പണത്തോടുള്ള ആർത്തി കുറയാനാണ് അമ്മ നഴ്സുമാർക്ക് ആവശ്യത്തിനു മാത്രം ശമ്പളം നൽകിയത്; അതാണമ്മ

പണം അനാവശ്യമായി ചെലവാക്കുന്ന അഹങ്കാരികളെ പോലെ അമ്മയെ ഏതെങ്കിലും ഹോട്ടലുകളിലോ ഡാന്‍സ് ബാറുകളിലോ നിങ്ങൾ കണ്ടിട്ടുണ്ടോ? ഏതെങ്കിലും സ്ഥലത്ത് പൊറോട്ടയും ബീഫോ ചിക്കന്‍ കബാബോ കഴിച്ചിരിക്കുന്ന അമ്മയെ കണ്ടിട്ടുണ്ടോ?- നാരദ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ജിനേഷ് ദേവസ്യ എഴുതുന്നു

പണത്തോടുള്ള ആർത്തി കുറയാനാണ് അമ്മ നഴ്സുമാർക്ക് ആവശ്യത്തിനു മാത്രം ശമ്പളം നൽകിയത്; അതാണമ്മ

അനാവശ്യമായി ധനം സമ്പാദിക്കുന്നതിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് ഇന്ന് ലോകത്തിന്റെ അമ്മ മാതാ അമൃതാനന്ദമയി ദേവിയുടെ തിരുവാക്കുകള്‍ സാകൂതം വായിച്ചു. 'ജീവിതം പണത്തിന് വേണ്ടിയാകരുത്' എന്നാണ് ലോകത്തിന്റെ അമ്മ പറഞ്ഞത്. മനുഷ്യന്‍ പണത്തിനും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പായുന്ന ലോകത്ത് യാതൊരു സമ്പത്തും കരുതിവെയ്ക്കാതെ ശുഭ്രവസ്ത്രം മാത്രം ധരിച്ച് ആയിരങ്ങള്‍ക്ക് ആത്മീയാശ്വാസം പകര്‍ന്നു നല്‍കുന്ന വ്യക്തിത്വമാണ് അമ്മ. 'മനുഷ്യന്റെ മനസും ചിന്തയും ഏറ്റവും കൂടുതല്‍ വ്യാപരിക്കുന്നത് പണത്തിലാണ്. ജീവിക്കാന്‍ പണം ആവശ്യമാണ്. പക്ഷേ ജീവിതം പണത്തിന് വേണ്ടിയാകരുത്' എന്നും അമ്മ അരുളുന്നുണ്ട്. പണം സമ്പാദിക്കരുതെന്ന് അമ്മ പറയുമ്പോള്‍ തന്റെ ജീവിതത്തിലൂടെയും അത് പ്രാവര്‍ത്തികമാക്കിയതിന്റെ അഭിമാനം അമ്മയ്ക്കുണ്ടാകും.

പാവങ്ങളെ സേവിക്കാനായി അമൃത ആശുപത്രികളും അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ച് അമ്മ നടത്തുന്ന സൗജന്യ സേവനങ്ങളും നമ്മള്‍ കാണാതെ പോകരുത്. ഭീമമായ കടം മേടിച്ച് നിര്‍മിച്ച ഈ സ്ഥാപനങ്ങളിലെ സേവനം ഏറെക്കുറെ സൗജന്യവും ചിലപ്പോഴൊക്കെ നാമമാത്ര പണം മേടിച്ചുമാണെന്ന് പല വിമര്‍ശകര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ഈ കെട്ടിടങ്ങള്‍ പലതും ജപ്തിഭീഷണിയിലാണെന്നും കേള്‍ക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലും സേവനത്തെ ബിസിനസാക്കി മാറ്റാതെ സേവനമാക്കി തന്നെ നിലനിര്‍ത്തുന്ന അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണ് പണം സമ്പാദിക്കരുതെന്ന് പറയാന്‍ അവകാശമുള്ളത്?

ജീവിതം പണത്തിന് വേണ്ടിയാകരുതെന്ന തന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിയാണ് അമ്മ അമൃത ആശുപത്രിയിലെ എല്ലാ കാര്യങ്ങളും തന്നെ ചെയ്യുന്നത്. വെറുതെ കുറേ പണം സമ്പാദിച്ച് നഴ്‌സുമാര്‍ സുഖലോലുപതയിലും ആഡംബരത്തിലും ജീവിക്കുമെന്നതിനാല്‍ അമ്മ അവര്‍ക്ക് അതിന് ആനുപാതികമായ ശമ്പളമാണ് നല്‍കി വരുന്നത് (ചില ആഡംബരപ്രിയര്‍ കനത്ത ശമ്പളം ആവശ്യപ്പെട്ട് സമരം നടത്തിയതും അവരെ അമ്മയുടെ സേവകര്‍ സഹാനുഭൂതിയോടെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചതും നമുക്കറിയാമല്ലോ).

കോടിക്കണക്കിന് രൂപ കടമെടുത്ത് അമൃതാനന്ദമയി ആശുപത്രികളും മറ്റു കെട്ടിടങ്ങളും പണിതെങ്കിലും (അതും പാവങ്ങള്‍ക്ക് വേണ്ടി) അമ്മ ഏതെങ്കിലും തരത്തിലുള്ള ആഡംബരം നടത്തി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? പണം അനാവശ്യമായി ചെലവാക്കുന്ന അഹങ്കാരികളെ പോലെ അമ്മയെ ഏതെങ്കിലും ഹോട്ടലുകളിലോ ഡാന്‍സ് ബാറുകളിലോ കണ്ടിട്ടുണ്ടോ? ഏതെങ്കിലും സ്ഥലത്ത് പൊറോട്ടയും ബീഫോ ചിക്കന്‍ കബാബോ കഴിച്ചിരിക്കുന്ന അമ്മയെ കണ്ടിട്ടുണ്ടോ? ഉണ്ടെന്ന് അമ്മയോടു ശത്രുതയുള്ള ചില ജിഹാദികളും കുരിശ് കൃഷിക്കാരും പോലും പറയില്ല.

കാരണം അത്രക്ക് ലളിതവും പണം ഉപയോഗിക്കാതെയുമുള്ളതാണ് അമ്മയുടെ ജീവിതം. കളര്‍ വസ്ത്രങ്ങള്‍ ധരിച്ച് ആരെങ്കിലും അമ്മയെ കണ്ടിട്ടുണ്ടോ? അമൃതാനന്ദമയീ ദേവിയെ ഏതെങ്കിലും വിനോദ സഞ്ചാര പാര്‍ട്ടികളിലോ പാര്‍ക്കുകളിലോ ആഡംബര ബംഗ്ലാവുകളിലെ സദ്യകളിലോ കണ്ടിട്ടുണ്ടോ? കാണില്ല, കാരണം അമ്മ 100 ശതമാനം താന്‍ പറയുന്ന വാക്കുകള്‍ക്കനുസരിച്ച് ജീവിക്കുന്ന പുണ്യ ജന്മമാണ്.

അമ്മയുടെ പേരില്‍ ചില സ്ഥാപനങ്ങളൊക്കെ ഉണ്ടെങ്കിലും അമ്മയുടെ കൈയില്‍ ഒരു രൂപ പോലും ഉണ്ടാകാറില്ലെന്ന കാര്യം അമ്മയുടെ കടുത്ത എതിരാളികള്‍ പോലും സമ്മതിക്കും. അമ്മക്ക് ബാങ്ക് നിക്ഷേപങ്ങളോ എസ്‌റ്റേറ്റുകളോ ആഡംബര കാറുകളോ ഇല്ല, മറിച്ച് അമ്മക്കുള്ളത് ഒന്നോ രണ്ടോ ശുഭ്രവസ്ത്രം മാത്രം. പിന്നെ മനസ് നിറയെ അതിരുകളില്ലാത്ത സഹജീവി സ്‌നേഹം. ഇങ്ങനെയൊരു പുണ്യാത്മാവ് ജീവിച്ചിരുന്നു എന്ന് ഒരു പക്ഷെ വരും തലമുറ വിശ്വസിച്ചേക്കാന്‍ സാധ്യതയില്ലാത്ത വ്യക്തിത്വമാണ് അമ്മ. അതുകൊണ്ടു തന്നെ അമ്മയുടെ തിരുവചനങ്ങളനുസരിച്ച് പണത്തോടുള്ള ആര്‍ത്തി കുറച്ചാല്‍ സമാധാനം മനുഷ്യനെ തേടി വരും. സമാധാനമുണ്ടെങ്കില്‍ മറ്റെന്താണ് നമുക്കാവശ്യം.

ഓം ഹരി


Read More >>