കേരളം ഇന്ന് ഒന്നേകാൽ നൂറ്റാണ്ടു പിറകിലാണ്; വിത്ത് സ്മാർട്ഫോൺ എന്നൊരു വ്യത്യാസം മാത്രം

ചുരുക്കി പറഞ്ഞാൽ ഇത്രയേ ഉള്ളൂ; സ്ത്രീയുടെ ശരീരത്തിന്റെ അവകാശി ഇപ്പോഴും പുരുഷൻ ആണ് എന്ന പ്രാകൃത ഫ്യൂഡൽ- പുരുഷാധിപത്യ സമീപനം. അവൾ നൃത്തം ചെയ്യുന്നത്, അതിനായി അംഗീകരിക്കപ്പെട്ട വേദികളിൽ ആയിരിക്കണം. അതിനു അനുവദിച്ചിട്ടുള്ള വേഷം ധരിച്ചിട്ടായിരിക്കണം. തെരുവിൽ 'മറ്റുള്ള പുരുഷന്മാരുടെ മുന്നിൽ' 'കൂത്താട്ടക്കാരികളെ' പോലെ ആടാൻ പാടില്ല. - ജോണി എംഎൽ എഴുതുന്നു

കേരളം ഇന്ന് ഒന്നേകാൽ നൂറ്റാണ്ടു പിറകിലാണ്; വിത്ത് സ്മാർട്ഫോൺ എന്നൊരു വ്യത്യാസം മാത്രം

മലയാളി ഒന്ന് സ്വയം തിരിഞ്ഞു നോക്കേണ്ട സമയം സമാഗതമായിരിക്കുന്നു. നാം മുന്നോട്ടു തന്നെയാണോ നടക്കുന്നത്? പുരോഗമനത്തിന്റെ പേരു പറയുന്ന ഓരോ രാഷ്ട്രീയപ്പാർട്ടിയും കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ജാതി- മത പാർട്ടികളും സംഘടനകളും ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള പുതിയ സ്വരാജ്യ പ്രസ്ഥാനങ്ങളും ഒക്കെ കണ്ണ് തുറന്നു നോക്കുകയും ആത്മാർത്ഥമായി ചോദിക്കുകയും ചെയ്യേണ്ട ഒരു ചോദ്യമാണ് ഇത്.

നാം മുന്നോട്ടു തന്നെയാണു നടക്കുന്നതെങ്കിൽ നാമിന്ന് എവിടെ എത്തി നിൽക്കുന്നു എന്ന ചോദ്യം ചോദിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ നടന്ന രണ്ടു സംഭവങ്ങൾ (അമൃത ഉമേഷ് - പ്രതീഷ് രമ വിഷയം, മലപ്പുറത്തെ ജിമിക്കി കമ്മൽ- ഹിജാബ് വിഷയം) പരിഗണിച്ചാൽ നാം ഒരു നൂറു കൊല്ലം കേരളത്തെ പുറകോട്ടു വലിച്ചതായി യാതൊരു സംശയവും കൂടാതെ മനസ്സിലാകും. അർദ്ധരാത്രിയിൽ തെരുവിനെ അധിനിവേശിക്കുന്നു, കയ്യടക്കുന്നു എന്നുള്ള വിഷയങ്ങൾ ഉന്നയിച്ച് കേരളത്തിലെ സ്വാതന്ത്ര്യദാഹികളായ ചെറുപ്പക്കാർ എറണാകുളത്തെ തെരുവുകളിൽ ആട്ടവും പാട്ടുമായി ഒത്തു കൂടിയപ്പോൾ, അവർ അടിവരയിട്ടു പറഞ്ഞ കാര്യം, പൗരനും പൗരയ്ക്കും വഴിനടക്കാനായി രണ്ടാമതൊരു വില്ലുവണ്ടി സമരം നടത്തേണ്ടതായി വന്നിരിക്കുന്നു എന്നാണ്. ഈജിപ്തിലും അമേരിക്കയിലെ വാൾസ്ട്രീറ്റിലും ഒക്കെ ചെറുപ്പക്കാരുടെ നഗരങ്ങൾ കയ്യടക്കുന്ന സമരപരിപാടികൾ നാം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കണ്ടതാണ്. തെരുവ് പൗരന്റേതാണ് എന്നുള്ള ഒരു പരോക്ഷ പ്രഖ്യാപനം കൂടി അവയിൽ ഉൾച്ചേർന്നിരുന്നു.

അമൃതാ ഉമേഷ്- പ്രതീഷ് രമ വിഷയത്തിലാണ് ആദ്യമായി തെരുവ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പൗരന്റേതാണ് എന്ന വിഷയം എടുത്തു കാട്ടപ്പെട്ടിരിക്കുന്നത്. മനുഷ്യർ നടന്ന് ഉണ്ടായതാണ് വഴികൾ. മനുഷ്യാധ്വാനത്തിന്റെ ഫലങ്ങളുമാണ് വഴികൾ. ആ വഴികൾ ആരൊക്കെ ഉപയോഗിക്കണം എന്നൊരു വിഷയം ജാതിവ്യവസ്ഥ നിലവിൽ നിന്നിരുന്ന എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു. ആ വിഷയത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ നടന്ന കീഴ്ജാതിക്കാരുടെ വിപ്ലവകരവും ധീരവും ആയ ചില സമരങ്ങളാണ് തെരുവ് എല്ലാവരുടേതും ആണെന്ന് ഉള്ള അവകാശബോധം ഇന്ത്യയിലെ മനുഷ്യനിൽ എത്തിച്ചത്.

കേരളത്തിൽ, തിരുവിതാംകൂറിൽ, മഹാത്മാ അയ്യൻ‌കാളി നടത്തിയ വില്ലുവണ്ടി സമരം മോഹൻലാൽ- മാണിക്കൻ ലൈനിലുള്ള ഒരു തന്റേടമായി പലരും പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നാം പ്രമുഖ ദളിത് അറിവാളിയും പ്രവർത്തകനുമായ സണ്ണി എം കപിക്കാട് പറയുന്നതിനെ സ്വീകരിക്കേണ്ടിയിരിക്കുന്നു (പണ്ഡിതൻ എന്ന വാക്ക് അദ്ദേഹം നിരസിക്കും എന്നൊരു ഭയം കൊണ്ടാണ് ഞാൻ അറിവാളി എന്നെഴുതിയത്). തിരുവിതാംകൂറിൽ വഴിയേ വേണ്ടാത്ത ഒരു അവസ്ഥയുണ്ടായിരുന്നു എന്ന് കപിക്കാട് പറയുന്നു. കാലത്തിൽ, സ്ഥലത്തിൽ ഉറഞ്ഞു പോയ, ചലനക്ഷമതയില്ലാത്ത ഒരു സമൂഹമായിരുന്നു, 'ഹിന്ദു രാഷ്ട്രമായിരുന്ന' അന്നത്തെ തിരുവിതാംകൂർ. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഗമായി റോഡ് വന്നു (ഇതേക്കുറിച്ചു മറ്റൊരു പാഠം വികെഎൻ 'ചിത്രഭാരതത്തിലെ ബാന്ധവം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്).

രണ്ടു തരം നിരത്തുകളാണ് ഉണ്ടായിരുന്നത്; രാജവീഥിയും, നാട്ടുവഴികളും. നാട്ടുവഴികളും ജന്മിമാരുടെ കീഴിൽ ആയിരുന്നപ്പോൾ, രാജവീഥി തിരുവിതാംകൂറിലെ എല്ലാ പ്രജകൾക്കും ഒരു പോലെ ഉപയോഗിക്കാമെന്ന് ശ്രീമൂലം തിരുനാൾ രാജ്യഭരണ പ്രമാണം അനുസരിച്ചു പ്രഖ്യാപിച്ചിരുന്നു. എന്നാൽ 1893ലും ദളിതർക്കു (അന്നത്തെ അയിത്ത ജാതിക്കാർക്ക്) രാജവീഥി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. അവരെ മേൽജാതിക്കാർ അടിച്ചോടിക്കുമായിരുന്നു. മഹാത്മാ അയ്യങ്കാളി ചെയ്തത് ഭരണഘടനാപരമായ ഒരു അവകാശം പ്രാവർത്തികമാക്കുകയായിരുന്നു. അതൊരു സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക സംജ്ഞ ആയിരുന്നു.

മഹാത്മാ അയ്യങ്കാളി ആ ചരിത്രം കുറിച്ചത് മുതൽ ഇന്നുവരെ ഒന്നേകാൽ നൂറ്റാണ്ടിന്റെ വഴിദൂരം കിടക്കുന്നു. എന്നിട്ടും ഒരു 'പൊലയാടിച്ചി മോൾക്ക്' കേരളത്തിൽ ഒരു പൊതു നിരത്തു ഉപയോഗിക്കാൻ അവകാശമില്ല എന്ന് വരുന്നത് വളരെ പരിതാപകരമാണ്. ഇതിനുള്ള ഒരു വലതുപക്ഷ (എന്ന് മാത്രമല്ല ഒരു സാമാന്യ മധ്യവർഗ) വിശദീകരണം കേരളത്തിൽ പല തലങ്ങളിലും കേൾക്കുന്നുണ്ട്. അതായത്, അമൃതാ ഉമേഷ് രാത്രി രണ്ടു മണിയ്ക്ക് ഒറ്റയ്ക്ക് പോകരുതായിരുന്നു. എന്തായാലും അവളൊരു പെണ്ണല്ലേ. എന്നൊക്കെ പോകുന്നു ആ വാദങ്ങൾ. പക്ഷെ ഒറ്റയ്ക്ക് പോയ ഒരു യുവതിയ്ക്ക് ആ വഴി ഉപയോഗിക്കാൻ സർവാധികാരങ്ങളും അനുവദിച്ചു കൊടുക്കുമായിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേതെങ്കിൽ എന്ന് ഒന്ന് ആലോചിച്ചു നോക്കുക. അങ്ങിനെയാണെങ്കിൽ അമൃതയ്ക്കു ആ വഴിയിൽ പോലീസിന്റെയോ മറ്റു പുരുഷന്മാരുടെയോ ശല്യം ഉണ്ടാകുമായിരുന്നോ? ഇല്ല എന്ന് തന്നെ പറയണം.

ഒരു യുവതി രാത്രിയിൽ ഒറ്റയ്ക്ക് വഴിയിൽ ധൈര്യത്തോടെ ഇറങ്ങുമ്പോൾ അവൾ, കേരളസമൂഹത്തെ, കേരളത്തിലെ ഭരണകൂടത്തെ, കേരളത്തിലെ പോലീസിനെ, അവളുടെ സംരക്ഷണം സമൂഹത്തിന്റെ ചുമതലയാണെന്നൊക്കെ വീരവാദം പറയുന്ന വലതു -മധ്യവർഗ മനുഷ്യരെ ഒക്കെ പൂർണ്ണമായും വിശ്വസിക്കുന്നുണ്ട്. വഴി അവളുടേതുകൂടിയാണെന്ന ഭരണഘടനാ ഉറപ്പിൽ അവൾ വിശ്വസിക്കുന്നുണ്ട്. കേരളം ഒരു യുവതിയോട് നടത്തിയ വിശ്വാസ ലംഘനം എന്നത് കൂടാതെ കേരളത്തിന്റെ പുരോഗമചരിത്രത്തിന്റെ അവഹേളനം കൂടിയായി ഞാനീ വിഷയത്തെ കാണുന്നു.

മഹാത്മാ അയ്യങ്കാളി ദളിതർക്കു വേണ്ടി മാത്രമായിരുന്നില്ല വില്ലുവണ്ടി രാജവീഥിയിലൂടെ ഓടിച്ചത്. ഭരണഘടനയിൽ ഉറപ്പു വരുത്തിയിരിക്കുന്ന പൗരാവകാശങ്ങൾ ആർക്കൊക്കെ ലംഘിക്കപ്പെടുന്നുവോ അവർക്കെല്ലാം വേണ്ടിയാണ്. അങ്ങിനെയെങ്കിൽ കേരളം ഇന്ന് ഒന്നേകാൽ നൂറ്റാണ്ടു പിറകിലാണ്; വിത്ത് സ്മാർട്ഫോൺ എന്നൊരു വ്യത്യാസം മാത്രം.

മലപ്പുറത്തെ ഒരു ദന്തൽ കോളേജിലെ കുട്ടികൾ ഹിജാബ് ധരിച്ച് ഒരു ഫ്ലാഷ് മോബ് സൃഷ്ടിച്ചു എന്നതാണ് മറ്റൊരു വിഷയം. പൊതുനിരത്ത് ഉപയോഗിക്കാനുള്ള അവകാശം ഇവിടെ ഏതാനും യുവ പൗരകളിൽ നിന്ന് അവർ ഉൾപ്പെടുന്ന ഒരു മത സമൂഹത്തിലെ ചില വിഭാഗങ്ങൾ എടുത്തു കളയുകയും, ആ നിരോധനത്തിന് പിന്തുണയുമായി വിരുദ്ധ മതങ്ങളിൽ പെട്ട ഒരു പാട് പേർ (അല്ലെങ്കിൽ പാമ്പിനെയും കീരിയെയും പോലെ കഴിയുന്നവർ. എട്ടാം നൂറ്റാണ്ടു വരെയുള്ള ഹിന്ദു -ബുദ്ധിസം തർക്കങ്ങളുടെ സന്ദർഭത്തിൽ എന്ന പോലെ) മുന്നോട്ടു വരികയും ചെയ്തിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇത്രയേ ഉള്ളൂ; സ്ത്രീയുടെ ശരീരത്തിന്റെ അവകാശി ഇപ്പോഴും പുരുഷൻ ആണ് എന്ന പ്രാകൃത ഫ്യൂഡൽ- പുരുഷാധിപത്യ സമീപനം. അവൾ നൃത്തം ചെയ്യുന്നത്, അതിനായി അംഗീകരിക്കപ്പെട്ട വേദികളിൽ ആയിരിക്കണം. അതിനു അനുവദിച്ചിട്ടുള്ള വേഷം ധരിച്ചിട്ടായിരിക്കണം. തെരുവിൽ 'മറ്റുള്ള പുരുഷന്മാരുടെ മുന്നിൽ' 'കൂത്താട്ടക്കാരികളെ' പോലെ ആടാൻ പാടില്ല.

മലപ്പുറത്തെ ഫ്ലാഷ് മോബ് വിഷയത്തിന് പല തലങ്ങൾ ഉണ്ട്. ഇതിൽ നേരത്തെ പറഞ്ഞത് പോലെ, ഹിന്ദുവും മുസ്ലീമും ഒന്നിക്കുന്നു. പക്ഷെ സത്യം മറ്റൊന്നല്ലേ എന്ന് നമ്മൾ അല്പം സംയമനത്തോടെ ചിന്തിക്കേണ്ടതുണ്ട്. ഒന്നാമതായി, ഈ നൃത്തത്തിന് ഒരു സവിശേഷ സന്ദർഭം ഉണ്ട്; എയിഡ്സിനെതിരെ ബോധവൽക്കരണം. രണ്ടാമതായി, നമ്മളിൽ ഏറെപ്പേരും കണ്ട രീതിയിൽ ഹിജാബിട്ട മൂന്നു പെൺകുട്ടികൾ മാത്രമല്ല അവിടെ നൃത്തം ചെയ്യുന്നത്. അവരെത്തുടർന്നു വിവിധമതസ്ഥരായ കുട്ടികൾ റോഡിൽ നൃത്തം തുടരുന്നു. മൂന്നാമതായി, അവർ നൃത്തം ചെയ്യുന്നതിനായി തിരഞ്ഞെടുത്ത പാട്ട്, കേരളത്തിലെ ആബാലവൃദ്ധം ജനം ഒരു കാര്യവുമില്ലാതെ പാടിനടന്ന ഒരു പാട്ടാണ്. ചുരുക്കിപ്പറഞ്ഞാൽ വളരെ നിഷ്കളങ്കവും എന്നാൽ ഒരു സന്ദേശം സമൂഹത്തിൽ എത്തിക്കുക എന്ന ഉദാത്ത ലക്ഷ്യവും ആയി റോഡിൽ എത്തിയ കുട്ടികളെയാണ് ഇന്ന് ഇരകളാക്കിയിരിക്കുന്നത്.

റോഡിൽക്കിടന്നു കൂത്താടരുത്, അതും ഹിജാബ് ധരിച്ചു കൊണ്ട് എന്ന് പറയുമ്പോൾ ഹിജാബില്ലാതെയായിരുന്നെങ്കിൽ ആകാം എന്നൊരു വ്യാഖ്യാനം അതിൽ വരാം. എന്നാൽ അവർ അത് ചെയ്തിരുന്നെങ്കിൽ അവരുടെ സ്വത്വ നിർമ്മിതിയ്ക്കും സ്വത്വ നിർണയത്തിനും കാരണമായ ഹിജാബ് എന്തിനു പൊതു ഇടത്തിൽ അഴിച്ചു മാറ്റി പ്രത്യക്ഷപ്പെട്ടു എന്നതിന്റെ പേരിലായിരിക്കും അവർ ഇരകളാക്കപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ ഹിജാബ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതു നിരത്തിൽ പെൺകുട്ടികൾക്ക് അവകാശം ഇല്ല എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

ഞാനൊരു ഹിജാബ് വിരുദ്ധ പ്രവർത്തകൻ അല്ല. എന്നു മാത്രമല്ല, ഹിജാബ് ഒരു സ്വത്വരൂപീകരണത്തിന്റെയും സ്വത്വ അഭിമാനത്തിന്റെയും ഭാഗമായിട്ടാണ്, ഒരു പ്രതിരോധ ചിഹ്നമായി ആണ് വരുന്നത് എങ്കിൽ അതിനെ എതിർക്കാനൊന്നും ഞാൻ ഒരുക്കവുമല്ല. ഹിജാബുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളൊന്നും അറിയാൻ പാടില്ല എന്നതിനാലും അറിയാൻ ശ്രമിക്കുന്നില്ല എന്നതിനാലും ഞാൻ ഇസ്‌ലാം മതത്തിനെ വിമർശിക്കാനും ഒരുമ്പെടുന്നില്ല. അതിനെ ഒരു ആഭ്യന്തരപ്രശ്നം ആയി കരുതുമ്പോൾ തന്നെ, ഒരു സാംസ്കാരിക വിമർശകൻ എന്ന നിലയിൽ എനിയ്ക്കു ഇന്ത്യയിലെ പൗരാവകാശത്തെക്കുറിച്ചും ലിംഗ രാഷ്ട്രീയത്തെക്കുറിച്ചും ദളിത് മുന്നേറ്റങ്ങളെ കുറിച്ചും പൊതുമണ്ഡലത്തെ കുറിച്ചും സംസാരിക്കാൻ അവകാശം ഉള്ളതിനാൽ, ഈ ഹിജാബ്- നൃത്ത വിഷയത്തെ, സ്ത്രീയുടെ ശരീത്തിനു മേൽ അവൾക്കു പൊതു ഇടങ്ങളിൽ സ്വന്തം ബുദ്ധി ഉപയോഗിച്ച് നിർണ്ണായക തീരുമാനം എടുക്കാനും, ആ ശരീരത്തെ എടുത്തുപയോഗിക്കാനും ഉള്ള അവകാശം ഇല്ലാതാക്കുന്ന ഒരു പുരുഷാധിപത്യ വ്യവസ്ഥയാണ് ഇസ്‌ലാമിലും ഹിന്ദുമതത്തിലും ഉള്ളത് എന്ന് പറയാൻ ആഗ്രഹിക്കുന്നു.

ഇവിടെയാണ് മഹാത്മാ അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തി മുപ്പത്തിമൂന്നു വർഷങ്ങൾക്കു ശേഷം 1926ൽ പികെ റോസി എന്ന ഒരു ദളിത് യുവതിയ്ക്ക് ഒരു സിനിമയിൽ അഭിനയിച്ചു എന്നതിന്റെ പേരിൽ നാടുവിട്ടു പോകേണ്ടതായും മറ്റൊരു പേരിൽ മറ്റൊരു ജാതിയായി അഭിനയിച്ചു കൊണ്ട് ജീവിതം മുഴുവൻ അജ്ഞാതവാസം നടത്തേണ്ടതായും വന്നത്. ഈ ചരിത്രസന്ദർഭം ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല. ജെസി ഡാനിയേൽ നിർമ്മിച്ച ആദ്യ മലയാള ചിത്രമായ (ശബ്ദചിത്രമായ) വിഗതകുമാരനിൽ അഭിനയിച്ച റോസിയുടെ കാര്യമാണ് ഇപ്പറഞ്ഞത്. കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് സിനിമ വന്നപ്പോൾ കേരളം ഇതിനെ വളരെയധികം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. അപ്പോൾ എന്തായിരുന്നു റോസിയെ ഓടിച്ചു വിട്ടത്? അവരുടെ ദളിത് സ്വത്വം ആയിരുന്നോ? അതോ നായർ യുവതിയായി അഭിനയിച്ചു എന്നതായിരുന്നോ? ഒരു സ്ത്രീ എന്നതായിരുന്നോ? അതോ ഇതെല്ലാം ആയിരുന്നോ?

സ്ത്രീകൾ അരങ്ങത്തു വരാൻ പാടില്ല; അത് ഗണികാവൃത്തിയാണ് എന്നൊക്കെ കരുതിയിരുന്നത് കൊണ്ടാണല്ലോ, ജെ സി ഡാനിയേലിനു തന്റെ സിനിമയിൽ തന്നോടൊപ്പം അഭിനയിക്കാൻ ഒരു പുലച്ചിയെ/പുലയാടിച്ചിയെ തെരയേണ്ടി വന്നത്. പൊതുമണ്ഡലം സ്ത്രീയ്ക്ക് അപ്രാപ്യമാണെന്നു തന്നെയല്ലേ പികെ റോസി സംഭവം വ്യക്തമാക്കുന്നത്? അതിൽ നിന്നും നാം മുന്നോട്ടു പോയോ?

അവിടെ നിന്നും ഒരു നാല് വർഷം കൂടി മുന്നോട്ട്. ബ്രാഹ്മണർക്കിടയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട്, യോഗക്ഷേമ സഭയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കാനായി 1930ൽ 'അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' എന്നൊരു നാടകം വി ടി ഭട്ടതിരിപ്പാട് എഴുതി. അതിൽ സ്ത്രീ വേഷം കെട്ടിയതെല്ലാം പുരുഷന്മാരായിരുന്നു എന്ന വൈചിത്ര്യവും നമ്മൾ കാണുന്നു. കാരണം ഇന്നത്തെ പോലെ അന്നും അരങ്ങ് സ്ത്രീയുടേതായിരുന്നില്ല. പൊതുമണ്ഡലം അവൾക്കു പ്രാപ്യം ആയിരുന്നില്ല എന്നത് തന്നെ.

1927ൽ ആണ് എംആർബി മറക്കുടയ്ക്കുള്ളിലെ മഹാ നരകം എന്ന നാടകം എഴുതിയത്. മഹാനരകം. ഒരു മതപണ്ഡിതൻ ഈ പെൺകുട്ടികളുടെ കാര്യത്തിൽ പറഞ്ഞത് അവർക്കായി ഒരു മഹാനരകം വാതിൽ തുറന്നിരിക്കുന്നു എന്നാണ്. ചരിത്രം ചില സന്ദർഭങ്ങളിൽ അസാമാന്യമായ ഭാരത്തോടെ നമ്മുടെ തലയിൽ വന്നു വീഴുന്നു.

Read More >>