ഈശ്വരാ ഭഗവാനേ ഇന്നലെ നട്ട മരമായ മരമെല്ലാം കാടാവട്ടെ

പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങളെ കുറിച്ച്, ട്രോളുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ലിജീഷ് കുമാര്‍

ഈശ്വരാ ഭഗവാനേ ഇന്നലെ നട്ട മരമായ മരമെല്ലാം കാടാവട്ടെ

ലിജീഷ് കുമാര്‍

'എവ് രി ട്രീ ഹാസ് എ ഡേ' എന്ന് പരിസ്ഥിദിനത്തെ ട്രോളിയത് സച്ചിദാനന്ദനാണ്. പത്രങ്ങളിൽ, എഫ്.എം പരസ്യങ്ങളിൽ, എഫ്.ബി യിൽ എല്ലായിടത്തും മരമാണ്. കണ്ടൽക്കാടുകൾ വെട്ടിനിരത്തിയുണ്ടാക്കിയ അമ്യൂസ്മെന്റ് പാർക്കിന്റെ ചുവരിൽ വരെ ഒരു കോടി മരം നടുന്ന പരസ്യം. ചിരി ആരോഗ്യത്തിനു ഹാനികരമായ നഗരങ്ങളിൽ മേലിൽ ഇമ്മാതിരി കോമഡിക്കാഴ്ചകൾ കാണാതിരിക്കട്ടെ ! ഈശ്വരാ, ഭഗവാനേ എങ്കിലും ഈ മരമായ മരമെല്ലാം കാടാവട്ടെ, ശുഭം.

നാൽപ്പത്തിനാല് നദികളുള്ള കേരളത്തിലെ എക്സ്പ്രസ് ഹൈവേകളിലൂടെയാണ്, സോറി ഷാപ്പ് ഹൈവേകളിലൂടെയാണ് കഴിഞ്ഞ മാസം ലോറിയിൽ നിറച്ച് വീടുകളിൽ കുടിവെള്ളമെത്തിച്ചത്. ആയതിനാൽ എന്നായാലും മരം നടുന്നതിൽ തീർച്ചയായും കാര്യമുണ്ട്. ഈശ്വരാ, ഭഗവാനേ ഈ മരമായ മരമെല്ലാം കാടാവട്ടെ.

പിന്നെന്തിനാണ് ഈ പരിഹാസം / പുച്ഛം എന്നല്ലേ.

അമൃതാനന്ദമയിയുടെ ദുരിതാശ്വാസ നിധിയോട്, മയക്കുമരുന്ന് കച്ചവടക്കാരന്റെ ധർമ്മാശുപത്രിയോട് ഒക്കെ പണ്ടേ എനിക്കതുണ്ട്, നല്ല കാര്യങ്ങൾ ചെയ്യുന്നവരോടുള്ള കണ്ണുകടി, ക്ഷമി. കുന്നിടിക്കാൻ കരാറു കൊടുത്ത റിയൽ എസ്റ്റേറ്റുകാരനും ക്വാറി മുതലാളിയായ നേതാവുമൊക്കെ കുഴിവെട്ടാനിരിക്കുന്ന വിപ്ലവം കണ്ട് വികസനവിരോധിയായ പ്രജ ഒന്ന് ചിരിച്ചു പോയാൽ അത് ദേശദ്രോഹത്തിന്റെ പട്ടികയിൽ വരുമോ ആവോ !

നമ്മളിന്നീ കുഴിവെട്ടുന്നതിനും പത്തു നാൽപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പരിസ്ഥിതി ദിനാചരണം തുടങ്ങിയതു മുതലിങ്ങോട്ട് ഓരോ വർഷവും ഈ ദിവസത്തിന് ഓരോ മുദ്രാവാക്യങ്ങളുണ്ട്. ഇത്തവണ അത്

'connecting people to nature in the city and on the land, from the poles to the equator ; ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക' എന്നതാണ്.

ദൗർഭാഗ്യവശാൽ അതിനനുവദിക്കാത്ത പരസ്യങ്ങളുടെ കാട്ടിലായിരുന്നു നമ്മളിന്ന്. അതിൽ നിന്നും പുറത്ത് കടന്ന് നമുക്ക് സംസാരിക്കണ്ടെ,

പശ്ചിമഘട്ടത്തിലെ ക്വാറികളെക്കുറിച്ച്? അതിരപ്പള്ളിയെക്കുറിച്ചും നെല്ലിയാമ്പതിയിലെ തോട്ടങ്ങളെക്കുറിച്ചും ആറന്മുളയെക്കുറിച്ചും സംസാരിക്കണ്ടേ? ഇടുക്കിയിലും വാഗമണ്ണിലും പൊങ്ങുന്ന നക്ഷത്ര ഹോട്ടലുകളെക്കുറിച്ചും മൂന്നാറിനെക്കുറിച്ചും സംസാരിക്കണ്ടേ? വയനാട്ടിലെ കാട്ടിലൂടെ ചൂളം വിളിച്ച് കാടിളക്കി വരുന്ന തീവണ്ടികളെക്കുറിച്ച്, ഡാം കൊണ്ടലങ്കരിക്കേണ്ട പാത്രക്കടവിനെയും പൂയംകുട്ടിയെയും കുറിച്ച് ..

പരിസ്ഥിതി സ്നേഹിയായ സുഹൃത്തേ,

ഒരു കിലോമീറ്റർ വീതിയിൽ - 20 മീറ്റർ ആഴത്തിൽ - നാല് കിലോ മീറ്റർ നീളത്തിൽ വിഴിഞ്ഞത്തെ കടൽ നികത്താൻ കൊണ്ടു വരേണ്ട കല്ലിനെയും മണ്ണിനെയും മണലിനെയും കുറിച്ച് നമുക്ക് സംസാരിക്കാം, ഗവൺമെന്റ് ഒപ്പമുണ്ട്.

സാർ, കാര്‍ഷിക മേഖലയിലേക്കുള്ള ബഹുരാഷ്ട്രകുത്തകകളുടെ വരവിനെക്കുറിച്ച് നമ്മളിന്ന് സംസാരിക്കേണ്ടതുണ്ടോ?

കീടനാശിനകളുടെ ഉപയോഗത്തെക്കുറിച്ച്, ജനിതക വിത്തിനെപ്പറ്റി, രാസ-ആണവ അവശിഷ്ടങ്ങളെപ്പറ്റി, ഇ-വെയ്സ്റ്റിനെപ്പറ്റി, ഫോസില്‍ ഇന്ധനങ്ങളെപ്പറ്റി ഇന്ന് സംസാരിക്കാമോ, പറ്റില്ല ല്ലേ ?

അല്ലെങ്കിൽ കിനാലൂർ, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, ചക്കംകണ്ടം, ലാലൂര്‍ , വിളപ്പില്‍ശാല, കാതിക്കുടം ... അങ്ങനെ നാട്ടിലുള്ള ചില സ്ഥലങ്ങളുടെ പേരുകൾ ഉച്ചത്തിൽ പറയാമോ,

ഗവൺമെന്റ് ഒപ്പമുണ്ടോ സർ? ഇല്ല ല്ലേ, വേണ്ട ഞാൻ സൈലന്റ് വാലിയായി.

അനുസരണ കെട്ട നാവേ, പ്ലീസ് - ഒന്ന് സൈലന്റാവ്.