ഏതെങ്കിലും കണ്ടം അടുത്തുണ്ടായിരുന്നെങ്കിൽ ചെന്നിത്തല അപ്പോൾ തന്നെ അതിലൂടെ ഓടിയേനെ

പരിപാടിയൊന്നുമില്ലാതിരുന്നപ്പോഴാകാം ശ്രീജിത്തിനെ സന്ദര്‍ശിച്ച് അല്‍പം രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന 'ന്യായമായ' ചിന്ത ചെന്നിത്തലയ്ക്കു തോന്നിയത്. താന്‍ മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്നുവെന്നും ആ കാലത്താണ് ശ്രീജിത്തിന്റെ അനിയനെ പൊലീസ് കൊന്നതെന്നുമുള്ള കാര്യങ്ങള്‍ പൊതുജന സേവനത്തിനായി ഓടിനടക്കുന്നതിനിടയിൽ പാവം ചെന്നിത്തല സാർ മറന്നു പോയെന്നു തോന്നുന്നു- നാരദ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ജിനേഷ് ദേവസ്യ എഴുതുന്നു

ഏതെങ്കിലും കണ്ടം അടുത്തുണ്ടായിരുന്നെങ്കിൽ ചെന്നിത്തല അപ്പോൾ തന്നെ അതിലൂടെ ഓടിയേനെ

ആടിനെ കൊന്ന് തിന്ന ശേഷം ആ ആടിന്റെ തന്നെ അനുസ്മരണത്തില്‍ കണ്ണീരോടെ പ്രസംഗിക്കുന്ന പുലിയുടെ ഒരു ചിത്രം കണ്ടിട്ടുണ്ട്. സെക്രട്ടറിയേറ്റ് പടിക്കല്‍ 765 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിനെ രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കുന്ന വീഡിയോ കണ്ടപ്പോള്‍ ഇക്കാര്യം വീണ്ടും ഓര്‍മ വന്നു. രാവിലെ പ്രത്യേക പരിപാടിയൊന്നുമില്ലാതിരുന്നപ്പോഴാകാം ശ്രീജിത്തിനെ സന്ദര്‍ശിച്ച് അല്‍പം രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന 'ന്യായമായ' ചിന്ത ചെന്നിത്തലയ്ക്കു തോന്നിയത്. താന്‍ മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്നുവെന്നും ആ കാലത്താണ് ശ്രീജിത്തിന്റെ അനിയനെ പൊലീസ് കൊന്നതെന്നുമുള്ള കാര്യങ്ങള്‍ പൊതുജന സേവനത്തിനായി ഓടിനടക്കുന്നതിനിടയിൽ പാവം ചെന്നിത്തല സാർ മറന്നു പോയെന്നു തോന്നുന്നു. സാറിന്റെ പൊലീസാണ് സാറേ ശ്രീജിത്തിനെ കൊന്നതെന്ന് പറഞ്ഞുകൊടുക്കാന്‍ അദ്ദേഹത്തിന്റെ കൂടെയുള്ള ആര്‍ക്കും ബുദ്ധി തോന്നിയില്ല താനും. ഫലമോ പാലം പൊളിഞ്ഞുവീണ സംഭവത്തില്‍ നടന്ന പ്രതിഷേധം പാലം പണിത കോണ്‍ട്രാക്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നതുപോലെ ചെന്നിത്തല സമരപ്പന്തലില്‍ പോയി. വിടി ബല്‍റാമില്‍ നിന്ന് (അത്ര സന്തോഷത്തോടെയല്ലാതെ) ആ ട്രോഫി ഏറ്റു വാങ്ങി. ആളും പരിവാരങ്ങളുമായി കയ്യടി നേടാന്‍ ചെന്ന ചെന്നിത്തലയ്ക്കിപ്പോൾ സോഷ്യൽ മീഡിയ വക ആവശ്യത്തിന് 'കയ്യടി'കളും പൊങ്കാലകളും കിട്ടുന്നുണ്ട്.

നമുക്ക് ഏതറ്റം വരെ വേണമെങ്കിലും പോകാമെന്നും കോടതിയെ സമീപിക്കാമെന്നുമൊക്കെ (പ്രകടന പത്രികയില്‍ പറയും പോലെ) പ്രത്യേകിച്ച് ചെലവൊന്നുമില്ലാത്ത കാര്യമായതിനാല്‍ ചെന്നിത്തല വാഗ്ദാനങ്ങളും നല്‍കി. വെറുതെ തെരുവില്‍ കിടന്ന് കൊതുകു കടി കൊള്ളേണ്ടെന്നും ഡെങ്കിപ്പനി ബോധവല്‍കരണത്തിന്റെ ഭാഗമായി ചെന്നിത്തല ശ്രീജിത്തിനെ ഉപദേശിച്ചു കാണും. തെരുവ് ഒഴിവാക്കി തന്നെപ്പോലെ വല്ല എസിയിലും പോയി കിടന്നുകൂടേ എന്ന് ദ്യോതിപ്പിക്കുന്ന ചെന്നിത്തലയുടെ സ്‌നേഹത്തോടെയുള്ള ക്ഷണത്തിനു മറുപടിയായി പച്ചത്തെറി വിളിക്കാതെ ശ്രീജിത്തും മാതൃകയായി. സഹായ വാഗ്ദാനങ്ങളൊക്കെ പ്രഖ്യാപിച്ച് ആവേശത്തോടെ മുന്നേറുമ്പോഴാണ് സമരപ്പന്തലിലുള്ള ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍ ചെന്നിത്തലയ്ക്ക് അല്‍പം വൈകിയാണെങ്കിലും ന്യൂ ഇയര്‍ സമ്മാനം ലൈവായി കൊടുത്തത്. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഉഡായിപ്പിന് വയറു നിറച്ച് കൊടുത്ത് ശ്രീജിത്തിന്റെ കൂടെ നിന്നവര്‍ ആ കാവ്യ നീതി നടപ്പിലാക്കി. പൊങ്കാലയ്‌ക്കൊടുവില്‍ സമീപത്ത് ഏതെങ്കിലും കണ്ടം ഉണ്ടായിരുന്നെങ്കില്‍ ചെന്നിത്തല അപ്പോൾ തന്നെ അതിലൂടെ ഓടിയേനെ എന്നാണ് സംഭവത്തിനു ദൃക്‌സാക്ഷിയായ ചിലര്‍ പറയുന്നത്. ഇതൊരു മാതിരി മെട്രോ ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതിനെതിരെ കുമ്മനം രാജശേഖരന്‍ പ്രചാരണം നടത്തുന്നുന്നത് പോലെയായിപ്പോയി ചെന്നിത്തല സാറേ.


Read More >>