പകര്‍ച്ചവ്യാധികള്‍ മുതല്‍ എയ്ഡ്സ് വരെയുള്ള മാരകരോഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഞങ്ങളെക്കുറിച്ച്...

മാരകരോഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നഴ്സുമാര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെപ്പോലെ തന്നെ തങ്ങളുടെ ജീവന്‍ കയ്യില്‍പിടിച്ചാണ് ജോലി ചെയ്യുന്നത്- ഓൾ ഇന്ത്യാ മെഡിക്കൽ സയൻസിലെ നഴ്സിങ് ഓഫീസർ നിജു ആൻ ഫിലിപ്പ് എഴുതുന്നു

പകര്‍ച്ചവ്യാധികള്‍ മുതല്‍ എയ്ഡ്സ് വരെയുള്ള മാരകരോഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഞങ്ങളെക്കുറിച്ച്...

നിജു ആൻ ഫിലിപ്പ്

നഴ്സുമാര്‍ സമരം ചെയ്യുന്നത് അഹങ്കാരം കൊണ്ടാണെന്ന് കരുതുന്നവരോട് ചിലത് പറയാനാണ് ഈ കുറിപ്പ്. സെയില്‍സ് ഗേള്‍സ് കേവലം 10,000 രൂപയ്ക്ക് പഞ്ചപുച്ഛമടക്കി ജോലി ചെയ്യുന്നു എന്ന ന്യായവാദവും ഇതിനെ കൂട്ടുപിടിച്ച് പ്രചരിച്ചുകണ്ടു. അതുകൊണ്ട് ചില കാര്യങ്ങള്‍ കുറിക്കാതെ വയ്യ.

1.

നഴ്സിങ് ഒരു പ്രൊഫഷണല്‍ കോഴ്സ് ആണ്. അതായത് പത്താംക്ലാസ്സിനും പ്ലസ്ടുവിനും ശേഷം നാല് കൊല്ലത്തെ പഠനത്തിന് ശേഷം സ്വായത്തമാക്കുന്ന ഒരു പ്രൊഫഷന്‍. ഒന്നാം വര്‍ഷത്തെ സിലബസ് നമുക്കൊന്നു നോക്കാം. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ന്യൂട്രീഷന്‍, സൈക്കോളജി, സോഷ്യോളജി, കമ്പ്യൂട്ടര്‍, ഫൗണ്ടേഷന്‍ ഓഫ് നഴ്സിങ് എന്നിങ്ങനെ ഒന്‍പത് പേപ്പറുകള്‍. അവയ്ക്ക് ഇന്റേണല്‍ അസ്സസ്മെന്റ്, യൂണിവേഴ്സിറ്റി പരീക്ഷകള്‍. കൂടാതെ ക്ലിനിക്കല്‍ പോസ്റ്റിങ്, കേസ് സ്റ്റഡി, കെയര്‍ പ്ലാനുകള്‍, വിവിധ പ്രൊജക്ടുകള്‍.

രണ്ടാം വര്‍ഷം മെഡിക്കല്‍ സര്‍ജിക്കല്‍ രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍. പിന്നീട് ഫാര്‍മക്കോളജി. മരുന്നുകളും അവയുടെ ഫലങ്ങളെയും കുറിച്ചുള്ള പഠനം. മൂന്നാം വര്‍ഷം അഡ്വാന്‍സ് മെഡിക്കല്‍ സര്‍ജിക്കല്‍സ്. അതായത് കിഡ്നി, കരള്‍, ഹൃദയം, നാഡീവ്യവസ്ഥ, തലച്ചോറ് എന്നിവയെപ്പറ്റിയുള്ള പഠനം. കൂടാതെ മെഡിക്കല്‍ രംഗത്തെ അതിനൂതനമായ മെഷീനുകള്‍, സാങ്കേതികതകള്‍, ചികിത്സയില്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദപഠനം.

ഒപ്പം പീഡിയാട്രിക്സ്, സൈക്യാട്രി, റിസര്‍ച്ച് എന്നിവയും. നാലാം വര്‍ഷം മെറ്റേണിറ്റ് ഗൈനക്കോളജി പേപ്പറുകള്‍. സാധാരണ പ്രസവം, ഹൈറിസ്‌ക് ഡെലിവറി എന്നു വേണ്ട പ്രസന്റിങ് പാര്‍ട്ട് മാറുന്നതിന് അനുസരിച്ച് വിവിധങ്ങളായി ഡെലിവറി മെഷീനുകള്‍ ഡമ്മി ഉപയോഗിച്ച് ചെയ്തു കാണിക്കണം പരീക്ഷ പാസ്സാകാന്‍. 20ഓളം അസ്സല്‍ ഡെലിവറികള്‍ എടുത്തുകാണിക്കുകയും വേണം. കമ്യൂണിറ്റി മെഡിസിന്‍ എന്നൊരു ഓമനപ്പേരുള്ള ഒരു വിഷയം കൂടി പുട്ടിനു തേങ്ങ എന്നതു പോലെ തന്നെ രണ്ടാം വര്‍ഷവും നാലാം വര്‍ഷവും ഉണ്ടെന്നു കൂടി ഓര്‍മിപ്പിക്കട്ടെ. ഇപ്പോള്‍ ഏകദേശം ധാരണ ഉണ്ടായിക്കാണുമല്ലോ നഴ്സിങ് സിലബസിനെക്കുറിച്ച്.

2.

ബുദ്ധിയും കഴിവുമുളള കുട്ടികളാണ് നഴ്സിങ്ങിന് ചേരുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയോ മറ്റ് സ്വാശ്രയ കോളേജുകളിലെയോ കുട്ടികളുടെ മെറിറ്റ് പരിശോധിക്കാവുന്നതാണ്. 80 ശതമാനവും 95 ശതമാനവും മാര്‍ക്കുള്ള എത്ര കുട്ടികള്‍ അവിടെ ഉണ്ടെന്നത് മനസ്സിലാക്കാന്‍. വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കും കഷ്ടപ്പാടിനും ശേഷമാണ് ഓരോ കുട്ടിയും നഴ്സിങ് പഠിച്ച് പാസ്സാകുന്നത് എന്ന് ചുരുക്കം.

3.

കനത്ത ഫീസ് തന്നെയാണ് ഈ നാല് വര്‍ഷങ്ങളിലും നഴ്സിങ് വിദ്യാര്‍ത്ഥി ഈ സ്വശ്രയ കോളേജുകളില്‍ നല്‍കേണ്ടത്. ആതുരസേവകരല്ലേ, പില്‍ക്കാലത്ത് പ്രതിഫലേച്ഛ കൂടാതെ ജോലി ചെയ്യേണ്ടവരല്ലേ എന്നു കരുതി അവരെ സൗജന്യമായി പഠിപ്പിച്ചുകളയാം എന്നൊന്നും ഇപ്പോള്‍ മുട്ടുന്യായം പറയുന്ന ആശുപത്രി മാനേജ്മെന്റുകള്‍ കരുതുന്നില്ലല്ലോ.

4.

ഡോക്ടറോടൊപ്പം ഉത്തരവാദിത്വമുള്ള ഒരു പ്രൊഫഷന്‍ ആണിത്. താന്‍ കൊടുക്കുന്ന ഓരോ മരുന്നും ചികിത്സയും ശരിയല്ലേ എന്ന് ഉറപ്പുവരുത്തി മാത്രം ചെയ്യേണ്ടവര്‍. ബുദ്ധിയും വിവേചന ശക്തിയും പണം കൊണ്ട് ആര്‍ജിച്ച കഴിവുകളും ഉപയോഗിച്ച്് പണിയെടുക്കേണ്ടതുണ്ട് ഒരു നഴ്സ്. ചികിത്സാപിഴവിനു ജീവഹാനിക്കും നിയമപരമായി ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഒരു നിമിഷാര്‍ദ്ധത്തെ ഇടപെടല്‍ കൊണ്ട് ജീവന്‍ തിരിച്ചുപിടിക്കുന്നവര്‍.

5.

തികച്ചും അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടതുണ്ട് ഒരു നഴ്സിന്. പകര്‍ച്ചവ്യാധികള്‍ മുതല്‍ എയ്ഡ്സ് വരെയുള്ള മാരകരോഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നഴ്സുമാര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെപ്പോലെ തന്നെ തങ്ങളുടെ ജീവന്‍ കയ്യില്‍പിടിച്ചാണ് ജോലി ചെയ്യുന്നത്. എന്നിരുന്നാലും എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. പ്രത്യേക കോഴ്സുകളോ സ്പെഷലൈസേഷനുകളോ കൂടാതെ ജോലിക്കു പോകുന്ന സെയില്‍ഗേള്‍സിനോടും ബംഗാളികളോടും കൂലിപ്പണിക്കാരോടും താരതമ്യം ചെയ്യുന്നതു കൊണ്ടാണ് ഇത്രയെങ്കിലും പറഞ്ഞത്.

മിലിട്ടറി നഴ്സിന്റെ എന്‍ട്രി കേഡര്‍ ലഫ്റ്റനന്റ് ആണ്. കേന്ദ്രസര്‍വ്വീസില്‍ നഴ്സിങ് ഓഫീസര്‍ ആണ്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും ഡിഫന്‍സും ഒക്കെ മെച്ചപ്പെട്ട സേവനവ്യവസ്ഥ നഴ്സിന് ഉറപ്പാക്കുന്നുണ്ട്. ഈ മേഖലയിലെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കാന്‍, മെച്ചപ്പെട്ട വേതനം ലഭിക്കാന്‍, ഡ്യൂട്ടി സമയം നിജപ്പെടുത്താന്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണം. ന്യായമായ ഈ സമരത്തിനു നമ്മള്‍ക്ക് ഒപ്പം നില്‍ക്കാം.


Read More >>