ഇത്, ഞാനടക്കം എല്ലാ ആണിലെയും റേപ്പിസ്റ്റിനെ വലിച്ചു പുറത്തേയ്ക്കിട്ട പോരാട്ടം

ചിന്തകരും മാധ്യപ്രവര്‍ത്തകരും ഗവേഷകരുമായ ദളിത് സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക കുറ്റകൃത്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നു. പൊതുസമൂഹം മിണ്ടാതിരുന്ന് പതിവു തുടര്‍ന്നേക്കാം, പക്ഷെ കേരളത്തിലെ നൂറുകണക്കിനായ ദളിത് സംഘടനകള്‍ നിശബ്ദരാകരുത്- ലാസര്‍ ഷൈന്‍ എഴുതുന്നു

ഇത്, ഞാനടക്കം എല്ലാ ആണിലെയും റേപ്പിസ്റ്റിനെ വലിച്ചു പുറത്തേയ്ക്കിട്ട പോരാട്ടം

ബസ് എന്റെ ബസാണ്. തലസ്ഥാനം എന്റെ തലസ്ഥാനമാണ്. സംഭവിച്ചത് എന്റെ സഹോദരിക്കാണ്. ഇതിലെ നാണക്കേട് എന്താണെന്നു വച്ചാല്‍ ചെയ്തത് എന്റെ സഹോദരനാണ്. എന്നിലേയ്ക്കും നമ്മളിലേയ്ക്കും നോക്കണം എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു.
-കമലഹാസന്‍ (നിര്‍ഭയ സംഭവത്തെക്കുറിച്ച്)

ശരണ്യ എന്ന ദളിത് മാധ്യമ പ്രവര്‍ത്തക, അവള്‍ നേരിട്ട തൊഴില്‍ പീഡനം വളരെ വിശദമായ വ്യക്തമാക്കുന്നുണ്ട് ആത്മഹത്യയില്‍ നിന്നു രക്ഷപെട്ടശേഷം. ജാതിയുടെ അതിനീചമായ അവഗണനകളുടെ സൂഷ്മത പിന്നീടവള്‍ മനസിലാക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അവളുടെ സംഭാഷണ ശൈലിയിലെ ദളിതത്വം പോലും ആക്രമിക്കപ്പെട്ടു. നീതിന്യായം ലക്ഷം രൂപ പ്രതിഫലം വാങ്ങിയ വക്കീലിന് വളച്ചൊടിക്കാന്‍ പാകത്തിലായതിനാല്‍ അവള്‍ക്ക് നീതി കിട്ടിയില്ല. എസ്‌സി- എസ്ടി ആക്ട് നിര്‍വീര്യമാക്കിയാല്‍ സംഭവിക്കേണ്ടത് അവിടെ സംഭവിച്ചു.

അതിലെ കുറ്റക്കാരെന്നു ശരണ്യ വ്യക്തമാക്കിയ രണ്ട് ആണുങ്ങള്‍ പിന്നീട് ആ വിഷയത്തില്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണവും പരിഹാസവും അതിക്രൂരമായിരുന്നു. അതിനോട് ചേര്‍ന്നു നിന്നും ലൈക്കടിച്ചും ധാരാളം പേരുണ്ടായിരുന്നു. അതുതന്നെയാണ് രജേഷ് പോള്‍, രൂപേഷ് കുമാര്‍ എന്നിവരുടെ അന്യായീകരണങ്ങളും. തൊട്ടുമുന്‍പ് നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപും അനുകൂലികളും ഇത് തുടരുന്നു.

ദളിത് മാധ്യമ പ്രവര്‍ത്തക ആരതി രഞ്ജിത്താണ് താന്‍ നേരിട്ട അനുഭവം വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. തൂത്തുക്കുടി വെടിവയ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന രൂപേഷില്‍ നിന്നുണ്ടായ അനുഭവവും ശേഷം അയാള്‍ പുലര്‍ത്തിയ ശൈലിയും. പിന്നീട് രേഖാ രാജ് വളരെ ഉത്തരവാദിത്വത്തോടെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയും ദളിത് മാധ്യമ പ്രവര്‍ത്തയും നേരിട്ട ലൈംഗിക കുറ്റകൃത്യങ്ങളാണ് രേഖ രാജ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് എഴുത്തുകാരി തൊമ്മിക്കുഞ്ഞ് രമ്യ താന്‍ വീടുവിട്ടിറങ്ങിയ കാലത്തെ ലൈംഗികാതിക്രങ്ങള്‍ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിലേയ്ക്ക് ഇറങ്ങിയ നാല് ദളിത് സ്ത്രീകള്‍ 'രാഷ്ട്രീയ ബുദ്ധിജീവികള്‍' എന്ന നിലയ്ക്ക് നിലകൊള്ളുന്നവരില്‍ നിന്നാണ് അക്രമിക്കപ്പെട്ടത് എന്നതിനോളം കുറ്റകരമാണ് വെളിപ്പെടുത്തലുകള്‍ക്കു ശേഷം രൂപേഷ് കൂമാര്‍, രജേഷ് പോള്‍ എന്നിവരില്‍ നിന്നുണ്ടായ അതിക്രമ പ്രതികരണങ്ങള്‍- ഇരുവരും വെളിപ്പെടുത്തിയവരെ പരിഹസിക്കുകയും വെല്ലുവിളിക്കുകയുമാണ്.

ഫക്ക് ഹ്യൂമനിസം- എന്നു പറയുന്ന ഒരാളില്‍ നിന്ന്, രേഖാ രാജിന്റെ പോസ്റ്റിനു ശേഷം കേട്ട വാചകങ്ങളിലെ ക്രൗര്യവും ഹിംസയും നിഷ്ഠൂരമായ ആണത്തം മാത്രമാണ്. ഒരു സൈദ്ധാന്തിക പശ്ചാത്തലവും അതിനില്ല. സമ്മതം നേടാന്‍ നടത്തിയ കാര്യങ്ങള്‍ തന്നെ റേപ്പാകുന്നു എന്നു വ്യക്തമാക്കുന്നതാണ് ദളിത് സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍.

നോ- കേട്ട ശേഷവും നടത്തിയ വാചികവും ശാക്തികവുമായ പ്രയോഗങ്ങള്‍ റേപ്പിന്റെ പരിധിയിലാണെന്ന് ഞാനടക്കം തിരിച്ചറിയേണ്ടതുണ്ട്. ലിംഗം യോനിയില്‍ പ്രവേശിച്ചാല്‍ മാത്രമാണ് റേപ്പാകുന്നത് എന്ന തിയറിയൊക്കെ നിയമം തോട്ടില്‍ കളഞ്ഞിട്ട് കാലം കുറേയായി. അപ്പോഴും ഉഭയസമ്മതമായി ഒപ്പം മദ്യപിച്ചതിനെ എടുത്തു കാണിക്കുന്ന ഹുങ്ക് ആണത്തം മാത്രമാണ്. സിനിമാക്കാരന്റെ ഹുങ്ക്. അവസരം തേടുന്ന സ്ത്രീകള്‍ സെക്‌സ് കപ്പമായി നല്‍കണമെന്നുമുള്ള അധികാര പ്രയോഗം. മാധ്യമ രംഗത്തെത്തിയ രണ്ട് ദളിത് സ്ത്രീകളില്‍ നിന്ന് സെക്‌സ് ബലമായി പിടിച്ചെടുക്കാന്‍ ശ്രമിച്ച സംഭവങ്ങളാണ് വെളിപ്പെടുന്നത്. കീഴാള രാഷ്ട്രീയം പറഞ്ഞുള്ള ഇന്റലക്ച്വല്‍ ജിംനാസ്റ്റിക് വ്യക്തമാണ്. 'കീഴാള രാഷ്ട്രീയം' പറയുന്നയാള്‍ ദളിത് സ്ത്രീയെ ആക്രമിച്ചതിലെ കുറ്റകൃത്യത്തെ രേഖാരാജ് ചോദ്യം ചെയ്യുന്നു.

സ്വതന്ത്ര ലൈംഗികത എന്നാല്‍ നമുക്ക് തോന്നുന്നവരെല്ലാം തോന്നുമ്പോഴെല്ലാം നമ്മളോട് സെക്‌സ് ചെയ്‌തോളണം എന്നതാണെന്നു കരുതുന്നവരും മിനിസ്‌കര്‍ട്ടിട്ടാല്‍ അത് റേപ്പിനുള്ള അനുവാദമാണ് എന്നു കരുതിയ നിര്‍ഭയയിലെ റേപ്പിസ്റ്റുകളും കണ്‍സന്റിന്റെ കാര്യത്തില്‍ തുല്യമാനസിക ഘടനയിലാണ്. രാഷ്ട്ര സങ്കല്‍പ്പത്തിനും ജനാധിപത്യത്തിനും എതിരാണെന്നും 'ഫക്ക് ഹ്യൂമനിസം' എന്നും പറയുന്ന കൂട്ടര്‍ മനുഷ്യരാശിയെ ആകെ ഫക്ക് ചെയ്തു കൊണ്ടേയിരിക്കുന്ന മതസങ്കല്‍പ്പങ്ങള്‍ക്കു പുറത്തല്ല. അതുകൊണ്ടാണ് സ്ത്രീകളെ അത്രകണ്ട് അക്രമിക്കുന്ന മതത്തലയന്മാരോട് ചേര്‍ന്നു നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നത്. ശൈശവ വിവാഹത്തെ മതാവകാശമായി സംരക്ഷിക്കാന്‍ ബാലപീഡനത്തെ ന്യായീകരിക്കുന്നവരാണ് ഇവരെന്നു നേരത്തെ വ്യക്തമായതാണ്. കുഞ്ഞുങ്ങളുടെ 'സമ്മതത്തോടെ' ലൈംഗിക ബന്ധം നടത്താം എന്നു വാദിക്കുന്നവര്‍ സ്ത്രീകളോട്, നീ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്തത്, സവര്‍ണ്ണ കുല സ്ത്രീ സങ്കല്‍പ്പത്തിനാലാണ് എന്ന് ആവര്‍ത്തിക്കുന്നു. സമ്മതം വ്യാജമായി സൃഷ്ടിക്കാന്‍ ബൗദ്ധിക പീഡനങ്ങള്‍ നടത്തുന്നു- രേഖാരാജ് വ്യക്തമാക്കുന്നതില്‍ നിന്ന് വായിച്ചെടുക്കാം.

തൊമ്മിക്കുഞ്ഞ് രമ്യയുടെ ഫേസ്ബുക്ക് ലൈവ് കണ്ടു. വീടു വിട്ടിറങ്ങിയ ഒരു സ്ത്രീയോട് ഒരാളുടെ പെരുമാറ്റം പിന്നീട് രമ്യ തുറന്നു പറയുകയാണ്. രമ്യയും ദളിത് സ്ത്രീയാണ്. സ്വാതന്ത്ര്യത്തിലേയ്ക്ക് വീടുവിട്ടിറങ്ങിയവള്‍. അവള്‍ക്ക് ഇടം നല്‍കിയ ശേഷം ആക്രമിക്കുന്നത്, കീഴാള രാഷ്ട്രീയം പറയുന്നവരാണ്.

ഈ സ്ത്രീകള്‍ അവരുടെ മുഖം സഹിതം വ്യക്തമാക്കിയാണ് പറയുന്നത്. ലൈംഗിക അതിക്രമത്തെ മറികടന്ന ശേഷം അവര്‍ സ്വന്തം മുഖം വ്യക്തമാക്കി നടത്തുന്ന തുറന്നു പറച്ചിലുകള്‍ വ്യക്തിപരമായി എനിക്കു കൂടിയുള്ളതാണ്. ഞാനും ആണാണ്. അക്രമകാരിയായ റേപ്പിസ്റ്റിനെ ഉള്ളാലെ പേറുന്നൊരാള്‍. റേപ്പ് എന്താണ് എന്നു വ്യക്തമാക്കുകയാണ് അവര്‍. ലൈംഗിക അതിക്രമങ്ങളെ ഡീറ്റയിലായി ഒളിഞ്ഞു നോട്ടക്കാര്‍ക്കായി 'വിളമ്പുന്ന' മാധ്യമ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു പോണ്‍ ഇന്‍ഡസ്ട്രി മാത്രമായ സമയത്താണ്. 'മീ ടു'- എന്നതിലേയ്ക്ക് സ്ത്രീകള്‍ സ്വയം പ്രകാശിപ്പിക്കുന്നത്. ഇത് ഉജ്വലമായൊരു വെളിച്ചമാണ്.

അ- എന്ന് പലവട്ടം എഴുതിയെഴുതി പഠിച്ചതാണ്. കയ്യില്‍പ്പിടിച്ച് എഴുതിച്ചും ഇംമ്പോസിഷന്‍ എഴുതിയും തെറ്റിയപ്പോള്‍ അടികിട്ടിയും ശരിയായതാണ്- അ. ഇപ്പോള്‍ ഒട്ടും തെറ്റാതെ അ, അബോധത്തില്‍ എഴുതുന്നതു പോലെ റേപ്പ് എന്ത്, ഉഭയസമ്മതമെന്ത് എന്ത് ആണുങ്ങളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. മറ്റു മൃഗങ്ങളിലെ ആണുങ്ങള്‍ക്ക് ഉഭയസമ്മതത്തെ കുറിച്ചുള്ള ജൈവികമായ അറിവ് മനുഷ്യ മൃഗങ്ങള്‍ക്ക് കൈമോശം വന്നിട്ടുണ്ട്. വൈവാഹിക ബന്ധങ്ങള്‍ റേപ്പിനുള്ള സാമൂഹിക അംഗീകാരം മാത്രമായി ചുരുങ്ങി, ആ റേപ്പ് തുടര്‍ന്നു വരുകയാണല്ലോ. അച്ഛന്‍ റേപ്പിസ്റ്റായിരുന്നോ എന്ന് ഒരമ്മയും പറയുന്നുമില്ല, അച്ഛനെ പോലാകരുത് എന്നുപദേശിക്കുന്നില്ലല്ലോ- അച്ഛനെ പോലെ കുറേപ്പേര്‍. ആണത്തത്തെ അതേപടി പേറുന്നവര്‍. ജനാധിപത്യ വാദികളല്ലാത്തതിനാല്‍ 'തോന്നുന്നതെല്ലാം ചെയ്യും' എന്നു ശഠിക്കുന്ന വൃഷണം മസ്തിഷ്‌കമുള്ളവര്‍. അവരിലേയ്ക്ക് തോന്നലുകള്‍ പമ്പ് ചെയ്യുന്നത് ആ ഉണ്ടയും സെറ്റുമാണ്. ചിന്ത കാലിന്റെ ഇടയില്‍ നിന്നും ഉണ്ടായേക്കാം എന്ന സാധ്യതയോട് മല്ലിടുന്നവരെ ലിബറുകള്‍ എന്നു പുച്ഛിച്ചാല്‍ മതിയല്ലോ.

സ്വതന്ത്രരായ സ്ത്രീകള്‍ ലൈംഗികതയാണ് തേടുന്നത് എന്നും. അതാ അതിലൊരുത്തി എത്തിക്കഴിഞ്ഞിരിക്കുന്നു എന്നും. മുട്ടി നോക്കാമെന്നും ഗൂഢമായി പ്ലാനിട്ട്, അവളെ വളരെ ബോധപൂര്‍വ്വം പടിപടിയായി അതിലേയ്ക്ക് 'വളച്ചെടുക്കുന്ന' ശൈലി കുറ്റവാളിയുടേത് തന്നെയാണ്. കുറ്റകൃത്യം ചെയ്യാനാണ് എന്നുറപ്പിച്ച് അയാള്‍ കരുനീക്കി എത്തുന്ന ശാരീരിക വേഴ്ചയ്ക്കു ശേഷം, പിന്നീടായിരിക്കാം സ്ത്രീയ്ക്ക് താനീക്കാലമത്രയും 'അനുവദിച്ചു' എന്നു കരുതിയത് സത്യത്തില്‍ തന്റെ അനുവാദമല്ലായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അത്തരം ഒരു കുറ്റകൃത്യം തനിക്കെതിരെ നടന്നു എന്നിരിക്കെ നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയാല്‍ റൈറ്റര്‍, 'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു' എന്നെഴുതി ഔദ്യോഗിക കൃത്യം നിര്‍വ്വഹിക്കും. പക്ഷെ വിവാഹ വാഗ്ദാനം നല്‍കിയോ ഇല്ലയോ എന്നതല്ല, താന്‍ ആദ്യം മുതല്‍ തന്നെ അയാളുടെ ഇരയായിരുന്നു എന്ന തിരിച്ചറിവാണ്, തനിക്കു നേരെ അയാള്‍ നടത്തിവന്നതെല്ലാം റേപ്പായിരുന്നു എന്ന വസ്തുതയാണ് സ്ത്രീയെ 'ഇല്ലാതാക്കി' കളയുന്നത്. താന്‍ പോലും അറിയാതെ അഥവ 'താന്‍ തന്നെ തന്നെ ചതിച്ചു' എന്ന തിരിച്ചറിവ്.

ഒരാളുമായി, പ്രത്യേകിച്ച് സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേയ്ക്ക് കടക്കുന്നതിനു മുന്‍പ്, അവളെ റേപ്പ് ചെയ്യണം എന്ന ഉദ്ദേശത്തോടെയാണോ അവളെ സമീപിച്ചിരുന്നതെന്ന് പുനരാലോചിക്കണം. എങ്കില്‍ അതവളോട് തുറന്നു പറയണം. അതിനു വേണ്ടി എന്തെല്ലാം 'നാടകങ്ങളും നീക്കങ്ങളും' നടത്തിയെന്ന്. എന്നിട്ടും അതെല്ലാം അറിഞ്ഞ ശേഷവും അവള്‍ സമ്മതിക്കുന്നുവെങ്കിലല്ലേ അത് ഉഭയ സമ്മതമാകു- 'വളച്ചടിക്കുക' എന്നാല്‍ ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ്. 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് മായാനദി സിനിമയില്‍ സ്ത്രീ പറയുന്നത് വിവാഹം കഴിക്കാന്‍ പുരുഷന്‍ ആവശ്യപ്പെടുമ്പോഴാണ്, അതു കേട്ടു കയ്യടിക്കാം. പക്ഷെ അതിവിടെ. പറയുന്നത് റേപ്പിസ്റ്റാകുന്നു എന്നത് കണ്ടുനില്‍ക്കാനാവില്ലല്ലോ. അത് ആ നിമിഷം കഴിഞ്ഞില്ലേ- ഇല്ല കഴിയില്ല. അയാള്‍ ആണെന്ന നിലയ്ക്ക് നടത്തിയ ആക്രമണങ്ങളുടെ കാരണം അയാളല്ല എന്ന ഫിലോസഫിക്കല്‍ പൊസിഷന്‍ സത്രീകള്‍ എടുക്കാറുണ്ട്. പക്ഷെ, തുറന്നു പറഞ്ഞ സ്ത്രീകള്‍ പറയുന്നത്, ഇവരിതു തുറന്നു പറയുന്നത് അനേകര്‍ക്കു വേണ്ടിയാണെന്ന്. തുറന്നു പറയാനാവാത്ത അവരുടെ അനുഭവങ്ങള്‍ കേട്ടിട്ടാണെന്ന്. ഒരേ ആളുകള്‍ അനേകം സ്ത്രീകളെ, ദളിത് സ്ത്രീകളെ അറ്റാക്ക് ചെയ്തിട്ടുണ്ടെന്ന്.

ഞാനടക്കം എല്ലാ ആണിലേയും റേപ്പിസ്റ്റിനെ വലിച്ചു പുറത്തേയ്ക്കിട്ട പോരാട്ടത്തില്‍ സ്ത്രീകള്‍ പറയുന്നത്, കണ്ണീര്‍ക്കഥയല്ല സുഹൃത്തേ- വരൂ നമുക്കീ പൊതുസ്ഥലത്തിരുന്ന് റേപ്പിനെ കുറിച്ച് തുറന്നു സംവദിക്കാം എന്നു തന്നെയാണ്. ആ തീവ്രമായ നിമിഷത്തില്‍ സത്യസന്ധതയില്ലാതെ അമാനവത്വം കാണിക്കരുത്. ആരതിയുടേയും രേഖയുടേയും ഫേസ്ബുക്ക് പോസ്റ്റുകള്‍ വരുകയും അതിനോട് പരിഹാസപൂര്‍വ്വം രജേഷ് പ്രതികരിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ തൊമ്മിക്കുഞ്ഞ് രമ്യയ്ക്ക് ലൈവില്‍ വരാന്‍ ആകുമായിരുന്നില്ല. ഇത്രകാലം എന്തേ പറഞ്ഞില്ല എന്ന ചോദ്യം ക്രൂരമാകുന്നത്, ഇപ്പോഴാണ് രമ്യയ്ക്ക് അതു പറയാനായത് എന്ന യാഥാര്‍ത്ഥ്യത്തെ ആ അര്‍ത്ഥത്തില്‍ തിരിച്ചറിയാനാവാത്തതിനാലാണ് സുഹൃത്തേ.

അമാനവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍, ആ ടാഗ് ലൈനില്‍ നിന്നു തന്നെ സ്വയം ആരെന്നു വിശേഷിപ്പിക്കുന്നു. അയാള്‍ വെളിപ്പെടുത്തി കഴിഞ്ഞതാണല്ലോ അയാള്‍ ആരെന്ന് എന്ന ന്യായീകരണമാണ് അയാള്‍ നടത്തുന്നത്. ഏടോ നിങ്ങള്‍ നിങ്ങള്‍ക്കിട്ട ടാഗ് ലൈനല്ല, 'നിങ്ങളെയാണ് എനിക്ക് സ്‌നേഹം' എന്നു പറയുമ്പോഴും അയാളിലെ അമാനവന്‍ മാത്രം ബാക്കിയാകുന്ന പക്ഷം സ്ത്രീകള്‍ക്ക് പിന്നെ ചെയ്യാനാവുന്നത്, 'വയ്യാത്ത' ഒരാളോടുള്ള പെരുമാറ്റമായിരിക്കില്ല. അക്രമകാരികളോടുള്ള പ്രതിരോധമായിരിക്കും. കുറ്റമല്ല, തുടര്‍ച്ചയായി ചെയ്യുന്ന അക്രമമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.

മുഖം മറച്ചു വയ്‌ക്കേണ്ടത് ഞങ്ങളല്ല, എന്ന് വ്യക്തമാക്കിയ സ്ത്രീകള്‍ നടത്തിയ ഈ പോരാട്ടത്തോട് കേരളത്തിലെ ദളിത് സംഘടനകള്‍ എങ്ങനെ പ്രതികരിക്കും എന്നു നിരീക്ഷിക്കുകയാണ് നമ്മളിപ്പോള്‍. നൂറുകണക്കിനു സംഘടനകളും. ചിന്തകരുമുണ്ട്. എഎംഎംഎ പോലൊരു കൂട്ടമല്ല അവരെന്നു ബോധ്യപ്പെടുത്തേണ്ട ദൗത്യം അയ്യങ്കാളിയാല്‍ അവരില്‍ വന്നു ചേര്‍ന്നതാണ്. മറക്കരുത് പള്ളിക്കൂടത്തിലേയ്ക്ക് അയ്യങ്കാളി കൈപിടിച്ചു കൊണ്ടുപോയ പഞ്ചമി വളര്‍ന്നാണ് ഇവരില്‍ ഓരോ സ്ത്രീയുമായത്!

തൊമ്മിക്കുഞ്ഞ് രമ്യയുടെ ഫേസ്ബുക്ക് ലൈവ്


Read More >>