മോഹന്‍ലാലോ, എങ്കില്‍ പോയി രണ്ട് പറഞ്ഞേക്കാം; ഈ കലാപരിപാടി നിങ്ങള്‍ക്ക് മടുക്കുന്നില്ലേ ?

വാളെടുക്കും മുമ്പ് മിനിമം നോമിനേഷനുകള്‍ ഏതൊക്കെയായിരുന്നു എന്നെങ്കിലും അന്വേഷിക്കണ്ടേ - പോട്ടെ, ഇതെന്തിന് നല്‍കുന്ന അവാര്‍ഡാണെന്നെങ്കിലും. ശരി സംഗതി അങ്ങനെയാണെന്നിരിക്കട്ടെ - എന്തിന് മോഹന്‍ലാല്‍, ജോജുവിന് കൊടുക്കാഞ്ഞതെന്ത് എന്ന ചോദ്യമുണ്ടാവും.- ലിജീഷ് കുമാര്‍ എഴുതുന്നു

മോഹന്‍ലാലോ, എങ്കില്‍ പോയി രണ്ട് പറഞ്ഞേക്കാം; ഈ കലാപരിപാടി നിങ്ങള്‍ക്ക് മടുക്കുന്നില്ലേ ?

''പണ്ട് പാടവരമ്പത്തിലൂടെ

ഒരു ഓലക്കുടയുമെടുത്ത്

ചെറു ഞാറുനടുന്നൊരു കാലത്തന്ന്

ഓടിനടന്നൊരു പെണ്ണേ ...' എന്ത് പാട്ടായിരുന്നു, ല്ലേ ? ഭാഗ്യരാജിന്റെ വരികളും സംഗീതവുമാണ്, ചിത്രം 'ജോസഫ്'. പാടിയത് യേശുദാസൊന്നുമല്ല കേട്ടോ, ജോജുവാണ്. ജോജു പാടിയത്രയും ജീവന്‍ കൊടുത്ത് ആ പാട്ട് മറ്റാര്‍ക്കും പാടാനൊക്കത്തില്ല. അഖില്‍ രാജ് അടിമാലിയുടെ 'കൊളംബിയന്‍ അക്കാഡമി' എന്ന പടത്തിനു വേണ്ടി അലോഷ്യ പീറ്ററിന്റെ മ്യൂസിക്കില്‍ അജു പാടിയ പാട്ട് കേട്ടിട്ടുണ്ടോ, 'ലഹരി ഈ ലഹരി...' എന്ന പാട്ട് ? ശ്രീജിത്ത് രാജേന്ദ്രനെഴുതിയ പാട്ടാണ്. മഞ്ഞക്കുപ്പായമൊക്കെ ഇട്ട് ഒരു വെള്ള തോര്‍ത്തുമുണ്ട് തലയില്‍ക്കെട്ടി അജു വര്‍ഗീസ് അത് പാടുമ്പോളറിയാം ഈ പാട്ട് ആസ്വാദകരിരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന്.

അക്ഷയ് കൊല്ലൂരെഴുതി എറിക് ജോണ്‍സണ്‍ സംഗീതം നല്‍കിയ ഒരു സങ്കടപ്പാടുണ്ട് അധിന്‍ ഒള്ളൂര്‍ സംവിധാനം ചെയ്യുന്ന 'പെണ്ണന്വേഷണം' എന്ന പടത്തില്‍. 'പെണ്ണുകെട്ടണം കണ്ണുകെട്ടണം' എന്ന ഈ പാട്ട് പാടിയത് ജേക്കബ് ഗ്രിഗറിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ പാട്ട് വൈറലായി.

'ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്' എന്ന ഒടിയനിലെ എം.ജയചന്ദ്രന്റെ പാട്ട് മോഹന്‍ലാല്‍ പാടിയപ്പഴും ഇത് തന്നെയായിരുന്നു അവസ്ഥ. പുറത്ത് വന്നതും പാട്ട് കേറിയങ്ങ് കൊളുത്തി. മേപ്പറഞ്ഞ പാട്ടുകളെല്ലാം പോയവര്‍ഷം ആഘോഷിക്കപ്പെട്ടത് അതിന്റെ വരികളുടേയോ സംഗീതത്തിന്റെയോ മികവുകൊണ്ട് മാത്രമായിരുന്നില്ല, പാടിയ സെലിബ്രിറ്റി സിംഗറുടെ കൂടെ ക്രഡിറ്റാണത്. മികച്ച സെലിബ്രിറ്റി സിംഗര്‍ക്ക് റെഡ് എഫ് എം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് 4 നോമിനേഷനുകളാണുണ്ടായിരുന്നത്. ജോജു ജോര്‍ജ്, മോഹന്‍ലാല്‍, ജേക്കബ് ഗ്രിഗറി, അജു വര്‍ഗീസ്. ആ അവാര്‍ഡ് മോഹന്‍ലാല്‍ നേടിയതുമായി ബന്ധപ്പെട്ട് എന്തെല്ലാം പുകിലുകളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൊഴുക്കുന്നത്. യേശുദാസിന് കൊടുത്തില്ല, ജയചന്ദ്രന് കൊടുത്തില്ല, ഹ ഹ, സെലിബ്രിറ്റി സിംഗര്‍ക്കുള്ള അവാര്‍ഡേ!

വാളെടുക്കും മുമ്പ് മിനിമം നോമിനേഷനുകള്‍ ഏതൊക്കെയായിരുന്നു എന്നെങ്കിലും അന്വേഷിക്കണ്ടേ - പോട്ടെ, ഇതെന്തിന് നല്‍കുന്ന അവാര്‍ഡാണെന്നെങ്കിലും. ശരി സംഗതി അങ്ങനെയാണെന്നിരിക്കട്ടെ - എന്തിന് മോഹന്‍ലാല്‍, ജോജുവിന് കൊടുക്കാഞ്ഞതെന്ത് എന്ന ചോദ്യമുണ്ടാവും. എനിക്കറിയാം, ഉണ്ടാവുമെന്നേ. ജനങ്ങളുടെ തെരഞ്ഞെടുപ്പാണ് എന്ന സാങ്കേതിക ന്യായമൊന്നും ഞാനതിനെഴുന്നള്ളിക്കുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്കും കൊമേഴ്‌സ്യല്‍ ലക്ഷ്യമുള്ള ചാനലുകള്‍ക്കും അവര്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ താരസാന്നിദ്ധ്യം അനിവാര്യമാണ് എന്ന കോമണ്‍സെന്‍സും ആവര്‍ത്തിക്കുന്നില്ല. ഒരു നാടോടിപ്പാട്ടിനെ ഒരാള്‍ക്ക് പാടാവുന്നതിന്റെ പീക്കില്‍ പാടിയിട്ടുണ്ട് ജോജു ജോര്‍ജ്. അതുകൊണ്ട് തന്നെ സെലിബ്രിറ്റി സിംഗര്‍ എന്ന പരിഗണനയിലല്ല, പാടവരമ്പത്തിലൂടെ ഓലക്കുടയുമെടുത്ത് എന്ന പാട്ട് പരിഗണിക്കപ്പെടേണ്ടത്. മികച്ച ഫോക് സിംഗര്‍ക്കുള്ള അവാര്‍ഡ് തന്നെ അവര്‍ ജോജുവിന് കൊടുത്തിട്ടുണ്ട്. രണ്ടവാര്‍ഡും അദ്ദേഹത്തിന് തന്നെ കൊടുത്ത്, ആ മോഹന്‍ലാലിനെ ഒഴിവാക്കിക്കൂടേ എന്ന ദുഷ്ടലാക്കിന് മറുപടിയില്ല കേട്ടോ.

റെഡ് എഫ് എം.മ്യൂസിക് അവാര്‍ഡ് എന്ന പേരില്‍ പാട്ടുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തപ്പെടുമ്പോള്‍ പല കാറ്റഗറികളിലും മികച്ച പാട്ടുകാര്‍ക്ക് അവാര്‍ഡുണ്ടാകുമെന്ന് ഉറപ്പാണ്. 'മീനേ ചെമ്പുള്ളി മീനേ... കായല്‍ കണ്ണീരു നീന്തീ...' എന്ന പാട്ട് പാടിയ തൊട്ടപ്പനിലെ നിഖില്‍ മാത്യുവിനെയാണ് പോയവര്‍ഷത്തെ മികച്ച ഗായകനായി റെഡ് എഫ്.എം തെരഞ്ഞെടുത്തത്. മറ്റുഭാഷയിലെ പാട്ടുകാര്‍ മുതല്‍ ഏതുവിധേനയും തന്റെ പ്രതിഭ ലോകത്തെ കാണിക്കാന്‍ യൂട്യൂബില്‍ പാട്ടുപാടിയിട്ട് പെടാപ്പാടു പെടുന്ന ഗായകര്‍ വരെ റെഡ് എഫ്.എം മ്യൂസിക് അവാര്‍ഡിന്റെ വേദിയില്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. അങ്കമാലിയിലെ അഡ്‌ലക്‌സ് സെന്ററിലിരുന്ന് ഞാനവര്‍ക്ക് കൈയ്യടിച്ചിട്ടുണ്ട്. മുഖ്യധാരാ സിനിമകളോട് മാത്രം കമ്പമുള്ള ശരാശരി പ്രേക്ഷകരിലൊരാളാണ് ഞാന്‍. കമ്പോളത്തിന്റെ യുക്തി തന്നെയാണ് എന്റെ കാഴ്ചയെയും കേള്‍വിയേയും ഇതുവരെ നിയന്ത്രിച്ചതും. എനിക്ക് തീരെ പരിചിതരല്ലാത്ത വലിയ ഒരു വിഭാഗം പാട്ടുകാരെ റെഡ് എഫ്.എം.ന്റെ വേദിയില്‍ കണ്ട് അമ്പരപ്പ് തോന്നിയിട്ടുണ്ട്. ശ്ശെടാ, ഇവരെയൊക്കെ എവിടുന്ന് തപ്പിയെടുക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്.

ഒരുപാട് പാട്ടുകാര്‍, ഒരുപാട് പാട്ടുകള്‍, ഒരുപാട് പ്രതിഭകള്‍ ചുരുക്കത്തില്‍, റെഡ് എഫ്.എം ബെസ്റ്റ് സിംഗ് അവാര്‍ഡ് ഒറ്റ കാറ്റഗറിക്ക് മാത്രമുള്ളതായിരുന്നില്ല. പല വിഭാഗങ്ങളില്‍ അത് നേടിയ പലരില്‍ ഒരാളായിരുന്നു മോഹന്‍ ലാല്‍. അപ്പൊ അത് കഴിഞ്ഞില്ലേ, കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇങ്ങനെ ചോദിക്കുന്നതും. കോലാഹലങ്ങള്‍ ഇനിയും തുടര്‍ന്നു കൊണ്ടേയിരിക്കും. രസമാണത്, സംവാദ മണ്ഡലങ്ങള്‍ എപ്പോഴും സജീവമായങ്ങനെ നില്‍ക്കട്ടെ. അല്പം കൂടെ യുക്തിഭദ്രമായി അതില്‍ ഇടപെടാന്‍ നമുക്ക് കഴിയട്ടെ. ''മോഹന്‍ലാലോ, എങ്കില്‍ പോയി രണ്ട് പറഞ്ഞേക്കാം '' എന്ന കലാപരിപാടി നിങ്ങള്‍ക്ക് മടുക്കട്ടെ. നന്ദി