ഭ്രാന്താലയം എന്ന തനിയാവർത്തനം -ഗോസായിമാരേ ഞങ്ങളെ തമ്മിൽ തല്ലിക്കാൻ നോക്കേണ്ട

ഏതാനും വർഷങ്ങൾ ഇന്ത്യയിൽ നിന്ന് മാറി നിന്നതിനു ശേഷം തിരിച്ചെത്തുമ്പോൾ മനസിലാകുന്ന ചില പരമാർത്ഥങ്ങൾ ഉണ്ട്.നമ്മുടെ നാട് വളരെ വേഗത്തിൽ പുറകിലോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, വിഭാഗീയതയും വളരെയേറെ വർദ്ധിച്ചു. ഏവർക്കും സെൽ ഫോണും, വാട്ട്‌സ് അപ്പും ഉണ്ടായി എന്നതാണ് ആകെയുള്ള വികസനം - ഡോ:റോബിന്‍ മാത്യു എഴുതുന്നു.

ഭ്രാന്താലയം എന്ന തനിയാവർത്തനം -ഗോസായിമാരേ ഞങ്ങളെ തമ്മിൽ തല്ലിക്കാൻ നോക്കേണ്ട

രാജ്യത്തിന്‌ മുൻപേ പറന്ന മലയാളികൾ


ഇന്ത്യാ മഹാരാജ്യത്തില്‍, "ഭ്രാന്താലയം" എന്ന്, ആദ്യം പേരുവന്ന സംസ്ഥാനമാണ് കേരളം. വരെ പണ്ടേ തന്നെ കിട്ടി താനും ഈ ബഹുമതി. വാസ്തവത്തില്‍ കേരളീയര്‍ക്കു ഭ്രാന്തുണ്ടോ? അല്ലെങ്കില്‍,മറ്റുള്ള സംസ്ഥനക്കാരെ അപേക്ഷിച്ച് നോക്കുമ്പോള്‍, നമ്മള്‍ക്കുള്ള ഭ്രാന്ത് തുലോം വിരളം ആയിരുന്നില്ലേ?

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മലയാളികൾ പല കാതം മുൻപേ സഞ്ചരിച്ചവർ ആണ്. ഇപ്പോഴും കേരളത്തിനു പുറത്തുള്ള ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അറിയാം ഇന്ത്യയുടെ "ഫോട്ടോഷോപ്പില്ലാത്ത" യാഥാര്‍ത്ഥ്യം

  • കേരളിയർക്കു എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ ഭാഷയുടെ പേരിലുള്ള ഭ്രാന്ത്
  • നമ്മള്‍ എന്നെങ്കിലും,ഏതെങ്കിലും, ചലച്ചിത്ര താരത്തെ ദൈവമായി കണ്ടു പൂജിച്ചിട്ടുണ്ടോ? ഒരു ചലച്ചിത്രതാരമോ ഭരണതാരമോ മരിച്ചതിനു, എന്നെങ്കിലും നമ്മള്‍ കൂട്ട ആത്മഹത്യ ചെയ്തിട്ടുണ്ടോ?
  • താരത്തിന്‍റെ സിനിമ പോസ്റ്റര്‍ കീറിയതിനു, നമ്മുടെ നാട്ടില്‍ ആളെ കൊന്നിട്ടുണ്ടോ? താരം രോഗം വന്നു മരിച്ചതിനു ,നമ്മള്‍ ഹര്‍ത്താല്‍ നടത്തിയിട്ടുണ്ടോ?
  • നമ്മള്‍ നരബലി നടത്താറുണ്ടോ?
  • നമ്മുടെ നാട്ടില്‍ നിന്നു എത്രയോ നാള്‍ മുന്‍പ് തന്നെ ബാലവേല അപ്രത്യക്ഷമായി.
  • നമ്മള്‍ എത്ര നാള്‍ മുന്‍പേ സമ്പൂര്‍ണ സാക്ഷരര്‍ ആയി?
  • എത്ര നാട്ടുകാര്‍ക്കുണ്ടായിരുന്നു നമ്മുടെ അത്രയും ശുചിത്വവും,വെടിപ്പും?
  • മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച്, എത്രയോ കുറവ് വര്‍ഗീയ ലഹളകള്‍ ആണ് ഇവിടെ നടന്നിട്ടുള്ളത്.
  • സോഷ്യലിസം ആദ്യമായി ബാലറ്റിലൂടെ നിലവില്‍ വന്ന സ്ഥലം നമ്മുടെ കേരളമാണ് ,ഓര്‍ക്കുക. നമ്മള്‍ സാമൂഹികമായി,വിദ്യാഭ്യാസപരമായി, മറ്റുള്ള സംസ്ഥനങ്ങള്‍ക്ക് എത്രയോ മുന്‍പിലായിരുന്നു.
  • നമ്മൾ ഏതു ഭാഷയും സ്വാഗതം ചെയ്തു.

പുറകോട്ടു കുതിക്കുന്ന കേരളം


ഏതാനും വർഷങ്ങൾ ഇന്ത്യയിൽ നിന്ന് മാറി നിന്നതിനു ശേഷം തിരിച്ചെത്തുമ്പോൾ മനസിലാകുന്ന ചില പരമാർത്ഥങ്ങൾ ഉണ്ട്.നമ്മുടെ നാട് വളരെ വേഗത്തിൽ പുറകിലോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, വിഭാഗീയതയും വളരെയേറെ വർദ്ധിച്ചു .ഏവർക്കും സെൽ ഫോണും, വാട്ട്‌സ് അപ്പും ഉണ്ടായി എന്നതാണ് ആകെയുള്ള വികസനം. ചിന്തകളിലോ, പ്രവർത്തികളിലോ യാതൊരു ശാസ്ത്രീയ അവബോധവും മലയാളികൾ പുലർത്തുന്നതായി തോന്നുന്നില്ല. ആരും ആരെയും ശ്രവിക്കാൻ പോലും തയ്യാറല്ല. ഭൂരിപക്ഷവും സ്വസ്വര ശ്രവണ സുഖതൽപ്പരർ ആണ്. ചാനൽ ചർച്ചകൾ തന്നെ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാകും. എല്ലാവരും സംസാരിക്കും, ആരും ഒന്നും കേൾക്കുന്നില്ല

'സയന്റിഫിക്ക് റ്റെമ്പെർ' ശാസ്ത്രീയതയിൽ അടിയുറച്ച യുക്തിഭദ്രമായ ചിന്ത മലയാളികൾക്കും വളരെ കുറവാണു. പറ്റിക്കപ്പെടും എന്നൊരു ബോർഡ് വീടിന്റെ മുന്നിൽ തൂക്കി ആണ് ഓരോ മലയാളിയും ഇരിക്കുന്നത് എന്ന് ചിലപ്പോൾ തോന്നി പോകും. എത്ര "നസ്സർ സുരക്ഷയും", റൈസ് പുള്ളറും, ധനാകർക്ഷണ യന്ത്രവും, നാഗ മാണിക്ക്യവും ഇവിടെ വിറ്റു പോകും, ഇവയുടെ ഉപഭോക്താക്കൾ ഡോക്ടര്‍മാരും, എഞ്ചിനിയർമാരും, പ്രൊഫെസ്സർമാരും എല്ലാം ആണ് എന്നത് നമ്മുടെ ശാസ്ത്രീയ ചിന്താഗതി എത്രത്തോളം ഉണ്ട് എന്ന് കാണിക്കുന്നത്. എല്ലാത്തിനും ഉപരി വാട്ട്സ് ആപ്പിൽ എന്ത് മണ്ടത്തരം വന്നാലും നമ്മൾ അപ്പാടെ വിശ്വസിച്ചു ഫോർവേഡ് ചെയ്യും..

കോൾമയിർ കൊള്ളുന്ന എട്ടുകാലി മമ്മൂഞ്ഞുകൾ


മലയാളികൾ ആണത്രേ ഏറ്റവും ബുദ്ധിമാന്മാർ - ഈ പല്ലവി കേട്ടാണ് നമ്മൾ എല്ലാവരും തന്നെ വളർന്നത്. കേരളത്തിന് പുറത്ത് ഒരാഴ്ച എങ്കിലും കഴിഞ്ഞ സാമാന്യ വിവരം ഉള്ള ഒരു മലയാളിക്ക് മനസിലാകും ഇത് ഒരു അബദ്ധ ധാരണ മാത്രമാണെന്ന്. യാതൊരു പരസ്പര സ്നേഹവും, സഹായവും, ഭാഷാ ബഹുമാനവും ഇല്ലാത്ത ഈ മലയാളി എന്ന വർഗ്ഗമാണ് ഏറ്റവും കൂടുതൽ പറ്റിക്കപെടുന്നതും.

വെളുത്ത വർഗക്കാരായ പലർക്കും കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്നും, അവിടുത്തെ ജനങ്ങൾ വിദ്യാഭ്യാസപരമായും, സാംസ്കാരികമായും നിലവാരം പുലർത്തുന്നവരാണെന്നും വ്യക്തമായി അറിയാം. പലപ്പോഴും കേരളത്തിലെ പല സ്ഥലങ്ങളെയും കുറിച്ച് അവർക്ക് നല്ല അറിവുള്ളവരും ആണ്. കേരളത്തിന്റെ മനോഹാരിതയെ കുറിച്ചും, ഇന്ത്യയിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു നമ്മളെ കുറിച്ചും അവർക്ക് നല്ല അഭിപ്രായം തന്നെയാണ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്ന് അറിയില്ലാത്ത അഭ്യസ്ഥവിദ്യരായ ഒരു പാട് നോർത്ത് ഇന്ത്യക്കാരെ എനിക്ക് നേരിട്ട് അറിയാം. സൌത്ത് ഇന്ത്യ എന്നത് ഒരു ഒറ്റ പ്രദേശം ആണ് എന്നും, മദ്രാസ് എന്നാണ് അതിന്റെ പേര് എന്നും, ഭാഷ തമിഴ് ആണെന്നും കരുതുന്ന ഗോസായികൾ. അവർക്ക് നമ്മളെ പുച്ഛമാണ്. കേരളം കാലത്തിന് മുൻപേ നടന്നപ്പോൾ പലർക്കും അത് സഹിക്കുവാൻ സാധിച്ചില്ല. അവർക്ക് കേരളം ഭ്രാന്താലയമാണെന്ന് തോന്നിയതിൽ അത്ഭുതമില്ല.

ഉത്തരേന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത വെറുപ്പിന്റെ സിദ്ധാന്തം നമ്മുടെ സുന്ദരമായ നാടിനെ എത്ര വളരെ വേഗത്തിലാണ് വിഴുങ്ങുന്നത്. കേരളം നശിച്ചു കാണണം എന്നു പച്ചക്കു ഫേസ്ബുക്കിൽ പോസ്റ്റിടുന്ന അതിവിജ്ഞാനികളായ ഗോസായിമാരുടെ ആഗ്രഹം സാധിച്ചെടുക്കുവാൻ നമ്മൾ നമ്മെ കുരുതി കൊടുക്കണമോ?

സ്വയം കരിവാരി എറിയുമ്പോൾ


നമ്മള്‍ നമ്മെ, സ്വയം "മല്ലുവായി" തരം താഴ്ത്തി. (മല്ലു എന്നാൽ ഹിന്ദിയിൽ കുരങ്ങ് എന്നാണ് അർത്ഥം. നോർത്ത് ഇന്ത്യക്കാരൻ നമ്മളെ മല്ലു എന്ന് വിളിച്ചപ്പോൾ നമ്മൾ കരുതി മല്ലു എന്നത് മലയാളി എന്നതിന്റെ ചുരുക്കെഴുത്ത് ആണെന്ന്) നമ്മുടെ പത്തിലൊന്ന് മഹത്വം ഇല്ലാത്തവരെ കൊണ്ടുനമ്മള്‍ നമ്മെത്തന്നെ തെറി പറയിച്ചു.

ഇപ്പോൾ അയൽനാട്ടുകാർ തമ്മിൽ തല്ലി, വാഹനങ്ങൾ കത്തിച്ചു പ്രതിഷേധിക്കുമ്പോൾ ഓർക്കുക, തെക്ക് നിന്ന് ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യുന്ന വിവരക്കേടുകളും, അപസിദ്ധാന്തങ്ങളും, വെറുപ്പും ഈ നാടിനു ആപത്താണ്.

നമ്മുടെ സമഭാവനയുടെ കെട്ടുറപ്പിൽ വിള്ളൽ വീണു തുടങ്ങിയിരിക്കുന്നു. രാഘവനും, റഹിമും, തോമസും നമുക്ക് നമ്മുടെ സുഹൃത്തുക്കളെ തിരിച്ചറിയുവാൻ ഉള്ള പേരുകൾ മാത്രമായിരുന്നു. എന്നാൽ ഈ പേരുകളുടെ പിന്നിൽ വിശ്വാസങ്ങൾ ഇന്ന് നമ്മുടെ ബന്ധത്തിലെ വല്യ മതിലുകളായി പരിണമിച്ചിരിക്കുന്നു.

ഒരു കാലത്തു അന്യസംസ്ഥാനങ്ങളിൽ ജനങ്ങൾ മൃഗത്തിന്റെ പേരിലും, നദിയുടെ പേരിലും, ദൈവത്തിന്റെ പേരിലും എല്ലാം തമ്മിൽ തല്ലി മരിച്ചപ്പോൾ നമ്മൾ അവയെ വിവരമില്ലായ്ക എന്ന് പറഞ്ഞു പുച്ഛിച്ചു തള്ളി.

ഇന്ത്യയിൽ കേരളം എന്ന സംസ്ഥാനം ഉണ്ട് എന്ന് പോലും അറിയാത്ത ഉത്തരേന്ത്യൻ ഗോസായിമാർ ഇറക്കുമതി ചെയ്ത വിഭാഗീയത ഒരു വശത്തു, അതിന് അനുസൃതമായി മതം എന്ന അന്ധത മറുവശത്തു വല്ലാതെ പിടി മുറുക്കുന്നു. കാണപ്പെട്ട സഹോദരനെ സ്നേഹിക്കുവാൻ സാധിക്കാത്ത കുറച്ചു മനുഷ്യരൂപികൾ മൃഗങ്ങൾക്കു വേണ്ടി മനുഷ്യനെ കൊല്ലുന്നു.

ഇനിയും ചിലർ മനുഷ്യനെ കൊല്ലുന്ന മൃഗങ്ങൾക്ക് വേണ്ടി ഘോരഘോരം വാദിക്കുന്നു. മറ്റു ചിലർ കാണപ്പെടുന്ന ഈ ലോകത്തിലെ ജീവിതം നരകമാക്കി ഭാവനയിൽ മാത്രമുള്ള സ്വർഗത്തിനു വേണ്ടി അദ്ധ്വാനിക്കുന്നു. വാളയാര്‍ ചെക്ക് പോസ്റ്റിനപ്പുറം, കേരളത്തെ കല്ലെറിഞ്ഞവരുടെ കൂടെ, നമ്മളും കൂടി. ഭ്രാന്ത് എന്ന പഴി നമ്മൾ ഇവിടെ അര്‍ത്ഥവത്താക്കുന്നു.

ഭ്രാന്ത്‌ എന്ന മഹാ വ്യാധി ഇവിടെ തനി ആവര്‍ത്തനമാകുന്നു. കേരളം ഭ്രാന്തമാകുന്നു.പൂജ്യനായ നീറോ ചക്ക്രവര്‍ത്തി, കിന്നരം വായന നിര്‍ത്തുക.