ചുരുട്ടില്‍ നിന്നും ഒരു പുക കൊടുത്ത്, ഇപ്പോള്‍ ജിഷ്ണുവിനോട് ചെഗുവേര പറയുകയാകും- ലാല്‍സലാം കോമ്രേഡ്

ജിഷ്ണു ശരീരത്തില്‍ സഹിച്ചു, യേശുവും ചെഗുവേരയും സഹിച്ചതു തന്നെ; നിങ്ങളാവട്ടെ വെറുതെ ചെ ഷര്‍ട്ടിടുന്നു- ജിഷ്ണു ഔദ്യോഗിക രക്തസാക്ഷിയല്ലെന്ന പരാമര്‍ശത്തോട് ലാസര്‍ ഷൈന്‍ പ്രതികരിക്കുന്നു

ചുരുട്ടില്‍ നിന്നും ഒരു പുക കൊടുത്ത്, ഇപ്പോള്‍ ജിഷ്ണുവിനോട് ചെഗുവേര പറയുകയാകും- ലാല്‍സലാം കോമ്രേഡ്

മൂന്നാംപക്കം എന്നതിനപ്പുറം ഒരു ജഡത്തേയും മുക്കിവെക്കാനാവില്ല. എത്ര ആഴത്തില്‍ ഒളിപ്പിച്ചാലും മൂന്നാം ദിനം ആ ജഡം സ്വയം ഉയിര്‍ത്ത് സാക്ഷ്യം പറയും. കേരളം കാണുന്നത് അത്തരം ഒരു സാക്ഷ്യം പറച്ചിലാണ്- ജിഷ്ണു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍ അവന്റെ അമ്മയിലൂടെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ക്രൈസ്തവ സഭയക്കും മാതാവ് മറിയമാണ്. സ്വന്തം മകന്റെ ജഡം കയ്യിലേയ്ക്കിറക്കി കിടത്തിയ മറിയം, അതെ പിലാത്തേ ശില്‍പ്പം, തന്നെക്കാള്‍ വളര്‍ന്ന മകന്റെ ജഡം, പണ്ടവന് മുലപ്പാല് കൊടുക്കാനെന്ന വിധം മടിയില്‍ കിടത്തിയതിലും വലുപ്പത്തിലെങ്ങനെ മാതൃത്വത്തെ ചിത്രീകരിക്കും. അതേ അവസ്ഥയെ ചിത്രീകരിച്ച മാക്സിം ഗോര്‍ക്കിയുടെ അമ്മ, എഴുത്തിലൂടെ സൃഷ്ടിച്ച പിലാത്തെയാണ്. പാവേലിനെ ഏറ്റുവാങ്ങിയ അവന്റെ അമ്മ.

രക്തസാക്ഷികളെ കുറിച്ച് നിങ്ങക്കൊരു ചുക്കും അറിയില്ല, വെറുതെ ചെ ഷര്‍ട്ടിടുന്നു എന്നുമാത്രം. രക്തസാക്ഷിത്വത്തിനു മേല്‍പണിതുയര്‍ത്തിയതാണ് നിങ്ങളുടെ പ്രസ്ഥാനമെന്നു പോലും നിങ്ങള്‍ മറക്കുന്നു.

ഇടപ്പള്ളിയിലെ പള്ളി, പശ്ചിമഘട്ടം ഇടിച്ചിറക്കി പണിതത്, ആത്മീയശാസത്രപ്രകാരം സുവിശേഷത്തിന്, യേശുവിന്റെ ജീവിതത്തിന് എതിരാണ്. യേശു എന്ന കഥാപാത്രം 33 വയസുകൊണ്ട് കടന്നു പോയത് കുറേ കഥകളിലൂടെയാണ്. അഥവ തത്വചിന്തയുടെ നുറുങ്ങു കഥകളെ സ്വയം ഏറ്റുവാങ്ങിയതാണ് യേശു എന്ന കഥാപാത്രം.

ഈ പാനപാത്രം എന്നില്‍ നിന്നൊന്നു നീക്കാമോയെന്ന്, മനുഷ്യസഹജമായ വേദനയോടെ കുരുശില്‍ പിടഞ്ഞപ്പോള്‍ താന്‍ സഹിക്കുന്നത് എത്രമാത്രം വലിയ വേദനയാണെന്നും മനുഷ്യകുലത്തിന്റെ മഹാവേദനയാണതെന്നുമാണ് കരഞ്ഞത്.

ക്യൂബയുടെ ഭരണം കിട്ടിക്കഴിഞ്ഞ്, രാജാവായ ശേഷമാണ,് ചെഗുവേര കൊട്ടാരം വിട്ടത്. മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വിപ്ലവം വരണമെന്ന് ചെഗുവേര ആഗ്രഹിച്ചു. കൊട്ടാരം നേടുന്നവരെ മിടുക്കരെന്നും വിടുന്ന ബുദ്ധികളെ വിഢികളെന്നും അപഹസിക്കുന്ന ലഘുബുദ്ധികളോട് ഫേസ് ബുക്കില്‍ പോയൊരു ഫാന്‍സ് അസോസിയേഷനുണ്ടാക്കെടോ എന്നേ പറയാനാവൂ. സ്വന്തം ജീവന്‍ അറുത്തു കൊടുത്ത് പരുന്തിന്റെ ജീവന്‍ രക്ഷിച്ചയാളാണ് നമുക്കും രാജാവ്.

ജിഷ്ണുവിനെ നോക്കു. അവന്റെ പ്രായം നോക്കു. വടക്കോട്ട് പോകണം. കോഴിക്കോട് കഴിഞ്ഞ് വടക്കോട്ട്. തിരുവതാംകൂറിലെ പോലെ ഒരു 'ജാതിപ്പാര്‍ട്ടി 'യല്ല അവിടെയുള്ളത്. അവിടെ ജിഷ്ണുവിനെ പോലെ അനേകായിരം വിപ്ലവകാരികള്‍ ഇപ്പോഴുമുണ്ട്. എഞ്ചിനീയറായി, ഇന്‍ഫോസിസില്‍ കയറി, അമേരിക്കന്‍ വിസ നേടി, പറ്റുമെങ്കില്‍ ലാസ്വേഗാസിനടുത്ത് ആയകാലം ജീവിച്ചു സുഖിക്കണം എന്നു കരുതാത്ത ആയിരം ജിഷ്ണുമാരുണ്ട്.

സ്വാശ്രയക്കച്ചവടം തുടങ്ങിയിട്ട് കാലമേറെയായല്ലോ. അതിന്റെ ആദ്യബാച്ച് മുതല്‍ അടിമത്വമാണ്. പ്രതികരിച്ചവരെയെല്ലാം ഇടിമുറിയിലൊതുക്കി. ബാക്കി പലരേയും പീഡിപ്പിച്ച് പുറത്താക്കി. കൊള്ള ഫീസിനു പുറമേ ഫൈനെന്ന പേരില്‍ കപ്പം പിരിച്ചു. ആര്‍ക്കോ വേണ്ടി നമ്മളിങ്ങന നമ്മുടെ മനുഷ്യശേഷിയെ എഞ്ചിനീയര്‍മാരാക്കി കൊണ്ടിരുന്നു. ലക്ഷക്കണക്കിന് എഞ്ചിനീയറിങ്ങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജനശത്രുക്കളായ അനേകം കൃഷ്ണദാസുമാരെ സൃഷ്ടിച്ചു. അവരുടെ കച്ചവടം കെങ്കേമമാകാന്‍ സാങ്കേതിക സര്‍വ്വകലാശാല എന്നൊരു എളുപ്പം കൂടി സര്‍ക്കാരായി ഉണ്ടാക്കി. കൃഷ്ണദാസുമാര്‍ അവരെ നിയന്ത്രിക്കേണ്ടവരെ തീരുമാനിക്കുന്ന സ്ഥാപനം.

നമ്മുടെ സര്‍വ്വകലാശാലകളെ നിയന്ത്രിക്കുന്നതിന്റെ ചെറിയ യൂണിറ്റുകളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍. അവര്‍ ചേര്‍ന്ന് സെനറ്റിലേയക്ക് തിരഞ്ഞെടുപ്പ് നടത്തും. അതിനു മുകളില്‍ തിരഞ്ഞെടുപ്പിലൂടെ തന്നെ സിന്‍ഡിക്കേറ്റെന്ന പരമാധികാര സഭ. വൈസ്ചാന്‍സലര്‍ക്കും ചാന്‍സലറായ ഗവര്‍ണ്ണര്‍ക്കുമല്ല സിന്‍ഡിക്കേറ്റെന്ന ജനാധിപത്യസംവിധാനത്തിനാണ് അധികാരം- ഇത്തരത്തിലല്ല സാങ്കേതിക സര്‍വ്വകലാശാല.

അങ്ങനെ ചുങ്കക്കാരും കച്ചവടക്കാരും നിറഞ്ഞ വിദ്യാലയത്തിലേയ്ക്ക് ജിഷ്ണു പ്രവേശിക്കുകയാണ്. മലബാറിന്റെ രാഷ്ട്രീയമുള്ളവന്‍. വിപ്ലവത്തിന്റെ ചോരയോട്ടമുള്ളവന്‍. അവന്റെ നേതാവാണ് സംസ്ഥാനം ഭരിക്കുന്നത്. അവന് അത്രയ്ക്ക് ധൈര്യമുണ്ട്. വിദ്യാലയത്തില്‍ നടക്കുന്നത് കച്ചവടമാണെന്ന് അവന് ബോധ്യപ്പെടുന്നു. ചുങ്കക്കാരെ തല്ലിയോടിക്കാന്‍ അവനിറങ്ങുന്നു. യോശുവിന്റെ കഥയില്‍ ദേവാലയത്തിലെ കച്ചവടക്കാരെ അടിച്ചോടിക്കുന്നുണ്ട്. ജിഷ്ണു പക്ഷെ ചതിക്കപ്പെട്ടു.

കോളേജിലേയും സര്‍വ്വകലാശാലയിലേയും ക്രമക്കേടുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളില്‍ പ്രചാരണം നടത്തി സമരം സംഘടിപ്പിക്കാന്‍ ജിഷ്ണു നിരന്തരം ശ്രമിച്ചു. അനേകം ഇമെയിലുകളും ഫോണുകളും വാട്ട്സപ്പ് സന്ദേശങ്ങളും അയച്ചു.

1. അധികൃതര്‍ക്ക്

2. എസ്എഫ്ഐ നേതൃത്വത്തിന്

3. മാധ്യമങ്ങള്‍ക്ക്

പാമ്പാടി നെഹ്റുകോളേജിലെ ഒരു വിദ്യാര്‍ത്ഥി തങ്ങള്‍ക്കെതിരെ ശക്തമായി നീങ്ങുന്നുണ്ടെന്ന വിവരം കൃഷ്ണദാസും കൂട്ടരും അറിഞ്ഞത് ഈ മൂവര്‍ സംഘത്തില്‍ നിന്നാകും. എസ്എഫ്ഐയെ മാറ്റി നിര്‍ത്തിയാല്‍ തന്നെ, രക്തസാക്ഷിത്വത്തിലേയ്ക്കുള്ള ദിനങ്ങള്‍ എണ്ണപ്പെടുകയായിരുന്നു.

ക്യൂബന്‍ വിപ്ലവാനന്തരം ആരോഗ്യ- വ്യവസായ മന്ത്രിയായും ആസൂത്രണ കമ്മീഷന്റെ ചെയര്‍മാനായും ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്താരാഷ്ട്ര വേദികളിലും ക്യൂബയുടെ വക്താവായ ശേഷം മറ്റുലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വസന്തം വിരിയിക്കാന്‍ ചെ പോവുകയായിരുന്നു. മലബാറില്‍ നിന്നും നിറഞ്ഞ കമ്യൂണിസ്റ്റ് മനസുമായി ജിഷ്ണു കൃഷ്ണദാസിന്റെ നെഹ്റു കോളേജില്‍ ഒന്നാവര്‍ഷം വന്നിറങ്ങയത്. ജിഷ്ണുവിനെ ഒരു വരുത്തനായേ സീനിയേഴ്സ് കരുതിയിട്ടുണ്ടാകു.


സിയെറാമേസ്ത്രാ പര്‍വ്വതങ്ങളില്‍ ക്യൂബന്‍ വിപ്ലവം ആരംഭിച്ചപ്പോള്‍ ബാറ്റിസ്റ്റ ഭരണമോ അമേരിക്കയോ അതിനെ നേരിടാന്‍ തയ്യാറാകാതിരുന്ന പോലെയായിരുന്നില്ല കൃഷ്ണദാസുമാരുടെ കാര്യങ്ങള്‍. ഇടിമുറികളുണ്ടാക്കിയും ഡിസിപ്ലിന്‍ ഓഫീസേഴ്സ് എന്ന പേരില്‍ ഗുണ്ടകളെ നിയോഗിച്ചും എല്ലാത്തരം എതിര്‍പ്പുകളേയും അടിച്ചമര്‍ത്തിയാണ് സ്വാശ്രയസാമ്രാജ്യം അവര്‍ പണിതത്.

ക്യൂബയില്‍ 'ഗറില്ലകളും കൃഷിക്കാരും ഒരൊറ്റ ശിലാതുല്യരായ'തുപോലെയായിരുന്നില്ല... ഒറ്റുകാരില്‍ നിന്ന് കര്‍ഷകര്‍ നിരന്തരം കാത്തതു പോലെയായിരുന്നില്ല ബൊളീവിയ. കര്‍ഷകരാണ് ബൊളീവിയയില്‍ നിസ്സഹകരിച്ചത്- വിപ്ലവത്തിനിറങ്ങിയ ജിഷ്ണുവിനും മുന്നേറാനായില്ല. കൊന്നു കെട്ടിതൂക്കുകയായിരുന്നോ എന്ന് ഇനിയും നിശ്ചയമില്ലാത്ത വിധം ജിഷ്ണു രക്തസാക്ഷിയായി.


നിങ്ങള്‍ക്കായി രക്തസാക്ഷിയായവന്റെ പേരില്‍, വരൂ സംഘടിക്കൂ എന്നാണ് സഭ പറഞ്ഞത്. ചെഗുവേരയടക്കം ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ഉറഞ്ഞ രക്തക്കട്ടകളിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പടര്‍ന്നത്. രക്തസാക്ഷിത്വമാണ് ഇരു പ്രസ്ഥാനങ്ങളേയും മനുഷ്യരുടെ മനസിലേയ്ക്ക് പതിപ്പിച്ചത്. ഉയിര്‍ത്തെഴുന്നേറ്റ ഹീറോയിസമല്ല, കുരിശില്‍ ഞാന്നു കിടക്കുന്ന ട്രാജഡിയാണ് പള്ളികളിലും കൊന്തകളിലും ഞാന്നു കിടക്കുന്നത്- ഇടപ്പള്ളി പള്ളിയും വിശ്വാസികളെ ആകര്‍ഷിക്കുന്നത് രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടിയാണ്.

ജിഷ്ണുവിന്റെ രക്തസാക്ഷിത്വത്തിന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുക്കുന്ന ഒരു പ്രസ്ഥാനത്തിന് ഒരു ബാധ്യതയുണ്ട്. അവന്റെ പോരാട്ടം തുടരണമെന്നതാണത്. ആ പോരാട്ടത്തെ ഭയക്കുന്നതു കൊണ്ടാകും ജിഷ്ണുവിനെ രക്തസാക്ഷിയായി ഔദ്യോഗികമായി നിങ്ങള്‍ അംഗീകരിക്കാത്തത്- പക്ഷെ, ഇതാ രക്തസാക്ഷിയായ എന്റെ മകന്‍ എന്ന് തെരുവുകളില്‍ നിന്ന് പെറ്റതള്ള വിളിച്ചു പറയുന്നത് വിദ്യാര്‍ത്ഥികള്‍ കേള്‍ക്കുകയാണ്. ജിഷ്ണുവിന്റെ പിന്നില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കും. ഇല്ലാത്ത യേശുവിന്റെ പേരില്‍ അണിനിരന്നവരുടെ വിശ്വാസമാണ് ക്രിസ്ത്യാനിറ്റി.

ഇപ്പോള്‍ ചെഗുവേര, ജിഷ്ണുവിന് ചുരുട്ടില്‍ നിന്നും ഒരു പുക കൊടുത്ത് പറഞ്ഞിട്ടുണ്ടാകും- ലാല്‍സലാം കോമ്രേഡ്. എന്നിട്ട് മോട്ടോര്‍ സൈക്കിള്‍ ഡയറീസിലെ എഴുതാ അധ്യായങ്ങള്‍ പറഞ്ഞു കൊടുക്കുന്നുണ്ടാകും. എന്തിനാണ് താന്‍ ക്യൂബയിലെ കൊട്ടാരം വിട്ടിറങ്ങി ബൊളീവിയയില്‍ വെച്ച് ബോധോദയം നേടിയതെന്നും. യേശു പരിസരത്തെങ്ങുമുണ്ടാകില്ല- അതൊരു ബൈബിള്‍ കഥയല്ലേ. സൂക്ഷിച്ചു നോക്കിയാല്‍ ചെഗുവേരയില്‍ കണ്ടെത്താവുന്ന കഥ; ജിഷ്ണുവിലും.