അതിരില്ലാ കാഴ്ചകൾ: ഭൂമിയിലെ എല്ലാ വാതിലുകളിലും കൊട്ടിയടയ്ക്കപ്പെട്ട 27 വയസുകാരി

തന്റെ മുന്നിലെത്തുന്ന വാര്‍ത്താ ഫയലുകളിലൂടെയാണ് ഡെസ്‌കിലിരിക്കുന്ന ഓരോ പത്രപ്രവര്‍ത്തകന്റെയും ജീവിതം നീങ്ങുന്നത്. വാര്‍ത്തകളിലെ ജീവിതങ്ങള്‍ക്കൊപ്പം എഡിറ്റുചെയ്യുന്ന പത്രപ്രവര്‍ത്തകനും അവരുടെ ജീവിതപരിസരം അനുഭവിക്കുന്നുണ്ട്. തന്റെ പത്രപ്രവര്‍ത്തക ജീവിതത്തിലെ അനുഭവങ്ങള്‍ എഴുതുകയാണ് അനുവാര്യര്‍.

അതിരില്ലാ കാഴ്ചകൾ: ഭൂമിയിലെ എല്ലാ വാതിലുകളിലും കൊട്ടിയടയ്ക്കപ്പെട്ട 27 വയസുകാരി

അനു വാര്യർ


ഓരോ ഫയലും ഒരു ജീവിതമാണെന്ന് പറയുമ്പോലെയാണ് ഡെസ്‌കിലെ ഒരു പത്രപ്രവര്‍ത്തകന്റെയും ജീവിതം. അവരുടെ മുന്നിലെത്തുന്ന ഓരോ വാര്‍ത്തകളിലും ഒരുപാടുപേരുടെ ജീവിതമുണ്ട്.

ഈ പരമ്പരയില്‍ എഴുതപ്പെടാന്‍പോകുന്ന ജീവിതങ്ങളില്‍ ഒന്നിനെയും ഞാന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ല. അവ വെറും വാര്‍ത്തകള്‍ മാത്രമാണ്. ഡെസ്‌കില്‍ എഡിറ്റിംഗ് ടേബിളില്‍ വന്നുപെട്ട വാര്‍ത്തകളിലെ ചില ജീവിതങ്ങള്‍.

ഞാന്‍ അനുഭവിക്കാത്തവയെല്ലാം എനിക്ക് കഥകള്‍ മാത്രമാണെന്ന് പറയുമ്പോഴും ഇവ അങ്ങനെയല്ല. ഒരു വാര്‍ത്ത എഡിറ്റ് ചെയ്യുന്നത്രനേരമെങ്കിലും ആ ജീവിതങ്ങളെ ഞാനും അനുഭവിക്കുന്നുണ്ട്. അവ നിങ്ങളെക്കൂടി അനുഭവിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവ എഴുതുന്നത്.

എന്റെ രാജ്യമേതാണ്...

സ്വന്തമായി ഒരു രാജ്യമില്ലാതെയായിപ്പോകുന്നവരുടെ കഥകള്‍ സിനിമയായും ഫീച്ചറുകളായും വായിച്ചിട്ടുണ്ട്. അകലെ തന്റെ രാജ്യം കത്തിയെരിയുമ്പോള്‍ അന്യനാട്ടില്‍, മനസിനോടേറ്റവുമടുത്ത ആരെയൊക്കെയോ ഓര്‍ത്തുള്ള കരച്ചിലുമായി കഴിയുന്ന ഇറാഖികളെയും സിറിയക്കാരെയും യെമനികളെയുമൊക്കെ നേരിലും കണ്ടിട്ടുണ്ട്. എന്നാല്‍ ആ ഇരുപത്തിയേഴുകാരി ഇവരിലാരുമല്ല. കാരണം തന്റെ രാജ്യമേതെന്ന് അറിയുംവരെ അവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവരും.

അവര്‍ക്കൊരു പേരില്ല. അല്ല, പേരില്ലാത്തതല്ല, ആ പേര് പൊലീസ് പുറത്തുവിട്ട രേഖകളിലില്ല. അല്ലെങ്കില്‍ത്തന്നെ നാടില്ലാത്തവരുടെ പേരിനെന്താണ് പ്രസക്തി.

അവര്‍ ആദ്യം ദുബായിലെത്തിയത് 2011ലാണ്. വിസിറ്റ് വിസയില്‍. മറ്റുപലരെയും പോലെ പണമുണ്ടാക്കുക തന്നെയായിരുന്നിരിക്കണം ലക്ഷ്യം. റഷ്യക്കാരികളെന്ന് നമ്മള്‍ മലയാളികള്‍ പരിഹസിക്കുന്ന കുറെയേറെ സ്ത്രീകളുണ്ട്, ഈ നഗരത്തില്‍. പഴയ സോവിയറ്റ് നാടുകളുടെ ബാക്കിപത്രമായിപ്പോയ രാജ്യങ്ങളില്‍നിന്നാവാം അവര്‍ അവിടേയ്‌ക്കെത്തിയിട്ടുണ്ടാവുക. ശരീരം വിറ്റ് പണമുണ്ടാക്കുന്ന നൂറുകണക്കിന് സ്ത്രീകള്‍. അവരിലൊരാളായിരുന്നിരിക്കാം ഇവരും. ഏതായാലും ദുബായില്‍ വിമാനമിറങ്ങുമ്പോള്‍ കിര്‍ഗിസ്ഥാന്‍ പാസ്പോര്‍ട്ടായിരുന്നു അവരുടെ കൈയില്‍.


വര: ലിയോനാൾഡ് ഡെയ്സി


വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും അന്ന് വെറും 21 വയസ് മാത്രമുണ്ടായിരുന്ന ആ പെണ്ണ് നാട്ടിലേക്ക് പോയില്ല. എന്നാല്‍ അധികം കഴിയും മുമ്പുതന്നെ പൊലീസിന്റെ പിടിയിലായി. പോലീസ് അവരെ നാടുകടത്തി.

ഒരുതവണത്തെ പരാജയം കൊണ്ട് അവര്‍ തന്റെ ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ല. വീണ്ടും ഒരിക്കല്‍ക്കൂടി ദുബായിലെത്തി. പാസ്പോര്‍ട്ടോ വിസയോ ഒന്നുമില്ലാതെ അയല്‍രാജ്യത്തുനിന്നും റോഡ് വഴിയായിരുന്നു അവരുടെ രണ്ടാം ഭാഗ്യപരീക്ഷണം. ശരിക്കും നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം. എന്നാല്‍ ഇത്തവണയും ഭാഗ്യം അവരെ തുണച്ചില്ല.

ദുബായിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പൊലീസിന്റെ പിടിയിലായി. ഒരുതവണ നാടുകടത്തപ്പെട്ടിട്ടും ദുബായില്‍ പ്രവേശിക്കാന്‍ കാട്ടിയ ധൈര്യത്തിന് കോടതി വിധിച്ചത് ആറുമാസത്തെ തടവുശിക്ഷയും വീണ്ടുമൊരു നാടുകടത്തലുമായിരുന്നു. ജയില്‍കാലാവധി അവസാനിച്ചപ്പോഴാണ് ശരിക്കുള്ള പ്രതിസന്ധി അവരെയും ദുബായ് പൊലീസിനെയും കാത്തിരുന്നത്. അവരുടെ പഴയ പാസ്പോര്‍ട്ടിന്റെ രേഖകള്‍ പ്രകാരം ആ സ്ത്രീയെ നാടുകടത്താനായി കിര്‍ഗിസ്ഥാന്‍ എംബസിയിലെത്തിച്ച പൊലീസിന് ആ പാസ്പോര്‍ട്ട് വ്യാജമാണെന്നുകണ്ടെത്തി.

പത്തുവയസില്‍ കിര്‍ഗിസ്ഥനില്‍ നിന്നും മറ്റൊരു യൂറോപ്യന്‍ രാജ്യത്തേക്ക് മാതാപിതാക്കളോടൊപ്പം നാടു വിട്ടതായിരുന്നു അവര്‍. കുടുംബാംഗങ്ങള്‍ ഇപ്പോഴും ആ രാജ്യത്തുണ്ട് എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ രാജ്യത്തെ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും പൊലീസിന് കിട്ടിയത് അനുകൂല മറുപടിയായിരുന്നില്ല.

ശിക്ഷാകാലാവധി കഴിഞ്ഞിട്ടും മൂന്നുവര്‍ഷമായി ജയിലില്‍ തുടരുന്ന ആ സ്ത്രീയെ എങ്ങനെയും അവരുടെ നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. പക്ഷേ അവരുടെ നാടേതെന്ന് അവര്‍ക്കുതന്നെ അറിയാത്ത അവസ്ഥയില്‍ അതെങ്ങനെ സാധ്യമാകും എന്ന ആശങ്കയുമുണ്ട്.

യുവതിയുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമമാണിപ്പോള്‍ നടന്നുവരുന്നതെന്ന് ദുബായ് പൊലീസിന്റെ മനുഷ്യാവകാശ വിഭാഗം പറയുന്നു. ഐക്യരാഷ്ട്രസംഘടനയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറെയും ദുബായ് പൊലീസ് സമീപിച്ചിട്ടുണ്ട്.

ഏറ്റെടുക്കാന്‍ ഒരു രാജ്യമില്ലാതെ പോയ വേദന അവര്‍ക്കുണ്ടാവാം. ബന്ധുക്കളെല്ലാം മറ്റേതോ രാജ്യത്ത് കഴിയുമ്പോള്‍ ജയില്‍മുറിയുടെ ഏകാന്തത അവരെ വേട്ടയാടുന്നുണ്ടാവാം. അങ്ങനെ എത്രയോ പേരുണ്ടാവണം ഈ തടവറകളില്‍...

(റിപ്പോര്‍ട്ട് അമീറാ അഗരിബിന്റേത്)