തുമ്പത്തുളിപ്പട്ടിയിലെ ഹാദിയ: വേണമെങ്കിൽ പഠിക്കും; ഇഷ്ടമുള്ളതെല്ലാം ചെയ്യും

ഹാദിയ സേലത്തെ കോളജിലെത്തിയപ്പോൾ മാധ്യമങ്ങളുടെ പട തന്നെ അവിടെ തമ്പടിച്ചിരുന്നു. കേരളത്തിൽ നിന്ന് എത്തിയ ജനം ടി വി പ്രതിനിധി ലൈവിൽ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അഖില അഖില എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇത് കേട്ട് നിന്ന എന്റെ സുഹൃത്തുകൂടിയായ തമിഴ് മാധ്യമ പ്രവർത്തകൻ എന്നോട് ചോദിച്ചു, അവർ ഹാദിയാന്ന് പേർ മാത്തിയാച്ച്ല്ലേ? അപ്പറം യേൻ ഇവര് മട്ടും അഖിലാന്ന് സൊല്ലിയിട്ടേ ഇരിക്കാങ്കേ?

തുമ്പത്തുളിപ്പട്ടിയിലെ ഹാദിയ: വേണമെങ്കിൽ പഠിക്കും; ഇഷ്ടമുള്ളതെല്ലാം ചെയ്യും

സുപ്രീം കോടതിയുടെ ഇടക്കാല വിധിയെത്തുടർന്ന് പഠനം പൂർത്തിയാക്കാനായി കോളേജിലേക്ക് മടങ്ങുന്ന ഹാദിയയെ കാണാനാണ് തുമ്പത്തുളിപ്പട്ടി എന്ന ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നത്. സേലം നഗരാതിർത്തിയിൽ നിന്നും പതിനഞ്ച് കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി വീരപാണ്ടി താലൂക്കിൽ പെരുമംപെട്ടി പഞ്ചായത്തിലാണ് തുമ്പത്തുളിപ്പട്ടി എന്ന ചെറിയ ഗ്രാമം. ഹാദിയയുടെ കോളേജായ ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജ് ഈ ഗ്രാമത്തിലാണ്. നാമക്കൽ ജില്ലാ അതിർത്തിയിൽ നിന്നും ഏറെ അകലെയല്ല ഈ പ്രദേശം.

സേലം ബൈപ്പാസിൽ ആർടിഒ ഓഫീസിനരികിൽ നിന്നും ഒരു ടാക്സി വിളിച്ചു. സിദ്ധർ കോവിൽ റോഡ് വഴി കോളേജിലേക്ക്. ടാക്സി ഡ്രൈവർ കാർത്തിക്ക് ഈ കോളേജ് അറിയില്ല. എന്റെ ഗൂഗിൾ മാപ്പിനെ വിശ്വാസിക്കാതെ വഴിയിൽ ഒരിടത്ത് നിർത്തി കാർത്തി വഴി ചോദിച്ചു. ഹാദിയ വിഷയത്തെപ്പറ്റി കാർത്തിക്ക് ഒന്നും അറിയില്ല. തമിഴ്‌നാട്ടിലെ കോളേജുകളിൽ പഠിക്കാൻ വന്ന പല 'കേരളാ പസംഗകളും പഠിക്കാമെ ഊര് സുത്തുമെന്ന്' കാർത്തി പറഞ്ഞു. കോളേജിൽ വന്നു നന്നായി പഠിക്കാത്ത ഏതോ കുട്ടിയെ, കോടതി കോളേജിലേക്ക് അയക്കുന്ന സംഭവമാണെന്നാണ് കാർത്തി ധരിച്ച് വച്ചിരിക്കുന്നത്.

സേലത്തെ മറ്റു ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമായി പച്ചപ്പുള്ള പ്രദേശം. ദൂരെ മലകൾ. കോളേജിന്റെ അരികിലായി അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഋഷി ഹോസ്പിറ്റലിന്റെ ഒരു ചെറിയ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്നും കുറേ മാറിയാണ് ഒരു കടയുള്ളത്. ക്ലിനിക്കിലെ ജീവനക്കാരോ കടയിലുണ്ടായിരുന്ന നാട്ടുകാരോ ഹാദിയ എന്ന പേരോ നിയമപ്പോരാട്ടങ്ങളെക്കുറിച്ചോ കേട്ടിട്ടേ ഉണ്ടായിരുന്നില്ല.

കോളേജിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പേരും ഫോൺ നമ്പറും ഒക്കെ വാങ്ങിയ ശേഷം സമയം രേഖപ്പെടുത്തി അകത്തേക്ക് കയറ്റിവിട്ടു. 'പത്രപ്രവർത്തകനെന്താ മെഡിക്കൽ കോളേജിൽ കാര്യം' എന്ന മട്ടിലായിരുന്നു കാര്യങ്ങൾ. നേരത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നതിനാൽ പ്രിൻസിപ്പലും ഡീനുമായ ഡോ. കണ്ണനെ പോയി കണ്ടു. സുപ്രീംകോടതി ഉത്തരവ് പഠിക്കേണ്ടതുണ്ടെന്നും നിയമവശങ്ങൾ പരിശോധിക്കുകയും പൊലീസുമായി കാര്യങ്ങൾ കൂടിയാലോചിക്കുകയും ചെയ്യണമെന്നും ഡോ. കണ്ണൻ പറഞ്ഞു.

നാലുമണിയോടെ കോളേജ് വിട്ടു. വിദ്യാർത്ഥികളും ബഹുഭൂരിപക്ഷം ജീവനക്കാരും പോയി. പിന്നീട് മാധ്യമപ്രവർത്തകരുടെ ഘോഷയാത്രയായിരുന്നു. മലയാളത്തിൽ നിന്നുള്ള എല്ലാ ചാനലുകളും എത്തി. ദേശീയ മാധ്യമങ്ങൾക്കും വാർത്താ ഏജൻസികൾക്കും പിന്നാലെ തമിഴ് ചാനലുകളും എത്തിയതോടെ ആകെ ബഹളമയമായി.

ക്രമസമാധാന ചുമതലയുള്ള സേലം ഡിസിപി സുബ്ബലക്ഷ്മി ഐപിഎസിനെ നേതൃത്വത്തിൽ വലിയൊരു സംഘം പൊലീസ് സ്ഥലത്തെത്തി. കോളേജിന്റെ നിയന്ത്രണം പൂർണമായും പൊലീസ് ഏറ്റെടുത്തു. ഇതോടെയാണ് നാട്ടുകാർ കോളേജിൽ എന്തോ നടക്കാൻ പോകുന്നു എന്ന് മനസ്സിലാക്കുന്നത്. പലരും റോഡിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ തുറക്കാനും മാറി നിന്ന് നിരീക്ഷിക്കാനും തുടങ്ങി.

മാധ്യമപ്രവർത്തകരുടെ നിരന്തരമായ ചോദ്യങ്ങൾക്കുമുന്നിൽ പ്രിൻസിപ്പൽ ഡോ. കണ്ണൻ തളർന്നു തുടങ്ങിയിരുന്നു. ആരാണ് ഷെഫിൻ ജഹാൻ എന്ന് അറിയില്ലാത്ത കോളേജ് അധികൃതരോട് മാധ്യമപ്രവർത്തകരുടെ ചോദ്യം ഷെഫിനെക്കുറിച്ചായിരുന്നു. കോളേജ് എംഡിയും പ്രിൻസിപ്പലും ഈ ചോദ്യങ്ങൾക്ക് മാറി മാറി ഉത്തരം പറഞ്ഞു.

ആധുനിക തോക്കുകൾ ഉൾപ്പെടെ കനത്ത സന്നാഹമായിരുന്നു തമിഴ്‌നാട് പൊലീസ് ഒരുക്കിയിരുന്നത്. കൂടുതൽ സേന ഗേറ്റിലും എത്തി. ഈ ഘട്ടത്തിലാണ് ടാക്സി ഡ്രൈവർ കാർത്തിക്ക് സംഭവം പന്തികേടാണെന്നു മനസ്സിലാകുന്നത്. വണ്ടി പുറത്തേക്കിടാം എന്ന് പറഞ്ഞ് കക്ഷി വണ്ടിയുമായി പുറത്തേക്ക് പോയി.

ഒടുവിൽ ഹാദിയ എത്തിച്ചേർന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും ക്യാമറയ്ക്കും മുന്നിൽ നിന്ന് ഹാദിയയ്ക്ക് കോളേജിന്റെ ഓഫീസിലേക്ക് പൊലീസ് വഴിയൊരുക്കി. ഹോസ്റ്റൽ അഡ്മിഷൻ, സുരക്ഷാ കൈമാറ്റം എന്നിവ പൂർത്തിയാക്കിയ ശേഷം കോളേജിൽ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള ഹോട്ടലിലേക്ക് ഹാദിയ നീങ്ങി. ഇതിനിടയിൽ ഏതാനും സെക്കൻഡുകൾ മാധ്യമപ്രവർത്തകരോട് സംസാരിച്ചു - ഷെഫിനെ കാണണം അത് മാത്രമാണ് പ്രധാന ആവശ്യം.

ഇതിനിടെയിൽ ഗെയ്റ്റിനരിൽ ഒരു കൂട്ടം ഹദിയയെ സ്വാതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ബലപ്രയോഗം നടത്താതെ തികച്ചും സമാധാനപരമായി തമിഴ്‌നാട് പൊലീസ് സാഹചര്യത്തെ കൈകാര്യം ചെയ്തു. എന്നാൽ പൊലീസ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഹാദിയയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്, പ്രതിഷേധത്തെ ഗൗരവകരമായി കാണുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട് പൊലീസ് ഹാദിയയുടെ വിഷയം മാധ്യമങ്ങളിൽ നിന്നുമാണ് പഠിച്ചത്. മതം, തീവ്രവാദം, എൻഐഎ തുടങ്ങിയ വാക്കുകകളാണ് ഇത്രയധികം സുരക്ഷയൊരുക്കാൻ പ്രേരിപ്പിച്ചതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ രഹസ്യമായി സമ്മതിക്കുകയും ചെയ്തു. ഹാദിയയുമായി ബന്ധപ്പെട്ട് നിർമിക്കപ്പെട്ട വിവാദങ്ങളിൽ പെട്ടുപോയ ഒരാളാണ് താനെന്ന് ഡോ. കണ്ണൻ പറഞ്ഞു. ഒരു പെൺകുട്ടി പഠിക്കുകയോ വിവാഹം ചെയ്യുകയോ ചെയ്യട്ടെ - എന്തിനാണിത്ര ബഹളം എന്നാണ് കോളേജിലെ ഒരു അദ്ധ്യാപകൻ ചോദിച്ചത്.

ഹാദിയ പഠിക്കട്ടെ. ഇഷ്ടപ്പെട്ടതെല്ലാം ചെയ്യട്ടെ. തികച്ചും സ്വതന്ത്രമായി, ഇഷ്ടമുള്ള ആളുകൾക്കൊപ്പം ജീവിക്കട്ടെ. തുമ്പത്തുളിപ്പട്ടിയോട് താത്കാലികമായി വിടപറഞ്ഞു മടങ്ങി.

തിരികെപ്പോരാൻ നേരം വിളിച്ചപ്പോഴാണ് ടാക്സി ഡ്രൈവർ കാർത്തി പൊലീസും ബഹളവും കണ്ട് മുങ്ങിയതാണെന്നു മനസ്സിലായത്. വാടകക്കാശ് പോലും നൽകാൻ ബാക്കിയുണ്ട്. 'നാമഗിരിപ്പേട്ടയ്ക്ക് ഒരു അർജന്റ് ട്രിപ്പ് സാർ..' ഫോൺ വിളിച്ചപ്പോൾ കാർത്തി പറഞ്ഞു.

വാൽക്കഷ്ണം: കോളേജിൽ വച്ച് എല്ലാ ദൃശ്യമാധ്യമപ്രവർത്തകരും തത്സമയ റിപ്പോർട്ടിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. അഖില എന്ന പേരാണ് ജനം ടിവി ഉപയോഗിക്കുന്നത്. ജനം ടിവി റിപ്പോർട്ടർ തത്സമയ റിപ്പോർട്ടിങ് നടത്തുന്നതിനിടെ ഒരു തമിഴ് മാധ്യമപ്രവർത്തകൻ വന്നു ചോദിച്ചു - യേൻ ഇവര് മട്ടും അഖിലാന്ന് സൊല്ലിയിട്ടേ ഇരിക്കാങ്കേ?

Read More >>