ജനാധിപത്യ ഭരണാധികാരികളെ, ഉദ്യോഗസ്ഥര്‍ക്ക് തലയിലല്ല ഇരിപ്പിടം നല്‍കേണ്ടത്

സര്‍ക്കാര്‍ നയം നിര്‍മ്മിക്കേണ്ടത് ഭരിക്കുന്ന രാഷ്ട്രീയക്കാരനും അത് നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരുമാണ്. മറിച്ച്, ഉദ്യോഗസ്ഥർ പറയുന്നതാണ് ഭരിക്കുന്നവര്‍ നടപ്പിലാക്കുന്നതെങ്കില്‍ കാര്യങ്ങളെല്ലാം കുഴയും എന്നതില്‍ സംശയമില്ല.

ജനാധിപത്യ ഭരണാധികാരികളെ, ഉദ്യോഗസ്ഥര്‍ക്ക് തലയിലല്ല ഇരിപ്പിടം നല്‍കേണ്ടത്

ഒരു രാഷ്ട്രിയക്കാരനും ഒരു ബ്യുറോക്രാറ്റും തമ്മിലുള്ള പ്രധാനവ്യത്യാസം എന്താണ്. ഒരു രാഷ്ട്രീയക്കാരൻ മന്ത്രിയോ, എം.എല്‍.എയോ അല്ലെങ്കിൽ എംപിയോ ആയിരിക്കുമ്പോള്‍ തന്നെ അവർ കെ.എസ്.ആര്‍.റ്റി.സി സ്റ്റാൻഡിൽ കാത്തുനിന്നു ബസ് കയറുന്നത് കാണാം. അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ. അതുമല്ലെങ്കിൽ ട്രെയിനില്‍ സ്ലീപ്പർ ക്ലാസില്‍ ഒരു യാത്ര. പക്ഷെ ഒരു ഉയർന്ന റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്താൽ പോലും ഇതുപോലെ നടക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെയൊരു സിസ്‌റ്റം നമ്മൾ വളർത്തിയെടുത്തു. ഇതിനൊരു റൂള്‍ബുക്ക്‌ ഉണ്ട്. ഭരണത്തിൽ ഇരിക്കുന്നവര്‍ എപ്പോഴും റൂൾബുക്ക് കയ്യിൽ കൊണ്ടുനടന്നാല്‍ പിന്നെ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത്.

സര്‍ക്കാര്‍ നയം നിര്‍മ്മിക്കേണ്ടത് ഭരിക്കുന്ന രാഷ്ട്രീയക്കാരനും അത് നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരുമാണ്. മറിച്ച്, ഉദ്യോഗസ്ഥർ പറയുന്നതാണ് ഭരിക്കുന്നവര്‍ നടപ്പിലാക്കുന്നതെങ്കില്‍ കാര്യങ്ങളെല്ലാം കുഴയും എന്നതില്‍ സംശയമില്ല.മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ്‌ തോമസിന്റെ വിഷയമെടുക്കാം.അദ്ദേഹം നല്ലൊരു ഓഫീസറാണ് സംശയമില്ല. പക്ഷെ അദ്ദേഹത്തിന്‍റെ പ്രധാന അജണ്ട വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതായി പോയി. അവസാനം അയാൾ തെറിച്ചു. ജനാധിപത്യ സര്‍ക്കാരിന് ഇദ്ദേഹം ഒരു ബാധ്യതയായി മാറി.

ഉദ്യോഗസ്ഥരെ ഒരിക്കലും കയറൂരി വിടരുത്. ഇവർക്ക് അവരുടെ പൊളിറ്റിക്കൽ ബോസിനോട് ഉത്തരം പറഞ്ഞാൽ മതി പക്ഷെ വോട്ടുകിട്ടി അധികാരത്തിൽ വന്നവർ ജനങ്ങളോടും അവരുടെ പാർട്ടിയോടും ഉത്തരം നല്‍കണമെന്ന് മാത്രമല്ല അവരെ മനസിലാക്കുകയും വേണമെന്നൊരു കടമ കൂടിയുണ്ട്. അധികാരം വരും പോകും പിന്നെയും അങ്ങനെ തന്നെ- അതാണ് ജനാധിപത്യം.

ഒരു ആർമി ഓഫീസറുടെ കാര്യമെടുക്കാം. വലിയ റാങ്കിൽ നിന്നും റിട്ടയേർഡ് ആയ കണിശക്കാരൻ. ജോലിയില്‍ ഉള്ളപ്പോള്‍ എല്ലാവരെയും എല്ലാ കാര്യത്തിനും മുൾമുനയിൽ നിർത്തുന്ന സ്വഭാവമായിരുന്നു ഇദ്ദേഹത്തിന്. വീട്ടുകാർക്കും സ്വന്തക്കാര്‍ക്കും പോലും ഭയമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു 'സിംഹസ്വഭാവം'. റിട്ടയർ ചെയ്തതിനു ശേഷം ഒരാൾ മാത്രമേ അദ്ദേഹം പറയുന്നത് കേൾക്കു, അനുസരിക്കു- ടിയാൻ വീട്ടിൽ വളർത്തുന്ന 'ശുനകൻ'. ഇതാണ് ഒരു ബ്യുറോക്രാറ്റിന്റെ അവസ്ഥ.

ഈ പറയുന്ന ആപ്പീസർമാർ അവര് റിട്ടയർ ചെയ്ത രാജ്യത്തോ അല്ലെങ്കിൽ വിദേശത്തോ കുടിയേറും. ചിലപ്പോൾ നാട്ടിൽത്തന്നെ താങ്ങാനും മതി. കൂളിംഗ് പീരീഡ് കഴിഞ്ഞാൽ ഏതെങ്കിലും കോർപറേറ്റ് കമ്പനിയുടെ ബോർഡ് മെമ്പർ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലിയില്‍ കയറി പറ്റും. രാഷ്ട്രിയക്കാർക്ക് അങ്ങനെയല്ല, അവരുടെ ഓരോ പിശകിനും അവര്‍ ഉത്തരം കണ്ടെത്തണം.ജാനാധിപത്യ രാജ്യത്ത് പ്രശ്നങ്ങൾ സ്വാഭാവികമാണ്. ദിനം പ്രതി അത് വർധിക്കുകായും ചെയ്യും.

രഘുറാം രാജൻ RBI യുടെ ചുമതലയേൽക്കുമ്പോൾ പത്രക്കാർ അയാളോട് രൂപയുടെ വിലയിടിയുന്നത് സംബന്ധിച്ചും മറ്റും പല ചോദ്യങ്ങളും ചോധിച്ചു. രഘുറാം രാജൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു- എന്റെ കയ്യിൽ മാന്ത്രിക വടിയൊന്നുമില്ല, പക്ഷെ ഞാൻ ഇതൊക്കെ ഡീൽ ചെയ്യും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒന്നും കുളമാക്കില്ല എന്നും അര്‍ത്ഥം!