മദ്യമിങ്ങനെ കാണുന്ന നേരത്ത് പിന്‍തിരിയുന്നതെന്തിന് നാം വൃഥാ!

ദൂരപരിധി നിയമം ബാധകമാകുന്ന ഹോട്ടലുകള്‍ക്ക് 'സാറ്റലൈറ്റ് ബാര്‍' അനുവദിക്കുക. ഹൈക്കോടതി വിധി അനുസരിച്ച് എല്ലാ ബിവറേജസും സൂപ്പര്‍ മാര്‍ക്കറ്റ് ആയി ഉയര്‍ത്തുക. ആവശ്യമെങ്കില്‍ പുതിയ ബാറുകളും ഔട്ട്‌ലെറ്റുകളും അനുവദിക്കുക- മദ്യത്തെ കുറിച്ച് വേറിട്ട ഒരു ചിന്ത അവതരിപ്പിക്കുകയാണ് ഡോ. എംകുര്യന്‍ തോമസ്

മദ്യമിങ്ങനെ കാണുന്ന നേരത്ത് പിന്‍തിരിയുന്നതെന്തിന് നാം വൃഥാ!

അങ്ങിനെ അവസാനം അതു സംഭവിച്ചു. കേരളത്തിന്റെ പുതിയ മദ്യനയം 2017 ജൂണ്‍ 30-നു മുമ്പ് പ്രഖ്യാപിക്കുമെന്നു വകുപ്പുമന്ത്രി പ്രസ്താവിച്ചു!

ഭരണമാറ്റം സംഭവിച്ച് ഒരു വര്‍ഷം വേണ്ടിവന്നു, നയപ്രഖ്യാപനദിനം പ്രഖ്യാപിക്കുവാന്‍ എന്നതുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള ആശയക്കുഴപ്പവും ദൗര്‍ബല്യവും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരും ദിനങ്ങളില്‍ 'മദ്യനയം' വെറും 'മദ്യനിരോധന നയം' ആക്കി മാറ്റുവാന്‍ കണ്ണുരുട്ടലുകളും പല്ലുകടികളും വിരട്ടലുകളും ഭീഷണികളും അടങ്ങിയ ഇടയലേഖനങ്ങളും ഫത്വകളും തുരുതുരാ ഇറങ്ങുമെന്നത് ഉറപ്പ്.

വോട്ട് ബാങ്കുകളില്‍ അവയുടെ സ്വാധീനം തുച്ഛമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതിരുന്നാല്‍ അവസാനിക്കുന്നത് നടപ്പു സര്‍ക്കാര്‍ മാത്രമല്ല, കേരളത്തിന്റെ ഭാവി കൂടിയാണ്. ചാരായ നിരോധനം എന്ന ഭൂലോക മണ്ടത്തരം തിരുത്താതിരുന്നതിനേക്കാള്‍ ഭീകരമായിരിക്കും അതിന്റെ ഭവിഷ്യത്തുകള്‍.

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനൊന്നുമല്ല ഇത്തരമൊരു കുറിപ്പ് എഴുതുന്നത്. മറിച്ച് സംസ്ഥാനം നേരിടുന്ന ഭീകരമായ യാഥാര്‍ത്ഥ്യത്തിലേയ്ക്കു വിരല്‍ ചൂണ്ടുവാന്‍ മാത്രമാണ്. 'ഘട്ടംഘട്ടം' എന്ന 'പൊട്ടന്‍ കളി' നടപ്പാക്കിയ കാലത്തെ സ്ഥിതിയല്ല ഇന്നുള്ളത് എന്നതു നഗ്നയാഥാര്‍ത്ഥ്യമാണ്. സമീപകാല സുപ്രീംകോടതി വിധി, കേരള മനുഷ്യാവകാശ കമ്മീഷന്റെ വിചിത്രമായ ഇടപെടല്‍, അതിനേക്കാള്‍ ഉപരി കൂണുപോലെ മുളയ്ക്കുന്ന 'ജനകീയ പ്രതിരോധം' ഇവയൊക്കെ ഒരു നയരൂപീകരണം ഇന്നു ദുഷ്കരമാക്കുന്നു എന്ന വസ്തുത അംഗീകരിച്ചേതീരൂ. അതോടൊപ്പം ഉള്‍പ്പാര്‍ട്ടി - ഉള്‍മുന്നണി പ്രശ്നങ്ങളും.

എന്തു നയം കൊണ്ടുവന്നാലും പ്രതിപക്ഷം എതിര്‍ക്കും. അതിനവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. അത് ഏതു പ്രതിപക്ഷത്തിന്റെയും തൊഴിലാണ്. അതുകൊണ്ട് അവരുമായി സമവായം ഉണ്ടാക്കേണ്ട ആവശ്യമൊന്നും ഇക്കാര്യത്തിലില്ല.

ഘട്ടംഘട്ടവും സുപ്രീംകോടതി വിധിയും ആത്യന്തികമായി കേരളത്തിനു സമ്മാനിച്ചതെന്താണ്? ഇടവഴികളിലെങ്ങും കഞ്ചാവ് പുക നിറയുന്നു. വിവിധയിനം മയക്കുമരുന്നുകള്‍ ഗ്രാമാന്തരങ്ങളില്‍പോലും നുരയുന്നു. പൊലീസിന്റെ 'ഊത്ത് യന്ത്രത്തിനു' പോലും കണ്ടുപിടിക്കാനാവാത്ത ഈ മാരണങ്ങള്‍ വരുത്തി വെക്കുന്ന അപകടങ്ങള്‍ക്കു കണക്കില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ അത് മദ്യനിരോധനം വിജയിപ്പിക്കാന്‍ മറച്ചുവെക്കുന്നു.

രണ്ടാഴ്ച മുമ്പ് നഗരപ്രാന്തത്തില്‍വച്ച് രാവിലെ പത്തുണിക്ക് ഈ ലേഖകനടക്കം രണ്ടുമൂന്നു ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെ ഏതാണ്ടു തട്ടിവീഴ്ത്തി പറന്ന പെട്ടിഓട്ടോ ഡ്രൈവറെ മറ്റു യാത്രക്കാര്‍ തടഞ്ഞു പൊലീസിലേല്പിച്ചു. കഞ്ചാവുപോലെ എന്തോ മയക്കുമരുന്നിനു ടിയാന്‍ വിധേയനാണെന്നു പൊലീസിനും ബോദ്ധ്യമായി. പക്ഷേ അവരും നിസഹായരാണ്. കഞ്ചാവ് ഉപയോഗം ശാസ്ത്രീയമായി തെളിയിക്കാനുള്ള സംവിധാനം ഇവിടെ ഇല്ലത്രെ! ഈ ലേഖകന് ഒരു ഷര്‍ട്ടും, മറ്റൊരു യാത്രക്കാരനു കൈയ്യിലെ കുറെ തൊലിയും പോയതു മിച്ചം! മദ്യനിരോധനം വിജയിക്കട്ടെ.

ബാറും ബിവറേജും പൂട്ടിച്ചിട്ട് മദ്യ ഉപഭോഗം കുറഞ്ഞോ? അതൊട്ടില്ലതാനും. സര്‍ക്കാരിന്റെ വരുമാനം സ്വല്‍പ്പം കുറഞ്ഞു എന്നതു സത്യം. പക്ഷെ ഈയാണ്ടത്തെ വറുതിക്കു വറ്റിവരണ്ട കൈത്തോടുകളില്‍പ്പോലും ഇന്നു വ്യാജമദ്യവും സെക്കന്‍ഡ്സും അവിഘ്നമായി ഒഴുകുകയാണ്. സത്യസന്ധമായി നികുതികൊടുത്തു സര്‍ക്കാര്‍ സാധനം വാങ്ങുന്നവന് ഇടിയും തൊഴിയും വണ്ടിക്കൂലിയും ബാദ്ധ്യത!

കേരളം എന്ന സംസ്ഥാനം നിലനില്‍ക്കുന്നത് വിദഗ്ദ്ധ/അര്‍ത്ഥവിദഗ്ദ്ധ തൊഴിലാളികളുടെ കയറ്റുമതി, ടൂറിസം എന്നിവകൊണ്ടു മാത്രമാണ്. തലതിരിഞ്ഞ മദ്യനയവും പിന്നാലെ സുപ്രീംകോടതി വിധിയും കേരളത്തിലെ ടൂറിസം മേഖലയെ തകര്‍ത്തു തരിപ്പിണമാക്കുകയാണ്. 'മദ്യപിക്കാനാണോ ടൂറിസ്റ്റുകള്‍ വരുന്നത്?' എന്ന സ്ഥിരം ചോദ്യം പ്രതീക്ഷിച്ചുകൊണ്ടു മറുപടിയും രൊക്കം പറയാം. അതും ടൂറിസത്തിന്റെ ഭാഗമാണ്.

അതിലും ഗൗരവമായ മറ്റൊരു പ്രശ്നത്തിനു നേരെ മിക്കവരും കണ്ണടയ്ക്കുകയാണ്. മദ്യവ്യാപാരത്തില്‍ നിന്നുള്ള വരുമാനവുംകൂടി കണക്കിലെടുത്ത് ആരംഭിച്ച അനേകം ഹോട്ടലുകള്‍ ഇന്ന് അടഞ്ഞു കിടക്കുകയാണ്. അതുമൂലം കേരളത്തില്‍ മുറികളുടെ എണ്ണത്തില്‍ ആയിരക്കണക്കിനാണ് കുറവു വന്നിരിക്കുന്നത്. ടൂറിസം മേഖലയെ ക്ഷയിപ്പിക്കാന്‍ മറ്റൊരു കാരണം വേണമോ?

അവ ഇനി തുറന്നു പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഒന്നുകില്‍ മുറിവാടക/ഭക്ഷണവില ഉയര്‍ത്തണം. നടക്കില്ല. അല്ലെങ്കില്‍ ബാറുകള്‍ തിരിച്ചു വരണം. അതിനു മുന്‍കൈ എടുക്കേണ്ടത് സര്‍ക്കരാണ്.

ദേശീയ/സംസ്ഥാന പാതയോരത്തു മദ്യവില്പന നിരോധിച്ച സുപ്രീംകോടതി വിധിയേയൊ അതിന്റെ അന്തഃസത്തയേയോ ചോദ്യം ചെയ്യുന്നില്ല. പക്ഷേ കേരളം പോലെ മെലിഞ്ഞുനീണ്ട് തലങ്ങുംവിലങ്ങും ദേശീയ-സംസ്ഥാന പാതകള്‍ കീറിമുറിക്കുന്ന ഒരു സംസ്ഥാനത്ത് മദ്യശാലകളുടെ പുനര്‍വിന്യസനം ക്ഷിപ്രസാദ്ധ്യമല്ല. പ്രത്യേകിച്ചും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് സുപ്രീം കോടതി തന്നെ അനുവദിച്ച ഇളവുകള്‍ പോലും പ്രായോഗികമല്ല എന്നതാണ് സ്ഥിതി. അതിനിടയിലാണ് കേരളാ മനുഷ്യാവകാശ കമ്മീഷന്റെ ജനവാസകേന്ദ്രങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പാടില്ല എന്ന വിധി.

ജനവാസകേന്ദ്രങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പാടില്ല എന്ന വിധി നിലനില്‍ക്കുമെങ്കില്‍ സര്‍ക്കാര്‍ അതു പുനഃപരിശോധിപ്പിക്കുവാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണം. അതിനു വിവിധ കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, സുപ്രീംകോടതി വിധിയുടെ അന്തഃസത്ത തന്നെ. രണ്ടാമതായി, ഉയര്‍ന്ന നികുതി നല്‍കി മദ്യം വാങ്ങുന്നവര്‍ക്കു മതിയായ സൗകര്യം ഒരുക്കണമെന്ന കേരളാ ഹൈക്കോടതി വിധി നിലനില്‍ക്കുന്നു. ഈ സൗകര്യത്തില്‍ യാത്രാക്ളേശം ഉള്‍പ്പെടുകില്ലെന്നു കോടതി പറഞ്ഞിട്ടില്ല. മൂന്നാമതായി, ഉയര്‍ന്ന ജനസാന്ദ്രതയുള്ള കേരളത്തില്‍ ജനവാസ മേഖലകള്‍ നിര്‍ണ്ണയിക്കുക ബുദ്ധിമുട്ടാണ്.

ജനവാസകേന്ദ്രങ്ങളില്‍ മാലിന്യമൊന്നും ഉണ്ടാക്കാത്ത ബിവറേജസ് ഔട്ട്‌ലെറ്റുകൾ പാടില്ല എങ്കില്‍ തീര്‍ച്ചയായും മാലിന്യം സൃഷ്ടിക്കുന്ന ഫാക്ടറികളും വർൿ‍ഷോപ്പുകളും പാടില്ല. അവകൂടി നിരോധിക്കണം.

മദ്യശാലകള്‍ക്കെതിരെ സമീപകാലത്ത് പൊന്തിമുളച്ച 'ജനകീയ പ്രതിരോധ'ത്തേയും സംശയദൃഷ്ട്യാ വീക്ഷിക്കേണ്ടിയിരിക്കുന്നു. കേവലം പ്രാദേശിക കൂട്ടായ്മകള്‍ എന്നു തോന്നുന്ന ഇവയ്ക്കു പിറകില്‍ അനുദിനം വളര്‍ന്നിരുന്ന കേരളാ ടൂറിസത്തെ തകര്‍ക്കാനുള്ള ഒരു ആസൂത്രിത സംഘടിത ശ്രമം ആരെങ്കിലും മണക്കുന്നെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

രണ്ടുവര്‍ഷം മുമ്പ് തെരുവുനായ പ്രശ്നത്തിന്റെ പേരില്‍ കേരളത്തിനെതിരെ ഇളക്കിവിട്ട 'ഹേറ്റ് കേരളാ ക്യാമ്പയിനു' പിന്നില്‍ അന്യസംസ്ഥാന-അന്യരാജ്യ ടൂറിസം ലോബിയായിരുന്നത്രെ! കേരളത്തിന്റെ ടൂറിസം മാര്‍ക്കറ്റ് പിടിച്ചെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ നവമാദ്ധ്യമയുദ്ധം എന്ന് അതു പൊളിച്ചടുക്കിയ മലയാളി സൈബര്‍ യോദ്ധാക്കള്‍ തെളിവുസഹിതം ആരോപിച്ചിരുന്നു. ഇവിടെയും അതല്ലേ സംഭവിക്കുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെയും ധാര്‍മ്മികതയുടേയും തൊങ്ങല്‍ ചാര്‍ത്തിക്കൊടുത്താല്‍ നല്ല 'മൈലേജും' കിട്ടും!

ഇതര സംസ്ഥാനങ്ങള്‍ ദൂരപരിധി മറികടക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിച്ച സ്ഥിതിക്ക് ഈ സംശയത്തിന് ഏറെ പ്രസക്തിയുണ്ട്.

ഒരു കാര്യം വ്യക്തമാക്കട്ടെ, മനുഷ്യന്റെ ഭക്ഷണ സ്വാതന്ത്ര്യം മൗലികാവകാശമാണ്. അലഹബാദ് ഹൈക്കോടതി സമീപദിനങ്ങളില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. മത-രാഷ്ട്രീയ കാരണങ്ങളാല്‍ ആരുടേയും ഭക്ഷണ-പാനീയ സ്വാതന്ത്ര്യം ആര്‍ക്കും വിലക്കാനാവില്ല. ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ക്ക് മദ്യപിക്കാനുള്ള സ്വാതന്ത്ര്യം ധാര്‍മ്മികമായി തടയാനാവില്ല.

'മദ്യപാനം ആരോഗ്യത്തിനു ഹാനികരം' എന്നു സുവിശേഷിച്ചിട്ടും കാര്യമില്ല. ഇന്ന് ഇന്ത്യയില്‍ പലയിടത്തും മാംസം കഴിക്കുന്നത് മദ്യപാനത്തേക്കാള്‍ ആരോഗ്യത്തിനും ജീവനുതന്നെയും അപകടകരമാണ്! കേരളത്തിലും ഇപ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ തലപൊക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇതിനിടയില്‍ സൗകര്യപൂര്‍വം വിസ്മരിച്ച ഒരു വലിയ മനുഷ്യാവകാശലംഘനമുണ്ട്. അത് മദ്യവ്യവസായത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ട് അന്തസായി ഉപജീവനം കഴിച്ചിരുന്ന പതിനായിരക്കണക്കിനു തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടേയും സ്ഥിതിയാണ്. അവരെ പുനരധിവസിപ്പിക്കാനൊന്നും സര്‍ക്കാരിനു സാദ്ധ്യമല്ല.

ചാരായം നിരോധിച്ച് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും വാഗ്ദാനപ്രകാരം അന്നത്തെ ചാരായ തൊഴിലാളികളെ മുഴുവന്‍ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് ഇന്നും കഴിഞ്ഞിട്ടില്ല. ആദര്‍ശധീരരായ ജനകീയ പ്രതിരോധക്കാരും അവരെ ഏറ്റെടുക്കില്ല. ലക്ഷങ്ങളും കോടികളും ലോണെടുത്ത് ഹോട്ടലുകള്‍ കെട്ടിപ്പൊക്കിയവര്‍ മുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍വരെയുള്ള 'അബ്കാരി മുതലാളി'മാരെ നമുക്കു തല്‍ക്കാലം വിസ്മരിക്കാം. പക്ഷേ അവരൊക്കെ പകരം 'പാല്‍ വില്‍ക്കാന്‍' ആഹ്വാനം ചെയ്യുന്നത് വെറും തറ സംസ്കാരമാണ്.

കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സായി ടൂറിസം മേഖലയെ നിലനിര്‍ത്തുവാനും രൂക്ഷമായ തൊഴിലില്ലായ്മ ഇനിയും വര്‍ദ്ധിപ്പിക്കാതിരിക്കാനും കഞ്ചാവുപുകയില്‍നിന്നും കേരളത്തെ രക്ഷിക്കുവാനും സര്‍ക്കാര്‍ അടിയന്തിരമായി മദ്യനയം തിരുത്തിയേ പറ്റു.

പുതിയ ഒരു നയം രൂപീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കുപ്രസിദ്ധമായ 'സുധീരശാസനം' ഉടനടി റദ്ദുചെയ്ത് 2014 മാര്‍ച്ച് 31-ലെ സ്ഥിതി പുനഃസ്ഥാപിക്കുക. അന്നു നിലവിലുണ്ടായിരുന്ന ബാറുകളിലും ബിവറേജുകളിലും സുപ്രീംകോടതിയുടെ ദൂരപരിധി അനുസരിക്കുന്നവ എല്ലാം ഒരുമിച്ചു തുറക്കുക. കേരള സര്‍ക്കാരിന്റെ എല്ലാ ദൂരപരിധിയും എടുത്തു കളയുക. ദൂരപരിധി നിയമം ബാധകമാകുന്ന ഹോട്ടലുകള്‍ക്ക് 'സാറ്റലൈറ്റ് ബാര്‍' അനുവദിക്കുക. ഹൈക്കോടതി വിധി അനുസരിച്ച് എല്ലാ ബിവറേജസും സൂപ്പര്‍ മാര്‍ക്കറ്റ് ആയി ഉയര്‍ത്തുക. ആവശ്യമെങ്കില്‍ പുതിയ ബാറുകളും ഔട്ട്‌ലെറ്റുകളും അനുവദിക്കുക. അതോടൊപ്പം തന്നെ ജനകീയ പ്രതിരോധക്കാരുടെ ഊര്‍ജ്ജസ്രോതസ് കണ്ടെത്തി അതിന്റെ 'ഫ്യൂസ് ഊരുക.' സുപ്രീംകോടതിയില്‍നിന്നും ഇളവുനേടാന്‍ നിയമപരമായി വീണ്ടും ശ്രമിക്കുക.

കേരളത്തിനു നിലനില്‍ക്കാന്‍ വേറെ മാര്‍ഗ്ഗമില്ലന്ന യാഥാര്‍ത്ഥ്യം ഉത്തരവാദിത്തബോധമുള്ള എല്ലാ രാഷ്ട്രീയനേതാക്കളും ഉള്‍ക്കൊള്ളുകയും അത് അംഗീകരിക്കാനാവാത്തവരെ അതത് പാര്‍ട്ടികള്‍തന്നെ പുറം തള്ളുകയും ചെയ്യുക. നേതാവല്ല; കേരളമാണ് വലുതെന്ന് എല്ലാ പാര്‍ട്ടികളും തിരിച്ചറിയുക. രക്ഷപെടാന്‍ ഇത് അവസാന അവസരമാണ്.

വാല്‍ക്കഷണം: ഇടയലേഖനങ്ങളും ഫത്വകളുമായി വരുന്നവരെ ഒറ്റനോട്ടത്തില്‍ ഒതുക്കാന്‍ ഒന്നല്ല രണ്ട് ഉഗ്രശക്തിയുള്ള പഞ്ചാക്ഷരീ മന്ത്രങ്ങള്‍ ഇന്നു സര്‍ക്കാരിന്റെ കൈവശമുണ്ട്. വെറുതെ എടുത്ത് ഉപയോഗിച്ചാല്‍ മതി. കസ്തൂരീരംഗന്‍, ഭൂമികൈയേറ്റം. അതു മറക്കേണ്ട.