ആർഎസ്എസ്സിനെപ്പറ്റിയുള്ള മോഹൻ ഭാഗവതിന്റെ പ്രസ്താവന ഒരു മുന്നറിയിപ്പാണ്; കരുതിയിരിക്കേണ്ടതുണ്ട്

ഒരു യുദ്ധം വന്നാൽ മൂന്നു ദിവസം കൊണ്ട് തയ്യാറാക്കി അതിർത്തിയിൽ വിന്യസിക്കാനാവും എന്നു പറഞ്ഞാൽ അതിനർത്ഥം, ഒരു യുദ്ധമുണ്ടാക്കാനും തങ്ങൾക്കു പറ്റുമെന്നാണ്. യുദ്ധം പ്രതിരോധിക്കാനാവുന്ന സൈന്യത്തിന് യുദ്ധം തുടങ്ങാനും സാധിക്കും- ലിബിൻ തത്തപ്പിള്ളി എഴുതുന്നു

ആർഎസ്എസ്സിനെപ്പറ്റിയുള്ള മോഹൻ ഭാഗവതിന്റെ പ്രസ്താവന ഒരു മുന്നറിയിപ്പാണ്; കരുതിയിരിക്കേണ്ടതുണ്ട്

ഇത് ആർഎസ്എസ് ആദ്യമായി പറയുന്ന ഒരു കാര്യമല്ല. സൈന്യത്തെക്കാൾ പെട്ടെന്ന്, അല്ലെങ്കിൽ അവരിപ്പോൾ പറയുന്നതു പോലെ സാധാരണ ജനങ്ങളെക്കാൾ പെട്ടെന്ന് ഒരു യുദ്ധത്തിനു തയ്യാറെടുക്കാൻ 'സ്വയംസേവകർക്ക്' സാധിക്കും എന്നത്. ഇത്ര നാൾ നിങ്ങളത് കേൾക്കാതിരുന്നതാണ്, തിരിച്ചറിയാതിരുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്കു മനസിലാവുന്ന രീതിയിലല്ല അവരതു പറഞ്ഞുകൊണ്ടിരുന്നത് എന്നുകൂടിയാണ്.

സംഘപരിവാർ അക്രമികൾ എന്ന നിലയിൽ നാം മനസിലാക്കാറുള്ള കൂട്ടം, വടക്കേയിന്ത്യയിൽ പശു കൊലപാതകങ്ങളോ മറ്റാക്രമണങ്ങളോ നടത്തുന്ന വെറും ചില ആൾക്കൂട്ടങ്ങളാണ്. നിർഭാഗ്യവശാൽ, അതൊന്നുമല്ല ആർഎസ്എസ് എന്ന്, നമുക്കു മനസിലായിട്ടില്ല. പൊടിയേറ്റു കിടന്ന് അതിൻ്റെ ദുർഗന്ധം പകർന്നു കിട്ടിയ (മുല്ലപ്പൂമ്പൊടിയുമല്ല, സൗരഭ്യവുമല്ല) അക്രമാസക്തരായ കൂട്ടങ്ങൾ മാത്രമാണവർ. 'സ്വയംസേവനക്കാരു'ടെ പ്രവർത്തനം മൂലം, അവരിളക്കി വിടുന്ന സാംസ്കാരിക- വൈകാരിക തരംഗങ്ങൾ മൂലം, അല്ലെങ്കിൽ പൊതുവിദ്യാഭ്യാസത്തിലൂടെയടക്കം അവർ കുത്തിവയ്ക്കുന്ന വിഷം മൂല സൃഷ്ടിക്കപ്പെട്ട, ഹിന്ദുത്വ ഭ്രാന്ത് തലയ്ക്കു പിടിച്ച കേവലം ആൾക്കൂട്ടങ്ങൾ. അവരും ഇപ്പറയുന്ന 'സ്വയംസേവകരും' തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.

സാധാരണ ആർഎസ്എസ് പറയാറുള്ളത് തങ്ങൾ ഒരു സാമൂഹ്യ- സാംസ്കാരിക സംഘടനയാണ്, എൻജിഒ ആണ് എന്നൊക്കെയാണ്. പക്ഷേ അതിനോടടുത്ത് അതിനെ മനസിലാക്കിയവർക്കേ അതിലെ യാഥാർത്ഥ്യം നേരിട്ടു മനസിലാവൂ. ന്യൂനപക്ഷ മോർച്ചയിലും മറ്റും ചേർന്ന് ബിജെപിയിലെത്തി ആർഎസ്എസ് ആനയാണ് ചേനയാണ് എന്നൊക്കെ പറയുന്ന ഭൂരിഭാഗം മുസ്ലീങ്ങളും ക്രിസ്ത്യാനികളും നിഷ്കളങ്കരാവാമെങ്കിലും, അവർ മുഴുവൻ ന്യൂനപക്ഷങ്ങളേയും വഞ്ചിക്കുകയാണെന്ന കാര്യം മനസിലാക്കുന്നതേയില്ല. ആർഎസ്എസ് കേവലം കേഡർ സംഘടനയാണെന്നു പറഞ്ഞാൽ കുറഞ്ഞു പോകും, കാരണം സിപിഐഎമ്മിനെയും നമ്മൾ അങ്ങനെയാണല്ലോ വിളിക്കുന്നത്. മോഹൻ ഭാഗവത് പറഞ്ഞ ആ വാക്കുണ്ടല്ലോ, മിലിട്ടറി. അതും അതിനപ്പുറവുമാണ് ആർഎസ്എസ്.

മിലിട്ടറിക്കപ്പുറമാണെന്ന് ആർഎസ്എസ് എന്നു പറയുന്നത് ഒരു അതിശയോക്തിയല്ല. ആർഎസ്എസ് സ്വയം പറയുന്നൊരു കാര്യമുണ്ട്, സംഘം നേരിട്ട് സാമൂഹ്യ കാര്യങ്ങളിലൊന്നും ഇടപെടില്ല. മറിച്ച് സമൂഹത്തെ 'മാറ്റിത്തീർക്കാൻ' (മാറ്റി- തീർക്കാൻ എന്നും വായിക്കാം) വ്യക്തികളെ ശാഖയിൽ നിർമിച്ച് (വ്യക്തിനിർമാണം!) പുറത്തേയ്ക്കു വിടുമത്രേ. അതു മാത്രമാണ് ശാഖയുടെ പണിയെന്നാണ് ആർഎസ്എസ് പറയുക. ഈ നിർമാണ പ്രക്രിയയുണ്ടല്ലോ, അഥവാ മെയ്ക്കിംഗ് പ്രൊസസ്, അതിനെപ്പറ്റി ഇവർ പറയുന്നത്, 'ശാരീരികം, മാനസികം, ബൗദ്ധികം എന്നീ മൂന്നു തലങ്ങളിലും വ്യക്തിയെ തയ്യാറാക്കുക' എന്നാണ്. നോക്കൂ, എത്ര ഭീകരമാണത്. ഒരുവൻ്റെ എല്ലാ തലങ്ങളിലും ഇടപെട്ട്, പൂർണമായും അവനെ ആർഎസ്എസ്സുകാരനാക്കി, ഹിന്ദുത്വ വാദിയാക്കി മാറ്റിത്തീർക്കുക എന്ന പ്രക്രിയ. അതിന് കൃത്യമായ പാഠ്യ പദ്ധതിയും സിലബസും ബോധന രീതിയും അവർക്കുണ്ട്. അതുകൂടാതെ ഐടിസി-ഒടിസി ക്യാമ്പുകൾ (ശിബിരം), പല തരം പരിശീലന 'വർഗ്'കൾ, എന്നിവയടക്കം നിരന്തരമായ പ്രക്രിയ. ആയോധന പ്രക്രിയകളായ ദണ്ഡ, ദണ്ഡയുദ്ധ, നിയുദ്ധ, വ്യായാമത്തിനായി യോഗ, വ്യായാം യോഗ്, തുടങ്ങിയവയാണ് അവരുടെ ശാരീരികമായയുള്ള പരിശീലനങ്ങൾ. വ്യക്തിഗീതം, ഗണഗീതം സുഭാഷിതം, മഹദ് വചനം, ചർച്ച, ബൗദ്ധിക് എന്നീ ശാഖാ- ശിബിര കാര്യക്രമങ്ങൾ കേൾക്കുമ്പോൾ ലളിതമെന്നു തോന്നാമെങ്കിലും ഒരാളെ മുഴു സംഘിയാക്കാനുള്ള എല്ല ചേരുവകളും ഉൾപ്പെടുന്ന ഹൈ പവർ ഇഞ്ചക്ഷനുകളാണെല്ലാം. ക്യാമ്പുകളും വർഗുകളുമെല്ലാം, ഈ പലതലത്തിലുള്ള പരിവർത്തനത്തിനുതകുന്ന പാക്കേജുകളാണ്. നാം കാണുന്ന ആയോധന ക്രിയകൾ അതിൻ്റെ ഇരുപതോ മുപ്പതോ ഭാഗം മാത്രമേ വരൂ. ബൗദ്ധിക് വർഗുകൾ എന്ന പേരിൽ പ്രത്യേക ഇൻ്റലക്ച്വൽ ക്യാമ്പുകൾ വരെയുണ്ട്.

ഈ ശിബിരങ്ങളും വർഗുകളും വഴിയാണ് അവരുടെ മുഴുവൻ സൈദ്ധാന്തിക അടിത്തറകളും പ്രവർത്തകരിലേക്ക് പകർന്നു കൊടുക്കുന്നത്. ഭാരതീയ സംസ്കാരത്തിൻ്റെ മഹത്വവും ശാസ്ത്രവും പുഷ്പക വിമാനവും മുതൽ ഇന്ത്യയെ കൊള്ളയടിച്ചും ഹിന്ദുക്കളുടെ ചോരയൊഴുക്കിയും കടന്നു പോയ മുസ്ലീം ഭരണാധികാരികളുടെ കഥകളും കേൾക്കുന്നതവിടെയാണ്. അവിടെയുണ്ടാവുന്ന ചർച്ചകളിലാണ് 'എത്ര മാത്രം ഹിന്ദുവിരുദ്ധമാണ് ഈ സമൂഹവും മാധ്യമങ്ങളും രാഷ്ട്രീയവും' എന്നും 'എത്ര മാത്രം ദേശ വിരുദ്ധരാണ് മുസ്ലീങ്ങളെ'ന്നും അവർ മനസിലാക്കുന്നത്. കൂടുതൽ തീവ്രമായ ക്ലാസുകൾ അനൗദ്യോഗികമായി 'ചേട്ടന്മാരും' 'ജി'മാരും പറഞ്ഞു കൊടുക്കും. അതുകൂടാതെ, ഓരോ തരം ആളുകൾക്ക് എന്തു തരം വിഭവങ്ങളാണ് നൽകേണ്ടതെന്നതടക്കമുള്ള പ്ലാനിംഗ് അവരുടെ കയ്യിലുണ്ട്. സോഫ്റ്റ് ആയ അത്യാവശ്യം ഹ്യൂമനിസ്റ്റ് ആയ ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തീവ്ര വികാരമുള്ള ഒരാളെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്നും അവർക്കറിയാം. ഇത്തരത്തിൽ മിലിട്ടറിയേക്കാൾ ഭീകരമായ അച്ചിലടക്കം നടത്തിയാണ് ആർഎസ്എസ് വ്യക്തികളെ 'വാർത്തെടുക്കുന്നത്'.

ആർഎസ്എസ് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നൊരാൾ സംഘിസം സ്വയം ഉത്പാദിപ്പിക്കുന്ന യന്ത്രമായിരിക്കും. ഒരു വാർത്ത കണ്ടാൽ, ഒരു ദൃശ്യം കണ്ടാൽ, അതിലെ ഹിന്ദു വിരുദ്ധത വായിച്ചെടുക്കാൻ, അതിനെ ഉള്ളിലെ മുസ്ലീം വിരുദ്ധത വളർത്താനുള്ള ചേരുവയാക്കി മാറ്റാൻ, അയാൾക്ക് പ്രത്യേകം ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ദേശം എന്ന, ഭാവിയിൽ ഹിന്ദു രാഷ്ട്രമാകാൻ പോകുന്ന ഇന്ത്യ എന്ന, ഭാരതാംബ എന്ന ബിംബത്തെ മുൻനിർത്തി അതിലൂടെ മുഴുവൻ ന്യൂനപക്ഷ വിരുദ്ധതയും, ഹിന്ദുത്വവും, ബ്രാഹ്മണ്യ- സംസ്കാര ആശയവുമെല്ലാം തിരുകി കയറ്റിയാണ് ഓരോ ആർഎസ്എസ്സുകാരനും ഉത്പാദിപ്പിക്കപ്പെടുന്നത്. ദേശത്തിന് എതിരായ എന്തിനെയും വയലൻ്റായി നേരിടാൻ ആന്തരികമായി അയാൾ മാറ്റപ്പെട്ടിരിക്കും. ഹിന്ദു മതത്തെയോ, അല്ലെങ്കിൽ ഇവിടെയുണ്ട് എന്നു പറയുന്ന സംസ്കാരത്തെയോ അതിൻ്റെ ഏതെങ്കിലും ബിംബങ്ങളെയോ തൊട്ടാലും തൊടുന്നയാൾ രാജ്യത്തിൻ്റെ അടിത്തറയിലാണ് തൊടുന്നതെന്ന് സംഘി മനസിലാക്കുകയും വയലൻ്റാവുകയും ചെയ്യും. രാജ്യത്തിനു നേരെ വരുന്നതിനെ മാത്രമേ താൻ എതിർക്കൂ എന്നാണ് അയാൾ പറയുക. പക്ഷേ എന്തിനെ എതിർത്താലും, അത് പശുവോ, ദുർഗ്ഗയോ, രാമനോ, വന്ദേ മാതരമോ എന്തായാലും, അത് ഭാരതത്തെയും സംസ്കാരത്തെയും എതിർക്കുന്നതായേ അയാൾ മനസിലാക്കൂ എന്നു മാത്രം. സിന്ധു സൂര്യകുമാറും ഹാദിയയും 'സെക്സി ദുർഗ'യും ഉമർ ഖാലിദും കന്നയ്യയുമടക്കമുള്ളവർ ആക്രമിക്കപ്പെടും. കൽബുർഗിയും പൻസാരെയും രോഹിതും അഖ്ലാഖും ധബോൽക്കറും ഗൗരി ലങ്കേഷും കൊല്ലപ്പെടും.

ഈ ട്രെയിൻഡ് ആളുകൾ സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കയറി സമൂഹത്തെ മുഴുവൻ ഹിന്ദു(ബ്രാഹ്മണ്യ)വത്കരിക്കുകയും ഹിന്ദുത്വവത്കരിക്കുകയും കൂടി ചെയ്യും. ഇവരുടെ സൈദ്ധാന്തികർ തീരുമാനിക്കുന്ന രീതിയിൽ പാഠ്യ പദ്ധതിയും മീഡിയകളും എഴുത്തുകാരുമടക്കം പ്രവർത്തിക്കും. നമ്മളറിയാതെ നമ്മിൽ സംഘിസം കയറും. അങ്ങിനെയാണ് ആർഎസ്എസ് അല്ലാത്ത, സംഘപരിവാർ പോലുമല്ലാത്ത ആളുകൾ സംഘികളായി മാറുന്നത്. ആ രാഷ്ട്രീയം മനസാ വരിച്ച് അതിൻ്റെ ഭാഗമല്ലാതെ നിന്ന് നിരവധി സംഘങ്ങളും സേനകളും സൃഷ്ടിക്കപ്പെടും. ആർഎസ്എസ് ചെയ്യാത്ത പണി കൂടി അവരിലൂടെ നടപ്പാക്കപ്പെടും.

എൻ്റെ ഭയം ഇതാണ്. ഏതു സമയത്തും 'സംഘം' പറഞ്ഞാൽ ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന, അല്ലെങ്കിൽ ആർഎസ്എസ് തയ്യാറാക്കി നിർത്തിയിരിക്കുന്ന ആയിരക്കണക്കോ ലക്ഷക്കണക്കോ ആയ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു യുദ്ധം വന്നാൽ മൂന്നു ദിവസം കൊണ്ട് തയ്യാറാക്കി അതിർത്തിയിൽ വിന്യസിക്കാനാവും എന്നു പറഞ്ഞാൽ അതിനർത്ഥം, ഒരു യുദ്ധമുണ്ടാക്കാനും തങ്ങൾക്കു പറ്റുമെന്നാണ്. യുദ്ധം പ്രതിരോധിക്കാനാവുന്ന സൈന്യത്തിന് യുദ്ധമുണ്ടാക്കാനും പറ്റും. മോഹൻ ഭാഗവതിൻ്റേത് ഒരു മുന്നറിയിപ്പായി എടുക്കണം, നമ്മൾ കരുതിയിരിക്കണം.

Read More >>