ആകാശിനോട്, തനിക്കൊപ്പമാണ്; താന്‍ ചെയ്ത എല്ലാ 'തരങ്ങളും' ഓര്‍ത്തു വെച്ചു കൊണ്ടുതന്നെ!

ആകാശ് തില്ലങ്കേരി എന്തായിരുന്നുവോ, അതിനെ ഓര്‍മ്മപ്പെടുത്തികൊണ്ടും അതിനെ കുറിച്ച് പറഞ്ഞുകൊണ്ടു മാത്രമേ ഈ സംഭവത്തില്‍ അപലപിക്കാനും ആകാശിനൊപ്പെം നില്‍ക്കാനും എനിക്കാവൂ. അതൊരു മോശം ഗുണമാണെങ്കില്‍ അതുകൂടി ഉള്‍ക്കൊള്ളുന്ന ഞാനാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍- ജാനകി രാവണന്‍ എഴുതുന്നു

ആകാശിനോട്, തനിക്കൊപ്പമാണ്; താന്‍ ചെയ്ത എല്ലാ തരങ്ങളും ഓര്‍ത്തു വെച്ചു കൊണ്ടുതന്നെ!

ജാനകി രാവണന്‍

ആ ദിവസങ്ങളൊന്നും ഞാനിപ്പോഴും മറന്നിട്ടില്ല.

ആ വേദനകള്‍,

അപമാനങ്ങള്‍,

പരിഹാസങ്ങള്‍,

കുത്തിനോവിക്കലുകള്‍,

തനിച്ചാവലുകള്‍...

ഒന്നും മറക്കാനുള്ള സമയമായിട്ടില്ല.

ഫെബ്രുവരി 9 ല്‍ നിന്ന് ഇതുവരെയുള്ള ദൂരം കൊണ്ട് മാഞ്ഞു പോകുന്നതല്ല എനിക്കതൊന്നും. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സദാചാര ആക്രമങ്ങളും അതിന്റെ തുടര്‍ച്ചയായി പിന്നീടിങ്ങോട്ട് നിരന്തരം നേരിടുന്ന പ്രശ്‌നങ്ങളും എനിക്കങ്ങനെ മറന്നു കളയാന്‍ പറ്റില്ലല്ലോ, ഒരു ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിനും ഹാഷ്ടാഗിനും അപ്പുറത്തേക്ക് അതൊന്നും ഓര്‍ത്തിരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല എങ്കിലും അന്ന് കോളേജിലുണ്ടായ അനുഭവങ്ങളേക്കാള്‍ വൃത്തികെട്ട ആക്രമണങ്ങള്‍ ഞാന്‍ നേരിട്ടത് സൈബര്‍ ഇടങ്ങളിലായിരുന്നു.

കമ്മ്യുണിസ്റ്റ് അനുഭാവികളായ ഒരു വലിയ കൂട്ടത്തിന്റെ വെര്‍ബല്‍ അറ്റാക്കിനെ എങ്ങനെയാണ് ഞാനന്ന് അതിജീവിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അതിശയമാണ്. തീര്‍ച്ചയായും ഇതിലും വലുതൊക്കെ നേരിട്ടവരും തരണം ചെയ്തവരുമൊക്കെയായിരിക്കാം നിങ്ങളില്‍ പലരും. പക്ഷെ അതൊന്നും എന്റെ അനുഭവങ്ങളെ നിരാകരിക്കുവാനും വിലകുറച്ചുകാണാനുമുള്ള കാരണങ്ങളല്ല. ആ ദിവസങ്ങളില്‍ എന്റെ ഇന്‍ബോക്‌സില്‍ മാത്രമല്ല, എന്നെ അനുകൂലിച്ചവരുടെ, എനിക്ക് വേണ്ടപ്പെട്ടവരുടെ ഇന്‍ബോക്‌സുകളില്‍ പോലും സൈബര്‍ സഖാക്കള്‍തെറിപ്പാട്ടുമായി ചെന്നിരുന്നു.

കൂട്ടത്തിലൊരാള്‍ എന്റെ കാമുകനോട് പറഞ്ഞത് 'വല്ലവന്റെയും കൊച്ചിന്റെ തന്തയാകേണ്ട എങ്കില്‍ രക്ഷപ്പെട്ടു പൊക്കോ. അവളൊരു വെടിയാണ്. കോളേജില്‍ മറ്റേ പണി നടത്തിയതിനാണ് സഖാക്കള്‍ അവരെ തല്ലിയത്' എന്നാണ്.

വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ഞങ്ങളിരുന്നത് സ്റ്റേജിലാണ്. ഓപ്പണ്‍ സ്റ്റേജില്‍ നിന്നാണ് അവര്‍ ഞങ്ങളെ വിളിച്ചിറക്കിയത്. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അത്രമേല്‍ മടുത്തിരുന്നു ഞാന്‍. ഫെയ്‌സ് ബുക്കിലെ ഫേക്ക്‌ഐഡികളില്‍ നിന്നും മാത്രമല്ല, ചില ഒറിജിനല്‍ ഐഡികളും അന്ന് എന്നെ സൈബറിടത്തില്‍ അപമാനിക്കാന്‍ മുന്നിലുണ്ടായിരുന്നു- ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി, അനൂപ് തില്ലങ്കേരി, അനുപമ മുരാരി എന്നിങ്ങനെ ഒരുപാട് പേര്‍.

എന്നെയവര്‍ വേശ്യയെന്നും, വെടിയെന്നും വിളിച്ചു കോളേജില്‍ നടന്നത് അനാശാസ്യമാണെന്നവര്‍ പാടി നടന്നു. നിരന്തരമായ ഉപദ്രവം സഹിക്ക വയ്യാതെ ഞാനവരെ ബ്ലോക്ക് ചെയ്യുകയും സൈബര്‍ സെല്ലില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഒന്നുമുണ്ടായില്ല ഇതിന്റെ പിന്നാലെ നടന്ന് ഇനിയും സമാധാനം കളയാന്‍ വയ്യാത്തതു കൊണ്ടു മാത്രം ഞാന്‍ കേസ് പിന്‍വലിച്ചു.

കഴിഞ്ഞ ദിവസം കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോഴാണ് ഇതേ ആകാശ് തില്ലങ്കേരിയും രണ്ട് സുഹൃത്തുകളും കൂത്തുപറമ്പില്‍ വെച്ച് മോറല്‍ പൊലീസിങിന് ഇരകളായ വിവരമറിയുന്നത്.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അര്‍ജ്ജുന്‍ ആയങ്കിയും, അനൂപ് തില്ലങ്കേരിയും മറ്റ് സഖാക്കളും എല്ലാമെത്തിയിട്ടുണ്ട്. ഒരിക്കലെന്നെ അഭിസാരികയെന്നു വിളിച്ച് ഞങ്ങള്‍ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തെ അനാശാസ്യത്തിനെതിരെയുള്ള മികച്ച നടപടിയെന്നു പറഞ്ഞു കയ്യടിച്ച അതേ സഖാക്കള്‍, ഇന്ന് ഇരകളവരാണ്. അതുകൊണ്ടു തന്നെ ഞാനവര്‍ക്കൊപ്പമാണ്. കാരണം സദാചാര പൊലീസിനെയും സദാചാര അതിക്രമങ്ങളെയും ഒരു കാലത്തും ഒന്നിന്റെ പേരിലും ന്യായികരിക്കാന്‍ എനിക്കാവില്ല.

കോളേജില്‍ വെച്ച് ഞങ്ങളെ തല്ലിയവര്‍ക്കു നേരെയാണ് അതിക്രമം നടന്നതെങ്കില്‍ അവിടെയും ഞാന്‍ അവര്‍ക്കൊപ്പം തന്നെയേ നില്‍ക്കു. അതെന്റെ നിലപാടിന്റെ ഭാഗമാണ്.

പക്ഷെ അതേ സമയം ഈ വിഷയത്തില്‍ ഉള്ളിന്റെയുള്ളില്‍ ഞാനെവിടെയൊക്കെയോ സന്തോഷിക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്ത എന്നെ അത്രക്കധികം വേദനിപ്പിച്ചവര്‍ ഇന്ന് അതേ അവസ്ഥയില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ഞാന്‍ ഒരു സാധാരണ മനുഷ്യയായി പോകുന്നു.

എന്നെ വേദനിപ്പിച്ചവര്‍ക്ക് വേദനിക്കുമ്പോള്‍ എല്ലാ പുരോഗമനങ്ങള്‍ക്കുമുള്ളില്‍ നിന്ന് എന്റെ പ്രതികാര മനോഭാവം ചുരമാന്തുന്നുണ്ട്.

ആകാശ് തില്ലങ്കേരി എന്തായിരുന്നുവോ, അതിനെ ഓര്‍മ്മപ്പെടുത്തികൊണ്ടും അതിനെ കുറിച്ച് പറഞ്ഞുകൊണ്ടു മാത്രമേ ഈ സംഭവത്തില്‍ അപലപിക്കാനും ആകാശിനൊപ്പെം നില്‍ക്കാനും എനിക്കാവൂ. അതൊരു മോശം ഗുണമാണെങ്കില്‍ അതുകൂടി ഉള്‍ക്കൊള്ളുന്ന ഞാനാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍.

ഒരിക്കല്‍ നിങ്ങളെ വേട്ടയാടിയവന്‍ പെട്ടെന്ന് ഇരയാക്കുന്നത് കണ്ടു നില്‍ക്കുന്ന മറ്റൊരിരക്കുണ്ടാകുന്ന സാമാന്യ സന്തോഷപ്രകടനമായി കണക്കാക്കിയാല്‍ മതി ഇതിനെ. തന്നെ വിഴുങ്ങാന്‍ പാഞ്ഞെടുത്ത് വരുന്ന പാമ്പിനെ ഒരു പരുന്ത് കൊത്തികൊണ്ടുപോകുന്നത് കാണുന്ന തവളയുടെ വികാരം നിങ്ങള്‍ക്ക് മനസ്സിലാക്കാനാവുമെങ്കില്‍ ഇതും നിങ്ങള്‍ക്ക് മനസ്സിലാവണം.

ഇനി ആകാശിനോട്, തനിക്കൊപ്പമാണ്. താന്‍ ചെയ്ത എല്ലാ തരങ്ങളും ഓര്‍ത്തു വച്ചു കൊണ്ടുതന്നെ തനിക്കൊപ്പമാണ്. കൂടെയുള്ള പെണ്‍കുട്ടി പ്രതിശ്രുത വധുവാണെന്നറിഞ്ഞു. ഇനി അവള്‍ തന്റെ വെറു സുഹൃത്താണെങ്കിലും നിങ്ങള്‍ക്കു നേരെ നടന്നത് ന്യായികരണമര്‍ഹിക്കാത്ത തെറ്റാണെന്ന് മനസ്സിലാക്കണം. ആണും പെണ്ണും തമ്മിലുള്ള എല്ലാ ബന്ധങ്ങള്‍ക്കും ഒരൊറ്റ നിറം മാത്രം കല്‍പ്പിക്കുന്ന എല്ലാ നായ്ക്കളേയും പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കണം. ഒന്നുമില്ലെങ്കിലും നമ്മളെല്ലാം സഖാക്കളാണല്ലോ.

സ്‌നേഹം

എന്ന്,

ജാനകി