കണ്ണൂരിൽ സായുധസേനാ പ്രത്യേക അധികാര നിയമം(അഫ്‌സ്‌പാ ) ആവശ്യമോ?

കണ്ണൂരിൽ പോരാടുന്നതും മരിച്ചു വീഴുന്നതും നിരോധിത പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ അല്ല. രാജ്യത്തിലെ നിയമത്തിനു വിധേയമായി പ്രവർത്തിക്കുവാൻ കടമയും ഉത്തരവാദിത്തവുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇവിടെ അശാന്തി വിതയ്ക്കുന്നത് എന്നത് ലജ്‌ജാവാഹമായ കാര്യമാണ്. അഫ്‌സ്പ പോലുള്ള കരിനിയമങ്ങൾ വരണ്ടേ സാഹചര്യം സൃഷ്ടിക്കാതെ നാടിനെ സംരക്ഷിക്കേണ്ട ചുമതല നമുക്കോരോരുത്തർക്കും ഉണ്ട്

കണ്ണൂരിൽ സായുധസേനാ പ്രത്യേക അധികാര നിയമം(അഫ്‌സ്‌പാ ) ആവശ്യമോ?

അഡ്വ:രാജേഷ്‌ പയ്യന്നൂര്‍

തുടരെ തുടരെ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യത്തിൽ പല രാഷ്ട്രീയ പ്രവർത്തകരും ഉയർത്തുന്ന നിരന്തര ആവശ്യമായി മാറിയിരിക്കുന്നു അഫ്‌സ്‌പാ നിയമം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സായുധസേനാ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act) കണ്ണൂർ ജില്ലയിൽ നടപ്പിലാക്കണം എന്നത്. Armed Forces Special Powers Act എന്നറിയപ്പെടുന്ന ഈ കരിനിയമം ആവിഷ്കരിക്കേണ്ട സാഹചര്യവും ആവശ്യകതയും ഇന്ന് കണ്ണൂരിലുണ്ടോ എന്നത് തികച്ചും കാലിക പ്രാധാന്യമായ ഒരു ചോദ്യമായി മാറിയിരിക്കുന്നു. രാഷ്ട്രീയ നിലപാടുകൾ മാറ്റി വെച്ച് ഒരു അഭിഭാഷകൻ എന്ന നിലയിൽ മാത്രം ഈ വിഷയത്തെ സമീപിക്കുവാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.

കണ്ണീരുണങ്ങാത്ത രക്തബലികളുടെ നാടായി കണ്ണൂർ മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല. ഇരു വിഭാഗം രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരസ്പരം കുടിപ്പക വെച്ച് പുലർത്തുകയും കുടിപ്പക വളർന്നു കൊലപാതക പരമ്പരകൾ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നു എന്നത് നിസ്തർക്കമായ കാര്യം.ഏതു സാഹചര്യത്തിലാണ് ഈ നിയമം നടപ്പിലാക്കേണ്ടത് എന്ന കാര്യം AFSPA-യിൽ പ്രത്യേകമായി പ്രതിപാദിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് വരെ ഈ നിയമം പ്രാബല്യത്തിൽ കൊണ്ട് വന്ന സ്ഥലങ്ങളിലെ അതേ സാഹചര്യം കണ്ണൂർ ജില്ലയിൽ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തെ ചെറുത്തു തോൽപ്പിക്കുവാൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെന്റ് ആദ്യമായി കൊണ്ട് വന്ന നിയമമായിരുന്നു Armed Forces Special Powers Ordinance, 1942 എന്ന പേരിൽ കൊണ്ട് വന്ന ഈ കരിനിയമം. പിന്നീട് 1958-ൽ അന്നത്തെ അവിഭക്ത ആസ്സാമിലെ നാഗാഹിൽസിൽ ചൈനാപിന്തുണയോടെ നടന്ന തീവ്രവാദ പോരാട്ടങ്ങളെ തടയുവാൻ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഈ നിയമം (The Armed Forces Special Powers (Assam & Manipur ) Act , 1958) നടപ്പിലാക്കി. പിന്നീടുള്ള ദശകങ്ങളിൽ ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആകമാനം ക്രമാനുഗതമായി ഈ നിയമം പല പ്രാവശ്യം കൊണ്ട് വന്നു. 1983 ൽ പഞ്ചാബിൽ വേരുറപ്പിച്ച ഖലിസ്ഥാൻ തീവ്രവാദത്തെ നേരിടുവാൻ പഞ്ചാബ്-ചണ്ഡീഗഡ് എന്നിവടങ്ങളിൽ ഈ നിയമം (The Armed Forces (Punjab & Chandigarh ) Special Powers Act , 1983 ) നടപ്പിൽ വന്നു. 1990 ൽ പാകിസ്ഥാൻ സ്പോൺസർഷിപ്പിൽ കശ്മീർ താഴ്വരയിൽ അശാന്തി വിതച്ച തീവ്രവാദ പ്രസ്ഥാനങ്ങളെ നേരിടുവാൻ കാശ്മീരിൽ ഈ നിയമം (The Armed Forces (Jammu & Kashmir ) Special Powers Act , 1990) എന്ന പേരിൽ കൊണ്ട് വന്നു.

രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുവാനാണ് ഈ നിയമം മേൽ പ്രസ്താവിച്ച ഓരോ സ്ഥലങ്ങളിലും പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.

നിരോധിക്കപ്പെട്ട പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ സായുധ സേനക്കെതിരെയും രാജ്യത്തിൻറെ അഖണ്ഡതക്കെതിരെയും വാളും തോക്കും ബോംബുമെടുത്തു പോരാടുമ്പോൾ പോലീസ് സേനക്ക് ഒറ്റക്ക് അത് നേരിടാൻ സാധിക്കാത്ത അവസ്ഥ സംജാതമാകുബോൾ സായുധ സേനയുടെ (പട്ടാളത്തിന്റെ) നിയന്ത്രണത്തിൽ തീവ്രവാദത്തെ നേരിടെണ്ടി വരും . അത്തരം അസാധാരണസാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കപ്പെടേണ്ട ഈ കരിനിയമം തോന്നുന്നത് പോലെ എവിടെയും നടപ്പിലാക്കിയാൽ അതിന്റെ ഫലം രാജ്യത്തെ പട്ടാള ഭരണത്തിന് ഏൽപ്പിച്ചു കൊടുക്കുന്നതിനു തുല്യമായിരിക്കും എന്നത് മറക്കരുത്.

ഈ നിയമത്തിന്റെ ചില സവിശേഷതകൾ ഒന്ന് പരിശോധിച്ച് നോക്കാം.

അഫ്സ്പായമമനുസരിച്ചു സംസ്ഥാന ഗവർണർക്കു ബോധ്യപ്പെടുകയാണെങ്കിൽ അതതു സംസ്ഥാനത്തിലെ ഏതൊരു സ്ഥലത്തെയും Sec. 3 പ്രകാരം പ്രശ്നബാധിത മേഖലയായി (Disturbed Area) പ്രഖ്യാപിക്കാം. ഇങ്ങിനെ പ്രശ്നബാധിത മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഉത്തരവാദിത്തപ്പെട്ട സായുധാസേന മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും ക്രമസമാധാന ചുമതല. Sec.4 പ്രകാരം പട്ടാളത്തിന് താഴെ പറയുന്ന അധികാരങ്ങൾ പ്രശ്നബാധിത മേഖലയിൽ ഉണ്ടായിരിക്കും

1) സായുധസേനാ ഓഫീസർക്ക് ആവശ്യം എന്ന് തോന്നുന്നുവെങ്കിൽ അക്രമം തടയാൻ ആരുടെയും നേരെ വെടിയുതിർക്കാം. ക്രമ സമാധാനത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് തോന്നിയാൽ ആരെയും സായുധസേനാ ഓഫീസർക്ക് കൊന്നു തള്ളാം എന്ന് ചുരുക്കം.

2) ഏതെങ്കിലും കെട്ടിടം പ്രശ്നക്കാർ ആയുധപ്പുരയായോ സംഘടിക്കുവാനോ ഉപയോഗിക്കുന്നു എന്ന് തോന്നിയാൽ അത്തരം കെട്ടിടങ്ങളെ കോടതി നടപടിയോ മുൻ‌കൂർ നോട്ടീസോ, അനുവാദമോ തേടാതെ സായുധ സേനയ്ക്ക് തകർത്തു കളയാം.

3) Cognizable offence ചെയ്തു എന്നോ, ചെയ്തേക്കാമെന്നോ സംശയമുള്ള ആരെയും വാറന്റില്ലാതെ സായുധ സേനക്ക് അറസ്റ്റ് ചെയ്യാം.

4) ഏതു വീടുകളിലും കെട്ടിടങ്ങളും സമയ ഭേദമെന്യേ സായുധസേനക്ക് സേർച്ച് വാറന്റ് ഇല്ലാതെ കയറി പരിശോധന നടത്താം.

അഫ്സ്പാനിയമത്തിന്റെ മറ്റൊരു സവിശേഷത ഈ നിയമപ്രകാരം പ്രവർത്തിക്കുന്ന സായുധ സേനാ ഓഫീസർക്കെതിരെ കേന്ദ്ര ഗവണ്മെന്റിന്റെ മുൻ‌കൂർ അനുമതിയില്ലാതെ ആർക്കും യാതൊരു വിധ നിയമ നടപടികളും എടുക്കുവാൻ സാധിക്കില്ല എന്നതാണ്.

നിയമം നടപ്പിലാക്കിയ മിക്കവാറും എല്ലാ ഇടങ്ങളിലും കടുത്ത മനുഷ്യാവകാശ ലംഘന പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ആൾ നോക്കാതെ ചില സ്വാർത്ഥമതികളായ ഓഫീസർമാർ നിഷ്കളങ്കരായ നാട്ടുകാരെപ്പോലും കൊന്നു തള്ളിയതായി ആക്ഷേപം വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാത്തതാണ്. ആയിരക്കണക്കിന് വ്യാജ ഏറ്റുമുട്ടലുകൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഈ നിയമത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. അത്തരം സായുധസേനാ ഓഫീസര്മാര്ക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളോ, സിവിൽ വ്യവഹാരങ്ങളോ കൊടുക്കണമെങ്കിൽ കേന്ദ്ര ഗവണ്മെന്റിന്റെ മുൻ‌കൂർ അനുമതി കിട്ടിയിരിക്കണം. ചുരുക്കി പറഞ്ഞാൽ സായുധ സേനയിലെ നിയോഗിക്കപ്പെട്ട ഓഫീസറിനു തോന്നുന്നത് പോലെ പ്രശ്നബാധിത മേഖലയിൽ ഏതു കടുത്ത നടപടികളും എടുക്കുവാൻ അധികാരം കൊടുക്കുന്ന ഈ നിയമത്തെ വളരെ കരുതലോടു കൂടെ മാത്രമേ ഒരു സ്ഥലത്തു നടപ്പിലാക്കുവാൻ പാടുള്ളൂ. അതല്ലെയെങ്കിൽ അതിനു നിഷ്കളങ്കരായ നാട്ടുകാരടക്കം വലിയ വില കൊടുക്കേണ്ടി വരും.

ഈ നിയമത്തിന്റെ ഭരണഘടനാ സാധുത പല പ്രാവശ്യങ്ങളിലായി കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. Naga People's Movement of Human Rights Vs. Union of India (1998) 2 SCC 109) എന്ന കേസിൽ 5 ജഡ്‌ജിമാരടങ്ങുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ Bench, AFSPA നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവെച്ചുവെങ്കിലും വിപ്ലവകരമായ ചില മാർഗനിർദേശങ്ങൾ നിലവിൽ കൊണ്ട് വന്നു. ഒരു സ്ഥലത്തെ പ്രശ്നബാധിത മേഖലയായി പ്രഖ്യാപിക്കുമ്പോൾ അതതു സംസ്ഥാന ഗവൺമെന്റുമായി ആലോചിച്ചു ചെയ്യുന്നതാണ് അഭികാമ്യം എന്ന് സുപ്രീം കോടതി ഈ കേസിൽ നിരീക്ഷിച്ചു. കൂടാതെ ഓരോ ആറു മാസം കൂടുന്തോറും പ്രശ്നബാധിത മേഖലാ പ്രഖ്യാപനം നിലനിർത്തേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്നത് പരിശോധിക്കണം, ജില്ലാ ഭരണകൂടവുമായി സഹകരിച്ച സായുധ സേന പ്രവർത്തിക്കണം തുടങ്ങിയ നിർദേശങ്ങൾ നിയമത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തിയെങ്കിലും ഇന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യൻ പൗരന്റെ മൗലിക അവകാശങ്ങൾക്കുമേൽ എപ്പോൾ വേണമെങ്കിലും കടന്നുകയറുവാൻ സായുധസേനയെ പര്യാപ്തമാക്കുന്ന കരിനിഴൽ പോലെ ഈ നിയമം നിലനിൽക്കുന്നു.

AFSPA നടപ്പിലാക്കിക്കൊണ്ടല്ല കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് പരിഹാരം കാണേണ്ടത്.

കണ്ണൂർ ജില്ലാ കലാപം പടർന്നു പിടിച്ച ഒരു പ്രദേശമാണ് എന്ന് വരുത്തിത്തീർക്കേണ്ടത് ചില രാഷ്രീയനേട്ടങ്ങൾക്ക് ആവശ്യമായിരിക്കാം. എന്നാൽ സത്യം അതല്ല. കണ്ണൂർ കലാപ ബാധിത പ്രദേശമല്ല. സമാധാനം കാംക്ഷിക്കുന്ന സാധാരണക്കാരന്റെ നാടാണ് കണ്ണൂർ.

ചില രാഷ്രീയ ലക്ഷ്യങ്ങൾക്കായി നിഷ്കളങ്കരായ യുവാക്കളെ വഴി തെറ്റിക്കുന്നതിൽ നിന്നും രാഷ്ട്രീയ നേതൃത്വം പിന്നോട്ട് പോയാൽ അന്ന് തീരുന്നതേ ഉള്ളൂ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങൾ. ഏതു സ്ഥലത്തും സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശമുണ്ട്.സ്വതന്ത്രമായ രാഷ്രീയ പ്രവർത്തനം മൗലിക അവകാശങ്ങളുടെ ഭാഗം തന്നെയാണ്. ആ മൗലിക അവകാശത്തെ സംരക്ഷിക്കുവാൻ ആശയത്തെ ആശയം കൊണ്ട് മാത്രം നേരിടുവാൻ (ആയുധം കൊണ്ടല്ല) എന്ന് രാഷ്രീയക്കാർ തയ്യാറാകും അന്നവസാനിക്കും കണ്ണൂരിന്റെ കണ്ണീർ. സംസ്ഥാനത്തു നിലവിലുള്ള നിയമം ക്രമസമാധാനപാലനത്തിനു പര്യാപ്തമാണ് എന്ന് തന്നെയാണ് ഈ ലേഖകന്റെ അഭിപ്രായം.

കൊടിയുടെ നിറം നോക്കാതെ ശക്തമായ നടപടികൾ എടുക്കുവാൻ നമ്മുടെ പോലീസിനു സാധിക്കണം. തിരഞ്ഞെടുത്തു ഭരിക്കുവാൻ അയച്ച പൊതുജനത്തിന്റെ സമാധാനപരമായ ജീവിതമായിരിക്കണം ഭരണാധിപന്മാരുടെ ലക്ഷ്യം. ഓരോ കൊലപാതകങ്ങൾക്കു പിന്നിലും വെറും പ്രാദേശികമായ തീരുമാനങ്ങളാണെന്നു പൊതുജനം വിശ്വസിക്കുന്നില്ല. അതിനു പിന്നിൽ കൃത്യമായ ഗൂഢാലോചനകളുണ്ട്. കുറ്റം ചെയ്തവർ ആരായാലും മുഖം നോക്കാതെ രാഷ്ട്രീയം നോക്കാതെ ഏതു ഉന്നതനായയാലും ശരി അയാൾക്കെതിരെ നടപടികൾ എടുക്കുവാൻ സംസ്ഥാന ഭരണകൂടത്തിന് നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളം.

ബോധവൽക്കരണ പ്രക്രിയകളും സമാധാന ശ്രമങ്ങളും നിരന്തരം നടക്കട്ടെ. അതിനു തുരങ്കം വെക്കുന്ന സംഭവങ്ങൾ എവിടെ ഉണ്ടായാലും ശക്തമായ നിയമനടപടി കുറ്റവാളികൾക്കെതിരെ ഉണ്ടാവട്ടെ. സോഷ്യൽ മീഡിയക്കും ഇക്കാര്യത്തിൽ കാര്യമായ പങ്കു വഹിക്കുവാനുണ്ട്. കൊലവിളികളും പ്രതികാര ആഹ്വാനങ്ങളും ഉയർത്തുന്ന ഫേസ്ബുക് പോസ്റ്റുകൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയുണ്ടാക്കും എന്ന കാര്യം പോലീസ് അധികാരികൾ കാര്യമായെടുക്കണം. മുഖം നോക്കാതെ നടപടിയെടുക്കുവാൻ നമ്മുടെ നിയമ സംവിധാനത്തിനു സാധിക്കട്ടെ.

കണ്ണൂരിൽ പോരാടുന്നതും മരിച്ചു വീഴുന്നതും നിരോധിത പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ അല്ല. രാജ്യത്തിലെ നിയമത്തിനു വിധേയമായി പ്രവർത്തിക്കുവാൻ കടമയും ഉത്തരവാദിത്തവുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇവിടെ അശാന്തി വിതയ്ക്കുന്നത് എന്നത് ലജ്‌ജാവാഹമായ കാര്യമാണ്. അഫ്‌സ്പ പോലുള്ള കരിനിയമങ്ങൾ വരണ്ടേ സാഹചര്യം സൃഷ്ടിക്കാതെ നാടിനെ സംരക്ഷിക്കേണ്ട ചുമതല നമുക്കോരോരുത്തർക്കും ഉണ്ട്. നിരപരാധികളുടെ ചോര തങ്ങളുടെ സിംഹാസനങ്ങളുടെ അടിത്തറ ഇളക്കുവാനേ ഉതകൂ എന്ന് ഇനിയെങ്കിലും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ തിരിച്ചറിഞ്ഞുവെങ്കിൽ എത്ര നന്നായേനെ.