നജീബിന്റെ ഉമ്മയുടെ അഭിവാദ്യം: എഐഎസ്എഫ് ദേശീയ സമ്മേളനത്തിന്റെ രാഷ്ട്രീയം

നജീബിന്റെ ഉമ്മ ഫാത്തിമയും ദളിത് സമരങ്ങളുടെ മുന്നണിപ്പോരാളിയും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും ജെഎൻയു സമരപോരാളി കനയ്യ കുമാറും സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും ഉൾപ്പടെയുള്ളവരെല്ലാം സമ്മേളനത്തിൽ പങ്കുവെച്ചതും ഈ സന്ദേശമാണ്- ലിബിൻ ജോൺ എഴുതുന്നു

നജീബിന്റെ ഉമ്മയുടെ അഭിവാദ്യം: എഐഎസ്എഫ് ദേശീയ സമ്മേളനത്തിന്റെ രാഷ്ട്രീയം

ലിബിൻ ജോൺ

രാജ്യം സമാനതകളില്ലാത്ത വെല്ലുവിളികളെ നേരിടുന്ന കാലത്താണ് സംഘപരിവാർ ഫാസിസത്തിനെതിരെ യോജിച്ച പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും സന്ദേശമുയർത്തി ഇന്ത്യയിലെ ആദ്യ ദേശീയ സംഘടിത വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഇരുപത്തിയൊമ്പതാം ദേശീയ സമ്മേളനം ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ പുരോഗമിക്കുന്നത്. രാജ്യമെമ്പാടുമുള്ള സർവ്വകലാശാലകളിൽ, കലാലയങ്ങളിൽ ഒക്കെ പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും സംഘഗാഥകളുയർത്തിയ വിദ്യാർത്ഥിസമൂഹത്തിന്റെ പരിശ്ചേദം ഇന്നലെകളിലെ സമരപോരാട്ടങ്ങളിൽ നിന്നാർജ്ജിച്ച കരുത്തുമായി പുതിയകാല പോരാട്ടങ്ങൾക്ക് രാഷ്ട്രീയമായും ആശയപരമായും ആയുധമാണിയുവാനായി നാല് ദിവസക്കാലം അനന്ത്പൂരിൽ ഒത്തുചേർന്നിരിക്കുന്നത്.

വിദ്യാർത്ഥികൾ മാത്രമല്ല, ദളിതർ, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, കർഷകർ, തൊഴിലാളികൾ എന്നുതുടങ്ങി രാജ്യത്തെ സാമാന്യജനതയുടെ സ്വൈരജീവിതങ്ങൾക്കുമേൽ ഫാസിസം തേരോട്ടം നടത്തുമ്പോൾ അതിനെതിരായി പ്രതിരോധം തീർക്കേണ്ടുന്ന ബാധ്യതയും ഉത്തരവാദിത്വവും വിദ്യാർത്ഥി സമൂഹത്തിനുണ്ടെന്നു പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനത്തിന് തുടക്കംകുറിച്ചു നടന്ന മഹാറാലി. ജെഎൻയുവിൽ നിന്നും കാണാതായ വിദ്യാർത്ഥി നജീബിന്റെ ഉമ്മ ഫാത്തിമയും ദളിത് സമരങ്ങളുടെ മുന്നണിപ്പോരാളിയും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും ജെഎൻയു സമരപോരാളി കനയ്യ കുമാറും സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും ഉൾപ്പടെയുള്ളവരെല്ലാം സമ്മേളനത്തിൽ പങ്കുവെച്ചതും ഈ സന്ദേശമാണ്.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള സുപ്രധാന പോരാട്ടത്തിൽ രാജ്യത്തെ പുരോഗമന ശക്തികളും കൈകോർക്കേണ്ടതുണ്ട്. ഫാസിസത്തിനെതിരായ പ്രതിരോധത്തിന് രാജ്യത്തെ കലാലയവളപ്പുകളിൽ നിന്നും ആഹ്വാനമുയരുമ്പോൾ മതേതര വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ യോജിച്ച ഐക്യനിര എന്നത് എഐഎസ്എഫ് മുന്നോട്ട് വെയ്ക്കുന്ന നിലപാടാണ്. വിദ്യാഭ്യാസമേഖലയെ വർഗ്ഗീയവത്കരിക്കുവാനും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും സർവ്വകലാശാലകളുടെയും തലപ്പത്ത് സംഘപരിവാർ പാർശ്വവർത്തികളെ പ്രതിഷ്ഠിക്കാനും പാഠ്യപദ്ധതി പോലും വർഗ്ഗീയവത്കരിക്കുവാനും ചരിത്രവസ്തുതകൾ വളച്ചൊടിച്ചു പുതിയ തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാനുമുള്ള കേന്ദ്രസർക്കാർ നീക്കങ്ങളെ പരാജയപ്പെടുത്താനുള്ള ദൗത്യം എക്കാലത്തെയും പോലെതന്നെ ഏറ്റവും ജാഗ്രതയോടെ തുടരേണ്ടുന്നതുണ്ട്.

എതിർപ്പിന്റെ ശബ്‌ദ്ധങ്ങളുയർത്തുന്നവരെ, ഉയരുന്ന കയ്യുകളെ, എഴുതുന്ന പേനകളെ, ചിന്തിക്കുന്ന മസ്തിഷ്കങ്ങളെ, എല്ലാത്തിനെയും നശീകരിക്കുവാനും ഇല്ലാതാക്കുവാനുമുള്ള സംഘപരിവാർ പരിശ്രമങ്ങളെ വിയോജിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് കൂടുതൽ കരുത്തോടെ മുഷ്ടിയുയർത്തി പ്രഖ്യാപിക്കുകയാണ് വിദ്യാർത്ഥികൾ.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമ്പാദന പോരാട്ടകാലം മുതൽ വിദ്യാർത്ഥികളുടെ അവകാശസംരക്ഷണ രണഭൂമിയിൽ നിലകൊള്ളുന്ന വിദ്യാർത്ഥിപ്രസ്ഥാനത്തിന് രാജ്യത്തിന്റെ നവസ്വാതന്ത്ര്യ പോരാട്ടത്തിൽ, ആസേതുഹിമാലയം ആ ദൗത്യം കൂടുതൽ കരുത്തോടെയും ജാഗ്രതയോടെയും കരുതലോടെയും ഏറ്റെടുക്കേണ്ടുന്ന ആവശ്യകതയുണ്ടെന്നു തിരിച്ചറിയുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കാൻ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷതയും സംരക്ഷിക്കാൻ, ഫാസിസത്തിന്റെ നീരാളിക്കൈകളിൽ നിന്നും രാജ്യത്തെ സാമാന്യജനതയെ രക്ഷിക്കാൻ രാജ്യമെമ്പാടും നടക്കുന്ന ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരുന്നതാകും എഐഎസ്എഫിന്റെ ഇരുപത്തിയൊമ്പതാം ദേശീയ സമ്മേളനമെന്നതിൽ സംശയമില്ല.