'മുക്കണ്ട മുഖ്യധാരേ'' ആ വ്യാഴാഴ്ച നടന്നത്....

കുറച്ച് ആക്രമികള്‍ നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്കൊപ്പം വായപൊത്തി മിണ്ടാതിരുന്ന മുഖ്യധാര, മാതൃഭൂമിക്കിട്ടു കിട്ടിയതല്ലേ, മേടിച്ചോട്ടെ എന്നു കരുതിയ വ്യാഴാഴ്ച, യഥാർത്ഥത്തിൽ സാമൂഹിക മാധ്യമം എന്തു ചെയ്തു?- ലാസര്‍ ഷൈന്‍ എഴുതുന്നു.

മുക്കണ്ട മുഖ്യധാരേ ആ വ്യാഴാഴ്ച നടന്നത്....

സോഷ്യല്‍ മീഡിയ പണി നടത്തുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ഏറെക്കാലമായി മുക്കിയ ധാരയ്ക്ക് ചെയ്യാനാവുന്നത്. ആ ഒരു കൊതിക്കെറുവു തീര്‍ക്കാന്‍ ഹനാന്‍ സംഭവത്തെ ആവോളം ചങ്ങായിമാര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വസ്തുത അതല്ല.

ഹനാന്‍ സംഭവം മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് വൈകുന്നേരം തമ്മനം ജങ്ഷന്‍ ബ്ലോക്കായി. സകല മീഡിയയും അവിടെയെത്തി. ലൈവോട് ലൈവ്. ഇവരെ അവിടെ എത്തിച്ചത് സോഷ്യല്‍ മീഡിയയാണ്. മാതൃഭൂമി ചെയ്ത വാര്‍ത്ത ഷെയര്‍ ചെയ്ത് ലോകമാകെ എത്തിച്ചത് സാമൂഹിക മാധ്യമങ്ങളാണ്. അപ്പോ പിന്നെ സകല ക്യാമറയും ദാ അങ്ങോട്ട് പായുകയായി.

ആ പാച്ചിലിലേയ്ക്ക് കാഴ്ചക്കാരനായി പോയ ആളാണ് പ്രസ്തുത നൂറുദ്ദീന്‍. അയാളൊരു മാനസിക രോഗിയെ പോലെ പിന്നാലെ നടന്നു എന്നു ഹനാന്‍ പറയുന്നതു വായിച്ചു. ചങ്ങാതി അവിടെ ചെന്നപ്പോള്‍ ഹനാന്‍ വലിയ സ്റ്റാറായി നില്‍ക്കുന്നു. മാത്രമല്ല, മാധ്യമങ്ങളോട് ഒരു പകപ്പുമില്ലാതെ സംസാരിക്കുന്നു. മാധ്യമങ്ങളോട് മാറി നില്‍ക്കൂ ശൈലിയില്‍ തന്നെയാണ് ഹനാന്റെ പെരുമാറ്റം. ഇടം നോക്കി ഇടപെടാന്‍ അറിയാത്ത മാധ്യമങ്ങള്‍ വയ്യെന്നു പറഞ്ഞിട്ടൊന്നും കൂട്ടാക്കുന്നില്ല- അതൊക്കെ അവിടെ നില്‍ക്കട്ടെ.

ആ ലൈവാഘോഷങ്ങള്‍ക്കു ശേഷം ഹനാനെ ആക്രമിച്ചു തുടങ്ങുന്നു. പെട്ടെന്നുണ്ടാക്കിയ കാരണം ഒന്നുമാത്രം, അതിലേയ്ക്ക് അരുണ്‍ ഗോപി എന്ന സംവിധായകന്‍ വന്നു. പുള്ളിക്കാരന്‍ ഒന്നു ചീര നനച്ചതാണെന്നു തോന്നിപ്പിക്കാമെങ്കിലും മനുഷ്യരല്ലേ ഇച്ചിരി നന്മയൊക്കെ ഉണ്ടാവില്ലേ. ആളൊരു മികച്ച ടെക്‌നീഷ്യനാണെന്നു തെളിയിച്ചതുമല്ലേ. പ്രണവിന്റെ സിനിമയുമല്ലേ- പക്ഷെ, ഹനാനെ അതിലും അപ്പുറം എത്തണമായിരുന്നു. മുഖ്യമന്ത്രി കേരളം അവള്‍ക്ക് ഒപ്പമാണെന്ന് പറയണമായിരുന്നു.

ഹനാനൊപ്പം മുഖ്യധാര അപകടം വന്നപ്പോള്‍ നിന്നോ?

ഇല്ല.

ബുധനാഴ്ച വൈകിട്ടോടെയാണ് ഹനാന്‍ കള്ളിയാണെന്ന പ്രചാരണം നടന്നത്. അപ്പോള്‍ മുക്കിയ ധാര, മാതൃഭൂമിയടക്കം എന്തു ചെയ്തു- മിണ്ടാതിരുന്നു. വെറുതെ ഹനാനെ സപ്പോര്‍ട്ട് ചെയ്ത് പണി വാങ്ങണ്ടെന്നു കരുതി. മാതൃഭൂമിക്കു കിട്ടിയ പണിയല്ലേ, ആ വഴി പോകേണ്ടെന്നു തീരുമാനിച്ചു. ഹരീഷ് വിഷയത്തില്‍ കൂടിയ സംഘികൂട്ടം മുതലയായ മതത്തലയന്മാരും സൈബര്‍ സഖാക്കളും മാതൃഭൂമിയോടുള്ള പക കൂടി മനസില്‍ വച്ച് അറിഞ്ഞങ്ങു പെരുമാറി. അക്രമികള്‍ സകലരും ഒന്നിച്ചു. ഹാനാന്‍ തികച്ചും ഒറ്റപ്പെട്ടു. ആശുപത്രിയിലായി.

ഒരു മുഖ്യധാരയും ആക്രമിക്കപ്പട്ട നിമിഷം ഹനാനൊപ്പം ഉണ്ടായിരുന്നില്ല. മുഖ്യധാരയുടെ കണ്ണീര്‍ക്കഥയിലെ നായികയെക്കാളും ആപ്റ്റായ സ്ഥലത്താണ് ഹനാന്‍ ഇന്നു നില്‍ക്കുന്നത്. അതിലുമെത്രയോ ഉയരെ. അവിടേയ്ക്ക് ഒപ്പം നിന്നത് സോഷ്യല്‍ മീഡിയയാണ്. അല്ലാതെ മുക്കിയ ധാരയല്ല. അവര്‍, വ്യാഴാഴ്ച ഹനാന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത മുക്കി.

ആ ദിവസം ഹനാനൊപ്പം സത്യം പറഞ്ഞു കൊണ്ടേയിരുന്നത് സോഷ്യല്‍ മീഡിയ. അന്‍ഷിഫും സുമോദും ഹസ്‌നയും കാര്യങ്ങള്‍ തിരക്കി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. കോളേജിലെ ഡയറക്ടറുടെ ലൈവില്‍ ഹനാൻ നേരിട്ടു വന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയും സംവിധായകന്‍ ശ്രീകാന്തും ഹനാനെ അറിയാമെന്ന് വ്യക്തമാക്കി- ഇതിനൊന്നും മുക്കിയ ധാരയല്ല ഇടമായത്. അവരവരുടെ ഫേസ്ബുക്ക് പേജുകളാണ്.

ഹനാന്റെ ജീവിതത്തിലേയ്ക്ക് മുഖ്യധാര കടന്നു ചെന്നത് ആഘോഷിക്കാനാണ്. പക്ഷെ അപകടം വന്നപ്പോള്‍ ഒപ്പമുണ്ടായത് സോഷ്യല്‍ മീഡിയ മാത്രം. മതത്തലയന്മാരെ പേടിച്ച് വാര്‍ത്തയെഴുതുന്നവരല്ല സോഷ്യല്‍ മീഡിയയിലെ ഞങ്ങളാരും. കള്ളിയെന്നു വിളിച്ച ദിവസം ഹനാന്‍ മീന്‍ വില്‍ക്കാന്‍ തമ്മനത്ത് വൈകിയാണ് എത്തിയത്. അന്നവള്‍ അവിടെ എത്തിയില്ലെങ്കില്‍ എല്ലാം നുണയാണ് എന്നു പറയാന്‍ നിന്നവര്‍ക്ക് മുന്നിലേയ്ക്ക്. നിങ്ങളെന്റെ ജീവിത മാര്‍​ഗം ഇല്ലാതാക്കി എന്നു മാത്രമല്ല, വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ചോദിച്ചപ്പോഴാണ് അക്കൗണ്ട് നമ്പര്‍ കൊടുത്തതെന്നും പറഞ്ഞു. പക്ഷെ, നുണ പറഞ്ഞ് അക്കൗണ്ടില്‍ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കള്ളിയായി ചിത്രീകരിച്ചപ്പോള്‍, അല്ല ഞങ്ങളാണ് അക്കൗണ്ട് നമ്പര്‍ പുറത്തു വിട്ടതെന്ന് മാതൃഭൂമി പറഞ്ഞില്ല. മതത്തലയന്മാരും മാതൃഭൂമിയുടെ ശത്രുക്കളും സത്രീവിരുദ്ധരും അസുയാലുക്കളായ സ്ത്രീകളും ചേര്‍ന്ന് ഹനാനെ ഇഞ്ചപ്പരുവമാക്കിയ ദിവസം സോഷ്യല്‍ മീഡിയയിലെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്ന് ഡാറ്റ യൂസ് ചെയ്തവരിലാണ് വിശ്വാസം. അവരാണ് സൂപ്പര്‍ സ്റ്റാര്‍ ഹനാന്റെ ഒപ്പം ശരിക്കും നിന്നത്.

സോഷ്യല്‍ മീഡിയയുടെ അത്യാപത്തിന്റെ ഉദാഹരണം ഇതാ എന്നു പറയുന്നവരോട്- മതാടിസ്ഥാനത്തില്‍ വലിയ നെറ്റ് വര്‍ക്ക് കേരളത്തില്‍ ഉണ്ടായി കഴിഞ്ഞതിന്റെ വലിയ ഉദാഹരണമാണ് ഹനാന്‍ സംഭവം. ഒരു കലാപം ഈ വിധം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ സാധിക്കും. അതിനാല്‍ ഹനാന്‍ വിഷയം അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ പഠിക്കണം. ആ നെറ്റ് വര്‍ക്കിന്റെ സ്വഭാവം മനസിലാക്കണം. രാഷ്ട്രീയാടിസ്ഥാനത്തിലല്ല, മതാടിസ്ഥാനത്തിലാണ് ആ വല നീട്ടിയിരിക്കുന്നത്.

പക്ഷെ, ആ വലക്കണ്ണി പൊട്ടിക്കാന്‍ ശേഷിയുള്ള ക്രഡിബിലിറ്റിയുള്ള ആയിരക്കണക്കിന് ഒറ്റയൊറ്റ പ്രൊഫൈലുകള്‍ ഇവിടെയുണ്ട്. ഫാന്‍സ്, കക്ഷിരാഷ്ട്രീയ- മത തലയന്മാര്‍, ഹര്‍ത്താല്‍ വിരുദ്ധര്‍, സ്ത്രീവിരുദ്ധര്‍ തുടങ്ങി പല വേഷത്തില്‍ വരുന്നവരുണ്ട്. അതിനുള്ള മികച്ച ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ, എസ് ഹരീഷിനു പിന്തുണ പ്രഖ്യാപിച്ച ഫേസ്ബുക്ക് പോസ്റ്റ്. അതില്‍ അദ്ദേഹത്തിന്റെ വാക്കുകളിലും ലൈക്ക് കമന്റായി അലി അക്ബര്‍ എന്ന ബാംബു ബോയ്‌സ് സംവിധായകന്റെ സംഘപരിവാര്‍ കമന്റിനാണ്. പോകൂ, മുഖ്യമന്ത്രിയുടെ പോസ്റ്റിനെ അലി അക്ബറെ ലൈക്ക് ചെയ്ത് ആക്രമിക്കൂ, എന്നാക്രോശിക്കുന്ന സംഘം ഒരു തരത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തുന്നവരാണ്. ഈ സംഘത്തല കണ്ടെത്തി, കിഴുക്കു കൊടുക്കേണ്ടതുണ്ട്. ഇവര്‍ക്ക് ഷെയര്‍ ചെയ്തു തെറി മുഴക്കാനുള്ള വാര്‍ത്തകള്‍ ഉണ്ടാക്കി കൊടുക്കുന്നതില്‍ മുഖ്യധാര മാധ്യമങ്ങളുടെ ഓണ്‍ലൈനുകളാണ് മത്സരിക്കുന്നത്. ഇവര്‍ക്കുള്ള മെറ്റീരിയല്‍ സപ്ലേ ചെയ്യുന്ന പണി സകല ഓണ്‍ലൈന്‍ മീഡിയകളും അവസാനിപ്പിക്കേണ്ടതുണ്ട്- നാരദ അതു ചെയ്യുന്നില്ല

Read More >>