നവോത്ഥാന മൂല്യങ്ങള്‍; ബ്രഹ്മണ്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പിക്കേണ്ടതുണ്ട്!

അല്ലെങ്കില്‍ വനിതകളുടെ നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന മതില്‍ അതിന്റെ ചരിത്ര ദൗത്യത്തില്‍ പരാജയപ്പെടും- നിലപാട് വ്യക്തമാക്കി ചിന്തകനും പ്രഭാഷകനുമായ സണ്ണി എം. കപിക്കാട്

നവോത്ഥാന മൂല്യങ്ങള്‍; ബ്രഹ്മണ്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പിക്കേണ്ടതുണ്ട്!

ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ വിധിയെ അനുകൂലിച്ചു നിരവധിയായ സമരമുഖങ്ങള്‍, നേതൃത്വങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതുപോലെ പ്രധാനപ്പെട്ട ഇടപെടലായി വിലയിരുത്തപ്പെടുകയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ വനിതകളുടെ നവോത്ഥാന മതില്‍ ഉയര്‍ത്താന്‍ സാമൂഹ്യ- സമുദായ പ്രസ്ഥാനങ്ങളെ അണിനിരത്തുകയാണ് ഈ വിധി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ജനാധിപത്യ സര്‍ക്കാര്‍.

സര്‍ക്കാര്‍ മുന്‍കൈ എടുത്തു നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കുന്നു എന്ന നിലക്ക് ഒരു കത്താണ് ഇപ്പോള്‍ പുറപ്പെടുവിച്ചത്. ഏതാണ്ട് ഇരുന്നൂറോളം സംഘടനകളെ വിളിച്ചു ചേര്‍ത്തിട്ടാണ് വനിതകളുടെ നവോത്ഥാന മതില്‍ സംഘടിപ്പിക്കാന്‍ പോകുന്നത്. നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക, കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന മുദ്യാവാക്യമാണ് മുന്നോട്ടു വച്ചിരിക്കുന്നത്-

ആ പ്രോഗ്രാം അങ്ങനെ നടക്കും. എന്നാല്‍, അതിനേക്കാള്‍ പ്രധാനമായിട്ടുള്ളത് ഇതുമായി ബദ്ധപ്പെട്ടുണ്ടാകുന്ന ഇത്തരം ഒരു തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ച സാഹചര്യം എന്തെന്നത് വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്. ശബരിമല കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി വന്നതിനു ശേഷം കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്ത്രീകളെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല എന്ന തീരുമാനമെടുത്തുകൊണ്ട് സംഘപരിവാര്‍ ശക്തികള്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പിന്തുണയോടെ വലിയ പ്രതിരോധമാണ് ഉണ്ടാക്കിയത്. അതില്‍ അവര്‍ക്കു ചെറിയ മുന്‍കൈ കിട്ടിയെങ്കിലും ഇപ്പോള്‍ ഏകദേശം തണുത്ത മട്ടാണ്. പക്ഷെ, കേരളത്തില്‍ അതുമായി ബന്ധപ്പെട്ടു വലിയൊരു സംവാദം ഉയര്‍ന്നുവന്നു. മലയാളിസമൂഹം എങ്ങോട്ടാണ് സഞ്ചരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചായിരുന്നു ആ സംവാദം. അതില്‍ ഉയര്‍ന്നു വന്നൊരു പ്രധാനപ്പെട്ട വാദമാണ് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം എന്നുള്ളത്. അത്തരമൊരു സംവാദത്തില ഇടപെട്ടുകൊണ്ട് ഞാനൊക്കെ പറഞ്ഞൊരു കാര്യം, നവോത്ഥാനത്തെത്തന്നെ നമ്മള്‍ ശരിയായി മനസിലാക്കണമെന്നതാണ്. പഴയ രൂപത്തിലല്ല നവോത്ഥാനമെന്ന് നാം മനസിലാക്കേണ്ടതുണ്ട്.

കേരത്തിന്റെ നവോത്ഥാനത്തിലെ മൗലികമായൊരു പ്രത്യേകത , കീഴ്ത്തട്ടില്‍ നിന്ന് വന്നു എന്നതാണ്. അതോടൊപ്പം ജാതിവിരുദ്ധമായൊരു മാനവികതയാണ് അത് ലക്ഷ്യവെച്ചത് എന്നതുകൂടിയാണ്. അതിനെ ഇനിയും മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയണമെങ്കില്‍ കേവലം നവോത്ഥാനം എന്ന് ആവര്‍ത്തിച്ചിട്ടുകാര്യമില്ല. ബ്രാഹ്മണ്യത്തിന്റെ പുതിയ തന്ത്രങ്ങളെ മനസിലാക്കാനുള്ള പുതിയൊരു വിജ്ഞാനം കൂടി നമുക്ക് ആവിശ്യമുണ്ട്. അത്തരം അന്വേഷണങ്ങള്‍ക്ക് ഡോ. ബി.ആര്‍ അംബേദ്കറിന്റെ ദര്‍ശനങ്ങള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ടെന്നും ഞാന്‍ പറയുകയുണ്ടായി. അതോടൊപ്പം തന്നെ, സ്ത്രീനീതിയുടെ പ്രശ്‌നം നവോത്ഥാനത്തില്‍ മാത്രം ചുരുങ്ങുന്നതില്‍ കഥയില്ല. സ്ത്രീ നീതിക്കുവേണ്ടി മുഴക്കുന്ന വിപുലമായ ജ്ഞാനാന്വേഷണങ്ങളുടെയും പ്രക്ഷോഭങ്ങളിലൂടെയും രൂപപ്പെട്ടിട്ടുള്ള ആശയങ്ങളോടാണ് നാം സംവദിക്കേണ്ടതെന്ന ബോധമാണ് ഉണ്ടാവേണ്ടത്.

ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിലാണ് കേരളത്തിലെ സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കാനുള്ള തീരുമാനമെടുക്കുന്നത്. ഇപ്പോള്‍ അതില്‍ ചിലര്‍ പറയുന്ന ഒരുകാര്യം ശബരിമലയുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നതാണ്. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായൊരു കാര്യമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ശബരിമലയിലെ വിഷയവുമായുള്ള സവാദങ്ങളാണ്... സംഘര്‍ഷങ്ങളാണ് സര്‍ക്കാരിനെക്കൊണ്ട് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ വിളിച്ചു ചേര്‍ക്കാന്‍ ഇടയാക്കിയത് എന്ന് വ്യക്തമായിരിക്കെ ശബരിമലയുമായി ഇതുകൂട്ടിക്കുഴക്കേണ്ടതില്ല എന്ന് പറയുന്നതിലെ സമീപനം തെറ്റിദ്ധാരണാജനകമാണ്- അത് തിരുത്തണം.

വെള്ളാപ്പള്ളി നടേശന്‍ അതിന്റെ ചെയര്‍മാനാണ്. പുന്നല ശ്രീകുമാര്‍ അതിന്റെ ജനറല്‍ കണ്‍വീനറാണ്. സി.പി സുഗതനെന്നു പറയുന്ന ഹിന്ദു പാര്‍ലമെന്റിന്റെ ആള്‍ ഇതിലെ മെമ്പറാണ്. അദ്ദേഹമാണെങ്കില്‍ സ്ത്രീവിരുദ്ധമായ നിരവധിയായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ആളാണ്. ഇവരിലേറെയും സ്ത്രീകള്‍ ശബരിമലയില്‍ കയറണമോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നവരാണ്. കാര്യങ്ങള്‍ സുതാര്യവും വ്യക്തവുമായിരിക്കണം. നവോത്ഥാന മൂല്യങ്ങള്‍ എന്നുപറഞ്ഞാല്‍ ബ്രഹ്മണ്യ വിരുദ്ധമാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്.

മറ്റൊരുകാര്യം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ്. സ്ത്രീനീതി ഉയര്‍ത്തി പിടിക്കുക എന്ന് പറയുമ്പോള്‍ ഭരണഘടനാ ഉറപ്പാക്കുന്ന ശബരിമല സ്ത്രീ പ്രവേശനം ഉയര്‍ത്തി പിടിക്കുക എന്നു തന്നെയാണ്. അതുകൊണ്ടുതന്നെ ശബരിമല കയറണമെന്നു പറയുന്നവരുടെ നേതൃത്വത്തില്‍ തന്നെയാണ് വനിതകളുടെ നവോത്ഥാന മതില്‍ നിര്‍മ്മിക്കേണ്ടത്. സ്ത്രീനീതിയെ ബഹുമാനിക്കുന്നവരുടെ നേതൃത്വത്തില്‍ തന്നെയാണ് വേണ്ടത്. അല്ലെങ്കില്‍ അതിന്റെ നേതൃത്വത്തില്‍ ഉള്ളവര്‍ അത്തരമൊരു നിലപാട് എടുക്കാന്‍ ബാധ്യസ്ഥമാണ്. ഒരുപക്ഷെ കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന ഒന്നാണ് ഇതെന്ന് ഈ സമ്മേളനം ബഹിഷ്‌കരിച്ച എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘങ്ങളെ പരിശോധിച്ചാല്‍ മനസിലാവും. എന്തുകൊണ്ട് അവര്‍ പോയില്ലെന്നു അവര്‍ പരസ്യമായി പറയുന്നില്ല. അതിവിടുത്തെ സവര്‍ണ്ണ സംഘമാണ്. അവര്‍ കൂട്ടമായി അങ്ങോട്ട് വരാതിരുന്നതുകൊണ്ടുതന്നെ ആ സമ്മേളനത്തിന് പ്രാധാന്യമുണ്ട്.

നവോത്ഥാനത്തിന്റെ പാരമ്പര്യത്തെ പിന്‍പറ്റുന്നു എന്ന് പറയുന്നവര്‍ ശബരിമല വിഷയവുമായാണ് ഈ വനിതാ നവോത്ഥാന മതില്‍ നിര്‍മ്മിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശിക്കണമോ വേണ്ടയോ എന്നത് സാങ്കേതിക പ്രശ്‌നം എന്നതിനപ്പുറം അതൊരു രാഷ്ട്രീയ ചോദ്യമാണ്. ഭരണഘടനയെ വ്യാഖ്യാനിച്ചുകൊണ്ടു സുപ്രീം കോടതി ഒരു വിധി നടപ്പിലാക്കണമോ വേണ്ടയോ എന്നത് ഒരു ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചു നിര്‍ണ്ണായക ചോദ്യമാണ്. രാഷ്ട്രീയ ചോദ്യമാണ്. അത് നടപ്പിലാക്കണമെന്ന ആര്‍ജ്ജവമാണ് നേതൃത്വം കാണിക്കേണ്ടത്. അതല്ലാതെയുള്ള ഉരുണ്ടു കളിയും അവ്യക്തമായി പറയലും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ എടുക്കലും ബ്രഹ്മണ്യനുവേണ്ടി വാദിക്കലുമെല്ലാം അക്കാര്യത്തെ ഒരു കോമഡി ഷോ പോലെയാക്കുന്ന സ്ഥിതിവിശേഷം ആണ് നിലവിലുള്ളത്. അത് പ്രതിഷേധാര്‍ഹമായ കാര്യമാണ്.

ഈ വിഷയത്തില്‍ യോഗം വിളിച്ച ആളെന്ന നിലയില്‍ മുഖ്യമന്തി അടക്കം ഇടപെട്ടു വ്യക്തത വരുത്തേണ്ടതുണ്ട്. ഏച്ചുകെട്ടി കാര്യങ്ങളെ കൊണ്ടുപോകേണ്ടതില്ല. മറിച്ച്, രണ്ടു മൂല്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് നടക്കുന്നതെന്ന് കേരളത്തിലെ മുഖ്യമന്തി മനസിലാക്കണം. ഒരു വശത്തു ബ്രാഹ്മണ്യം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍. മറുവശത്തു ഭരണഘടനാ മൂല്യങ്ങളെയും നവോത്ഥാന മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്ന ആളുകള്‍. ഇവതമ്മിലുള്ള യുദ്ധമാണ് നടക്കുന്നത് എന്ന വ്യക്തത മുഖ്യമന്ത്രി ഈ കാര്യങ്ങളുമായി ബദ്ധപ്പെട്ട നേതാക്കളെ വിളിച്ചു പറയേണ്ടതുമാണ്. അല്ലെങ്കില്‍ വനിതകളുടെ നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന മതില്‍ അതിന്റെ ചരിത്ര ദൗത്യത്തില്‍ പരാജയപ്പെടും.