ബ്രേക്കിങ് ന്യൂസ്: മനസില്‍ സങ്കല്‍പ്പിച്ചത് ഭാര്യയെ അല്ല 😉 മന്ത്രിയുടെ സ്വയംഭോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും?

മാസ് എന്‍ട്രിയാണ് സ്വകാര്യസംഭാഷണം പുറത്തുവിട്ടതിലൂടെ ഒരു സ്വകാര്യ ചാനല്‍ നടത്തിയതെന്ന് അദ്ദേഹം വാദിക്കുന്നു. ഒരു ചാനലില്‍ ക്രൈം വാര്‍ത്ത പോലുള്ള കമ്പിപ്പരിപാടിക്കുള്ള ഇടമേയുള്ളു. പൂര്‍ണ്ണസമയം കമ്പിച്ചാനലിനുള്ള ഇടമുണ്ടോ ഇവിടെ- ഫീച്ചർ എഡിറ്റർ ലാസര്‍ ഷൈന്‍ ചോദിക്കുന്നു

ബ്രേക്കിങ് ന്യൂസ്: മനസില്‍ സങ്കല്‍പ്പിച്ചത് ഭാര്യയെ അല്ല 😉 മന്ത്രിയുടെ സ്വയംഭോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും?

ഇണയെ ആകര്‍ഷിക്കുക എന്നത് തിന്നുക, തൂറുക പോലുള്ള ഒരു ശേഷിയാണ്. എല്ലാ ജീവജാലങ്ങള്‍ക്കും അതുണ്ട്. എന്നാല്‍ മനുഷ്യരില്‍ ചിലര്‍ക്കതില്ല. അവരെയാണ് സദാചാരഗുണ്ടകള്‍ എന്നു ഈ കുറിപ്പില്‍ താഴോട്ട് പ്രയോഗിക്കുന്നത്. രണ്ടു കോഴികള്‍ കൊത്തിച്ചവിട്ടുമ്പോള്‍ അത് ഒളിഞ്ഞു നിന്നു നോക്കുന്ന മൂന്നാമത്തെ കോഴിയെ ഒരു മുറ്റത്തും നമ്മള്‍ കാണില്ല. പട്ടിയേയോ, പൂച്ചയേയോ, വിരയേയോ, പുഴുവിനേയോ ഒളിഞ്ഞു നോട്ടക്കാരായി കാണില്ല. പക്ഷെ മനുഷ്യരെ കാണും. ഒളിഞ്ഞു നോക്കുന്ന അവരുടെ ക്യാമറകളും കാണും. എന്നിട്ടു പറയും ഇതാ മീഡിയ പ്രവര്‍ത്തനമെന്ന്. നുണയാണത്, അത് സദാചാരഗുണ്ടായിസമാണ്.

കേരളത്തില്‍ ഒരു യക്ഷിയുണ്ട്. മലമ്പുഴയില്‍. മലയാളിയുടെ മുന്നില്‍ കാലും കവച്ചിരിക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടായി. അരനൂറ്റാണ്ടിനു മുന്‍പ് ആ യക്ഷിയെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ച മലയാളി ഒരു മധ്യവര്‍ഗ്ഗ നിര്‍ഗുണനാണ്. സ്ത്രീക്കു മുകളില്‍ ഏറ്റവും അവസാനം അധികാരം ഉറപ്പിക്കപ്പെട്ട സവര്‍ണ്ണന്‍ കേരളത്തിലാകും. അത്തരം ആണുങ്ങളുടെ ഞെരുഞെരുപ്പ് ഒഴിമുറി എന്ന സിനിമയില്‍ കണ്ടതാണ്. ഓര്‍മ്മകളുടെ തികട്ടിച്ചാടലുണ്ടാകുമ്പോള്‍ സംബന്ധത്തെക്കുറിച്ചോര്‍ത്ത് ലജ്ജാലുവാകുന്ന പുരുഷന്‍. ഏയ് പുരുഷാ, ലോകത്തേറ്റവും കരുത്തുള്ള സ്ത്രീകള്‍ തങ്കച്ചിമാരായിരുന്നു, ഒഴിമുറിയിലെ ശ്വേതയുടെ കഥാപാത്രമായിരുന്നു എന്നത്, ആ ധാര്‍ഷ്ട്യമാണെന്നത് അഭിമാനിക്കാനുള്ള വകയല്ലേ തരുന്നത്. ആ തങ്കച്ചിമാരെയോര്‍ത്ത് ഞാനഭിമിനിക്കുന്നു- സ്വന്തം ലൈംഗികതയ്ക്കുമേല്‍ പല ആണുങ്ങള്‍ക്ക് പ്രവേശന സ്വാതന്ത്ര്യം നല്‍കാന്‍ സ്ത്രീയെ വിലക്കാനാവാത്ത അക്കാലം അത്രയൊന്നും പിന്നിലല്ല. അക്കാലത്തെ ഭയക്കുന്നതെന്തിന് വെറും പുരുഷാ...

മലയാളം ആഴ്ചപ്പതിപ്പുകളില്‍ ക്രൈംഫീച്ചറുകള്‍ എന്നൊരു വിഭാഗമുണ്ടായിരുന്നു. ക്രൈമിന്റേയും ഫയറിന്റേയും മുന്‍കാലം. അന്ന് മറ്റൊന്നു കൂടിയുണ്ടായിരുന്നു. തുണ്ട്പുസ്തകം. അതച്ചടിച്ചതും കോട്ടയത്ത് തന്നെയാണ്. തുണ്ടു വിറ്റ് കാശുണ്ടാക്കിയ 'പാരമ്പര്യത്തിന്' തുടര്‍ച്ചകള്‍ തുണ്ടിലൂടെ തന്നെ ഉണ്ടാകണമല്ലോ. സിനിമ പ്രസിദ്ധീകരണമെന്ന പേരിലും സമ്പൂര്‍ണ്ണ നോവല്‍ എന്ന പേരിലും തുണ്ടിന്‍ തുടര്‍ച്ചകളുണ്ടാകും. ആ തുണ്ടാണ് മലയാളിയുടെ ലൈംഗിക എഞ്ചുവടി. അയലത്തെ സരസ്വതി ചേച്ചിയുടെ മുട്ടുളുക്കുന്നതും എണ്ണതേക്കാന്‍ സഹായത്തിനു വിളിക്കുന്നതും കുറച്ചുകൂടി മുകളിലെന്നു പറയുന്നതും വായിച്ച് സ്വയം ഭോഗം ചെയ്ത മലയാളി പുരുഷന്റെ ലൈംഗിക ഭാവന ഇപ്പോഴും ആ കൊച്ചുപുസ്തകത്തിന് അപ്പുറത്തേയ്ക്ക് വളരില്ല.

ആ ഭാവനയുള്ള പലരും മാധ്യമപ്രവര്‍ത്തകരുമാണ്. അവര്‍ ശശീന്ദ്രന്റേതെന്നു പറയുന്ന സ്വകാര്യ സംഭാഷണം നാലുപെണ്ണുങ്ങളെ നിരത്തിയിരുത്തി എയര്‍ ചെയ്യും. ആ വാര്‍ത്ത എയര്‍ ചെയ്യുമ്പോള്‍ പെണ്ണുങ്ങളുടെ ശരീരം സ്‌ക്രീനില്‍ വേണമെന്ന നിര്‍ബന്ധം, അവിടെയിരിക്കുന്ന സ്ത്രീകള്‍ മനസിലാക്കിയില്ല. ധന്യരാമനൊക്കെ സ്റ്റുഡിയോ വിട്ട് എഴുന്നേറ്റ് പോകാതിരുന്നത്, ആ വാട്ട്‌സപ്പ് ഗ്രൂപ്പിലെ ലൈക്ക് ധന്യയുടേതെന്ന് നൂറുവട്ടം ഉറപ്പാക്കുന്നതാണ്. ചെവി പൊത്തി പാതിവ്രത്യം തെളിയിക്കാന്‍ ആവശ്യപ്പെടുന്ന ആണധികാരത്തിനു മുന്നിലെ നമ്രശിരസല്ല എന്റെ കൂട്ടുകാരികളാരും. ധന്യയും വാര്‍ത്ത പുറത്തുവിട്ട ബാക്കി മൂവരും അപമാനിച്ചത് അവരെയാണ്.

എന്നാല്‍, ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത എന്നു പറയുന്ന തീട്ടം പുറത്തേയ്ക്ക് വന്നയുടന്‍ കേരളം മൂക്കുപൊത്തുകയാണുണ്ടായത്. ഏറെ സന്തോഷകരമായ നിമിഷമാണത്. മലയാളം ചാനലിലെ ആദ്യ ലൈവ് ന്യൂസ് അവതരിപ്പിച്ച കഥാകൃത്ത് പ്രമോദ് രാമന്‍ വിശേഷിപ്പിച്ചത്- അമേധ്യപ്രവര്‍ത്തനം എന്നാണ്. ഇത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് പറയാത്ത മാധ്യമ പ്രവര്‍ത്തകരാരുമില്ല. ജേര്‍ണലിസം തപാല്‍ കോഴ്‌സായെങ്കിലും പഠിച്ചവര്‍ സ്വകാര്യതയും മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള വെണ്ണപ്പാളിയുടെ വേര്‍തിരിവ് അറിയാവുന്നവരാണ്. ചിലരത് നോക്കിയാല്‍ കാണില്ലായിരിക്കാം. പരിശീലിച്ച് തെളിച്ചെടുക്കുന്ന കണ്ണിനു മാത്രമേ ആ സ്വകാര്യത കാണാനാവു. സ്വകാര്യത ലംഘിക്കുന്നില്ലെന്ന ഉറപ്പുവരുത്തുന്ന വെട്ടും തിരുത്തും സ്വയം വരുത്താത്തയാളെ മാധ്യമപ്രവര്‍ത്തകന്‍ എന്നും അല്ലാത്തയാളെ സദാഗുണ്ട എന്നുമേ വിളിക്കാനാവു.

ഇപ്പോള്‍ ഉദാഹരണത്തിന് താങ്കള്‍, യൂറോപ്യന്‍ ക്ലോസറ്റില്‍ ഇന്ത്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്നതു പോലെ ഇരിക്കുന്നയാളാണ് എന്നു കരുതുക. ഇത്തിരിപ്പോന്ന വക്കില്‍ സാഹസികമായിരുന്ന് അപ്പിയിട്ടാല്‍ മാത്രം അപ്പി പോകുന്ന ചിലരുണ്ട്. അപ്പോള്‍ കക്കൂസിനകത്തേയ്ക്ക് ക്യാമറ വെച്ച് അത് പകര്‍ത്തി, യൂറോപ്യന്‍ ക്ലോസറ്റില്‍ ഇങ്ങനെയിരുന്ന് അപ്പിയിടുന്നത് അപകടമാണ് എന്ന വാര്‍ത്തയുടെ വിഷ്വലാക്കിയാല്‍ അത് മാധ്യമപ്രവര്‍ത്തനമാണോ. സമൂഹത്തിനു ഗുണം ചെയ്യുന്ന കാര്യമേ ചെയ്തുള്ളു എന്നും പറയുന്ന സദാഗുണ്ട ചെയ്യുന്നത് ഒറ്റാണ്. ലാഭം എന്നതിലേയ്ക്ക് ഒരു സമൂഹത്തെ അയാള്‍ ഒറ്റു കൊടുക്കുന്നു. ഒറ്റ് ചിലരുടെ ശീലമാണ്. അതാ അവിടെ അനാശാസ്യം നടക്കുന്നു എന്ന ഒറ്റുന്നവന്‍ മാനസികമായി കാമപൂര്‍ത്തീകരണം നടത്തുകയാണ്. അയലത്തെ സ്ത്രീകളുടെ കഴുകാത്ത അടിവസ്ത്രം മണത്തി കിട്ടുന്ന ആ സുഖത്തിന്റെ പേരല്ല മാധ്യമ പ്രവര്‍ത്തനം. മാധ്യമമൂല്യം എത്രയോ കാലമായി പരിശീലിച്ചുറപ്പിച്ചതാണ്. നിങ്ങളുടെ പഴക്കക്കുറവിന്റെ തീട്ടഭാരം ഞങ്ങളെ ചുമപ്പിക്കരുത്- പ്ലീസ്.

അല്ല സേട്ടാ, ഒന്നു ചോദിച്ചോട്ടെ- കേരളത്തിലെ മന്ത്രിമാര്‍ സ്വയം ഭോഗം ചെയ്താല്‍ അത് ചട്ടവിരുദ്ധമാകുമോയെന്ന് എന്റെ ഫേസ്ബുക്കില്‍ പ്രശോഭ് ചോദിക്കുന്നു.

സ്വയം ഭോഗം ചെയ്താല്‍, മന്ത്രി ഭാവന ചെയ്തത് അദ്ദേഹത്തിന്റെ ഭാര്യയെ അല്ല എന്ന ആ ഞെട്ടിപ്പിക്കുന്ന, സ്‌ഫോടനാത്മകമായ, ലജ്ജാവഹമായ, സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി മറുപടി പറയേണ്ട ബ്രേക്കിങ്ങായി അവതരിപ്പിക്കുമോ?- അതിന് മാര്‍ക്കറ്റൊക്കെയുണ്ട്!

നാരദയില്‍ കെ.ജി ബിജു എഴുതിയ ഒരുവ്യക്തിപരമായ കുറിപ്പ് വായിച്ചു. ആ കുറിപ്പിനോട് വിയോജിക്കുന്നു.

മാസ് എന്‍ട്രിയാണ് സ്വകാര്യസംഭാഷണം പുറത്തുവിട്ടതിലൂടെ ഒരു സ്വകാര്യ ചാനല്‍ നടത്തിയതെന്ന് അദ്ദേഹം വാദിക്കുന്നു. ഒരു ചാനലില്‍ ക്രൈം വാര്‍ത്ത പോലുള്ള കമ്പിപ്പരിപാടിക്കുള്ള ഇടമേയുള്ളു. പൂര്‍ണ്ണസമയം കമ്പിച്ചാനലിനുള്ള ഇടമുണ്ടോ ഇവിടെ. കമ്പിക്കു പരസ്യം നല്‍കാന്‍ മാത്രം വലിയ സെക്‌സ്‌ടോയ് വിപണി നമുക്കുണ്ടോ. പരസ്യത്തിനായണല്ലോ കാഴ്ചക്കാര്‍ വര്‍ദ്ധിക്കേണ്ടത്. കുട്ടികള്‍ കാണരുതാത്ത ഒരു ചാനല്‍ സ്വീകരണമുറിയില്‍ ആരെങ്കിലും വെക്കുമോ. 'വീട്ടിക്കേറ്റാന്‍ കൊള്ളാത്തത'് എന്നതാണോ മാര്‍ക്കറ്റിങ് തന്ത്രം. ആ ചാനലിന്റെ ന്യൂസ് എഡിറ്ററെ പരസ്യവിഭാഗം മേധാവി ഇപ്പോള്‍ വിളിക്കുന്ന തെറി കേള്‍ക്കുന്നുണ്ടോ- എനിക്കു കേള്‍ക്കാം. അങ്ങനെ ഏതോ ഒരു കമ്പിത എഡിറ്റര്‍ മൂലം കുറേ മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം വരാനുള്ള വഴിയടഞ്ഞു. അങ്ങനെ ജനിച്ച വഴി സ്ഥാപനത്തെ ഇല്ലാതാക്കലാണോ ഹീറോയിസം?