ശ്രീമാന്‍ ഇക്കിളിച്ചേട്ടാ, പെണ്ണിനെ ഒളിഞ്ഞു നോക്കി ഇനിയും കണ്ണു കഴച്ചില്ലേ?

കേരളത്തിന് വെളിയില്‍ ബസില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകാം അവിടെ ഒരേ സീറ്റില്‍ വളരെ ജനാധിപത്യപരമായും ലിംഗഭേദമില്ലാതെയും സ്ത്രീപുരുഷന്‍മാര്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ ബസുകളില്‍ അവസരമുണ്ടാക്കി സ്ത്രീകളെ തോണ്ടാനും പിച്ചാനുമൊക്കെ ആളുകള്‍ ക്യൂവാണ് താനും. ഈയൊരവസ്ഥയ്ക്ക് കാരണമെന്താണെന്ന് എഴുതുകയാണ് നാരദ ന്യൂസ് സീനിയര്‍ സബ്എഡിറ്റര്‍ ജിനേഷ് ദേവസ്യ

ശ്രീമാന്‍ ഇക്കിളിച്ചേട്ടാ, പെണ്ണിനെ ഒളിഞ്ഞു നോക്കി ഇനിയും കണ്ണു കഴച്ചില്ലേ?

കഴിക്കാന്‍ ഭക്ഷണവും കുടിക്കാന്‍ വെള്ളവുമില്ലെങ്കിലും സദാചാരം സംരക്ഷിക്കുന്നതില്‍ കാലാകാലങ്ങളായി മലയാളി ആര്‍ക്കും പിന്നിലല്ല. അതിനായവര്‍ നഴ്‌സറി ക്ലാസ് മുതല്‍ 'നീ ആണും' 'നീ പെണ്ണു'മെന്ന് പറഞ്ഞ് ബെഞ്ചുകള്‍ പകുത്തിടും. അവിടെ ആരംഭിക്കുന്നു സദാചാരത്തിന്റെ (കപട) ബാലപാഠങ്ങള്‍. ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധങ്ങള്‍ക്കുള്ള ആദ്യത്തെ സാധ്യത തന്നെ ഇല്ലാതാക്കിയടുത്തു നിന്നാണ് പിന്നെ കുട്ടികള്‍ വളരുന്നത്. പിന്നീട് നിയന്ത്രണത്തിന്റെ കാലങ്ങളാണ് വരാനുള്ളത്. പരസ്പരം സംസാരിക്കരുത്, ഒരുമിച്ചിരിക്കരുത്, ഒരുമിച്ച് നടക്കരുത് എന്നിങ്ങനെ കല്ലുപിളര്‍ക്കുന്ന ശാസനകളിലൂടെയാണ് കൗമാരക്കാരായ കുട്ടികള്‍ യൗവനത്തിലേക്ക് കടക്കുന്നത്. ആരോഗ്യകരമായ ഇടപെടലുകളും സൗഹൃദങ്ങളും ലൈംഗികതയിലേക്ക് വഴിതെളിക്കുമെന്ന മതനിര്‍മ്മിത സദാചാരമാണ് ഇവരില്‍ ചുമത്തപ്പെടുന്നത്. ഈ സദാചാര പ്രശ്‌നങ്ങളാകട്ടെ പുരുഷ കോണിലൂടെ രൂപപ്പെട്ടതും സ്ത്രീയെ ഒബ്ജക്റ്റായി മാത്രം സമീപിക്കുകയും ചെയ്യുന്നതാണ്. സ്ത്രീയുടേയും പുരുഷന്റേയും പ്രകൃത്യാലുള്ള ശാരീരിക-മാനസിക പ്രത്യേകതള്‍ പരസ്പരം മനസിലാക്കി ലിംഗവ്യത്യാസമില്ലാതെയുള്ള സൗഹൃദങ്ങള്‍ രൂപപ്പെടുത്തുന്നതിനെയാണ് കപടസദാചാരമെന്ന അനാചാരം ഇല്ലാതാക്കുന്നത്. അടിച്ചേല്‍പ്പിക്കപ്പെട്ട സദാചാരം മൂലം തെറ്റായ ലൈംഗിക സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നതാണ് മറ്റൊന്ന്.

ആരോഗ്യകരമായ സ്ത്രീ സൗഹൃദങ്ങളുടെ അഭാവത്തിലാണ് സ്ത്രീ ശരീരത്തെക്കുറിച്ചുള്ള അതിവൈകാരിക കാമനകള്‍ രൂപപ്പെടുന്നത്. ഇതാണ് പല ഘട്ടങ്ങളിലും സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലേക്ക് വഴിവെയ്ക്കുന്നതെന്ന സത്യം സ്ത്രീകളെ 'സംരക്ഷിച്ച്' സുരക്ഷിതരാക്കണമെന്ന വാദക്കാര്‍ക്ക് ബോധ്യമാകില്ല. ലൈംഗികത മറ്റ് പലതിനേപ്പോലെയും ഇന്ദ്രിയാനുഭൂതിയാണ്. അതുകൊണ്ടു തന്നെ അവഗണിക്കാനാവാത്ത ഒരു സത്യമാണത്. ഇവിടെ ലൈംഗിക ചോദന പല വിധത്തിലുണ്ട്. ചിലര്‍ക്ക് എതിര്‍ലിംഗത്തില്‍പ്പെട്ടവരോടാകം. മറ്റ് ചിലര്‍ക്ക് സ്വവര്‍ഗത്തിലുള്ളവരോടാകാം. ഇത്തരത്തില്‍ നാനാത്വമുള്ള ലൈംഗികതകളെ അഭിമുഖീകരിക്കാതെ ആണിനേയും പെണ്ണിനേയും അകറ്റി നിര്‍ത്തി ലൈംഗിക ഇടപെടലുകളുണ്ടാകരുതെന്ന വികലമായ ചിന്തകളാല്‍ നയിക്കപ്പെടുന്ന ഏറ്റവും വലിയ സമൂഹം ഒരു പക്ഷേ മലയാളിയുടേതാകാം.

കേരളത്തിന് വെളിയില്‍ ബസില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകാം അവിടെ ഒരേ സീറ്റില്‍ വളരെ ജനാധിപത്യപരമായും ലിംഗഭേദമില്ലാതെയും സ്ത്രീപുരുഷന്‍മാര്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ ബസുകളില്‍ അവസരമുണ്ടാക്കി സ്ത്രീകളെ തോണ്ടാനും പിച്ചാനുമൊക്കെ ആളുകള്‍ ക്യൂവാണ് താനും. ഈയൊരവസ്ഥയ്ക്ക് വിത്തുപാകിയത് സദാചാര നിര്‍മിതമായ വികല ലൈംഗിക സങ്കല്‍പ്പങ്ങളാണ്. അതേസമയം മലയാളിയുടെ സ്വകാര്യ ലൈംഗിക സങ്കല്‍പ്പങ്ങള്‍ പലപ്പോഴും വളരെ വിചിത്രവും വന്യവുമാണു താനും.

ഇതേ മലയാളി സ്വതന്ത്രമായ ഏത് ലൈംഗിക ഇടപെടലുകളേയും ജാതി-മത-സാമുദായിക-രാഷ്ട്രീയ ഭേദമില്ലാതെ ഒരു പോലെ എതിര്‍ക്കുകയും ചെയ്യും. കിസ് ഓഫ് ലൗ പോലൊരു സമരത്തിനെ എതിര്‍ത്തത് ഈ ഘട്ടത്തില്‍ ഓര്‍മിക്കാവുന്നതാണ്. സ്വന്തം വീടുകളിലെ സ്ത്രീകള്‍ (സ്ത്രീകള്‍ മാത്രം) വഴി തെറ്റുന്നതിനെക്കുറിച്ചുള്ള സദാചാര ആകുലതകള്‍ നിര്‍മിക്കപ്പെട്ടത് പുരുഷ നിര്‍മിത മത മൂശയിലാണെന്ന് കാണാം. ഇനി മലയാളിയുടെ ലൈംഗിക ഇരട്ടത്താപ്പിലേക്ക് വരാം. ലൈംഗികമായ ഏത് വ്യവഹാരങ്ങളേയും മലയാളി കണ്ണുമടച്ച് എതിര്‍ക്കും. ഉഭയകക്ഷി സമ്മതത്തോടെയുള്ള ഏത് ലൈംഗിക ഇടപെടലുകളേയും അവര്‍ ഏക മനസോടെ ചെറുത്തു തോല്‍പിക്കും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളാകട്ടെ പ്രണയിതാക്കള്‍ സ്‌നേഹം പങ്കിടുന്നതാകട്ടെ അതെല്ലാം അടിച്ചമര്‍ത്താന്‍ ചൂരലും വാളും വടിയുമെടുത്ത് തെരുവിലിറങ്ങുന്നതിന് ഇവര്‍ക്ക് കൊടിയുടെ നിറ വ്യത്യാസമോ, വ്യത്യസ്ത മതചിഹ്നങ്ങളോ തടസമല്ലെന്ന് കാണാം.

വലിയൊരളവു വരെ അവസരങ്ങളുടെ അഭാവമാണ് ഒരാളെ സദാചാര വാദിയാക്കുന്നതെന്ന് കാണാം. അതല്ലെങ്കില്‍ കേവലം വസ്തുവായി കാണുന്ന സ്ത്രീകളുടെ കാര്യത്തില്‍ മാത്രമുള്ള ആങ്ങള സിന്‍ഡ്രോം. തനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്ക് ലഭിക്കുന്നതിലുള്ള ലൈംഗിക അസൂയയാണ് പൊതുവില്‍ സദാചാര വാദികളെ സൃഷ്ടിക്കുന്നത്. ഒരു കാലത്ത് രതിചിത്രങ്ങള്‍ നിറഞ്ഞോടിയത് കേരളത്തിലാണ്. ഇന്റര്‍നെറ്റ് വ്യാപകമായതോടെ മലയാളികള്‍ അവരുടെ ലൈംഗിക മോഹഭംഗങ്ങളെ രതി ചിത്ര സൈറ്റുകളിലേക്ക് തിരിച്ചുവിട്ടു.

ഇതിനിടെ ബ്ലൂടൂത്തും ആന്‍ഡ്രോയിഡ് ഫോണും മൊബൈല്‍ ഇന്റര്‍നെറ്റും വന്നതോടെ ഫോണുകള്‍ രതിശാലകളായി മാറി. എന്നാല്‍ ഇതെല്ലാം രഹസ്യമായി ആസ്വദിക്കുന്ന മലയാളി അപരന്റെ സ്വതന്ത്രമായ ലൈംഗികതയെ അംഗീകരിക്കാത്ത അസഹിഷ്ണുവായി ഇന്നും തുടരുന്നു. ആരോഗ്യകരമായ ലൈംഗിക വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന വാര്‍ത്തകളാകട്ടെ, ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളാകട്ടെ, അശ്ലീലമെന്ന ഒറ്റ കള്ളിയില്‍ അടയാളപ്പെടുത്തി മാത്രമേ മലയാളി അവയെ സമീപിക്കൂ. ഈ വാര്‍ത്തകളൊക്കെ ശ്വാസമടക്കിയിരുന്നു വായിച്ച് ചില മോഹഭംഗങ്ങള്‍ക്ക് താല്‍ക്കാലിക ശമനം നേടിയ ശേഷം അതിന് താഴെ 'സമൂഹത്തെ വഴി തെറ്റിക്കുന്നുവെന്ന' വിചാരണാ വാക്യം രേഖപ്പെടുത്തിയാകും മലയാളി പിന്‍മാറുക.

ഒന്ന് നന്നായിക്കൂടേ ശ്രീമാന്‍ മലയാളി...