കേജരിവാളും സ്വരാജ് എന്ന പുസ്തകവും; ഇപ്പോൾ തിരശീലയ്ക്കു പിന്നിൽ നടക്കുന്ന നാടകം

ഒരു ഡിക്റ്റേറ്റർ ഭരണം ജനാധിപത്യ രാജ്യത്തില്‍ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള പതനം സമ്മാനിക്കും. തണുപ്പു സമയത്ത് ഒരു ചുവന്ന മഫ്ളർ തലയിൽ കൂടി പൊതിഞ്ഞ ഒരു സാധാരണക്കാരനില്‍ നിന്നും മുഖ്യമന്ത്രി പദവി സ്വായത്തമായപ്പോള്‍ സ്വന്തം തീരുമാനമെന്ന ധാര്‍ഷ്‌ട്യം അദ്ദേഹത്തെ പിടികൂടി - ആംആദ്മി ഭരണം അടുത്തു നിന്നു വീക്ഷിച്ച നാരദാ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവേല്‍ എഴുതുന്നു

കേജരിവാളും സ്വരാജ് എന്ന പുസ്തകവും; ഇപ്പോൾ തിരശീലയ്ക്കു പിന്നിൽ നടക്കുന്ന നാടകം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്തിനാണു പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്? അതും അവര്‍ക്കു മൃഗീയഭൂരിപക്ഷം ഉള്ളപ്പോള്‍? ഇവർ അഴിമതിക്കാർ ആയിരുന്നോ? അതോ അവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നോ? ഇനി എന്തെങ്കിലും ഗൂഢാലോചനാ നീക്കം?

അഴിമതിക്കെതിരെ റാം ലീലാ മൈതാനത്തു സ്വതന്ത്രഭാരതം കണ്ട ഒരു വലിയ മുന്നേറ്റം നടന്നു. ഈജിപ്റ്റിലെ താഹിര്‍ ചത്വരത്തില്‍ നടന്നതു പോലെയൊരു നീക്കമായിരുന്നു അത്. ആ സമയത്ത് അങ്ങനെയൊരു പൊതുജന പ്രക്ഷോഭം ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്ന ഒരു സമയം കൂടിയായിരുന്നു.

സൈന്യത്തിൽ നിന്നും ഹവിൽദാർ ഡ്രൈവറായി വിരമിച്ച ഒരു മധ്യവയസ്കനായ മഹാരാഷ്ട്ര സ്വദേശി ഈ ആവശ്യമുന്നയിച്ച് നിരാഹാര സമരമിരിക്കാനും മുന്നോട്ടു വന്നു - അണ്ണാ ഹസാരെ!

ദേശീയ ചാനലുകൾ ഇദ്ദേഹത്തിനു ചുറ്റും 24*7 സമയക്രമത്തില്‍ ഭ്രമണം നടത്താന്‍ തുടങ്ങി. പാര്‍ലമെന്റ നടക്കുന്ന സമയമാണ്, വാര്‍ത്തകളില്‍ പക്ഷെ നിറഞ്ഞു നിന്നത് ഈ സമരമായിരുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും സംസാരവിഷയമായി ഹസാരെയും അദ്ദേഹത്തിന്റെ സമരവും ഇടം പിടിച്ചു. അണ്ണാ ഹസാരേയുടെ ഇടത്തും വലത്തുമായി ഇരുന്നു സമരത്തിനു നേതൃത്വം നല്‍കിയ അഞ്ചു പേരേയും മാദ്ധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. മുമ്പു നിയമമന്ത്രിയായിരുന്ന ജനതാദളിന്റെ ശാന്തി ഭൂഷൺ, അദ്ദേഹത്തിന്റെ മകൻ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, കിരൺ ബേദി പിന്നെ കെജ്രിവാളും. രാത്രികാലങ്ങളിൽ സദസിനെ നിദ്രാവിഹീനങ്ങളാക്കാന്‍ പ്രൊഫസർ കുമാർ വിശ്വാസിന്റെ കവിതാലാപനമുണ്ട്. അവയില്‍ നര്‍മ്മമുണ്ടായിരിക്കും, അതില്‍ ഒളിപ്പിച്ച അസഭ്യങ്ങളുമുണ്ടായിരിക്കും. കാര്യമെന്തായാലും ആളുകള്‍ ഉറങ്ങാതെ നോക്കുക എന്നുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കടമ.

വൈകാതെ ഈ സമരപ്പന്തലില്‍ നിന്നും പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി ജനിച്ചു. കെജ്രിവാൾ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നീ മൂവരായിരുന്നു പുതിയ പാര്‍ട്ടിയുടെ മുഖങ്ങള്‍. ഏതൊരു മീഡിയയും ഒരു സോഷ്യൽ ഉല്പന്നമായിരിക്കും. ഇവിടെയും കാര്യങ്ങള്‍ മറിച്ചായിരുന്നില്ല. ഈ പാർട്ടിയുടെ ഏതൊരു പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ മാത്രം പുറത്തുവന്നു.

മുഖ്യ പത്രങ്ങളുടെ സൂപ്പർ ലീഡായി ദിവസങ്ങള്‍ തുടരാന്‍ കഴിഞ്ഞതും ചില്ലറ നേട്ടമല്ല. ഇന്ത്യയുടെ പ്രചോദനം, യുവഇന്ത്യയുടെ പ്രതീകം, പുതിയ ഭാരതം-എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ കൂടിയായപ്പോള്‍ ആം ആദ്മി കൂടുതല്‍ പ്രചാരണം നേടി. ആദ്യ കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചിരുന്നു എങ്കിലും പിന്നീടു ഗതി മാറി.

ഒടുവില്‍ ഡൽഹിയുടെ മുഖ്യനാകാന്‍ അവസരം കിട്ടിയപ്പോഴും കെജ്രിവാൾ തന്റെ പഴയ ആക്ടിവിസ്റ്റ് മനോഭാവം മാറ്റിയില്ല. ഭരണം കിട്ടിയപ്പോള്‍ ആ സ്ഥാനത്തിനുതകുംവിധം കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനു പകരം, കൂടുതല്‍ ജനകീയനാകാനുള്ള അതിമോഹമാണ് ഇദ്ദേഹത്തെ മഥിച്ചത്. തെരുവിലിറങ്ങിയ മുഖ്യമന്ത്രി സ്വയമേവ പ്രഖാപിച്ചു, ഞാനൊരു 'അനാർക്കിസ്റ്റാണ്' എന്ന്. അതും കുഴപ്പമില്ല എന്നു കരുതാം. നാടിനു നല്ലതാണ് എങ്കില്‍ പിന്നെ എന്തു വ്യഥ?

തെരഞ്ഞെടുപ്പെത്തി, കെജ്രിവാളും പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും തന്നെ നേതൃനിരയില്‍. പത്തോളം പേർക്കു സീറ്റ് നല്‍കരുതെന്നു പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. അതിൽ തന്നെ കപിൽ മിശ്ര, സത്യേന്ദ്ര ജെയിൻ, കുമാർ വിശ്വാസ് എന്നിവരെ കൂടുതൽ അടുപ്പിക്കരുതെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. അതിനുള്ള കാരണമായി ഇദ്ദേഹം പറഞ്ഞത് ഇതാണ് - കുമാര്‍ വിശ്വാസ് സംഘ പരിവാർ ചിന്താഗതിയുള്ള ഒരു വ്യക്തിയാണ്. അതിലുമപരി മുസ്ലീമുകളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പല ആവർത്തി ഇയാള്‍ക്കു തങ്ങളോടുള്ള പെരുമാറ്റം പരാതിയായി എഴുതിയും നല്‍കിയതായി പ്രശാന്ത് പറഞ്ഞു.

നാളിത് വരെ വിജയിച്ചു കയറിയ കെജ്രിവാൾ RTI ആക്ടിവിസ്റ്റിൽ നിന്നും ഏകാധിപതിയായി മാറി കഴിഞ്ഞിരുന്നു. തനിക്കു ശേഷം പ്രളയമെന്ന് അദ്ദേഹം കരുതിയിരിക്കാം. തനിക്കൊപ്പം ജനങ്ങളുടെ മതിപ്പു നേടിയ നേതാക്കന്മാരെ പുറത്താക്കുന്നതില്‍ എത്തി ആ മനോഭാവം. അവരുടെ കൂടെ അടിയുറച്ചു നിന്നവരെയും പടിയടച്ചു പുറത്താക്കി. അതിനു ശേഷം ആ പാർട്ടിയിൽ രണ്ടാം സ്ഥാനം എന്നൊന്ന് ഇല്ലാതെയായി. കെജ്രിവാൾ ഒന്നാം സ്ഥാനത്തു തുടര്‍ന്നു. രണ്ടും മൂന്നും സ്ഥാനങ്ങളിലും അങ്ങനെ തന്നെ. മുംബൈയിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഈ പാർട്ടിയുടെ കൂടെ നിന്ന എല്ലാ സീനിയർ നേതാക്കന്മാരെയും പുഷ്പം പോലെ എടുത്തു കളഞ്ഞു കെജ്രിവാള്‍ വ്യക്തമായ ഒരു സന്ദേശം കൊടുക്കുകയായിരുന്നു. തനിക്കെതിരെ ഉള്‍പാർട്ടിയിലോ പരസ്യമായോ രഹസ്യമായോ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ പിന്നെ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. അടങ്ങിയൊതുങ്ങി നില്‍ക്കുന്നവര്‍ക്കു തന്റെ പ്രഭാവലയത്തില്‍ ഈ പാര്‍ട്ടിയില്‍ സുരക്ഷിതമായിരിക്കും.

ഒരര്‍ത്ഥത്തില്‍ ജയലളിത തമിഴ്നാട്ടിൽ പയറ്റിയതും ഇതേ അടവുകള്‍ ആയിരുന്നു. തനിക്കു താഴെയേയുള്ളു ഈശ്വരന്‍ പോലും. അതാണല്ലോ ജയലളിതയുടെ മരണശേഷം യാതൊരുവിധ പൊതുജന ബന്ധവും ഇല്ലാതിരുന്ന ശശികലയ്ക്കു പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്തെത്താന്‍ കഴിഞ്ഞത്. അമ്മയുടെ പാദസേവ ചെയ്തവര്‍ പോലും പാര്‍ട്ടി നേതാക്കളെ സംബന്ധിച്ചു മഹാസംഭവങ്ങളാണ്. പിന്നെ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചപ്പോഴാണ് കാര്യങ്ങള്‍ അല്പമെങ്കിലും ഗതി മാറിയത്. അതു നടക്കില്ലായെന്നു വന്നപ്പോള്‍ തന്റെ ബന്ധുവെങ്കിലും മുഖ്യമന്ത്രിയായാല്‍ മതിയെന്നായി. അപ്പോള്‍ പോലും ആ ഏകാധിപത്യ സ്വഭാവത്തിനു യാതൊരു മാറ്റവും ഉണ്ടായില്ലായെന്നു ശ്രദ്ധിക്കണം.

ഒരു ഡിക്റ്റേറ്റർ ഭരണം ജനാധിപത്യ രാജ്യത്തില്‍ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള പതനം സമ്മാനിക്കും. തണുപ്പു സമയത്തു ഒരു ചുവന്ന മഫ്ളർ തലയിൽ കൂടി പൊതിഞ്ഞ ഒരു സാധാരണക്കാരനില്‍ നിന്നും മുഖ്യമന്ത്രി പദവി സ്വായത്തമായപ്പോള്‍ സ്വന്തം തീരുമാനമെന്ന ധാര്‍ഷ്‌ട്യം അദ്ദേഹത്തെ പിടികൂടി എന്നു വേണം കരുതാന്‍. കാര്യങ്ങളെ അവയുള്ളത് പോലെ ഉള്‍ക്കൊള്ളാനും ഇവര്‍ക്കു കഴിയുന്നില്ല. MCD തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ലഭിച്ചപ്പോള്‍ വോട്ടിംഗ് മെഷീന്‍ അപാകത എന്ന മറയില്‍ ഇദ്ദേഹം സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. എന്നിട്ടും ജനവിധി ഉള്‍ക്കൊള്ളാന്‍ ഉള്ള വിശാലത പ്രകടിപ്പിച്ചില്ല.

അമത്തുല്ലാ ഖാൻ എന്ന എംഎൽഎയുടെ വാക്കുകളില്‍ കൂടി കുമാര്‍ വിശ്വാസ് ബിജെപി നിലപാടുകള്‍ ഉള്ളയാളാണ് എന്നു സമര്‍ത്ഥിക്കുവാനും കെജ്രിവാള്‍ ശ്രമിച്ചു. ഇതൊരു ടെസ്റ്റ്‌ ഡോസ് ആയിരുന്നു. ഇതു പറഞ്ഞതിനാണല്ലോ പ്രശാന്ത് ഭൂഷണിനെ പുറത്താക്കിയത്. എന്നാല്‍ കുമാറിനു 35ല്‍ അധികം എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നു മനസിലാക്കിയപ്പോള്‍ കളം മാറ്റി പിടിച്ചു. ഒടുവില്‍ അമത്തുല്ലാ ഖാനിനെയും പുറത്താക്കി. ഇതാണ് രാഷ്ട്രീയം അറിയാത്ത കെജ്രിവാളും, രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാത്ത അമത്തുള്ള ഖാനും ഒടുവില്‍ പരസ്യമാക്കിയ അണിയറരഹസ്യങ്ങള്‍.

ഇനി കപിൽ മിശ്ര എപ്പിസോഡ് നോക്കാം. എംസിടി തെരഞ്ഞെടുപ്പിനു മുമ്പ് കെജ്രിവാളിന്റെ വാദം എന്തെല്ലാമായിരുന്നു? ഡൽഹിയിൽ മുഴുവൻ ജലം, വൈദ്യുതി എത്തിക്കുവാന്‍ കഴിഞ്ഞു. ഇനി ഡൽഹി മുഴുവൻ വൃത്തിയാക്കുവാനും സിംഗപ്പൂർ പോലെ മനോഹരമാക്കുവാനും കെജ്രിവാളിനു വോട്ടുചെയ്യണം, എന്നായിരുന്നു പരസ്യവാചകം. ഇപ്പോൾ പറയുന്നു ഡൽഹിയിൽ പല ഭാഗത്തും കുടിവെള്ളം എത്തിയിട്ടില്ല, ജനങ്ങൾ പരിഭ്രാന്തരായതിനാല്‍ പാര്‍ട്ടിക്കു തിരിച്ചടി നേരിടുന്നു. അതിനാല്‍ കപിൽ മിശ്രയെ പുറത്താക്കുന്നു. പുറത്തായ കപിൽ മിശ്ര ഒട്ടും വൈകിയില്ല, മറുപടിയുമായി എത്തി. ഒരു മുഴം കൂട്ടിയാണ് ഇദ്ദേഹത്തിന്റെ ആരോപണം. ബിജെപിയുടെ സത്യേന്ദ്ര ജെയിനില്‍ നിന്നും രണ്ടു കോടി രൂപ കെജ്രിവാള്‍ തന്റെ മുന്നില്‍ വച്ചു സ്വീകരിച്ചിരുന്നു എന്നാണ് ആരോപണം. സത്യം പറയട്ടെ, ഈയുള്ളവൻ ഈ ആരോപണം വിശ്വസിക്കുന്നില്ല. പക്ഷെ ആരാണു പറയുന്നതെന്നു വെറുതെയങ്ങു തമസ്ക്കരിക്കുന്നത് എങ്ങനെ? അടുത്ത കാലം വരെ സ്വന്തം ക്യാബിനറ്റിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ്. എന്തിന് അയാളെ പുറത്താക്കി, എന്താണു ശരിക്കും നടന്നത്?

വിവരാവകാശപ്രകാരം കിട്ടിയ രേഖകളിൽ നിന്നും ഹെൽത്ത്, പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജെയിന്‍ 12 ഏക്കര്‍ സ്ഥലം വിവിധ ബിനാമി പേരുകളിൽ ഡൽഹി കരാളയില്‍ നിയമപരമായല്ലാതെ വാങ്ങിയിട്ടുണ്ട് എന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരുന്നു ഇത്. ഇതിന്റെ മാർക്കറ്റ് വില 16 കോടി രൂപയോളം വരും. പഴയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഈ 'ജെയിൻ'.

കെജ്രിവാളിന്റെ ബ്രദർ ഇൻ ലോ കഴിഞ്ഞ ദിവസം അന്തരിച്ച ബൻസാൽ ഒരു കോൺട്രാക്ടർ ആണ്. ചെയ്യാത്ത വർക്കുകളുടെ പേരിൽ പത്തു കോടിയുടെ അടുത്ത ബില്ലുകൾ മാറിയെന്നും ഇല്ലാത്ത രേഖകള്‍ ഉണ്ടാക്കിയാണ് ഇതെന്നും മറ്റൊരു വിവരാവകാശ രേഖയില്‍ പറയുന്നു. ഇതെല്ലാം പരസ്യമാക്കുന്നതു ബിജെപിയോ കോൺഗ്രസോ ഇതര പാര്‍ട്ടികളോ അല്ല. സാക്ഷാൽ ആം ആദ്മി പാർട്ടിയുടെ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളുമാണ്.

കെജ്രിവാൾ എഴുതിയ സ്വരാജ് എന്ന പുസ്തകം വായിക്കണം എന്നൊരു അപേക്ഷ ഈയുള്ളവന് ഉണ്ട്. എംസിടി തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായപ്പോള്‍ കെജ്രിവാൾ ഹാരി ട്രൂമാൻ പണ്ട് പറഞ്ഞത് ഏറ്റെടുത്തിരുന്നു. ജനങ്ങളെ നിർബന്ധിപ്പിച്ചു മനസിലാക്കുക പിന്നീട് അതേ കാര്യത്തില്‍ അവരെ കുഴപ്പിക്കുക!

"But look, you did not have to be well versed in politics to know that some stupid things were going on. It is the counsel's job to stop them, and instead the coverup was created."
Fred F. Fielding

- ഈയുള്ളവനു ലഭിച്ച ഒരു പ്രതികരണമാണിത്. പരിഭാഷപ്പെടുത്താന്‍ നില്‍ക്കുന്നില്ല. അര്‍ത്ഥം മാറിപ്പോയാലോ... സ്വയാവലോകനമാണ് ഉത്തമം.