ്ടതുണ്ട്. അതിന് ഒരു പ്രോ ട്രൈബൽ നിലപാട് എടുക്കേണ്ടതായിട്ടുമുണ്ട്. പക്ഷേ നിലവിൽ അതിനെ ഭരിക്കുന്നത് വനം വകുപ്പാണ്. ഇതാണിതിൻ്റെ കാതലായ പ്രശ്നം. വനം വകുപ്പിൻ്റെ ഉള്ളിലുള്ള ഒരു പൊതു ധാരണ വനാവകാശ നിയമം നടപ്പിലാക്കേണ്ടതില്ല എന്നതാണ്. പ്രത്യേകിച്ച് സാമൂഹിക വനാവകാശം.

വനാവകാശ നിയമത്തിൽ പ്രധാനമായും മൂന്ന് വിഭാഗങ്ങളാണുള്ളത്. വനത്തിൽ കൃഷി ചെയ്യുന്ന ഒരു ആദിവാസിക്ക് അവകാശം കൊടുക്കുന്നതിനെയാണ് വ്യക്തിഗത വനാവകാശ നിയമം എന്ന് പറയുന്നത്. അതേ സമയം തന്നെ അമ്പതോ നൂറോ ആളുകൾ താമസിക്കുന്ന ആദിവാസി ഗ്രാമം, അല്ലെങ്കിൽ ഊരാണ് വനത്തിലുള്ള വലിയ ഭൂപ്രദേശം,ഇത് ഇവർക്ക് ജീവിക്കാനും വനോത്പന്നങ്ങൾ ശേഖരിക്കാനുമുള്ള പ്രദേശമാണ്. ഈ ഇടം മാർക്ക് ചെയ്തുകൊടുക്കുന്നതാണ് സാമൂഹ്യ വനാവകാശം. കൃഷിയുള്ള കാടർ സമുദായത്തിന് ഏകദേശം 400 സ്ക്വയർ കിലോമീറ്ററാണ് അവർ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് അവർക്ക് പതിച്ച് കൊടുക്കും അതാണ് സമൂഹ്യ വനാവകാശം.എന്നാൽ സമൂഹ്യ വനാവകാശം കേരളത്തിൽ പൂർണ്ണമായും നടപ്പിലാക്കാതിരിക്കുകയാണ്. പട്ടിക വർഗ്ഗ വകുപ്പിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും മരവിച്ചിരിക്കുകയാണ്. അതിനൊരു മുഴുവൻ സമയ മന്ത്രിയോ ഡയറക്ടറോ ഇല്ല.

2006 ലാണ് വനാവകാശനിയമം നിലവിൽ വന്നത്. 2008 ലാണ് ചട്ടം വന്നു. ഇടക്കാലത്ത് ഒന്ന് ചലിച്ചു. നിൽപ്പ് സമരത്തിന് ശേഷം സമയ ബന്ധിതമായി അത് തീർക്കമെന്ന് പറഞ്ഞു. കേരളത്തിൻ്റെ പൊതുവായൊരു തന്ത്രം, വ്യക്തികത വനാവകാശത്തിലേക്ക് ചുരുക്കുക എന്നതാണ്. ഇടതും വലതും ഇക്കാര്യത്തിൽ ഒന്നിച്ചാണ്. വനത്തിൽ താമസ്സിക്കുന്ന ആദിവാസികൾ കൃഷി ചെയ്ത് ജീവിക്കുന്ന രീതി ഇവിടെ വളരെ കുറച്ചാണ്. വയാനാട്ടിൽ ഏതാണ്ട് 4000 വനാവകാശം അംഗീകരിച്ചത് അരസെൻ്റും മൂന്ന് സെൻ്റുമാണ്. അഞ്ചേക്കറും നാലേക്കറും സമൂഹിക വനാവകാശത്തിൻ്റെ അളവ് തിട്ടപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. കാട്ടിൽ ചലിക്കുന്നതിന് ആദിവാസികൾക്ക് നിരോധനം ഏർപ്പെടുത്തുന്നു എന്നതാണ് ഇങ്ങനെ അളവ് തിട്ടപ്പെടുത്തുന്നതിൻ്റെ അർത്ഥം. കേരളത്തിൽ ആദിവാസികളുടെ കാര്യത്തിൽ ഇടതും വലതും ഒരേപോലെ പിന്തിരിപ്പനാണ്. ഒരേപോലെ വലതാണ്. എൽഡിഎഫിൻ്റെ വിചാരം വനാവകാശം എന്നാൽ ഭൂമി പതിച്ച് കൊടുക്കാനുള്ള എന്തോ ഏർപ്പടാണ് എന്നാണ്. ആദിവാസികൾക്ക് സ്വയം ഭരണമുള്ള ഒരു പ്രദേശം അനുവധിക്കുകയാണ് എന്ന ബോധമല്ല അവർക്കുള്ളത്. വനം വകുപ്പിൻ്റെ അതേ കാഴ്ച്ചപ്പാടാണ് ഇരു കൂട്ടർക്കും. വനം വകുപ്പിന് ഇപ്പോഴും ബ്രിട്ടീഷ് കാഴ്ച്ചപ്പാടാണ്. കാട്ടിൽ നിന്ന് ആദിവാസികളെ പൂർണ്ണമായും അടിച്ചിറക്കുക എന്നതാണ് പൊതു സമീപനം.

സിപിഎമ്മിന്‍റെ ആദിവാസി ക്ഷേമസമിതിക്ക് ഇക്കാര്യത്തിൽ ദേശീയ തലത്തിലുള്ള ഒരു ആശയം രൂപീകരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. അവർക്ക് ചെറിയ താല്പര്യങ്ങളാണ് ഉള്ളത്. വനാവകാശത്തിൻ്റെ ടാർജറ്റ് ഡേറ്റ് മാറ്റുക എന്നതിലാണ് അവർ ഓന്നിയിരിക്കുന്നത്. 13/12/2005നു മുൻപ് വനത്തിൽ താമസിച്ചവർക്ക് അവകാശം നൽകാനാണ് തീരുമാനിച്ചിരുന്നത്. അത് കുറച്ച് കൂടി ഇന്നത്തേക്ക് നീക്കാനാണ് അവരുടെ ആവശ്യം. പുതുതായി കയ്യേറിയവർക്കെല്ലാം വനത്തിൽ അവകാശം സ്ഥാപിക്കുന്നതാണ് അവരുടെ ലൈൻ. ആദിവാസികൾ അല്ലാത്തവർക്കും അവകാശം കൊടുക്കണമെന്നും അവർ അവശ്യപ്പെടുന്നുണ്ട്.

വനാവകാശം നടപ്പിലാക്കിയ പല സംസ്ഥാനങ്ങളിലും പരാധീനതകൾ ഉണ്ട്. അതില്‍ത്തന്നെ ആന്ധ്രാപ്രദേശും രാജസ്ഥാനുമെല്ലാം മുന്നിലാണ്. ലോങ് മാർച്ചിൻ്റെ ഒരു ചലനവും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല. ഒരു ഉളുപ്പിമില്ലാതെ അവർ പഴയ നിലപാട് ഇവിടെ തുടരും. ദേശീയ തലത്തിൽ തന്നെ 1990 മുതൽ താരതമ്യേന പുരോഗമനപരമായ നിയമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് പെസ ഗ്രാമസഭ നിയമം. പഞ്ചായത്ത് രാജിൻ്റെ ഒരു അനുബന്ധം എന്ന നിലയ്കുള്ളതാണത്. നമ്മുടെ എംപിമാരും എംഎൽഎമാരും ആ വിഷയത്തിൽ നിരക്ഷരാണ്. ആദിവാസികൾക്ക് അങ്ങനെ പ്രത്യേക അവകാശങ്ങളൊന്നും വേണ്ടതില്ല എന്നതാണ് അവരുടെ പൊതു നിലപാട്. മധുവിൻ്റെ കൊലപാതകത്തിന് ശേഷം മന്ത്രി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൻ്റെ രത്ന ചുരുക്കവും അതാണ്.

2001നും 2014നുമിടയിൽ പ്രകമ്പനം കൊണ്ട ആദിവാസി സമരങ്ങളും ഭൂസമരങ്ങളും കേരളത്തിൽ നടക്കുന്നുണ്ട്. മുത്തങ്ങ, അരിപ്പ, ചെങ്ങറ. ഇതിനോടൊക്കെ വളരെ വിരുദ്ധമായ സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. മഹാരാഷ്ട്രയിൽ ഉള്ളതിനേക്കാൾ ഉജ്ജ്വലമായ പ്രക്ഷോഭങ്ങൾ കേരളത്തിൽ നടക്കാത്തതിനാലല്ല പ്രശ്നം പരിഹരിക്കപ്പെടാത്തത്. എന്നാൽ ഇവിടെ വലിയ അത്ഭുതങ്ങളൊന്നും നടത്താൻ പോകുന്നില്ല. കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളെയൊന്നും സർക്കാറുകൾ അഭിമുഖീകരിക്കാൻ തയ്യാറായിട്ടില്ല. സർക്കാരുകൾ ആദിവാസികളോടും ദളിതരോടുമുള്ള സർക്കാരുകളുടെ പൊതുവായ അതിക്രമം വംശീയവും ജാതീയവുമാണ്. മധുവിനെ അടിച്ചുകൊല്ലുന്നതിൽ ഇവിടുത്തെ ബിജെപികാരനേയും കോൺഗ്രസ്സ്കാരനേയും സിപിഎമ്മുകാരനേയും എല്ലാസവര്‍ണ്ണ ജാതിക്കാരനേയും ഒന്നിച്ചുകാണാം. അരിപ്പയിലും മുത്തങ്ങയിലും ചെങ്ങറയിലും ഇവരെ ഒന്നിച്ചു തന്നെ കാണാം

1999ൽ ആദിവാസി ഭൂമി റദ്ദാക്കാൻ കെ ആർ നാരായണനെ കാണാൻ ഡൽഹിയിൽ പോകുന്നതിൽ ഇകെ നായനാരും ആർ ബാലകൃഷ്ണപിള്ളയും പിജെ ജോസഫും കെ എം മാണിയും എകെ ആൻ്റനിയും കെ ഇ ഇസ്മയിലും എല്ലാ പിന്തിരപ്പൻ മാരും ഒറ്റകെട്ടായിരുന്നു. ഇവരെല്ലാം ടൈയ്യും കോട്ടും ഇട്ട് ആദിവാസിക്കെതിരെ പാർലമെൻ്റിനുമുന്നിൽ നിരന്ന് നിന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്. ഇവിടെ ജാതിയാണ് പ്രവർത്തിക്കുന്നത്. ആദിവാസിക്ക് പരമാവധി കൊടുക്കാവുന്നത് മൂന്ന് സെൻ്റാണെന്നാണ് അധികാരികളുടെ പൊതുബോധം. ഏക്കറുകണക്കിന് ഭൂമി ആദിവാസികൾക്ക് കാട്ടിൽ കൊടുക്കുക എന്ന് പറഞ്ഞാൽ അത് അവരുടെ ചിന്തക്ക് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ല.

അതി ശക്തമായ ജാതി വിരുദ്ധ പ്രസ്ഥാനത്തിൻ്റെ ഭാഗമായി മാത്രമേ ഇതിനൊക്കെ ഒരു പരിഹാരമുണ്ടകൂ. വേറെ വഴിയൊന്നുമില്ല. ജാതി കോളനികൾ നിർമ്മൂലനം ചെയ്യുന്നത് പോലുള്ള പ്രസ്ഥാനങ്ങൾ ഉണ്ടാകണം. അല്ലാതെ പാറപോലെ നിൽക്കുന്ന ഈ മനുഷ്യരുടെ മനസ്സിൽ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല. രാഷ്ട്രീയമായി നിരീക്ഷിച്ചാൽ ഇടത് ദേശീയമായി പൊട്ടിപാളീസായി ഇരിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. മഹാരാഷ്ടയിൽ ആധിവാസികളെ മുൻ നിർത്തി കർഷക പ്രശ്നം പറയുന്ന രീതിയാണ് അവർ സ്വീകരിച്ചിരിക്കുന്നത്. ദേശീയതലത്തിൽ ആദിവാസികൾക്ക് വേണ്ടിയുള്ള പ്രചാരണത്തിലൊന്നുമല്ല ഇടത് പക്ഷം. കർഷകരുടെ പ്രശ്നത്തെ നീറുന്ന പ്രശ്നമായിത്തന്നെ രാഷ്ട്രീയപാർട്ടികൾ മനസ്സിലാക്കിയിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ പാർലമെൻ്റിനു മുന്നിൽ വലിയ കാർഷിക സമരങ്ങൾ കാണാനാകും. ആദിവാസികളുടെ ജീവിതം മോദി ഭരണകാലത്ത് അത്യന്തം അപകടകരമായ അവസ്ഥയിൽ എത്തി ചേർന്നിട്ടുണ്ട്. അതിലും ദൈനീയമായ അവസ്ഥയിലാണ് ആദിവാസികൾ. കർഷകരും ആദിവാസികളും ഐക്യപ്പെടുന്നതിനുള്ള സാധ്യതകളും ഉണ്ട്.

ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങളെല്ലാം തന്നെ ജാതിക്കെതിരെയുള്ള സമരങ്ങളാണ്. അതുകൊണ്ടാണ് ഈ വിഭാഗങ്ങളെല്ലാം തന്നെ ഭൂസമരങ്ങളെ എതിർക്കുന്നത്. ജാതി വിരുദ്ധ ഉള്ളടക്കം ഉള്ളത് കൊണ്ട് തന്നെയാണ് ഈ എതിർപ്പുകളെല്ലാം. ആദിവാസികൾ സ്വത്തവകാശം ഉള്ളവരാകുന്നത് അവർക്കാർക്കും ഇഷ്ടപ്പെടില്ലല്ലോ .ബിഎസ് പി പോലെയോ എസ് പി പോലെയൊ സിപിഐഎം ഒരു പ്രാദേശിക പാർട്ടി എന്ന നിലയിൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ബംഗാളിൽ ഒരു നയം മഹാരാഷ്ടയിൽ മറ്റൊന്ന്. മഹാരാഷ്ടയിൽ കണ്ടത് ദേശീയതലത്തിൽ ഒരു മാതൃകയാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ദേശീയ തലത്തിൽ ഇടതിൻ്റെ ഒരു തിരിച്ചറിവായൊന്നും ഇതിനെ എടുക്കേണ്ടതില്ല. സെക്യുലർ കമ്മ്യൂണിസ്റ്റുകൾ ഇതിനെ ആഘോഷിക്കുകയായിരിക്കാം.

(തയ്യാറാക്കിയത്: മാനസ)

Read More >>