സംസാര സ്വാതന്ത്ര്യവും മൗലീക അവകാശമാണ്; അതു തടയുന്നത് ഭരണഘടനാ ലംഘനവും

കേരളത്തിലെ സദാചാര ഗുണ്ടായിസം പിഴുതെറിയുവാന്‍ ഒരു ഒറ്റമൂലിയുണ്ട്. വിശദമായ അന്വേഷണം നടത്തിയാല്‍ അത്തരം എല്ലാ സംഭവങ്ങളുടേയും പിന്നില്‍ ഏതെങ്കിലും മത-സംസ്‌കാര-രാഷ്ട്രീയ സംഘടനയുടെ പിന്‍ബലവും ദര്‍ശനവുമുണ്ടാകും എന്നു കാണാം. ഒരോ സംഭവത്തിലും പരോക്ഷമായെങ്കിലും അതിലുള്‍പ്പെട്ട പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവിനേക്കൂടെ പ്രേരണക്കുറ്റത്തിനു പ്രതി ചേര്‍ക്കുക- ഡോ. എം കുര്യന്‍ തോമസ് എഴുതുന്നു

സംസാര സ്വാതന്ത്ര്യവും മൗലീക അവകാശമാണ്; അതു തടയുന്നത് ഭരണഘടനാ ലംഘനവും

വര്‍ത്തമാനകാലത്ത് പ്രബുദ്ധകേരളത്തെ ഞെട്ടിച്ച സംഭവമാണ് ഒരു യുവാവിന്റെ ആത്മഹത്യയും അതിലേയ്ക്കു നയിച്ച സദാചാര ഗുണ്ടായിസവും. ഈ ദുരന്തത്തെത്തുടര്‍ന്ന് സദാചാര ഗുണ്ടായിസത്തെ കര്‍ശനമായി നേരിടാന്‍ ഡി.ജി.പി. യുടെ അടിയന്തിര ഉത്തരവിറങ്ങി. തൊട്ടുപിന്നാലെ എത്തിയത് പിങ്ക് പോലീസ് നടത്തിയ സദാചാരഗുണ്ടായിസത്തിന്റെ ചിത്രീകരണമാണ്! ഇല്ല സാര്‍; ഡി.ജി.പി. ഉത്തരവിട്ടാലൊന്നും കേരളത്തിലെ സദാചാര ഗുണ്ടായിസം അവസാനിക്കില്ല. അതിനു 'ദീര്‍ഘകാല ചികിത്സയും കഠിന പത്ഥ്യവും' വേണം.

ഇത്തരമൊരു ചികിത്സയ്ക്ക് ആദ്യം ആവശ്യം സദാചാര ഗുണ്ടായിസസിത്തിന്റെ നിര്‍വചനം വിശാലമാക്കുക എന്നതാണ്. ഇന്ന് പുരുഷനും സ്ത്രീയും പൊതുസ്ഥലത്ത് ഒന്നിച്ചിരിക്കുന്നതോ പരസ്പരം സംസാരിക്കുന്നതോ മാത്രമാണ് സദാചാര ഗുണ്ടായിസമായി പൊതുവെ പരിഗണ്ക്കപ്പെടുന്നത്. പൊതുസ്ഥലം വേണമെന്നില്ല, സ്വകാര്യ ഭവനങ്ങള്‍ ആയാലും മതി എന്ന നിലയിലേയ്ക്കു കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. പക്ഷേ അതുമാത്രമാണോ സദാചാര ഗുണ്ടായിസം?

അമര്‍ത്തപ്പെട്ട കാമവികാരങ്ങളാണ് സദാചാര ഗുണ്ടായിസത്തിന്റെ ആണിക്കല്ല് എന്ന മനഃശാസ്ത്ര പാഠം ഒരുപക്ഷേ ശരിയായിരിക്കാം. ഏതായാലും എല്ലാ സ്ത്രീ-പുരുഷ സംസര്‍ഗ്ഗത്തേയും ലൈഗീകതയുടെ ദൃഷ്ടിപഥത്തില്‍ കാണുന്ന മാനസികാവസ്ഥയാണ് സദാചാര ഗുണ്ടകള്‍ക്കെന്നുള്ളത് വ്യക്തമാണ്. പക്ഷേ വര്‍ത്തമാനകാല സമൂഹത്തില്‍ സ്ത്രീ-പുരുഷബന്ധം മാത്രമല്ല ലൈഗീകത, സ്വവര്‍ഗ്ഗാനുരാഗവും ബാലപീഡനവും ലൈഗീകതയുമാണ്. പക്ഷേ തികച്ചും നിയമവിരുദ്ധമായ അത്തരം പ്രവണതകള്‍ക്കുനേരേ കണ്ണടയ്ക്കുന്നവരാണ് നിര്‍ദോഷമായ സ്ത്രീ-പുരുഷ സംസര്‍ഗ്ഗത്തെ ഞെരിച്ചുകൊല്ലുന്നത്! ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു പാര്‍ക്കില്‍ പട്ടാപ്പകല്‍ രണ്ടു യുവാക്കളുടെ 'പ്രേമപ്രകടനം' ഈ ലേഖകന്‍ നേരിട്ടു കണ്ടിട്ടുണ്ട്. ആര്‍ക്കും അതൊരു പ്രശ്നമല്ല. അതേസമയും ഇതവഗണിക്കുന്നവര്‍തന്നെ അപ്പുറത്തിരിക്കുന്ന യുവതീ-യുവ മിഥുനത്തെ തുറിച്ചു നോക്കുകയും ചെയ്യുന്നു! ഇതാണ് മലയാളിയുടെ കപട സദാചാരം!

യഥാര്‍ത്ഥത്തില്‍ സ്ത്രീത്വത്തോടുള്ള അവഹേളനമാണ് സദാചാര ഗുണ്ടായിസത്തിന്റെ അടിസ്ഥാനം. സ്ത്രീ ഒരു ഉപഭോഗവസ്തുവും സ്വകാര്യസ്വത്തുമാണന്ന കാഴ്ചപ്പാടും, അത് മൂടിപ്പൊതിഞ്ഞു സുക്ഷിക്കേണ്ട ഒന്നാണന്ന മനോഭാവവുമാണ് സദാചാര ഗുണ്ടായിസത്തിനു വഴിമരുന്നാകുന്നത്. വ്യക്തി മാത്രമല്ല, മതം, ജാതി, സമൂഹം, സംഘടന ഇവയൊക്കെ ഈ 'ഉടമ മനോഭാവം' പുലര്‍ത്തിത്തുടങ്ങിയതോടെ കേരളം സദാചാര ഗുണ്ടായിസത്തിന്റെ കൂത്തരങ്ങായി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലാണ് ഭീകരമായ ഈ ആശയഗതി കേരള സമൂഹത്തില്‍ ഉടലെടുത്ത് പടര്‍ന്നു പന്തലിച്ചതെന്നത് ഭയാനകമായ ഒരു യാഥാര്‍ത്ഥ്യമാണ്. നിഷ്‌ക്കളങ്ക ബാല്യങ്ങളുടെ പരസ്പര സൗഹാര്‍ദ്ദത്തേപ്പോലും വിലക്കുന്ന മതബോധനമാണ് ആദ്യവില്ലന്‍. വിവാഹം പാപമാണന്നു പഠിപ്പിക്കുകയും കൗമാരമനസുകളില്‍ ഈ വികലചിന്ത അടിച്ചുറപ്പിക്കുന്നതിനായി ബോധനക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവരും വിത്തിടുന്നത് സദാചാര ഗുണ്ടായിസത്തിനാണ്. കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ആണ്‍-പെണ്‍ ഇടങ്ങള്‍ വേര്‍തിരക്കുകയും പരസ്പര സംഭാഷണംപോലും വിലക്കുകയും, ഇതൊക്കെ ഉറപ്പുവരുത്താന്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യം പോലെതന്നെ സംസാര സ്വാതന്ത്ര്യവും മൗലീക അവകാശമാണവിദ്യാലയ അധികൃതരെ സദാചാരഗുണ്ടാകളുടെ ഗണത്തിലാണ് പെടുത്തേണ്ടത്. സ്വന്തം മതതത്വങ്ങള്‍ക്കുപോലും വിരുദ്ധമായി 'പ്രലോഭിപ്പിക്കുന്ന വസ്ത്രം ധരിക്കുന്ന' സ്ത്രീകളെ കടലിലെറിയണമെന്നും, മുഖമടക്കം മൂടി നടക്കണമെന്നും ആഹ്വാനം ചെയ്യുന്ന മത നേതാക്കളെയും, 'സംസ്‌കാരം പഠിപ്പിക്കാന്‍' നടക്കുന്ന സന്നദ്ധ സംഘടനക്കാരെയും സദാചാരഗുണ്ടാകളായി കണ്ട് നടപടി സ്വീകരിച്ചാല്‍ത്തന്നെ പകുതി സദാചാരഗുണ്ടായിസം അവസാനിക്കും. പൊട്ടുകുത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡോഴിക്കുമെന്നു സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യമായി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ചെറുവിരലനക്കുവാന്‍ ഇതെഴുതുന്ന സമയംവരെ കേരളാപോലീസ് തയാറായിട്ടില്ല. 'പിന്നെങ്ങനെ സദാചാരഗുണ്ടായിസം അവസാനിക്കും ഡി.ജി.പി. സാര്‍?' സഞ്ചാര സ്വാതന്ത്ര്യം പോലെതന്നെ സംസാര സ്വാതന്ത്ര്യവും മൗലീക അവകാശമാണ. വിദ്യാലയങ്ങളിലായാലും പൊതുസ്ഥങ്ങളിലായിലും അതു തടയുന്നത് ഭരണഘടനാ ലംഘനമാണ്. ഏതു ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും- വിശിഷ്യാ വിദ്യാലയ അധികൃതര്‍ - അപ്രകാരം തടഞ്ഞാല്‍ അവരുടെ പേരില്‍ നടപടിയെടുക്കാന്‍ ഭരണകൂടത്തിനു നട്ടെല്ലുണ്ടാകണം. അല്ലാതെ സദാചാരഗുണ്ടായിസം അവസാനിപ്പിക്കാനാവില്ല. സദാചാരഗുണ്ടായിസത്തിന്റെ അടുത്തമുഖം സ്ത്രീവസ്ത്ര നിയന്ത്രണമാണ്. ഇക്കാര്യത്തില്‍ മതഭ്രാന്തന്മാരോടു മത്സരിക്കുകയാണ് പല സര്‍ക്കാര്‍ വിദ്യാലയ അധികൃതരും. കേരളത്തിലെ ഒരു ഗവ. മെഡിക്കല്‍ കോളേജില്‍ സമീപകാലത്തിറക്കിയ വൈദ്യ വിദ്യാര്‍ത്ഥിനികള്‍ ജീന്‍സും ലഗ്ഗിന്‍സും ധരിക്കരുതെന്ന ഉത്തരവുതന്നെ ഉദാഹരണം. വിദ്യാര്‍ത്ഥികള്‍ക്കില്ലാത്ത ഇത്തരം നിയന്ത്രണം ഒരുതരം സദാചാരഗുണ്ടായിസമാണ്. മദ്ധ്യകേരളത്തിലെ ഒരു പ്രശസ്ത കലാലയത്തിലെ പ്രാധാനാദ്ധ്യാപികയുടെ വിവാദമായ സമീപകാല പ്രസ്ഥാവനയും ഒരര്‍ത്ഥത്തില്‍ ഈ പരിധിയില്‍ വരുന്നതാണ്. ഇവിടെയെയൊക്കെ സര്‍ക്കാര്‍ എന്തു നടപടി എടുത്തു? ഒന്നും ചെയ്തില്ല.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകൊണ്ട് ഇത്തരത്തില്‍ സ്ത്രീ-പുരുഷ സംസര്‍ഗ്ഗത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ഒരു മനോഭാവം വളര്‍ത്തിയെടുത്തതാണ് ഇന്ന് സദാചാരഗുണ്ടായിസം പിടിയിലൊതുങ്ങാത്തവിധം വളരാന്‍ ഹേതുവായത്. അതും, മുകളില്‍ പറഞ്ഞ അമര്‍ത്തപ്പെട്ട കാമവികാരവും ലിംഗവിവേചന പാഠങ്ങളും മനോനില തെറ്റിച്ച സമൂഹത്തെ രാഷ്ട്രീയക്കാരും, മത- സന്നദ്ധ സംഘടനകളും ഭംഗിയായി ഉപയോഗിച്ചതോടെ കേരളം സദാചാരഗുണ്ടായിസത്തിന്റെ കേന്ദ്രമായി. തങ്ങളുടെ സംഘടനയുടെ ശക്തിമൂലം ശിക്ഷയൊന്നും ലഭിക്കില്ല എന്ന ആത്മവിശ്വാസമാണ് സദാചാരഗുണ്ടാകളെ അഴിഞ്ഞാടാന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ ഈ വിശ്വാസം ശരിവെക്കുന്നരീതിയിലാണ് ഭരണകൂടവും പോലീസും ഇതഃപര്യന്തം പ്രവര്‍ത്തിച്ചിട്ടുള്ളത്.

1960കളുടെ മദ്ധ്യത്തില്‍ കേരളത്തെ പിടിച്ചു കുലുക്കിയ ഒരൊറ്റ സംഭവമൊഴികെ കേരള രാഷ്ട്രീയം പൊതുവെ സദാചാരഗുണ്ടായിസത്തില്‍നിന്നും വിമുക്തമായിരുന്നു. പക്ഷേ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും എതിര്‍പാര്‍ട്ടിക്കാരെ മാത്രമല്ല, സ്വന്തം പാര്‍ക്കുള്ളിലെ എതിര്‍വിഭാഗത്തെപ്പോലും താറടിക്കാന്‍ സദാചാരഗുണ്ടായിസം നിര്‍ബാധം ഉപയോഗിച്ചു തുടങ്ങി. ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കി മുഖ്യധാരാ മാദ്ധ്യമങ്ങള്‍പോലും ആഘോഷിച്ചു. ഇന്ന് ചില രാഷ്ട്രീയ യുവജന സംഘടനകള്‍ സ്വന്തം നിലയില്‍ ക്യാമ്പസുകളില്‍ അടിച്ചേല്‍പ്പിക്കുന്ന 'സംസ്‌ക്കാരം' സദാചാരഗുണ്ടായിസമല്ലാതെ മറ്റെന്താണ്? കേരളത്തെ ചുബനസമരത്തിലേയ്ക്ക് നയിച്ച സംഭവവും ഒരു സദാചാരഗുണ്ടായിസത്തില്‍നിന്നും ഉടലെടുത്തതാണ്. അവിടെയും ഇരട്ടത്താപ്പാണ് ഭരണകൂടം കാട്ടിയത്. അന്നത്തെ ഗുണ്ടകള്‍ അകത്തായിരുന്നങ്കില്‍ ഈ പ്രവണത ഇത്രയും വ്യാപിക്കില്ലായിരുന്നു. ചില മാദ്ധ്യമങ്ങള്‍ ഈ തെമ്മാടിത്തരത്തിനെ ഗുണ്ടായിസം എന്നു വിളിക്കാതെ 'സദാചാര പോലീസ്' എന്നു ബഹുമാനപുരസരമാണ് സംബോധന ചെയ്യുന്നത്! മറുവശത്ത് തങ്ങള്‍ക്ക് അനഭിമിതരായ മാദ്ധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യും എന്നു ഭീഷണിപ്പെടുത്തിയവര്‍ക്കു ചിലര്‍ മാലയിട്ടു സ്വീകരണം നല്‍കുന്നു!

കേരളത്തിലെ സദാചാര ഗുണ്ടായിസം പിഴുതെറിയുവാന്‍ ഒരു ഒറ്റമൂലിയുണ്ട്. വിശദമായ അന്വേഷണം നടത്തിയാല്‍ അത്തരം എല്ലാ സംഭവങ്ങളുടേയും പിന്നില്‍ ഏതെങ്കിലും മത-സംസ്‌കാര-രാഷ്ട്രീയ സംഘടനയുടെ പിന്‍ബലവും ദര്‍ശനവുമുണ്ടാകും എന്നു കാണാം. ഒരോ സംഭവത്തിലും പരോക്ഷമായെങ്കിലും അതിലുള്‍പ്പെട്ട പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവിനേക്കൂടെ പ്രേരണക്കുറ്റത്തിനു പ്രതി ചേര്‍ക്കുക. കേസുകൊണ്ട് വലയുമ്പോള്‍ നേതാക്കള്‍ ഇത്തരക്കാര്‍ക്കുള്ള പിന്തുണ സ്വയം അവസാനിപ്പിക്കും! സദാചാര ഗുണ്ടായിസം അവസാനിക്കും.

എല്ലാ ആണ്‍-പെണ്‍ സൗഹൃദങ്ങളെയും ലൈംഗീകതയോടെ വീക്ഷിക്കുകയും തല്ലിയോടിക്കുകയും ചെയ്യുന്ന സ്ത്രീ ഉപഭോഗവസ്തു എന്ന കാഴ്ചപ്പാടിനു വളംവെയ്ക്കുകയാണ് 'സാംസ്‌കാരിക നായകര്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരുപറ്റം പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍. തങ്ങള്‍ക്കു നഷ്ടപ്പെട്ട മാദ്ധ്യമശ്രദ്ധ തിരിച്ചു പിടിക്കാന്‍ ഇവര്‍ ഇടയ്ക്ക് പ്രകോപനപരമായ പ്രസ്താവനകളിറക്കും. മിക്കവാറും സ്ത്രീകളുടെ വസ്ത്ര- സഞ്ചാര നിയന്ത്രണമാകും വിഷയം. ഇവയും സദാചാരഗുണ്ടകള്‍ക്ക് പ്രചോദനമാവുന്നു. ~ഒറ്റയ്ക്കോ കൂട്ടായോ സഞ്ചരിക്കാനും പൊതുസ്ഥങ്ങള്‍ ഉപയോഗിക്കനുമുള്ള പൗരന്റെയും മൗലികാവകാശം സംരക്ഷിയ്ക്കാനാണ് സര്‍ക്കാരിനും പോലീസിനും ബാദ്ധ്യതയുള്ളത്. അല്ലാതെ സ്ത്രീയെ മൂടിക്കെട്ടാനും പുരുഷനെ കൂട്ടിലടയ്ക്കാനുമല്ല. ലിംഗസമത്വം പരീശീലിപ്പിക്കുകയാണ് പൊതു വിദ്യാലങ്ങളുടെ ചുമതല. അല്ലാതെ അതിര്‍വരമ്പുകള്‍ സ്രഷ്ടിക്കുകയല്ല. ഇവയ്ക്കൊക്കെ തടസമുണ്ടാക്കുന്നവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവന്ന് ശിക്ഷവാങ്ങിക്കൊടുക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. ആരെയും എവിടെയും തടഞ്ഞുവെയ്ക്കാന്‍ ആര്‍ക്കും അധികാരമല്ല. തടയപ്പെട്ടവരെയല്ല, തടഞ്ഞവരെയാണ് അധികൃതര്‍ ശിക്ഷിക്കേണ്ടത്. അല്ലാതെ സ്വയം സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമാവുകയല്ല. അല്ലങ്കില്‍ നിരപരാധികളുടെ രക്തത്തിനു ഇനിയും നിങ്ങള്‍ കണക്കു പറയേണ്ടിവരും.

സ്ത്രീ-പുരുഷ സംസര്‍ഗ്ഗവും സംസാരവും സദാചാരവിരുദ്ധവും 'ആത്മനാശകമായ പാപവും' ആണന്ന പ്രചരണവും, വിദ്യാലയങ്ങളില്‍ അത്തരം സമ്പര്‍ക്കങ്ങളെ തടയുന്ന അധികൃത പ്രവണതയും കര്‍ശനമായി തടയാന്‍ സര്‍ക്കാര്‍ ഉടനടി ഇടപെട്ടേ പറ്റൂ. മൂന്നു ദശാബ്ദങ്ങള്‍ക്കുമുമ്പ് അത്തരം വിലക്കുകളൊന്നുമില്ലാത്ത കാലാലയങ്ങളിലാണ് ഈ ലേഖകന്‍ പഠിച്ചത്. അന്നു നൂറുകണക്കിനു വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന ആ കോളേജുകളില്‍ മുളപൊട്ടിയ പ്രേമങ്ങള്‍പോലും വിരളം! ഇന്നും ആ കലാലയങ്ങളൊക്കെ അതേ നിലയില്‍ തുടരുന്നു. പക്ഷേ മൊത്തം കേരളമെടുത്താല്‍ വിദ്യാലയഅധികൃതരുടെ സമീപനം അതില്‍നിന്നൊക്കെ എത്ര അധഃപതിച്ചു എന്നറിയാന്‍ വെറുതെ ദിനപ്പത്രങ്ങള്‍ വായിച്ചാല്‍ മതി. കേരളത്തില്‍ സദാചാര ഗുണ്ടായിസത്തിനെതിരായ യുദ്ധം ആരംഭിക്കേണ്ടത് വിദ്യാലയ അധികൃതരിലാണ്.

കേരളത്തില്‍ സദാചാര ഗുണ്ടായിസം വളര്‍ത്തുന്നതില്‍ ഏറ്റവുംവലിയ പങ്ക് വഹിക്കുന്നത് കേരളാ പോലീസ് തന്നെയാണ്. ബീച്ചിലും പാര്‍ക്കിലും ഇതര പൊതുസ്ഥലങ്ങളിലും ഒരുമിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാരെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും 'പെറ്റിയടിച്ചും' അവര്‍ സാദാചാര ഗുണ്ടകള്‍ക്ക് 'മാതൃക' കാട്ടിക്കൊടുക്കുന്നു. ആരെയെങ്കിലും അനധികൃതമായി തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്താല്‍ പീഡനവിധേയരുടെ പേരില്‍ കേസെടുത്ത് 'നിയമം നടപ്പാക്കുന്നു'! പരാതിപ്പടുന്നവരുടെ പരാതി സ്വീകരിക്കാതെയും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയും അവര്‍ 'നീതി ഉറപ്പാക്കുന്നു.' കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ വിസമ്മതിക്കുന്നു. നിവൃത്തിയില്ലാതെ ചാര്‍ജ്ജ് ചെയ്താല്‍ത്തന്നെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം! പിന്നീട് കേസിന്റെ പേരില്‍ പരാതിക്കാര്‍ക്ക് തുടര്‍പീഡനം വേറെ! പീഡനക്കേസുകളിലെ ഇരകള്‍ക്കു നല്‍കുന്ന 'അജ്ഞാത പരിരക്ഷ.' എന്തുകൊണ്ട് സദാചാരഗുണ്ടായിസത്തിനിലെ ഇരകള്‍ക്കും നല്‍കിക്കൂടാ?

മത-രാഷ്ട്രീയ നേതാക്കളും സാസ്‌കാരിക നായകരും പോലീസും വിവിധ കാരണങ്ങള്‍കൊണ്ട് നല്‍കിയ പ്രത്യക്ഷ-പരോക്ഷ പ്രോത്സാഹനമാണ് കേരളത്തില്‍ സദാചാര ഗുണ്ടായിസത്തെ ഇത്ര വളര്‍ത്തിയത്. ഇതില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്നത് നിസംഗത പുലര്‍ത്തുന്ന പോലീസും ഭരണകൂടവും തന്നെയാണ്. പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലന്നു നടക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഒരു പുരുഷനേയും സ്ത്രീയേയും ഒന്നിച്ചുകണ്ടാല്‍ അവരെ തടഞ്ഞുവയ്ക്കുന്നതും ചോദ്യം ചെയ്യുന്നതും ഗുരുതരമായ ക്രിമിനല്‍ കുറ്റമാണന്ന യാഥാര്‍ത്ഥ്യം ഇത്തരക്കാരെ മനസിലാക്കിക്കൊടുക്കേണ്ടത് പോലീസിന്റെയും ഭരണകൂടത്തിന്റെയും ബാദ്ധ്യതയാണ്. സദാചാര ഗുണ്ടായിസത്തിന്റെ ബാലപാഠങ്ങള്‍പോലും അഴിയെണ്ണിക്കുമെന്നു അവരെ ബോദ്ധ്യപ്പെടുത്തുകയാണ് ഇതിനുള്ള ഏക പ്രതിവിധി. പരാതിക്കാര്‍ ഇല്ലാതെതന്നെ ഇത്തരം സംഭവങ്ങളില്‍ സ്വമേധയാ കേസെടുക്കണം. പക്ഷേ ഇന്നു സംഭവിക്കുന്നത് മറിച്ചാണ്. ഒന്നുമാത്രം പറയാം; കോഴിക്കോട്ട് റെസ്റ്റോറന്റ് അടിച്ചുതകര്‍ത്തവരേയും രാഷ്ട്രീയ നേതാവിനെ തടഞ്ഞുവെച്ചവരേയും അന്നേ അകത്താക്കിയിരുന്നെങ്കില്‍ വയനാടുകാരനായ ആ ഹതഭാഗ്യനു തന്റെ ജീവന്‍ ഒടുക്കേണ്ടിവരികയില്ലായിരുന്നു. സദാചാര ഗുണ്ടായിസം കര്‍ശനമായി തടഞ്ഞേപറ്റു. അതിനു ഇത്തരം പ്രവണതകള്‍ മുളയിലെ നുള്ളണം.

സദാചാര ഗുണ്ടകള്‍ക്ക് നിയമം കഠിനശിക്ഷ നല്‍കുന്നതിനൊപ്പം വിട്ടുവീഴ്ചയില്ലാതെ അവരെ ഊരുവിലക്കി സാമൂഹ്യഭ്രഷ്ടരാക്കാന്‍ മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയാറാകണം. സദാചാര ഗുണ്ടായിസത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്ന മത-രാഷ്ട്രീയ-സാമൂഹിക നേതാക്കളേയും പ്രേരണക്കുറ്റം ചുമത്തി തുറുങ്കിലടയ്ക്കണം. ഒന്നിലധികം തവണ പിടിക്കെപ്പടുന്നവരെയും അവരുടെ ആദര്‍ശദായകരേയും ഗുണ്ടാ നിയമത്തിനു കീഴില്‍ കൊണ്ടുവരണം. പ്രത്യക്ഷമായോ പരോക്ഷമായോ സദാചാര ഗുണ്ടായിസത്തെ പിന്തുണയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നിഷ്‌ക്കരുണം സര്‍വീസില്‍നിന്നും പുറത്താക്കണം. 'പോലീസിന്റെ വീര്യം ചോരുമെന്ന' സ്ഥിരം ഓലപ്പാമ്പു കാട്ടി ഇത്തരക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ഒഴിവാക്കുന്ന പ്രവണത ഉടന്‍ അവസാനിപ്പിക്കണം. 'ഇതൊക്കെ ചെയ്യാതെ ഡി. ജി. പി. സാര്‍, കേരളത്തിലെ സദാചാര ഗുണ്ടായിസം അവസാനിക്കില്ല.'

വാല്‍ക്കഷണം: ഈയിടെ ഒരു ദീര്‍ഘ യാത്രക്കിടെ രാത്രി കേരള സര്‍ക്കാര്‍വക ഒരു സ്ഥാപനത്തില്‍ മുറിയെടുക്കാന്‍ ചെന്നപ്പോള്‍ ആദ്യത്തെ ചോദ്യം 'സ്ത്രീകള്‍ ഉണ്ടോ' എന്നായിരുന്നു. ഇല്ലാതിരുന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു മുറിയെടുത്തു. ആദ്യ അന്വേഷണത്തിന്റെ കാരണം തിരക്കിയപ്പോള്‍ കിട്ടിയ ഉത്തരം രസകരവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. 'എന്റെ സാറെ; സ്ത്രീകളുണ്ടേല്‍ രണ്ടുപേരുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി വാങ്ങണം. അതു പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കണം. ഉടനെ വിവരം തിരക്കി പ്രദേശിക ലേഖകന്റെ വിളി വരും. താമസിയാതെ. കുറച്ചു ലോക്കല്‍ നേതാക്കളെത്തും, പരിശോധനയ്ക്ക്! എന്തിനാ ഈ പൊല്ലാപ്പെല്ലാം. മുറി കൊടുക്കാതിരുന്നാല്‍ പോരെ? ' .....

പ്രബുദ്ധ കേരളം (സാമൂഹ്യനീതി മാസിക, മാര്‍ച്ച് 2017) കുറിപ്പ് - ഈ ലേഖനം തയാറാക്കി സാമൂഹ്യനീതി മാസികയ്ക്ക് അയച്ചത് 2017 മാര്‍ച്ച് 8-ന് രാവിലെ 09.07-നാണ്. അന്ന് അതിനുശേഷമാണ് കൊച്ചി മെറൈന്‍ഡ്രൈവിലെ അതിക്രമം അരങ്ങേറിയത്. അന്നുമുതല്‍ ഇന്നുവരെയുള്ള തുടര്‍ക്കഥകൂടി ഇതിനോട് ചേര്‍ത്തുവായിക്കുക.