ഇന്ത്യയോളം നീളത്തിൽ ലോങ് മാർച്ച്; കന്യാകുമാരിയിൽ നിന്ന് ഹുസൈനി വാലയിലേക്ക് ഒഴുകി

പര്യടനം പൂർത്തിയാക്കുവാൻ അനുവദിക്കുകയില്ലായെന്നു ഭീഷണി മുഴക്കിയ സംഘപരിവാർ സംഘടനകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും മാർച്ചിനു നേരെ ആക്രമണം അഴിച്ചുവിടുകയും, സർക്കാരുകളുടെയും പോലീസിന്റെയും സഹായത്തോടെയും പിന്തുണയോടെയും പര്യടനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയോളം നീളത്തിൽ ലോങ് മാർച്ച്; കന്യാകുമാരിയിൽ നിന്ന് ഹുസൈനി വാലയിലേക്ക് ഒഴുകി

സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എഐഎസ്എഫും എഐവൈഎഫും സംയുക്തമായി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് നീണ്ട രണ്ടുമാസക്കാലത്തെ അഖിലേന്ത്യാ പര്യടനം പൂർത്തിയാക്കി നാളെ പഞ്ചാബിലെ ഇന്ത്യാ - പാക് അതിർത്തിയിലെ രക്തസാക്ഷിഗ്രാമമായ ഹുസൈനിവാലായിൽ സത് ലജ് നദീതീരത്ത് സമാപിക്കും.

ജൂലൈ മാസം പതിനഞ്ചാം തീയതി രാജ്യത്തിന്റെ അതിർ തിരിക്കുന്ന സാഗരസംഗമഭൂമിയായ കന്യാകുമാരിയിൽ നിന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്തു പ്രയാണമാരംഭിച്ച ലോങ്ങ് മാർച്ച്, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രവേശനാനുമതി നിഷേധിച്ച കർശനമായ സൈനിക നിയമങ്ങളും നിയന്ത്രണങ്ങളും നിലനിൽക്കുന്ന ചുരുക്കം പ്രദേശങ്ങളൊഴികെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയാണ് സെപ്റ്റംബർ 12ന് ഹുസൈനിവാലായിൽ സമാപിക്കുന്നത്.

സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ എന്ന കേന്ദ്ര മുദ്രാവാക്യമുയർത്തി പര്യടനമാരംഭിച്ച ലോങ്ങ് മാർച്ച് പര്യടന കാലയളവിലുടനീളം സംഘപരിവാറിന്റെ ഫാസിസ്റ്റു ശൈലികൾക്കെതിരെയും നരേന്ദ്ര മോഡി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും രൂക്ഷവിമർശനങ്ങളാണുയർത്തിയത്. ലോങ്ങ് മാർച്ച് പര്യടനം ആരംഭിക്കുന്നതിനും മുൻപേ തന്നെ, പര്യടനം പൂർത്തിയാക്കുവാൻ അനുവദിക്കുകയില്ലായെന്നു ഭീഷണി മുഴക്കിയ സംഘപരിവാർ സംഘടനകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും മാർച്ചിനു നേരെ ആക്രമണം അഴിച്ചുവിടുകയും, സർക്കാരുകളുടെയും പോലീസിന്റെയും സഹായത്തോടെയും പിന്തുണയോടെയും പര്യടനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.

മതേതരത്വം സംരക്ഷിക്കുക, സൗജന്യവും തുല്യതയുള്ളതും ശാസ്ത്രീയവുമായ വിദ്യാഭ്യാസംഎല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുക, തൊഴിൽ മേഖലയിൽ ഭഗത് സിംഗ് ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുക, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ തുടങ്ങിയവർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്വകാര്യ മേഖലയിൽ സംവരണം ഉറപ്പുവരുത്തുക, സമ്പൂർണ്ണ തെരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയവയാണ് ലോങ്ങ് മാർച്ച് ഉയർത്തുന്ന പ്രധാന മുദ്രാവാക്യങ്ങൾ.

സിപിഐ അനുകൂല വിദ്യാർത്ഥി - യുവജന സംഘടനകൾ എന്നതിനുമപ്പുറം എഐഎസ്എഫും എഐവൈഎഫും സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ചിന് കക്ഷിരാഷ്ട്രീയത്തിനതീതമായി രാജ്യത്തുടനീളം ജനാധിപത്യ - മതേതര കക്ഷികളുടേയും ജനകീയ പ്രസ്ഥാനങ്ങളുടെയും പിന്തുണയാർജ്ജിക്കാൻ വലിയൊരളവ് വരെ സാധിച്ചിട്ടുണ്ട്. മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കൂടാതെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിവിധ ആക്ടിവിസ്റ് ഗ്രൂപ്പുകളും കോൺഗ്രസ്സ് ഉൾപ്പടെയുള്ള ജനാധിപത്യ രാഷ്ട്രീയ കക്ഷികളും വിവിധയിടങ്ങളിൽ ലോങ്ങ് മാർച്ച് ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയിരുന്നു.

രാജ്യത്തെ വിവിധവിഭാഗം ജനങ്ങളുമായി സംവദിച്ചെത്തുന്ന ലോങ്ങ് മാർച്ചിന്റെ സമാപനത്തിനു വേദിയാകുവാൻ രാജ്യതലസ്ഥാനം പോലെയുള്ള സുപ്രധാന കേന്ദ്രങ്ങൾ ഒഴിവാക്കി ഹുസൈനിവാല എന്ന ഗ്രാമം എന്തുകൊണ്ടു തെരഞ്ഞെടുക്കപ്പെട്ടു എന്ന ചോദ്യം പലകോണുകളിൽനിന്നും ഉയരുന്നുണ്ടായിരുന്നു.

പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഇന്ത്യാ - പാകിസ്ഥാൻ അതിർത്തി ഗ്രാമമാണ് ഹുസൈനിവാല. അനേക യുദ്ധങ്ങളുടെ തീവ്രതയും വിഭജനത്തിന്റെ കണ്ണീരും ഏറ്റുവാങ്ങിയ ഗ്രാമം. സത് ലജ് നദി ഈ ഗ്രാമത്തിന്റെ അതിര് പങ്കിടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടചരിത്രത്തിലെ അനശ്വര രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയ ലാഹോർ ജയിൽ ഇവിടെനിന്നും അധികം അകലെയല്ല. തൂക്കിലേറ്റിയ ശേഷം, വിവരം പുറത്തുവിട്ടാൽ ഉണ്ടാകാനിടയുള്ള ജനരോഷം ഭയന്ന് മൂവരുടെയും മൃതദേഹങ്ങൾ ബ്രിട്ടീഷ് ഭരണാധികാരികൾ ഹുസൈനിവാലായിൽ നദീതീരത്ത് കത്തിച്ചുകളയുകയായിരുന്നു. പിന്നീടരാജ്യവിഭജനത്തെ തുടർന്ന് ഹുസൈനിവാല പാകിസ്ഥാന്റെ ഓഹരിയിലായി. വിപ്ലവകാരികൾ നിർമ്മിച്ച രക്തസാക്ഷി സ്മാരകവും അവഗണിക്കപ്പെട്ടു. കാലങ്ങൾ നീണ്ട ഉഭയകക്ഷി ചർച്ചകൾക്കൊടുവിൽ 1961ൽ തൊട്ടടുത്ത പ്രദേശമായ ഫാസിൽക്കയിലെ 12 ഗ്രാമങ്ങൾ പാകിസ്ഥാന് പകരം കൈമാറിയാണ്ഇന്ത്യ ഹുസൈനിവാല തിരികെ വാങ്ങിയത്. പിൽക്കാലത്ത്, ഭഗത് സിംഗിനൊപ്പം ബ്രിട്ടീഷ് അസ്സംബ്ലിയിൽ ബോംബെറിഞ്ഞ ബി കെ ദത്തിനും ഭഗത് സിംഗിന്റെ മാതാവ് സത്യവതിക്കും അന്ത്യവിശ്രമമൊരുക്കിയതും ഇതേ നദീ തീരത്താണ്.

രാജ്യം സമാനതകളില്ലാത്ത വെല്ലുവിളികളെയും ഫാസിസ്റ്റു ഭീഷണികളെയും നേരിടുന്ന കാലഘട്ടത്തിൽ, പിറന്ന മണ്ണിന്റെ മോചനത്തിനായി ജീവൻ ബലിയർപ്പിച്ച അനശ്വര രക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യയെ യാഥാർഥ്യമാക്കുന്നതിനായി പോരടിക്കുന്ന പുതിയകാലത്തെ പോരാളികളുടെ മാർച്ചിന്റെ സമാപനത്തിനു വേദിയാകുവാൻ രക്തസാക്ഷി സ്മരണകളിരമ്പുന്ന ഈ നദീതീരമല്ലാതെ മറ്റെവിടമാണ് ഇത്രമേൽ അനുയോജ്യമായത്.രാജ്യത്തിന്റെ വിധിയെ മാറ്റിയെഴുതുവാനുള്ള പോരാട്ടത്തിനു നാളെ ഹുസൈനിവാലയിൽ സമാപനമാവുകയല്ല, മറിച്ചു തുടക്കം കുറിക്കപ്പെടുകയാണ്.


Read More >>