ഒരുപിടി ചക്കക്കുരുവും ആഗോള താപനവും

പണിപൂര്‍ത്തിയായ റോഡുകളുടെ പ്രാന്തങ്ങളില്‍ ഓരോ പ്ലാവ് വീതം നടാന്‍ പരിസരവാസികള്‍ മാത്രം മതി. റോഡു തുരുത്തുകള്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളും സന്നദ്ധസംഘടനകളും ഏറ്റെടുക്കട്ടെ. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടേയും ഹരിതവല്‍ക്കരണം അതതു സ്ഥാപനത്തിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നും, മതസ്ഥാപനങ്ങളില്‍ ഭക്തജനങ്ങളും നടത്തട്ടെ. ഒരിക്കല്‍ പച്ചപ്പ് ആരംഭിച്ചാല്‍ ബാക്കി പക്ഷിവിസര്‍ജ്ജ്യത്തില്‍ക്കൂടിയും മറ്റും സ്വാഭാവികമായി വികസിച്ചുകൊള്ളും. എല്ലാത്തിനും സര്‍ക്കാരിനെ ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കുക. ഈ ഭൂമി വരും തലമുറകളുടേതു കൂടിയാണ്. അതു സംരക്ഷിക്കാന്‍ നാം ബാദ്ധ്യസ്ഥരുമാണ്.

ഒരുപിടി ചക്കക്കുരുവും ആഗോള താപനവും

പണ്ട് ചെറിയ ക്ലാസുകളില്‍ അശോകന്‍, അക്ബര്‍ തുടങ്ങിയ പ്രജാക്ഷേമതല്പരരായ രാജാക്കന്മാരുടെ ഭരണപരിഷ്കാരങ്ങള്‍ പഠിക്കുമ്പോള്‍ ആവര്‍ത്തിക്കുന്ന ഒരു ക്ഷേമപ്രവൃത്തി ആയിരുന്നു പാതയോരങ്ങള്‍തോറും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചു എന്നത്. മലബാര്‍ കീഴടക്കിയ ടിപ്പു സുല്‍ത്താന്‍ വെട്ടിച്ച കോഴിക്കോട് - പാലക്കാട് പാതയോരത്ത് അന്നു നട്ട മാവുകളില്‍ അനേകമെണ്ണം കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു. തിരുവിതാംകൂറില്‍ രാജാ കേശവദാസന്‍ 'നാരായപ്പെരുവഴി' തെളിച്ചെടുത്ത് തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ നീളുന്ന എം. സി. റോഡ് വികസിപ്പിച്ചപ്പോഴും അതിന്റെ ഓരത്ത് തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. അത്യപൂര്‍വമായി അവയില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നു.

ഇന്നോ? സര്‍ക്കാര്‍ ആവശ്യത്തിന് ഏതെങ്കിലും ഭൂമി ഏറ്റെടുത്താല്‍ ആദ്യം ചെയ്യുന്നത് അതിലെ വൃക്ഷങ്ങള്‍ വെട്ടി വെളുപ്പിക്കുക എന്നതാണ്. പലപ്പോഴും അനേകം ഏക്കര്‍ വരുന്ന ഇത്തരം ഭൂമിയില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. തരിശായി മാറ്റപ്പെട്ട ബാക്കി ഭൂമി ക്രമേണ മരുഭൂമിക്കു സമമമാകും. ഇതല്ലേ ഇന്നു സംഭവിക്കുന്നത്? ഒരു ഹരിതനയം പ്രഖ്യാപിക്കാന്‍ ഒരു സര്‍ക്കാറും തയാറാവുന്നില്ല.

ഇന്നു കേരളം മുമ്പെങ്ങും ഉണ്ടാകാത്തവിധം വരള്‍ച്ചയെ നേരിടുകയാണ്. വാര്‍ഷിക വൃഷ്ടിയില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കേരളം ഇന്നു കുടിവെള്ളത്തിനായി ദാഹിക്കുകയാണ്. ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധനയില്ല. വെള്ളം കുടിച്ചുവറ്റിക്കുന്ന വ്യവസായങ്ങളും പുതുതായി ഉയര്‍ന്നു വന്നിട്ടില്ല. എങ്കിലും ജലലഭ്യത കുറയുന്നു. എവിടെയാണ് തകരാറ്?

രണ്ടു പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ ദുരന്തത്തിനു കാരണമായി കണക്കാക്കപ്പെടുന്നത്. രണ്ടും മനുഷ്യ നിര്‍മ്മിതങ്ങളാണ് എന്നതാണു ഖേദകരമായ വസ്തുത. ഒന്നാമതായി, മഴവെള്ളം കെട്ടി നില്‍ക്കാനും ഭൂമിയിലേയ്ക്ക് അരിച്ചിറങ്ങാനുമുള്ള സ്വാഭാവിക സംവിധാനം ഏതാണ്ടു പാടെ തകര്‍ന്നു. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുക മാത്രമല്ല, ചെറുകുളങ്ങള്‍ക്കും അന്ത്യം കുറിച്ചു. തോടുകളുടെ പോലും വിസ്തൃതി ഭീകരമാംവിധം കുറഞ്ഞു. ഇതരപ്രദേശങ്ങളില്‍ വൃഷ്ടിജലം പരമാവധി മണ്ണിലിറങ്ങുവാന്‍ അതു വാര്‍ന്നുപോകാതെ തടഞ്ഞുതടഞ്ഞ് 'നടത്തുമ്പോള്‍' കേരളത്തില്‍ പരമാവധിവേഗത്തില്‍ അതിനെ 'ഓടിച്ച്' കടലിലെത്തിക്കുകയാണ്.

അതേ സമയംതന്നെ ഭൂഗര്‍ഭ ജലത്തിന്റെ ഉപഭോഗം അശാസ്ത്രീയമാംവിധം വര്‍ദ്ധിച്ചു. ഈ ലേഖകനു നേരിട്ടറിയാവുന്ന അര കിലോമീറ്റര്‍ റോഡിന്റെ ഇരുവശങ്ങളില്‍ 1980-ല്‍ ഉണ്ടായിരുന്ന അഞ്ചു കുളങ്ങളില്‍ ഇന്നു ശേഷിക്കുന്നത് ഒന്ന്. അതേ സമയം അതേ സ്ഥലത്തു കിണറുകളുടെ എണ്ണം പത്തിരട്ടിയായി. ആനയെ ഇറക്കി നിര്‍ത്തി കുളിപ്പിച്ചിരുന്ന തോടിന് ഇന്നു കേവലം ഒരു മീറ്റര്‍ വീതിയും അത്രതന്നെ ആഴവും! വര്‍ഷാവര്‍ഷം 10 മാസം വെള്ളമുണ്ടായിരുന്നിടം ഇന്നു മഴപെയ്തൊഴിഞ്ഞാല്‍ ശൂന്യം! അനേകം ക്ഷേത്രക്കുളങ്ങള്‍ പോലും ഇക്കാലത്ത് ഇല്ലാതാവുകയോ ചെറുതാവുകയോ ചെയ്തു. ആത്യന്തിക ഫലം കിണറുകളിലെ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴ്ന്നു!

വിചിത്രമാണെങ്കിലും മഴവെള്ളം സംഭരിക്കുന്നതില്‍ നാടന്‍ പാറമടകള്‍ക്കും സുപ്രധാന പങ്കുണ്ട്. ഇങ്ങനെ മാറ്റപ്പെടുന്ന ഭൂമി മിക്കവാറും കൃഷിയോഗ്യം ആയിരിക്കുയില്ല. ഭൂ ഉടമസ്ഥതയുടെ പ്രശ്നം മൂലം വികസനം അസാദ്ധ്യമായ ഇത്തരം പാറമടകള്‍ ചെറുകുളങ്ങളാകുമ്പോള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇവ മഴവെള്ളം സംഭരിക്കുകയും ഭൂമിയിലേയ്ക്ക് അരിച്ചിറങ്ങാനുള്ള വേദി ആവുകയും ചെയ്യും.

എന്നാല്‍ വന്‍കിട ക്വാറി മാഫിയായുടെ രംഗപ്രവേശനത്തോടുകൂടി ചെറുകിട പാറമടകള്‍ പുതിയപുതിയ നിയമങ്ങള്‍ സൃഷ്ടിച്ചു പൂട്ടിക്കുകയാണ്. ചുരുക്കത്തില്‍ ആ വഴിയും അടഞ്ഞു.

ഈ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കുന്നുകള്‍തന്നെ ഇല്ലാതാക്കി മാറ്റുന്ന വന്‍കിട ക്വാറികളെക്കാള്‍ പരിസ്ഥിതി ആഘാതം വളരെ കുറവാണ് ചെറുകിട പാറമടകള്‍ക്ക്. ഭാവിയില്‍ അവ ജലസംഭരണികളാകും എന്ന പരോക്ഷ പ്രയോജനവും അവയ്ക്കുണ്ട്. പക്ഷേ ഇന്ന് പ്രോല്‍സാഹനം ലഭിക്കുന്നത് വന്‍കിടക്കാര്‍ക്കു മാത്രം!

പെയ്ത്തുവെള്ളത്തോട് അതിഭീകരമായ നിസംഗതയാണു മലയാളി പുലര്‍ത്തുന്നത്. അതു ശേഖരിക്കാനോ സംഭരിക്കാനോ ഉപയോഗിക്കാനോ യാതൊരു ശ്രമവും കേരളത്തില്‍ നടക്കുന്നില്ല. ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിനു കിണറുകളും കുളങ്ങളും പാറമടകളും ഇതര കുഴികളും കേരളത്തിലുണ്ട്. ഒരു ചെറിയ ചാലുകീറിയയാല്‍ പെയ്ത്തുവെള്ളം അതിലെത്തും. ഭൂജലനിരപ്പു കാര്യമായി ഉയരാന്‍ അതു സഹായിക്കും. പക്ഷേ എത്ര പേര്‍ ഇതു ചെയ്യുന്നുണ്ട്?

സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച മഴവെള്ളസംഭരണിക്കു ഗുണഭോക്താക്കളെ കണ്ടെത്തുവാന്‍ ഒരു പഞ്ചായത്തു മെമ്പര്‍ സമീപകാലത്തു പെട്ട പാട് ഈ ലേഖകനു നേരിട്ടറിയാം. അര കിലോമീറ്ററിലധികം ദൂരത്തുനിന്നു വെള്ളം ചുമക്കുന്നവര്‍ക്കും മഴവെള്ളസംഭരണി വേണ്ട, പൈപ്പുവെള്ളം മതി!

ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം കേരളത്തില്‍ പല സ്ഥലത്തും കുഴല്‍വെള്ളമെത്തിക്കുക അസാദ്ധ്യമാണ്. തന്നെയുമല്ല, നഗരങ്ങളിലൊഴികെ കേരളത്തിലെ ഏതാണ്ട് എല്ലാ പ്രാദേശിക ജലവിതരണ പദ്ധതികളും വിതരണം ചെയ്യുന്നതു ശുദ്ധീകരിക്കാത്ത മലിനജലമാണ് എന്ന വസ്തുത ഇത്തരക്കാര്‍ക്കു പ്രശ്നമല്ല.

പെയ്ത്തുവെള്ളമാണ് ഭൂമി സംഭരിച്ച് നീര്‍ച്ചാലുകളും ഉറവകളുമായി പുറത്തുവിടുന്നത്. കേരളത്തിന്റെ പൂര്‍വകാല ജലസമൃദ്ധിയെക്കുറിച്ചു പറയുമ്പോള്‍ വിസ്മരിക്കുന്ന ഒരു സത്യമുണ്ട്. കേരളത്തിന്റെ മഴവെള്ള സംഭരണ പ്രദേശത്തിന്റെ വിസ്തൃതി സമീപകാലത്തു കാര്യമായി കുറഞ്ഞിട്ടുണ്ട്.

അഞ്ചു മീറ്റര്‍ വീതിയില്‍ 100 കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യുമ്പോള്‍ അഞ്ചു ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണു വൃഷ്ടിസംവഹനപ്രദേശത്തില്‍ കുറവുവരുന്നത്. കേരളത്തില്‍ 3,31,372 കിലോമീറ്റര്‍ റോഡ് ഉണ്ടെന്നാണ് ഒരു പഴയ കണക്ക്. അതായത് കേരളത്തിന്റെ വിസ്തൃതിയില്‍ ഏതാണ്ട് ഒരു ശതമാനം ഇന്നു റോഡുകളായി മാറി.

അതിനു പുറമേ പതിനായിരക്കണക്കിനു ചതുരശ്ര മീറ്റര്‍ കെട്ടിടങ്ങളും ഇതര നിര്‍മിതികളും വീണ്ടും വൃഷ്ടിസംവഹനത്തില്‍ കുറവു വരുത്തുന്നു. സിമന്റു ചെയ്യുന്ന ഇടവഴികളും ടൈലിട്ടു മറയ്ക്കുന്ന മുറ്റങ്ങളും വേറെ. സമീപകകാലത്ത് റിയല്‍ എസ്റ്റേറ്റു ലോബികള്‍ നിരത്തിയിട്ടിരിക്കുന്ന ആയിരക്കണക്കിനേക്കര്‍ ഭൂമി അതിനു പുറമെയാണ്. ഇതിനും പുറമെയാണ് മുകളില്‍ പറഞ്ഞ വെട്ടി വെളുപ്പിക്കല്‍.

കേരളത്തെ ജലരഹിതമാക്കുന്ന രണ്ടാമത്തെ ഘടകം വൃക്ഷധ്വംസനമാണ്. വെറും വനനശീകരണം മാത്രമല്ല ഭൂമിയുടെ കുട നഷ്ടപ്പെടുത്തുന്നത്. വെട്ടിമാറ്റപ്പെടുന്ന ഓരോ വൃക്ഷവും ഇതിന്റെ ഘടകമാണ്. ഭൂമി സംഭരിച്ച വെള്ളം ആവിയായി പോകാതെയും താപനില ഉയരാതെയും ഓരോ വൃക്ഷവും സംരക്ഷിക്കുന്നുണ്ട്. ഇതിനെ തകിടംമറിച്ചാണ് സര്‍ക്കാര്‍ വിലാസം വൃക്ഷധ്വംസനം. ഏറ്റെടുക്കുന്ന ഭൂമിയിലെ വൃക്ഷങ്ങള്‍ മാനദണ്ഡമില്ലാതെ വെട്ടിമാറ്റുന്നതും ആരോ വെച്ചുപിടിപ്പിച്ച പാതയോര വൃക്ഷങ്ങള്‍ നിഷ്കരുണം മുറിച്ചുതള്ളുന്നതും ഇന്ന് ഒരു സംസ്കാരമായി കേരളത്തില്‍ വളര്‍ന്നിരിക്കുന്നു.

സര്‍ക്കാര്‍ മരം മുറിക്കലിനു മാനദണ്ഡം പോയിട്ട് യുക്തിബോധം പോലുമില്ല. ഓടുന്ന കാറിനു മുകളില്‍ ഒരു ചോലവൃക്ഷം വീണ് അപകടമുണ്ടായതിനു വഴിയോര വൃക്ഷങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റുക, സ്കൂള്‍ പരിസരത്തെ വൃക്ഷം വീണ് അപകടമുണ്ടായതിന് എല്ലാ സ്കൂള്‍ പരിസരത്തെയും മരങ്ങങ്ങളെല്ലാം വെട്ടുക തുടങ്ങിയ 'ധീരമായ' തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

വര്‍ഷകാലത്ത് ഇലഭാരം കൂടി കമ്പ് ഒടിയുകയോ മരം വീഴുകയോ ചെയ്യുക സ്വാഭാവികമാണ്. ഇതിനെ പ്രതിരോധിക്കുവാന്‍ കേരളത്തിലെ കര്‍ഷകര്‍ പ്രതിവര്‍ഷം ശിഖരങ്ങള്‍ വെട്ടിയൊതുക്കിയിരുന്നു. നാടന്‍ ഭാഷയില്‍ 'ചവര്‍ ഇറക്കുക' എന്നാണ് ഈ പ്രക്രിയയ്ക്കു പറയുന്നത്. ഇതെന്തുകൊണ്ട് പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങളില്‍ പ്രയോഗിക്കുന്നില്ല? വിദേശരാജ്യങ്ങളില്‍ ഇപ്രകാരം വൃക്ഷങ്ങള്‍ കോതി ഒതുക്കുന്നത് വൈദഗ്ദ്യം ആവശ്യമുള്ള വന്‍ ബിസിനസാണ്. പൊതുസ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലം മാത്രം വെട്ടിത്തെളിക്കുക എന്നൊരു നയം എന്തുകൊണ്ട് സര്‍ക്കാരിനു സ്വീകരിച്ചുകൂടാ?

ഇത്തരമൊരു നയം സ്വീകരിച്ച് വിജയിച്ച ഒരു സ്ഥാപനമെങ്കിലും കേരളത്തിലുണ്ട്. കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കാല്‍ നൂറ്റാണ്ടുമുമ്പ് ഫലഭൂയിഷ്ടമായ റബര്‍തോട്ടങ്ങളാണ് ഇതിനായി ഏറ്റടുത്തത്. പതിവു സര്‍ക്കാര്‍ രീതിയനുസരിച്ച് വെട്ടിവെളുപ്പിക്കല്‍ പലരും സ്വപ്നം കണ്ടു. അവിടുത്തെ റബര്‍ത്തടിയില്‍ നോട്ടമിട്ട് 'മരക്കഴുകന്മാര്‍' ചുറ്റിപ്പറന്നു. മറുവശത്ത് തൊഴില്‍ നഷ്ടപ്പെടുന്ന തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി റബര്‍ ടാപ്പിംഗ് തൊഴിലാളികളും. കനത്ത സമ്മര്‍ദ്ദങ്ങള്‍.

ഭാവനാസമ്പന്നനായ മേലധികാരി ഒരു ധീരമായ തീരുമാനമെടുത്തു; വെട്ടിവെളുപ്പിക്കുന്നില്ല; അത്യാവശ്യം സ്ഥലം മാത്രം തെളിച്ചെടുക്കുക. ഭൂരിഭാഗം വരുന്ന ശേഷം സ്ഥലത്തെ റബര്‍തോട്ടത്തിന്റെ മേല്‍നോട്ടവും പരിപാലനവും വിളവെടുപ്പും കോട്ടയത്തുതന്നെയുള്ള റബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഏല്പ്പിക്കുക. രാഷ്ട്രീയ നേതൃത്വവും ഇതു അംഗീകരിച്ചു. ഇന്ന് പച്ചപ്പിനിടയില്‍ ആ സ്ഥാപനം തല ഉയര്‍ത്തി നില്‍ക്കുന്നു. ഒരു ടാപ്പിംഗ് തൊഴിലാളിയേയും പിരിച്ചുവിട്ടില്ല. റബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു പരീക്ഷണ തോട്ടം ലഭിച്ചു. കേരളാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു പ്രതിവര്‍ഷ ആദായവും.

ഇത്തരം മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിനു പരീക്ഷിച്ചുകൂടേ? പ്രത്യേകിച്ചും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്ള കേരളത്തില്‍?

തരിശാക്കപ്പെട്ട സ്ഥലങ്ങളേയും നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ പച്ചപ്പരപ്പാക്കാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തുല്‍ജാപ്പൂരിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്. മഹാരാഷ്ട്രയില്‍ എറ്റവും കുറവ് മഴ ലഭിക്കുന്ന ഉസ്മാനാബാദ് ജില്ലയില്‍ ഇന്ന് ജലക്ഷാമംകൊണ്ട് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലാത്തൂരില്‍നിന്നും കേവലം അമ്പതു കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥാപനം. മുപ്പതു വര്‍ഷങ്ങള്‍കൊണ്ട് ഒരു കുന്നിന്‍ മുകളില്‍ വളര്‍ത്തിയെടുത്ത 100 ഏക്കര്‍ കാടിനു നടുവിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഇന്നും ഇതിനുചുറ്റും കണ്ണെത്തുംദൂരത്തെങ്ങും പുല്ലുപോലും മുളയ്ക്കാത്ത മരുസമാനമായ പാഴ്ഭൂമിയാണെന്നു മനസിലാക്കുമ്പോളാണ് ഇതിലെ നിശ്ചയദാര്‍ഡ്യം വ്യക്തമാകുന്നത്. മഴവെള്ളം ഒരു തുള്ളി ഒഴുകിപ്പോകാന്‍ അനുവദിക്കതെയും, ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലിനജലം ഉപയോഗിച്ചുമാണ് ഈ വിപ്ലവം നടപ്പിലാക്കുന്നത്.

അസമില്‍, കര്‍ണാടകയില്‍, കേരളത്തില്‍ത്തന്നെ അട്ടപ്പാടിയില്‍ ഒക്കെ സ്വകാര്യവ്യക്തികള്‍ തരിശുനിലങ്ങള്‍ വനങ്ങളായി പുനഃപരിവര്‍ത്തനം ചെയ്ത വീരഗാഥകള്‍ ഇന്നു മാദ്ധ്യമശ്രദ്ധ ആകര്‍ഷിക്കുന്നു. അവയിലൊക്കെ ഉറവകള്‍ പൊട്ടിയതും നീര്‍ച്ചാലുകള്‍ പുനര്‍ജ്ജനിച്ചതും നാം അറിയുന്നു. ഫലഭൂയിഷ്ഠമല്ലാത്ത തുല്‍ജാപ്പുരില്‍ സാദ്ധ്യമെങ്കില്‍ അതിന്റെ നാലഞ്ചിരട്ടി വാര്‍ഷിക വര്‍ഷപാതമുള്ള കേരളത്തില്‍ അത് അയത്നലളിതമാണ്. വേണ്ടതു പ്രതിബന്ധതമാത്രം. ഇല്ലാത്തതും അതുതന്നെ.

സര്‍ക്കാര്‍ മരംവച്ചുപിടിപ്പിക്കലും സാമൂഹ്യ വനവല്‍ക്കരണവും നടത്തുന്നുണ്ട് എന്നതു ശരിതന്നെ. പക്ഷേ ഉള്ള വെള്ളം കുടിച്ചുവറ്റിക്കുന്ന യൂക്കാലിപ്റ്റസും അക്കേഷ്യയും പിന്നെ വേരുപിടുത്തമില്ലാത്ത കുറെ വിദേശ ജനുസ് വൃക്ഷങ്ങളുമാണ് ഇവയുടെ ബാക്കിപത്രങ്ങള്‍. ഗുണത്തേക്കാള്‍ എറെ ദോഷം ചെയ്യുന്ന ഇവയ്ക്കുപകരം മാവ്, പ്ളാവ്, പുളി, ഇലഞ്ഞി, ഞാവല്‍ മുതലായ നാടന്‍ വൃക്ഷങ്ങളായാലെന്താ കുഴപ്പം? കേരളത്തിലെ ഏതിനം മണ്ണിലും വളരുന്ന തദ്ദേശീയമരമാണ് വെള്ളപ്പൈന്‍ അഥവാ തെള്ളിപ്പൈന്‍. പ്രകൃതിയോടിണങ്ങുന്ന അവയൊക്കെ നട്ടാല്‍ സ്വാഭവികമായി വളര്‍ന്നുകൊള്ളും. ആവാസവ്യവസ്ഥയ്ക്കു ദോഷകരമാം വിധം പരിസ്ഥിതിഭംഗം വരുത്തുകയുമില്ല.

കേരളത്തില്‍ റോഡുകളുടെ വളവു നിവര്‍ത്തതിന്റെ ശേഷിപ്പുകളായി പഴയ റോഡുകളും, അവയ്ക്കിടയിലെ തുരുത്തുകളും പുറമ്പോക്കായിട്ടുണ്ട്. അവ ആദ്യം മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി പിന്നീട് അനധികൃത കൈയ്യേറ്റങ്ങളില്‍ അവസാനിക്കുകയാണ് പതിവ്. ഇവിടെയാണ് ഈ ലേഖനത്തിന്റെ തലക്കെട്ടു പ്രസക്തമാകുന്നത്. ഒരുപിടി ചക്കക്കുരുവോ ചവച്ചുതള്ളുന്ന മാങ്ങായണ്ടികളോ ഇത്തരം പുറമ്പോക്കുകളില്‍ നിക്ഷേപിച്ചാല്‍ കുറെയങ്കിലും കിളിര്‍ത്തുവരും. ഇതിനു സര്‍ക്കാര്‍ സംവിധാനമോ ലക്ഷങ്ങളുടെ ഫണ്ടോ ആവശ്യമില്ല. രണ്ടു ചക്കയുടെ കുരു ഉണ്ടെങ്കില്‍ ഒരേക്കര്‍ സ്ഥലം ഹരിതവല്‍ക്കരിക്കാം.

പണിപൂര്‍ത്തിയായ റോഡുകളുടെ പ്രാന്തങ്ങളില്‍ ഓരോ പ്ലാവ് വീതം നടാന്‍ പരിസരവാസികള്‍ മാത്രം മതി. റോഡു തുരുത്തുകള്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളും സന്നദ്ധസംഘടനകളും ഏറ്റെടുക്കട്ടെ. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടേയും ഹരിതവല്‍ക്കരണം അതതു സ്ഥാപനത്തിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നും, മതസ്ഥാപനങ്ങളില്‍ ഭക്തജനങ്ങളും നടത്തട്ടെ. ഒരിക്കല്‍ പച്ചപ്പ് ആരംഭിച്ചാല്‍ ബാക്കി പക്ഷിവിസര്‍ജ്ജ്യത്തില്‍ക്കൂടിയും മറ്റും സ്വാഭാവികമായി വികസിച്ചുകൊള്ളും. എല്ലാത്തിനും സര്‍ക്കാരിനെ ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കുക. ഈ ഭൂമി വരും തലമുറകളുടേതു കൂടിയാണ്. അതു സംരക്ഷിക്കാന്‍ നാം ബാദ്ധ്യസ്ഥരുമാണ്.

വാല്‍ക്കഷണം: ഭൂമിയെ കുട ചൂടിക്കാന്‍ പോകുന്നവര്‍ ജാഗ്രതൈ..! കേരളത്തിലെ ഒരു പ്രമുഖ നഗരമദ്ധ്യത്തിലെ തണല്‍ ഒട്ടുമില്ലാത്ത പാതയോരത്തുള്ള ഓട്ടോസ്റ്റാന്റില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ബദാം വച്ചുപിടിപ്പിച്ചു രണ്ടു വര്‍ഷം കൊണ്ട് അവ വളര്‍ന്നുപൊന്തി കാല്‍നടക്കാര്‍ക്കുപോലും ആശ്വാസമായി മാറി. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ അവ വെട്ടിമാറ്റുന്നതാണ് കണ്ടത്. എതിര്‍വശത്തുള്ള സ്വര്‍ണ്ണക്കടയുടെ പരസ്യം മറയുന്നത്രെ! ഇതിനെ ചോദ്യംചെയ്ത ഓട്ടോ ഡ്രൈവര്‍മാരുടെ പേരില്‍ പൊതുസ്ഥലം കൈയ്യേറിയതിനു കേസെടുക്കുമെന്നായിരുന്നു അധികൃതരുടെ പ്രതികരണം. ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിത തൊഴിലാളിവര്‍ഗ്ഗമായതുകൊണ്ടുമാത്രം കേസില്‍നിന്ന് അവരും, മഴുവില്‍നിന്നു ശേഷിച്ച ഏതാനും വൃക്ഷങ്ങളും രക്ഷപെട്ടു.