ഖത്തറിനുമേല്‍ അറേബ്യന്‍ വിച്ഛേദം; പ്രവാസിയെ കാത്ത് നാലുതരം ദുരിതങ്ങള്‍

ഓയില്‍ റിച്ച് രാജ്യമായ സൗദി അറേബ്യ, ഫിനാന്‍ഷ്യല്‍ ഹബ്ബും ഓയില്‍ റിച്ച് രാജ്യവുമായ യു.എ.ഇ, ജാസ്മിന്‍ വിപ്ലവത്തിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഗ്യാസ് റിച്ച് രാജ്യമായ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും

ഖത്തറിനുമേല്‍ അറേബ്യന്‍ വിച്ഛേദം; പ്രവാസിയെ കാത്ത് നാലുതരം ദുരിതങ്ങള്‍

മിഡില്‍ ഈസ്റ്റ് ഏഷ്യയില്‍ നിലനിന്നിരുന്ന ജിസിസി രാജ്യങ്ങളുടെ ശീതസമരം ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു. അതല്ലെങ്കില്‍ വല്ലാത്തൊരു ആഴത്തിലേക്ക് ഈ വിരുദ്ധത കൂപ്പുകുത്തിയെന്നും പറയാം. ഖത്തര്‍ ഭീകരപ്രവര്‍ത്തകരെ സഹായിക്കുന്നു എന്നാരോപിച്ച് സൗദി അറേബ്യ, ബഹറിന്‍, ഈജിപ്റ്റ് പിന്നെ യു.എ.ഇ എന്നീ നാലുരാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

ഓയില്‍ റിച്ച് രാജ്യമായ സൗദി അറേബ്യ, ഫിനാന്‍ഷ്യല്‍ ഹബ്ബും ഓയില്‍ റിച്ച് രാജ്യവുമായ യു.എ.ഇ, ജാസ്മിന്‍ വിപ്ലവത്തിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഗ്യാസ് റിച്ച് രാജ്യമായ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ഉപരോധം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും എന്നതില്‍ സംശയമില്ല. പരമപ്രധാനമായ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്;

1) 48 മണിക്കൂര്‍ അല്ലെങ്കില്‍ 14 ദിവസത്തിനുള്ളില്‍ ഖത്തര്‍ പൌരന്മാര്‍ ഈ രാജ്യങ്ങള്‍ വിട്ടുപോകണം എന്ന് ഈ നാല് രാജ്യങ്ങളും ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ വ്യാപ്തി എത്രമാത്രം ഒരു സാധാരണക്കാരനായ പ്രവാസിയെ ബാധിക്കുമെന്ന് നോക്കാം. ഒരു പ്രവാസി ബിസിനസുകാരന് ഈ പറയുന്ന രാജ്യങ്ങളില്‍ എല്ലാം ചെറുതും വലുതുമായ ബിസിനസ് ശൃംഘലകള്‍ ഉണ്ടെന്നിരിക്കട്ടെ. ഇദ്ദേഹത്തിനു ഇനിയും ദുബായില്‍ നിന്നോ മറ്റു മൂന്നു രാജ്യങ്ങളില്‍ നിന്നോ ഖത്തറിലേക്ക് പോകാന്‍ വിസ കിട്ടില്ല. ഫ്‌ളൈറ്റുകള്‍ ഉണ്ടാകില്ല. കടല്‍/കരമാര്‍ഗ്ഗവും യാത്ര സാധ്യമായിരിക്കില്ല. അപ്പോള്‍ പിന്നെ അവര്‍ ഇന്ത്യയില്‍ വരണം ഇവിടെനിന്നും ഖത്തര്‍ വിസ എടുത്ത് അവിടേക്ക് യാത്ര ചെയ്യണം. ഇന്ത്യയിലെ ട്രാന്‍സിസ്റ്റ് ഉള്‍പ്പെടെ ഏകദേശം 8 മുതല്‍ 10 മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് മാത്രമല്ല, ഇവയ്ക്കു പിന്നില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനു വിരാമം ഉണ്ടാകുകയുമില്ല. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള സമയവും യാത്രയ്ക്കായി എടുക്കും. കൂടാതെ 75000 രൂപയും ഇങ്ങനെ പോയി വരാന്‍ ചെലവഴിക്കണം.

2) കർശന നിയന്ത്രണങ്ങളോടെ ആയിരിക്കും ഖത്തര്‍ റസിഡന്റ് വിസ ഉള്ളവര്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം അനുവദിക്കുക. ടിറ്റ് ഫോര്‍ ടാറ്റ്- തിരിച്ചും അതു തന്നെ പ്രതീക്ഷിക്കാം. ഇവര്‍ക്ക് ഈ രാജ്യങ്ങളില്‍ ബിസിനസ് നടത്താന്‍ നിയമപരമായി അംഗീകാരം ഉണ്ടായിരിക്കില്ല. ഖത്തറിലെ ബാങ്ക് അക്കൗണ്ട് ഈ രാജ്യങ്ങളില്‍ നിന്നും കൈകാര്യം ചെയ്യാനും അനുവാദം ഉണ്ടായിരിക്കില്ല എന്തിനധികം, ഖത്തര്‍ കറന്‍സി മാറാനുള്ള ക്രമീകരണങ്ങള്‍ പോലും ഈ രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ചുരുക്കത്തില്‍ കറന്‍സി നിയന്ത്രണം രൂക്ഷമായിരിക്കും എന്നര്‍ത്ഥം.

3) ഈ നിയന്ത്രണം വന്നതിനു ശേഷം പുതുതായി ഖത്തര്‍ വിസ എടുക്കുന്നവരെ ഈ രാജ്യങ്ങള്‍ ഡീപോര്‍ട്ട് ചെയ്യാന്‍ വരെ സാഹചര്യമുണ്ട്. ഉദ്ദാഹരണത്തിന്, ഒരു ഇസ്രായേല്‍ പൗരന് ഈ അറേബ്യന്‍ രാജ്യങ്ങളില്‍ ഉള്ള നിയന്ത്രണം കടുത്തതാണ് എന്ന് അറിയാമല്ലോ. ഇസ്രായേല്‍ റസിഡന്റ് വിസ ഉള്ള ഒരാള്‍ക്ക് ഈ നാല് രാജ്യങ്ങളില്‍ ഒരു ബിസിനസും നടത്താന്‍ അനുവാദമില്ല. വെറുതെ സന്ദര്‍ശിച്ചു മടങ്ങാന്‍ മാത്രമേ ഇവര്‍ക്ക് സാധിക്കുകയുള്ളൂ..ഇത് തന്നെയാണ് ഇനി ഖത്തറിന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്.

4) ഈ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് ഫോണ്‍ ചെയ്യുന്നതിനുള്ള നിരക്കിലും വന്‍ വര്‍ധനവ് പ്രതീക്ഷിക്കാം. ഖത്തര്‍ ഭരണകൂടം നടത്തുന്ന അല്‍ ജസീറ വാര്‍ത്താ ചാനലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു എന്ന ഖത്തര്‍ ഭരണാധികാരിയുടെ പ്രസ്താവനയില്‍ നിന്നാണ് ഇപ്പോഴത്തെ ഈ നയതന്ത്ര തീരുമാനം ഉണ്ടാകുന്നത്. ഈ പ്രസ്താവന നാലു രാജ്യങ്ങളെയും ചൊടിപ്പിച്ചു. ഷിയാ മുസ്ലീം ഭൂരിപക്ഷമുള്ള ഇറാനില്‍ രണ്ടാം തവണ അധികാരത്തിലേറിയ പ്രസിഡന്റിനെ ഖത്തര്‍ ഭരണാധികാരി അഭിനന്ദിച്ചതാണ് സുന്നി വിശ്വാസ ചായ് വുള്ള സൗദിയെ പ്രകോ പിതരാക്കിയത്. മറ്റു പല രാജ്യങ്ങളും സമാനമായ പ്രതിഷേധത്തിലേക്ക് നീങ്ങി.

ഖത്തറും ഇസ്രായേലും തമ്മിലൊരു ബന്ധം ഉറപ്പിക്കാന്‍ പോകുന്നു എന്ന് അവര്‍ കരുതി. കാര്യങ്ങള്‍ എവിടുന്നു എവിടെ കൊണ്ടെത്തിച്ചു എന്ന് ഇപ്പോള്‍ നേരില്‍ കണ്ടു കഴിഞ്ഞു. ഈ രാജ്യങ്ങളില്‍ എല്ലാം തന്നെ ജോലി ചെയ്യുന്ന പ്രവാസിയെയും ഇത് ബാധിക്കും. ഇവരുടെ ജോലി സ്ഥാപനങ്ങള്‍ മിക്കതും ഈ ജിസിസി രാജ്യങ്ങളില്‍ പടര്‍ന്നിട്ടുള്ളവയാണല്ലോ. ഇന്ത്യയിലെയും പ്രത്യേകിച്ചു കേരളത്തിലെയും പ്രവാസികളെ ഇത് ബാധിക്കും എന്ന് സംശയലെശമെന്യേ പറയാം.