പ്ലാസ്റ്റിക് നാപ്കിനുകളെ പുകഴ്ത്താന്‍ വരട്ടെ, ആര്‍ത്തവം വില്‍പ്പനച്ചരക്കാക്കുന്ന കോര്‍പറേറ്റുകള്‍

ഒരു സ്ത്രീക്ക് 40 വര്‍ഷം വരെ ആര്‍ത്തവമുണ്ടാകും. 40 വര്‍ഷം ആര്‍ത്തവമുണ്ടാവുന്ന ഒരു സ്ത്രീ 6000 നാപ്കിനുകള്‍ ഉപയോഗിക്കുന്നുണ്ട്. 36 മില്ല്യണ്‍ സ്ത്രീകള്‍ 40 വര്‍ഷം കൊണ്ട് പുറന്തള്ളുന്നത് ഭീമമായ സാനിറ്ററി നാപ്കിന്‍ മാലിന്യമാണ്. മാലിന്യമെന്ന് പറയാനുള്ള കാരണം സാനിറ്ററി നാപ്കിനുകള്‍ 90 ശതമാനവും പ്ലാസ്റ്റിക് ആണ് എന്നതിനാലാണ്. ജംഷീന മുല്ലപ്പാട്ട് എഴുതുന്നു

പ്ലാസ്റ്റിക് നാപ്കിനുകളെ പുകഴ്ത്താന്‍ വരട്ടെ, ആര്‍ത്തവം വില്‍പ്പനച്ചരക്കാക്കുന്ന കോര്‍പറേറ്റുകള്‍

സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഈടാക്കും എന്ന പുതിയ ജി എസ് ടി അറിയിപ്പോടെയാണ് ഒരു ഇടവേളയ്ക്കു ശേഷം നവമാധ്യമങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാവുന്നത്. ജി. എസ്. ടി. നടപ്പാക്കുന്നതു വരെ നാപ്കിനുകള്‍ക്കു നികുതി ഈടാക്കിയിരുന്നില്ല. നികുതി വരുന്നതോടുകൂടി 12 ശതമാനം അധികം വില നല്‍കേണ്ടിവരും. ഒരു സ്ത്രീയുടെ ആര്‍ത്തവ ആയുസ്സില്‍ വലിയൊരു തുക നാപ്കിനുകള്‍ക്ക മാറ്റിവെക്കേണ്ടിവരും എന്നത് ഒരു സാമ്പത്തിക പ്രശ്‌നം എന്നതിനപ്പുറത്തേക്കു ഒരു സാമൂഹികപ്രശ്‌നം കൂടിയാണ്. സ്ത്രീയുടെ ജൈവികതക്ക് മേലുള്ള നികുതി പിരിക്കല്‍ മുലക്കരം ഏര്‍പ്പെടുത്തിയ ഫ്യൂഡല്‍ മനോഘടനയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. നാപ്കിനുകള്‍ക്കു വില വര്‍ദ്ധിച്ചു എന്ന് പ്രതിഷേധ സ്വരം ഉയര്‍ത്തുന്ന സുഹൃത്തുക്കളോട് ചില കാര്യങ്ങള്‍ പറയട്ടെ.

ആദ്യകാലഘട്ടങ്ങളില്‍ ആര്‍ത്തവസമയത്തെ രക്തം ശേഖരിക്കാന്‍ തുണിയോ മരത്തോലോ മണ്ണോ ആയിരുന്നു സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്. കാലത്തിന്റെ 'വളര്‍ച്ച'ക്കനുസരിച്ച് ഇപ്പോള്‍ അത് സാനിറ്ററി നാപ്കിനുകളില്‍ എത്തിനില്‍ക്കുന്നു. ഇന്ത്യയില്‍ പ്രധാനമായും മൂന്ന് കമ്പനികളാണ് സാനിറ്ററി നാപ്കിനുകളുടെ നിര്‍മ്മാണ രംഗത്തുള്ളത്. പ്രൊട്ടക്ടര്‍ ആന്റ് ഗാംമ്പിള്‍ ഇന്ത്യ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. കോടികളാണ് ഇവര്‍ പരസ്യങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്നത്. ഏകദേശം 30 രൂപക്ക് മുകളിലാണ് 8 പാഡിന്റെ കിറ്റിന് കമ്പനികള്‍ ഈടാക്കുന്നത്. ഇത് ഭയങ്കര കൊള്ളയാണ്. 10 രൂപക്ക് 8 പാഡുകള്‍ വിറ്റാല്‍ പോലും കമ്പനികള്‍ക്ക് ലാഭമാണ്. വന്‍ കോര്‍പ്പറേറ്റ് ലോബി തന്നെ ഇതിന്റെ പിറകിലുണ്ട്.

നമ്മുടെ ക്യാമ്പസുകളില്‍ സയന്‍സില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ഥികള്‍ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ഒരു കുറിപ്പ് പോലും എഴുതാന്‍ തയ്യാറല്ല. അതിന് പ്രധാന കാരണം ഇന്ത്യയിലെ ഒട്ടുമിക്ക ക്യാമ്പസുകളിലെയും സയന്‍സ് ഗവേഷണങ്ങള്‍ക്ക് ഫെല്ലോഷിപ്പ് നല്‍കുന്നത് ഈ സ്ഥാപനങ്ങളാണ് എന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളായ 'സ്വച്ഛ് ഭാരത് മിഷന്‍', 'ബേഠി ബച്ചാവോ, ബേഠി പഠാവോ' തുടങ്ങിയ പദ്ധതികള്‍ സാനിറ്ററി നാപ്കിനുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിവരവുമില്ലാത്തവരാണ് അധികാരത്തിലുള്ളത്. ഇവരെപ്പോലെ നമ്മുടെ നാട്ടിലെ ഗൈനക്കോളജിസ്റ്റുകളും നഴ്‌സുമാരും സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്ധരാണ്. സ്വാതന്ത്ര്യത്തിന്റെയും സൗകര്യത്തിന്റെയും പേരുപറഞ്ഞ് പരസ്യങ്ങള്‍ മറ്റ് പല യാഥാര്‍ത്ഥ്യങ്ങളും മൂടിവയ്ക്കുന്നു. മറ്റൊരു പ്രധാനകാര്യം, വിപണിയില്‍ കിട്ടുന്ന ഒരൊറ്റ സാനിറ്ററി പാഡുകളിലും ഹെല്‍ത്ത് ലേബല്‍ (ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്) ഇല്ല എന്നതാണ്.

ഡൗണ്‍ ടു എര്‍ത്ത് മാസികയുടെ കണക്കുപ്രകാരം ഇന്ത്യന്‍ സ്ത്രീ ജനസംഖ്യയുടെ (300 മില്ല്യണ്‍) 12 ശതമാനം, അതായത് 36 മില്യണ്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പഴയ കണക്കാണ്, ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. 'നാഷണല്‍ സര്‍വ്വേ സ്റ്റാറ്റിസ്റ്റിക്‌സ്' പറയുന്നത് ഇന്ത്യയില്‍ നഗരപ്രദേശങ്ങളില്‍ 77 ശതമാനം സ്ത്രീകളും ഗ്രാമപ്രദേശങ്ങളില്‍ 55 ശതമാനം സ്ത്രീകളും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ്. ഒരു സ്ത്രീക്ക് 40 വര്‍ഷം വരെ ആര്‍ത്തവമുണ്ടാകും. 40 വര്‍ഷം ആര്‍ത്തവമുണ്ടാവുന്ന ഒരു സ്ത്രീ 6000 നാപ്കിനുകള്‍ ഉപയോഗിക്കുന്നുണ്ട്. 36 മില്ല്യണ്‍ സ്ത്രീകള്‍ 40 വര്‍ഷം കൊണ്ട് പുറന്തള്ളുന്നത് ഭീമമായ സാനിറ്ററി നാപ്കിന്‍ മാലിന്യമാണ്. മാലിന്യമെന്ന് പറയാനുള്ള കാരണം സാനിറ്ററി നാപ്കിനുകള്‍ 90 ശതമാനവും പ്ലാസ്റ്റിക് ആണ് എന്നതിനാലാണ്. ഒരിക്കലും നശിക്കാത്തവ. ആര്‍ത്തവ രക്തം കളഞ്ഞ് ഇവ പുനഃരുപയോഗിക്കാനും സാധിക്കില്ല. അതായത് നമ്മുടെ സ്ത്രീകള്‍ ഓരോ മാസവും പുറന്തള്ളുന്നത് വലിയ തോതിലുള്ള മാലിന്യമാണെന്ന് സാരം.

ആദ്യമൊക്കെ കോര്‍പ്പറേറ്റുകള്‍ അവകാശപ്പെട്ടിരുന്നത് നാപ്കിനുകളില്‍ കോട്ടണ്‍ 'വുഡ് പള്‍പ്പ്' മാത്രമാണ് ഉപയോഗിക്കുന്നത് എന്നാണ്. 2010 ഓടെ മനസ്സിലാക്കാന്‍ സാധിച്ചത് നാപ്കിനുകളിലെ ഏറ്റവും ആദ്യത്തെ പാളി പൂര്‍ണ്ണമായും പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതും ഉള്ളില്‍ പഞ്ഞിപോലെ കാണുന്നത് വുഡ് പള്‍പ്പില്‍ സൂപ്പര്‍ അബ്‌സോര്‍ബന്റ് പോളിമേസ് (എസ്എപി) മിക്‌സ് ചെയ്തതും ആണെന്നാണ്. (എസ്.എ.പി എന്നുവെച്ചാല്‍ പ്ലാസ്റ്റിക് അടിസ്ഥാനമായുള്ള ഒരു ജെല്‍ ആണ്. അത് സ്രവണത്തെ ഉപരിതലത്തില്‍ നിന്നും പാഡിന്റെ അടിത്തട്ടിലേക്ക് വലിച്ചെടുക്കുന്നു. ലീക്ക് പ്രൂഫ് ആയിട്ടുള്ള ഒന്ന്). പരസ്പരം വേര്‍തിരിക്കാനാവാത്ത വസ്തുക്കളുടെ നിര്‍മ്മിതിയാണിത്. പ്ലാസ്റ്റിക്, മരത്തിന്റെ പള്‍പ്പ്, സ്രവം വലിച്ചെടുക്കുന്ന സൂപ്പര്‍ അബ്‌സോര്‍ബെന്റ് ജെല്‍ എന്നീ അസംസ്‌കൃത വസ്തുക്കളുടെ മിശ്രിതമാണ് നാപ്കിനുകള്‍.

അസംസ്‌കൃത വസ്തുക്കള്‍ ഉത്പന്നമായി രൂപാന്തരം വരുത്തണമെങ്കില്‍ ക്ലോറിന്‍ കൊണ്ടുള്ള ബ്ലീച്ചിങ് അത്യന്താപേക്ഷിതമാണ്. അതിനാല്‍ ത്തന്നെ ഡയോക്‌സിന്‍, ഫ്യൂറാനുകള്‍ എന്നീ അതിമാരക വിഷവസ്തുക്കള്‍ സാനിറ്ററി നാപ്കിനുകളില്‍ അടങ്ങിയിരിക്കുന്നു. അതായത് നാപ്കിനുകളുടെ മാലിന്യം നശിപ്പിക്കാന്‍ ഒന്നുകില്‍ കുഴിച്ചിടണം അല്ലെങ്കില്‍ കത്തിക്കണം. കുഴിച്ചിടുകയാണെങ്കില്‍ ഡയോക്‌സിനുകള്‍ മണ്ണില്‍ കലര്‍ന്ന് അത് വെള്ളത്തിലെത്താനുള്ള സാധ്യതയുണ്ട്. ഇനി കത്തിക്കുകയാണെങ്കില്‍ 300 ഡിഗ്രിക്ക് മുകളില്‍ ഇന്‍സിനറേറ്ററുകളില്‍ ഇട്ടുവേണം കത്തിക്കാന്‍. ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയുടെ പാലക്കാട് മലമ്പുഴയിലെ യൂണിറ്റില്‍ (ഇമേജ്) മാത്രമാണ് നിലവില്‍ ഇന്‍സിനറേറ്ററുകള്‍ ഉള്ളത്. ഇവിടെയാവട്ടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കാന്‍ കെട്ടിക്കിടക്കുകയാണ്. മലമ്പുഴ ഡാമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ ഇന്‍സിനറേറ്ററിനെതിരെ തദ്ദേശീയര്‍ സമരത്തിലുമാണ്.

വീടുകളിലും ഹോസ്റ്റലുകളിലും സ്ത്രീകള്‍ ചെയ്യുന്നത് പാഡുകള്‍ കൂട്ടമായിട്ട് കത്തിക്കുകയാണ്. ഇവ കത്തുമ്പോള്‍ ഡയോക്‌സിനുകള്‍ പുറത്ത് വരും. ഇത് മാരകമായ വായു മലിനീകരണത്തിന് കാരണമാക്കും. അതുമല്ലെങ്കില്‍ വീടുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ കൂടെ സാനിറ്ററി പാഡുകളും പുറന്തള്ളുന്നു. മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ മാലിന്യങ്ങള്‍ കൈകൊണ്ടാണ് തരംതിരിക്കുക. സാനിറ്ററി പാഡുകളില്‍ കൈകൊണ്ട് സ്പര്‍ശിക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള ഇകോളി ബാക്ടീരിയ, സാല്‍മോനെല്ല, സ്റ്റഫിലോ കോക്കസ് എച്ച് ഐ വി, പാത്തോജന്‍സ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മാലിന്യങ്ങള്‍ കത്തിക്കാതെ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സാനിറ്ററി നാപ്കിനുകളുടെ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് അവസ്ഥ.

കേരളത്തില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ഫെര്‍ട്ടിലിറ്റി സെന്ററുകളില്‍ എത്തുന്നവരില്‍ ചെറിയൊരു ശതമാനം സ്ത്രീകള്‍ നാപ്കിനുകള്‍ ഉപയോഗിച്ചതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ്. ജനിക്കുന്ന തലമുറകള്‍ക്ക് ഡയോക്‌സിന്‍ മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലാ എന്നൊന്നും പറയാന്‍ കഴിയില്ല. കൂടാതെ അധികസമയം പാഡ് ഉപയോഗിക്കുന്നത് ഗര്‍ഭാശയ രോഗങ്ങള്‍ക്കും കാന്‍സറിന് വരെയും കാരണമാകും. ഒന്നാലോചിച്ചുനോക്കൂ, ശരിക്കും മനുഷ്യാവകാശ ലംഘനമല്ലേ ഇവിടെ നടക്കുന്നത്. ഒരു സ്ത്രീ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിന്റെ ദൂഷ്യഫലങ്ങള്‍ അറിയാന്‍ ആ സ്ത്രീയെ 20 വര്‍ഷത്തേക്ക് പരീക്ഷണവസ്തുവാക്കണം. ഒരു വ്യക്തിയുടെ ആരോഗ്യത്തെ എത്ര ഭീകരമായാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ കൊള്ളയടിക്കുന്നത്. ഇത് സാമൂഹിക നീതിക്ക് എതിരാണ്. ശരിക്കും സ്ത്രീയ്ക്കു മേലുള്ള കോര്‍പ്പറേറ്റ് ബലപ്രയോഗമാണിത്. ഇത് തകര്‍ക്കാന്‍ പ്രാദേശിക സമ്പദ്‌വ്യവസ്ഥ വിപുലപ്പെടുത്തുന്നതിലൂടെ മാത്രമേ സാധിക്കൂ. അതായതു നമുക്ക് ബദലുകള്‍ വേണം. കോര്‍പറേറ്റ് ഉല്‍പ്പന്നങ്ങള്‍ സജീവമാവുന്നതിനു മുന്‍പ് നമ്മുടെ സ്ത്രീകള്‍ ഉപയോഗി ച്ചിരുന്നത് തുണികള്‍ ആയിരുന്നു. തീര്‍ച്ചയായും ആ കാലഘട്ടത്തെ ആരോഗ്യത്തെ നമ്മുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. കേരളത്തില്‍ മൂന്നോ നാലോ കൂട്ടായ്മകള്‍ തുണികൊണ്ടുള്ള പാഡുകള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ അത് മാര്‍ക്കറ്റില്‍ എത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം പ്ലാസ്റ്റിക് പാഡുകളുടെ പരസ്യങ്ങള്‍ സ്ത്രീകളിലുണ്ടാക്കിയിരിക്കുന്ന സ്വാധീനത്തെ മറികടക്കാന്‍ പ്രയാസമാണ്.

3000 രൂപ കൊടുത്താല്‍ തുണികൊണ്ടുള്ള എക്കോ-ഫെമ്മിയുടെ 15 പാഡുകളുടെ കിറ്റ് കിട്ടും. അത് അഞ്ച് വര്‍ഷം വരെ ഉപയോഗിക്കാം. അതായത് കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ മൂന്ന് വര്‍ഷം ചെലവാക്കുന്ന പണം മതി ഇത് വാങ്ങാന്‍. ഇതില്‍ വണ്‍ടൈം ഇന്‍വെസ്റ്റ്‌മെന്റ് കൂടുതലാണ്. എന്നാലും ആരോഗ്യത്തോടെ ജീവിക്കാമല്ലോ. പരിസ്ഥിതിയേയും നശിപ്പിക്കേണ്ട. ഇപ്പോഴും ജനങ്ങള്‍ ഒരു സാംസ്‌കാരിക പ്രശ്‌നമായിട്ടാണ് ആര്‍ത്തവത്തെ കാണുന്നത്. ഈ മനോഭാവവും മാറണം. ശരിക്കും ഇതൊരു ജൈവീക പ്രക്രിയയാണ്. ഇതിനിടയിലും സുരക്ഷിതമായ, സ്ഥായിയായ ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഉണ്ടാവണമെന്ന് ശബ്ദിക്കാനും ബദലുകള്‍ അവതരിപ്പിക്കുന്നതിനും ചില കൂട്ടായ്മകള്‍ രംഗത്തെത്തിയിട്ടുണ്ട്. പോണ്ടിച്ചേരിയിലെ എക്കോ-ഫെമ്മ എന്ന കൂട്ടായ്മ 'സ്ഥായിയായ ആര്‍ത്തവം' എന്നതില്‍ ഇന്ത്യയില്‍ ക്യാംപയിനുകള്‍ നടത്തുന്നുണ്ട്. കൂടെ തുണി കൊണ്ടുള്ള പാഡുകളുടെ നിര്‍മ്മാണവും വിതരണവും നടത്തുന്നു. കേരളത്തില്‍ സസ്റ്റെയ്‌നബ്ള്‍ മെന്‍സ്‌ട്രേഷന്‍ കേരള കളക്ടീവ് എന്നുള്ള കൂട്ടായ്മ നാപ്കിനുകളുടെ ആരോഗ്യപ്രശ്‌നത്തെ കുറിച്ചും സാമൂഹികപ്രശ്‌നത്തെ കുറിച്ചും സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

കോടികള്‍ ചെലവിട്ട് ഭീമമായ കൊള്ളലാഭം കൊയ്യുന്ന വിസ്പര്‍, സ്റ്റേ ഫ്രീ പോലുള്ള ഉത്പന്നങ്ങള്‍ പരിസ്ഥിതിയേയും സ്ത്രീകളുടെ ആരോഗ്യത്തേയും നശിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നവര്‍ക്ക് അതിന്റെ മാലിന്യങ്ങള്‍ എങ്ങിനെ നശിപ്പിക്കണം എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ഈ നാപ്കിനുകളുടെ ഉപയോഗത്തിലൂടെ കാന്‍സര്‍, ഗര്‍ഭാശയ രോഗങ്ങള്‍ മുതലായവ ഉണ്ടായിട്ടും എന്തുകൊണ്ടോ സ്ത്രീകള്‍ വീണ്ടും ഇതേ ബ്രാന്റുകള്‍ തന്നെ ഉപയോഗിക്കുന്നു. ഈ കുത്തകകളെ തകര്‍ക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ, ഇവിടെ ബദലുകള്‍ ഉണ്ടാവണം. ആര്‍ത്തവത്തെക്കുറിച്ചുള്ള മിഥ്യാ കാഴ്ചപ്പാടുകള്‍ മാറണം.

Read More >>