കേരളം എന്നൊരു പാകിസ്ഥാന്‍ ഉണ്ടെങ്കില്‍ എന്റെ ദേശീയതയും അതാണ്‌!

ഈ നാടിനെ പാകിസ്ഥാൻ എന്ന് പറഞ്ഞവരോട് ഒരു ചോദ്യമുണ്ട്. ഇന്ത്യയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ ഈ രാജ്യത്തെ നിര്‍ധനരായ ദളിതുകളെ ഇന്നു വരെ നേരില്‍ കണ്ടിട്ടുണ്ടോ? ആദിവാസികളെ കണ്ടിട്ടുണ്ടോ? പട്ടിണി ഉണ്ടാക്കുന്ന മരണങ്ങള്‍ കണ്ടിട്ടുണ്ടോ ? അറിയണം, മുന്നാക്ക സമുദായത്തിന്റെത് മാത്രമാണ് ഇപ്പോഴും ഇന്ത്യ.

കേരളം എന്നൊരു പാകിസ്ഥാന്‍ ഉണ്ടെങ്കില്‍ എന്റെ ദേശീയതയും അതാണ്‌!

ഡൽഹിയിൽ നിന്നുള്ള ഒരു സുഹൃത്ത് ഇന്ന് രാവിലെ ഈയുള്ളവനെ കാണാന്‍ വന്നിരുന്നു. മൂന്നാമത്തെ സര്‍ജറിയ്ക്കു ശേഷമുള്ള സുഖാന്വേഷണമാണ് ലക്ഷ്യം. സംസാരിക്കുന്നതിനിടയില്‍ ടിയാന്റെ ഒരു ചോദ്യം എന്നെ ശരിക്കും ചിന്തിപ്പിച്ചു- നല്ല മഴയാണല്ലോ ഇവിടെ. നല്ല സുഖമായിരിക്കും അല്ലെ? കളിയാക്കിയുള്ള ആ ചോദ്യം എനിക്കിഷ്ടമായി.

കേരളവും സമാധാനാന്തരീക്ഷവും! ഇന്ത്യയിലെ നഗരത്തിൽ അല്ലെങ്കിൽ ഗ്രാമത്തിൽ ചെന്നാല്‍ ഇതുപോലെ സ്വസ്ഥമായിട്ടു ജീവിക്കാം? നാളെ ഇതേ സമാധാനത്തോടെ എഴുന്നേല്‍ക്കാം എന്ന് പോലും പ്രതീക്ഷിക്കണ്ടതില്ല. അവിടെയാണ് നമ്മുടെ കേരളം സുന്ദരിയാകുന്നത്.

ഇടയ്ക്കിടെ ഇവിടെ ഹർത്താലുകളുണ്ട്, സമരങ്ങൾക്കും ഒട്ടും കുറവില്ല. എന്നിരുന്നാലും ഭയപ്പെടുത്തുന്ന കലാപങ്ങള്‍ ഒന്നും ഇവിടെ ഉണ്ടാകുന്നില്ല. ഇങ്ങനെയുള്ള എന്റെയും നിങ്ങളുടെയും കൊച്ചു കേരളത്തെയാണ് പാകിസ്ഥാനോട് ഉപമിച്ചിരിക്കുന്നത്. ഭേഷായി! നന്നേ ഇഷ്ടവുമായി. ഒരു ചെറിയ പാകിസ്ഥാന്‍ എന്നു ഇവര്‍ വിശേഷിപ്പിച്ച കേരളത്തെ അവസാനം വരെ ഞാന്‍ അഭിമാനത്തോടെ തന്നെ പുകഴ്ത്തും.

ഈ നാടിനെ പാകിസ്ഥാൻ എന്ന് പറഞ്ഞവരോട് ഒരു ചോദ്യമുണ്ട്. ഇന്ത്യയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ ഈ രാജ്യത്തെ നിര്‍ധനരായ ദളിതുകളെ ഇന്നു വരെ നേരില്‍ കണ്ടിട്ടുണ്ടോ? ആദിവാസികളെ കണ്ടിട്ടുണ്ടോ? പട്ടിണി ഉണ്ടാക്കുന്ന മരണങ്ങള്‍ കണ്ടിട്ടുണ്ടോ ? അറിയണം, മുന്നാക്ക സമുദായത്തിന്റെത് മാത്രമാണ് ഇപ്പോഴും ഇന്ത്യ. ബാക്കിയുള്ളവർ ഇപ്പോഴും അടിമത്വത്തിലാണ്. നിങ്ങള്‍ക്ക് അപ്രിയരായവരെ ദേശദ്രോഹി എന്ന് മുദ്ര കുത്തുന്നു. ബഹു കേമം തന്നെ!

എങ്കിലും ഒരു സംശയം ബാക്കി നില്‍ക്കുന്നു-- ഇത്രയും നാൾ ഇന്ത്യ ഭരിച്ചു കുട്ടിച്ചോറാക്കിയായത്‌ ഇവിടുത്തെ ന്യൂനപക്ഷത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നോ? അതോ ദളിതരുടെയോ? പൊതുഖജനാവില്‍ നിന്നും കയ്യിട്ടുവാരി വിദേശ രാജ്യങ്ങളിൽ പോയി സ്ഥിരതാമസമാക്കിയതും അവരല്ലെല്ലോ. ആരാണ് ഇന്ത്യയെ ചൂഷണം ചെയ്യുന്നത്? ഇന്ത്യയെ ഒറ്റുകൊടുത്തു, ഒടുവില്‍ അത് നിസ്സഹായരുടെ തലയിൽ വെച്ചു കൊടുത്തു. അതാണ് ജനാധിപത്യം! അബലര്‍ക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ചു. എഴുതാനും വായിക്കാനും അവരില്‍ നല്ലൊരു ശതമാനത്തിനും ഇപ്പോഴും അറിയില്ല. മീൻ കൊടുക്കാം, പക്ഷെ മീന്‍ പിടിക്കുന്ന വിദ്യ പഠിപ്പിക്കില്ല എന്ന പോലെ ചില സംവരണാനുകൂല്യങ്ങളും എഴുതി വച്ചു.

ഉപജീവനാര്‍ത്ഥം ഈയുള്ളവൻ പല ദേശീയ മാധ്യമങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ആരുടെയും മുൻപിൽ തല കുനിക്കുവാന്‍ ഇതുവരെ ഇടയായിട്ടില്ല. ഇനിയും അങ്ങനെ തുടരണം എന്നാണ് ആഗ്രഹവും. തകര്‍ക്കാന്‍ ഉന്നം വച്ചുള്ള ആരോപണങ്ങൾ ഉണ്ടായപ്പോഴും സ്പോർട്സ്മാൻ സ്പിരിറ്റ്‌ നഷ്ടപ്പെടാതെ അവയെ നേരിടുവാനും കഴിഞ്ഞു. ആ ധൈര്യത്തില്‍ പറയട്ടെ, ദേശീയ മാധ്യമങ്ങൾ ഒരു നല്ല നെറ്റ്‌വർക്കിങ് 'ഉടായിപ്പു' മാത്രമാണ്. പണമാണ് എല്ലാത്തിനും ഒരു തൂക്കം മുന്നില്‍. വിവാദങ്ങളെ പണമാക്കുന്ന കുതന്ത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ തുടര്‍ന്നാല്‍, സംശയമില്ല...സംസ്ഥാനങ്ങളുടെ അതിര്‍ത്തി, വിഷമയമായ മതസ്പര്‍ധ ഊന്നിയുള്ളതാകും. സൂക്ഷിക്കുക...അവര്‍ ഉന്നം വച്ചു കഴിഞ്ഞു!