തൂത്തുക്കുടി: കേരളത്തിലെ സിപിഐഎമ്മിന് നാവിറങ്ങയതിനു പിന്നിൽ എന്തെല്ലാം?

വേദാന്തക്കെതിരെ സമരം ചെയ്യുന്നവർ വികസന വിരുദ്ധരാണെന്ന് തമിഴ്നാട് മുഖ്യൻ എടപ്പാടി പളനിസാമി പ്രസംഗിക്കുമ്പോൾ അയാളുടെ വികസനവണ്ടിക്ക് മുന്നിലിരുന്ന് ആഞ്ഞാഞ്ഞു ചവിട്ടിക്കൊണ്ട്, ചേട്ടന്റെയും എന്റെയും ശബ്ദം ഒരുപോലെ ഉണ്ടല്ലോ എന്ന് ചോദിക്കുന്ന ശ്രീനിവാസൻ കഥാപാത്രത്തിന്റെ പേര് എളമരം കരീം എന്നാണ്- ലിജീഷ് കുമാർ എഴുതുന്നു

തൂത്തുക്കുടി: കേരളത്തിലെ സിപിഐഎമ്മിന് നാവിറങ്ങയതിനു പിന്നിൽ എന്തെല്ലാം?

'കുടിയറിഞ്ഞേ പെണ്ണുകൊടുക്കാവൂ' എന്നൊരു പഴഞ്ചൊല്ലുണ്ട്. കാണിക്കുടി, അരയക്കുടി അങ്ങനെ പേരിൽ തന്നെ കുടികളുള്ള ഇടങ്ങളുമുണ്ട്. കുടിയെന്നാൽ വീടാണ് - കുടില്‍, പാവപ്പെട്ടവരുടെ വീട്. ഇങ്ങനെ കെട്ടിമേഞ്ഞുണ്ടാക്കുന്ന പുരകൾക്ക് മലയാളത്തിൽ കൂട എന്നൊരു പ്രയോഗമുണ്ട്. വീടെന്നർത്ഥമുള്ള കൂടം ലോപിച്ചാവണം കൂടയായത്. തമിഴന്റെ കുടി മലയാളിയുടെ കൂടമാണ്. തൂത്തുക്കുടി കാതിക്കൂടമാണ്.

നമുക്ക് തൂത്തുക്കുടിയിൽ നിന്ന് തുടങ്ങാം. ബിഹാറുകാരൻ അനിൽ അഗർവാളിന്റെ ലണ്ടൻ ബേസ്ഡ് ലോഹഖനന കമ്പനിയായ വേദാന്ത റിസോഴ്സസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് ഇന്ത്യ. ചെമ്പ് ഖനനം നടത്തി ശുദ്ധീകരിച്ച് ഇലക്ട്രിക് വയറുകളിലെ ചെമ്പ് നാരുകൾ, ഇലക്ട്രോണിക് സർക്യൂട്ടിലെയും ട്രാൻസ്ഫോമറുകളിലെയും ചെമ്പു ഘടകങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്ന കോർപ്പറേറ്റ് ഭീമൻ. ബോക്സൈറ്റ് - അലുമിനിയം കണ്ടക്ടറുകൾ, ഫോസ്ഫോറിക് - സൾഫ്യൂരിക് ആസിഡുകൾ, ജിപ്സം, സിങ്ക്, ലെഡ്, അങ്ങനെ വിപണിമൂല്യമുള്ള നിരവധിയായ വസ്തുക്കളുത്പാദിപ്പിക്കുന്ന സൈഡ് പണികൾ.

ശരാശരി 5 ppm (13 mg/m3) കടന്നാൽ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിൽ തുടങ്ങി മരണം വരെ എത്തിക്കുന്ന സൾഫര്‍ ഡയോക്സൈഡാണ് വേദാന്ത സ്റ്റെർലൈറ്റ് കമ്പനിയുടെ തൂത്തുക്കുടിയിലെ ചെമ്പ് ശുദ്ധീകരണ പ്ലാന്റിൽ നിന്നും ഉയർന്ന അളവിൽ പുറന്തള്ളുന്നത്. അങ്ങനെ ചത്തൊടുങ്ങിയവരുടെ ചിതയിൽ നിന്നുമാണ് കമ്പനിക്കെതിരെ സമരം ചെയ്യുന്ന മനുഷ്യരുണ്ടായത്. ജനിതകവ്യവസ്ഥയെ ബാധിക്കുന്ന ഈ വാതകവായുവിൽ ജീവിച്ച അമ്മമാരാണ് കഴിഞ്ഞ കാലയളവിൽ തൂത്തുക്കുടിയിലെ വളർച്ചയെത്താത്ത നിരവധിയായ കുഞ്ഞുങ്ങളെ പ്രസവിച്ച് വികസന വിരോധികളായത്.

ഇത്തരം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമം കേരളത്തിലുമുണ്ട്. തൃശൂരിനടുത്തെ കാടുകുറ്റിയിലെ കാതിക്കൂടം. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ജപ്പാനിലെ നീറ്റ ജലാറ്റിന്‍ ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനവും ചേർന്ന് കാതിക്കൂടത്ത് നടത്തുന്ന നീറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് മുമ്പിലെ സമരത്തിന് കമ്പനി വ്യാവസായിക ഉത്പാദനം തുടങ്ങിയ 1979 കാലം മുതലുള്ള ചരിത്രമുണ്ട്. പേരു ദുരൂഹമായ 14 വിതരണക്കാർ ഉത്തരേന്ത്യയില്‍ നിന്നെത്തിക്കുന്ന കാള, പശു, പോത്ത്, എരുമ എന്നിവയുടെ എല്ലുകളാണ് നീറ്റ ജലാറ്റിന്‍ കമ്പനിയുടെ അസംസ്‌കൃത വസ്തു. അതിൽ നിന്നും ജലാറ്റിന്‍ - പെപ്‌റ്റെഡ് - ഒസീന്‍ - കാല്‍സ്യം ഫോസ്‌ഫേറ്റ് എന്നിവയുടെ ഉത്പാദനം നടക്കുന്നു. ശേഷം ആകെ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ 70 ശതമാനത്തോളം മാലിന്യമായി ചാലക്കുടി പുഴയുടെ അടിത്തട്ടിലേക്ക് ഒഴുക്കുന്നുണ്ട് കമ്പനി. വിചിത്രമായ അനുപാതമാണത്, 65 ലക്ഷം ലിറ്റര്‍ ജലം ദിവസവും കമ്പനി പുഴയില്‍നിന്നെടുക്കും 80 ടണ്‍ മാലിന്യം പുഴയ്ക്ക് തിരിച്ചുകൊടുക്കും.

തൊണ്ണൂറുകളുടെ തുടക്കം മുതൽ കാതിക്കൂടത്താരംഭിച്ച വിവിധങ്ങളായ സമരങ്ങളെ കമ്പനി വിലയ്ക്കു വാങ്ങി. കമ്പനിയുടെ സമീപത്തെ ഒരു സ്‌കൂളിലെ അദ്ധ്യാപകനാണ് ആദ്യം സമരത്തിനിറങ്ങിയത്. സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിനായി പണം നല്‍കിയതോടെ ആ സമരം അവസാനിച്ചു. കാതിക്കൂടത്തെ വായനശാലയില്‍ വെച്ച് സിപിഐഎം മെമ്പര്‍മാരുടെ നേത്യത്വത്തിൽ കെ.സി.പി എന്ന സമരസമിതി രൂപീകരിക്കപ്പെട്ടതോടെയാണ് കാതിക്കൂടം സമരം ശക്തമാകുന്നത്. അന്നാണ് പി.ടി. കുഞ്ഞുമുഹമ്മദ് കമ്പനിയുടെ മതിലില്‍ കയറി നിന്ന് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദ്യശ്യങ്ങള്‍ സാഹസികമായി

പകര്‍ത്തിയത്. വൻ ജനപിന്തുണയോടെ ഒരതിജീവന സമരം ചരിത്രവിജയത്തിലേക്ക് നീങ്ങുന്നത് കേരളം കണ്ടു. പക്ഷേ സമരം സിപിഐഎം അട്ടിമറിച്ചു. സമരസമിതി നേതാവ് ഷാജു ജോസഫ് കമ്പനിയില്‍ ജോലിക്കു കയറി. നീറ്റ ജലാറ്റിൻ കമ്പനിയുടെ പണപ്പെട്ടിക്ക് മുകളിൽ കയറിയിരുന്ന് കമ്പനികള്‍ പൂട്ടിച്ച് ഒരുപാടു പേരുടെ ജോലി പോക്കുന്നത് ശരിയല്ല എന്ന പ്രഖ്യാപനം നേതാക്കന്മാർ കാതിക്കൂടംകാർക്ക് മുമ്പിൽ നടത്തി, കെ.സി.പി സമരസമിതി പൊളിഞ്ഞു.

ചാലക്കുടി പുഴയെ ആശ്രയിച്ചു കഴിയുന്ന 5 ലക്ഷത്തോളം പേരുടെ കുടിവെള്ളം മുട്ടിക്കാൻ അങ്ങനെ ഔദ്യോഗികമായി തീരുമാനമായി. പുഴയിലും പുഴയ്ക്ക് സമീപത്തെ കിണറുകളിലും നിന്ന് ആസിഡ് കലർന്ന വെള്ളം കിട്ടിത്തുടങ്ങി. വിഷം കുമിഞ്ഞ് കുമിഞ്ഞ് മണ്ണ് കേടായി - കൃഷി നശിച്ചു, വെള്ളം കേടായി, കെട്ട് പൊങ്ങിയ ദുര്‍ഗന്ധവായു ശ്വസിച്ച് ശ്വാസകോശ രോഗങ്ങളടക്കമുള്ള രോഗങ്ങള്‍ പെരുകി. കാൻസർ മരണങ്ങൾ കൂടി. ആശുപത്രിക്കിടക്കയിൽ നിന്നും മരണവീടുകളിൽ നിന്നും വികസനവിരുദ്ധർ ജനിച്ചു. ചാലക്കുടി പുഴയുടെ തീരത്തെ കാടുകുറ്റി പഞ്ചായത്തിലെ, വിപ്ലവപാരമ്പര്യമോ സമരചരിത്രമോ പോരാട്ടവീര്യമോ ഒന്നുമില്ലാത്ത കാതിക്കൂടത്തുകാർ ശുദ്ധ ജലത്തിനും ശുദ്ധ വായുവിനും വേണ്ടിയുള്ള അന്തിമ സമരത്തിനിറങ്ങി.

കാതിക്കൂടം ആക്ഷന്‍ കൗൺസിലിനെയും കമ്പനി പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വഴങ്ങാതെ വന്നപ്പോൾ പോലീസ് കേസുകൾ കൂടി. സമരസമിതിയുടെ ആവശ്യപ്രകാരം കാതിക്കൂടത്ത് വന്ന സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിദിനം 65 ടണ്‍ മാലിന്യം കമ്പനി പുഴയിലേക്ക് നിക്ഷേപിക്കുന്നു എന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുതലമടയിലെ കളിയമ്പാറയിലെ പാറയിടുക്കില്‍ ആറായിരം വണ്ടി ഖരമാലിന്യങ്ങള്‍ കമ്പനി തളളിയത് അവരുടെ റിപ്പോർട്ടിലുണ്ടായിരുന്നു. വി.ടി.പത്മനാഭന്‍ എന്ന സയന്റിസ്റ്റ് കാതിക്കൂടത്തു നടത്തിയ പഠനറിപ്പോർട്ടിൽ കമ്പനി പുറപ്പെടുവിക്കുന്ന മാലിന്യങ്ങള്‍ കാതിക്കൂടത്തെ കുട്ടികളുടെ തലച്ചോറിനെ വരെ ദോഷമായി ബാധിച്ചിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമുണ്ട്. കാതിക്കൂടംകാരുടെ മാത്രം പ്രശ്നമല്ല ഇത്, ചാലക്കുടി പുഴയിലെ വെള്ളമാണ് ഇരുപതോളം പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും കുടിവെള്ളമായി ചെല്ലുന്നത്. അങ്ങനെ വികസന വിരുദ്ധരുടെ വ്യാപ്തി കൂടി, സമരപ്പന്തലുയർന്നു. സമരം ശക്തിപ്പെട്ടത് 2013 ൽ UDF ഭരണകാലത്തായിട്ടു പോലും സിപിഐഎമ്മിന്റെ സ്ഥലം എം.എല്‍.എ ബി.ഡി.ദേവസ്യ ഒരിക്കല്‍ പോലും സമരപ്പന്തലില്‍ കയറിയില്ല.

പലയിടങ്ങളിൽ നിന്നായി വന്ന് സമരസമിതിക്കൊപ്പം ചേർന്ന മനുഷ്യർ പോലീസ് റിപ്പോർട്ടിൽ മാവോയിസ്റ്റായി. കോര്‍പറേറ്റുകള്‍ക്കു വേണ്ടി മാവോയിസ്റ്റുകളെ ഉണ്ടാക്കുന്ന പണി ജനകീയ സമരങ്ങളിലെല്ലാം കേരളത്തിലെ ഭരണകൂടങ്ങൾ ചെയ്തു പോരുന്നതാണ്. കാതിക്കൂടം ആക്ഷന്‍ കൗൺസിൽ നടത്തിയ സമരത്തെ അതിക്രൂരമായാണ് കേരളാ പൊലീസ് തല്ലിച്ചതച്ചത്. നരനായാട്ടിനെത്തിയ UD ന്റെ പോലീസുകാർക്ക് വ്യവസായസംരക്ഷണപ്പന്തൽ കെട്ടി തണലൊരുക്കിക്കൊടുത്തു ClTU വിന്റെ ഇടതുപക്ഷ ബോധ്യം. കാതിക്കൂടംകാർ തല്ലുകൊണ്ട് ചോരയൊലിപ്പിച്ചോടിക്കയറിയ വീടുകളിൽ നിന്ന് ചോറുപാത്രങ്ങൾ വരെ പോലീസുകാർ റോഡിലേക്കെറിഞ്ഞു .

സമരപ്പന്തലിനു മുന്നില്‍ ക്യാമറകൾ സ്ഥാപിച്ച പോലീസ്, സമരമവസാനിക്കാൻ തല്ലിക്കൊല്ലേണ്ടവരെ ലിസ്റ്റ് ചെയ്തെടുത്തിരുന്നു. 'നീ പാട്ടു പാടും - അല്ലെടാ' എന്നാക്രോശിച്ചാണ് സമരപ്പന്തലില്‍ പാട്ടു പാടാറുണ്ടായിരുന്ന സതീശന്റെ കവിൾ തല്ലി പൊട്ടിച്ചത്. പാട്ടിനൊപ്പം തബല വായിച്ചിരുന്ന സുബ്രമണ്യന്റെ ഇടതുകൈ അടിച്ചൊടിച്ചു. പുതിയ പുതിയ വണ്ടികളിൽ വന്നിറങ്ങിയ പോലീസുകാര്‍ അടി കൊണ്ടു വീണു കിടന്നവരെ പിന്നെയും പിന്നെയും തല്ലിച്ചതച്ചു. അടിയേറ്റു ബോധം കെട്ടു വീണ പ്രജിലിനെ മര്‍ദ്ദിച്ചു കൊല്ലാനാക്കി. ഭരണകൂടം പോലീസിനെ ഉപയോഗിച്ച് കോർപ്പറേറ്റുകളുടെ ചെരുപ്പുനക്കുന്ന ചിത്രത്തിൽ തൂത്തുക്കുടിയുടെ ഇടതുപക്ഷത്തായി കാതിക്കൂടമുണ്ട്.

ഇന്ത്യയ്ക്ക് ചെമ്പിന്റെ ആവശ്യമുണ്ടെന്നും അതെല്ലാം നൽകുന്നത് വേദാന്ത സ്റ്റെർലൈറ്റ് കമ്പനിയാണെന്നും വേദാന്ത നമ്മുടെ സാമ്പത്തികവളർച്ചയുടെ ചാലകശക്തിയാണെന്നും വേദാന്തക്കെതിരെ സമരം ചെയ്യുന്നവർ വികസന വിരുദ്ധരാണെന്നും തമിഴ്നാട് മുഖ്യൻ എടപ്പാടി പളനിസാമി പ്രസംഗിക്കുമ്പോൾ അയാളുടെ വികസനവണ്ടിക്ക് മുന്നിലിരുന്ന് ആഞ്ഞാഞ്ഞു ചവിട്ടിക്കൊണ്ട്, ചേട്ടന്റെയും എന്റെയും ശബ്ദം ഒരുപോലെ ഉണ്ടല്ലോ എന്ന് ചോദിക്കുന്ന ശ്രീനിവാസൻ കഥാപാത്രത്തിന്റെ പേര് എളമരം കരീം എന്നാണ്.

കാതിക്കുടം സമരം നടത്തുന്നത് വികസനവിരുദ്ധരാണെന്ന കരീമിന്റെ പ്രസംഗം ചരിത്രത്തിലുണ്ട്. അത് വിടൂ, നമ്മുടെ വിഷയം കൊലപാതകമാണ്. ഓർമ്മയുണ്ടോ, ടാറ്റയ്ക്ക് കാർ കമ്പനിയുണ്ടാക്കാനാണ് സിംഗൂരിലെ ജനങ്ങളെ വേട്ടയാടിയത്. ഇന്തോനേഷ്യയിലെ കമ്യുണിസ്റുകളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയവർക്ക് പിന്തുണ നൽകിയ സലിം ഗ്രൂപ്പിനു വേണ്ടി നന്ദിഗ്രാമിൽ 14 പേരെ വെടിവെച്ച് കൊന്ന ശേഷം കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യം നടത്തിയ ഏറ്റവും വലിയ വേട്ടയാണിത് - പിന്നെയും 14പേർ. ബംഗാളിൽ നിന്ന് തുടങ്ങി തൂത്തുക്കുടിക്ക് വരണം, സ്കോർബോർഡിൽ ഇപ്പൊ 14 - 14 ആണ്. കോമ്രേഡ് ഇപ്പോൾ ടൈ ആണ്. ഒരു ബ്രേക്കെടുക്കാം, നമുക്കൊരു നാരാങ്ങാവെള്ളം കാച്ചിയാലോ !

Read More >>