ദേ ഇന്നസെന്റ് കൊമ്പത്ത്....

കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയില്‍ നിലനില്‍ക്കുന്നതായി പ്രശസ്ത യുവനടി പാര്‍വതി അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതായത് റോള്‍ കിട്ടണമെങ്കില്‍ നടന്‍മാര്‍ക്ക് വഴങ്ങണമെന്ന ഗുരുതരമായ അവസ്ഥയാണ് നടി ചൂണ്ടിക്കാട്ടിയത്. നടന്‍മാര്‍ നടത്തുന്ന ഈ ചൂഷണമാണ് ഇന്നസെന്റിന് 'നടിമാര്‍ മോശമായതുകൊണ്ട് കിടക്ക പങ്കിടുന്നതായി' മാറിയത്

ദേ ഇന്നസെന്റ് കൊമ്പത്ത്....

സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയായിട്ടാണ് അമ്മ എന്ന സംഘടന രൂപം കൊണ്ടത്. സംഘടനയുടെ രൂപീകരണത്തോടെ സിനിമാ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും, ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കപ്പെടും എന്നൊക്കെ ചിലരെങ്കിലും അതിമോഹങ്ങള്‍ കൊണ്ടുനടന്നിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ മലയാള സിനിമയുടെ ചരിത്രം പോലെ തന്നെ സ്ത്രീവിരുദ്ധ നിലപാടുകളാണ് അമ്മ എന്ന സ്ത്രീനാമം പേറുന്ന സംഘടന കാലാകാലങ്ങളായി പിന്തുടര്‍ന്നു വരുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാട്. ഇന്നസെന്റിനെ ഏറ്റവും നന്നായി അനുകരിക്കുന്ന നടനാണ് ദിലീപ്. ഇന്നസെന്റിന്റെ മാനറിസങ്ങള്‍ നന്നായി അനുകരിക്കുന്ന ദിലീപിനെ നായകനായ ഇന്നസെന്റെന്നും വിശേഷിപ്പിക്കാം. ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ 'റാപ്പോ' ആകാം ഇന്നസെന്റിനെക്കൊണ്ട് വിഷയത്തില്‍ മൗനം പാലിക്കുന്നതിന് പ്രേരിപ്പിച്ചത്.

ഇടത് എംപി കൂടിയായ ഇന്നസെന്റാണ് 14 വര്‍ഷമായി അമ്മയുടെ പ്രസിഡന്റ്. പുരോഗമന പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റിലിരിക്കുന്ന ഇന്നസെന്റ് സിനിമാ നടികളുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയത് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയാണ്. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുത്തരമായി'അക്കാലമൊക്കെ പോയി എന്റെ പൊന്നു പെങ്ങളെ, മനസിലായിട്ടുണ്ടോ, ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ നില്‍ക്കുന്ന പോലത്തെ പത്രക്കാരെ പോലുളള ആളുകള്‍ പറയും. ആ സ്ത്രീ പറയും അതൊക്കെ, അങ്ങനെയൊരു സംഭവമേ ഇല്ലാ ഇതിനകത്ത്. പിന്നെ അവര്‍ മോശമാണെങ്കില്‍, അത് ചിലപ്പോ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ലാട്ടോ, അങ്ങനത്തെ വലിയ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് സിനിമയില്‍ കാര്യങ്ങള്‍ പോകുന്നത്' എന്നാണ് ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകരോട് ഇന്ന് പറഞ്ഞത്. 'പിന്നെ അവര്‍ മോശമാണെങ്കില്‍, അത് ചിലപ്പോ കിടക്ക പങ്കിട്ടെന്ന് വരും' എന്ന വാക്കുകളിലൂടെ ഇന്നസെന്റ് തന്റെ സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വായില്‍ എല്ല് സൂക്ഷിച്ച ഇന്നസെന്റ് വളരെ അനായാസമായാണ് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. സിനിമയിലെ പുരുഷാധിപത്യം സിനിമയ്ക്ക് പുറത്തേയ്ക്ക് വ്യാപിച്ചപ്പോള്‍ തനിക്ക് ലഭിച്ച അമ്മ പ്രസിഡന്റ് സ്ഥാനവും എംപി സ്ഥാനവും അനര്‍ഹമാണെന്ന് ഇന്നസെന്റ് തെളിയിച്ചു.

കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയില്‍ നിലനില്‍ക്കുന്നതായി പ്രശസ്ത യുവനടി പാര്‍വതി അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതായത് റോള്‍ കിട്ടണമെങ്കില്‍ നടന്‍മാര്‍ക്ക് വഴങ്ങണമെന്ന ഗുരുതരമായ അവസ്ഥയാണ് നടി ചൂണ്ടിക്കാട്ടിയത്. നടന്‍മാര്‍ നടത്തുന്ന ഈ ചൂഷണമാണ് ഇന്നസെന്റിന് 'നടിമാര്‍ മോശമായതുകൊണ്ട് കിടക്ക പങ്കിടുന്നതായി' മാറിയത്. വേട്ടക്കാരുടെ പ്രതിനിധിയായി നിന്ന് ഇരകളെ അധിക്ഷേപിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി കൂടിയായ ഇന്നസെന്റ് ചെയ്തത്. 'മോശം' സ്വഭാവമുള്ള നടിമാരെക്കുറിച്ച് പരാമര്‍ശിച്ച ഇന്നസെന്റ് ഇവരെ ചൂഷണം ചെയ്യുന്ന (ചെയ്യാനിടയുള്ള) നടന്‍മാരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. പുരുഷാധിപത്യ സിനിമയില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒരു ചാണ്‍ പോലും തനിക്കും വളരാനായിട്ടില്ലെന്ന് അദ്ദേഹം ഈ പ്രസ്താവനയിലൂടെ തെളിയിച്ചു. 'ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്ക് കേട്' എന്ന പഴഞ്ചൊല്ലാണ് പൊതുവില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട ലൈംഗിക വിഷയങ്ങളില്‍ സമൂഹം പിന്തുടരുന്നത്.

സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് സിനിമയും. സമൂഹം സൃഷ്ടിക്കുന്ന ഈ പൊതുബോധമാണ് കാലാകാലങ്ങളായി സിനിമയും പിന്തുടരുതെന്ന് കാണാനാകും. ബലാത്സംഗത്തിനിരയാകുന്ന സ്ത്രീ ആത്മഹത്യ ചെയ്യുന്ന 'ഉത്തമ ഭാരത സ്ത്രീ' ആണെന്നാണ് മലയാള സിനിമ കാലാകാലങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ സ്ത്രീവിരുദ്ധമായ മലയാള സിനിമയുടെ പരിസരത്തു നിന്ന് രൂപപ്പെട്ട ഇന്നസെന്റെന്ന വ്യക്തി ഈ പ്രസ്താവന നടത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. അതേസമയം സിനിമാ പ്രവര്‍ത്തകരുടെ സംഘടനയുടെ തലപ്പത്ത് തുടര്‍ച്ചയായി 14 വര്‍ഷം ഇരിക്കുകയും ഇടതുപക്ഷ എംപി കൂടിയായ ഒരാളുടെ വായില്‍ നിന്നാണ് ഇത്രക്കും കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവന വന്നതെന്ന കാര്യം ഒരൂപാട് ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. നടീനടിമാര്‍ക്ക് ഒരുപോലെ സംരക്ഷണം നല്‍കാനെന്ന പേരില്‍ രൂപീകരിക്കപ്പെട്ട സംഘടനയുടെ തലപ്പത്തിരിക്കുന്നയാളുടെ നിലപാട് ഇതാണെങ്കില്‍ സിനിമാ രംഗത്തെ സ്ത്രീകള്‍ക്ക് എന്ത് സംരക്ഷണമാകും ലഭിക്കുകയെന്നതാണ് ചോദ്യം.

കാസ്റ്റിംഗ് കൗച്ച് പോലുള്ള ഗുരുതരമായ ആരോപണങ്ങളില്‍ എന്ത് ഇടപെടലാണ് ഇന്നസെന്റ് നടത്തിയതെന്ന് അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. ചൂഷണത്തിനിരയാകാതെ സിനിമയില്‍ തുടരാനുള്ള നടിമാരുടെ അവകാശത്തെ ആരെങ്കിലും ഹനിക്കുന്നുണ്ടെങ്കില്‍ അവിടെ ഇടപെടല്‍ നടത്തുമ്പോഴല്ലേ ഇന്നസെന്റ് സ്വന്തം പദവിയോട് നീതി പുലര്‍ത്തുക. അതിന് പകരമായി സ്വഭാവദൂഷ്യമുള്ള നടിമാര്‍ കിടക്ക പങ്കിട്ടേക്കാമെന്ന നിരുത്തരവാദിത്തപരമായ പ്രസ്താവന നടത്തിയതിലൂടെ ഇന്നസെന്റ് ആരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.


Read More >>