സ്ത്രീകൾക്കും ദളിതർക്കുമെതിരെ ക്വട്ടേഷൻ കൊടുക്കുന്ന മാധ്യമ ദിലീപുമാർ

പൊരുതിയിട്ടും നിരന്തരമായി അപമാനിക്കപ്പെട്ട സ്ത്രീ ആശുപത്രിക്കിടക്കയിലാണ്, ആ സ്ത്രീയുടെ ഒരു ഭാഗം പോലും കേൾക്കാതെയാണ് ഈ വക നറേറ്റീവുകൾ ബോധപൂർവ്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. സ്ത്രീയും ദളിതും ആയാൽ ജോലിക്ക് എടുക്കാൻ "പേടി" വരും എന്നുള്ള discriminatory caste/gender/വംശീയത പോലും പച്ചനെ എഴുതിവെക്കുകയാണ്. കറുത്തവരേയും ഏഷ്യക്കാരെയും എല്ലാം ജോലിക്കെടുക്കാൻ "പേടി" എന്ന് വെളുത്തവർ പറയാറുണ്ട്. പ്രത്യേകിച്ചും അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണെങ്കിൽ തീർച്ചയായും പേടിക്കണം. ബുദ്ധിയുറക്കാത്തവരെ തിരിച്ചൊരിക്കലും ചോദ്യം ചോദിക്കാത്തവരെ എല്ലാത്തരം അപമാനവും അവഗണനയും ചിരിച്ച്കൊണ്ട് കേൾക്കുന്നവരെ ജോലിക്കെടുക്കണം സാറന്മാരെ നിങ്ങൾ!

സ്ത്രീകൾക്കും ദളിതർക്കുമെതിരെ ക്വട്ടേഷൻ കൊടുക്കുന്ന മാധ്യമ ദിലീപുമാർ

ചലച്ചിത്ര നടി പാർവ്വതി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ 'കാസ്റ്റിംഗ് കൗച്ച്' ഉണ്ടെന്ന് പറഞ്ഞിരുന്നു. അതു കേട്ടതും, 'നമ്മുടെ മലയാളത്തിലോ?' എന്ന് ഞെട്ടൽ ഉടനെ സാമൂഹികമായി വന്നു. നമ്പർ വൺ ആയി നിൽക്കുന്ന സംസ്ഥാനത്തെ എം.പി ഇപ്പോൾ ജയിലിൽ കിടക്കുന്ന രണ്ട് പ്രാവശ്യം ജാമ്യം നിഷേധിച്ച ഒരാളെ വിളിച്ച് 'ടാ നീ ഒരു സ്ത്രീയെ പീഡിപ്പിച്ചോടാ' എന്ന് ചോദിച്ചുവത്രേ. അപ്പോ അയാൾ 'ഞാൻ അങ്ങിനെ ചെയ്യുവോ ചേട്ടാ' എന്ന് തിരിച്ചും.

ന്യൂസ്18 ചാനലിലെ ഒരു ന്യൂസ് പ്രൊഡ്യൂസർ ജോലിയിൽ നിന്ന് നാലു പുരുഷന്മാരുടെ മാനസിക പീഡനവും കിഴാള അവഹേളനവും താങ്ങാനാവതെ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ഉടനേ വന്നു പുരുഷാധിപത്യത്തിന്റെ അംഗരക്ഷർ,'ജോലിയിൽ പിഴവ് ബാധിച്ചാൽ എന്നേയും എന്റെ അച്ഛൻ വഴക്ക് പറയുമായിരുന്നു' എന്നും, ആ വക ചോരച്ചാലുകൾ നീന്തിക്കയറിയവരാണ് ഞങ്ങൾ അമ്മാവന്മാർ എന്നും അവർ നീട്ടികൂവിയിട്ടുണ്ട്. ഈ നീട്ടികൂവിയതിനൊക്കെ 'I am a proud woman journalist' എന്ന് സമരം നയിച്ച സ്ത്രീകൾ വരെ പോയി ലൈക്ക് കൊണ്ട് എൻഡോർസ് ചെയ്തിട്ടുമുണ്ട്.

അന്ന് ദിലീപിനെതിരെ ഘോരഘോരം പോസ്റ്റിട്ടവരൊക്കെ ഇപ്പോൾ കുക്കു പരമേശ്വര രസായനം രണ്ട് നേരം, മുകേഷാസവം നാലു നേരം, ഗണേഷ തൈലം കുളിക്കുന്നതിനു മുൻപ് തുടങ്ങിയവ കഴിച്ചും പുരട്ടിയും ആകെ വഴുതിമാറി ന്യായീകരണങ്ങൾ സുഹൃത്തുക്കൾക്ക് വേണ്ടി ചമക്കുകയാണ്. ചിലപ്പോൾ സുഹൃത്തുക്കൾ പോലും ആവില്ല, പക്ഷെ ആണധികാരം നിലനിറുത്താൻ സവർണ്ണരൂപരേഖ പോലെയൊരു അദൃശ്യമായ ചരട് ഇവരെ ബന്ധിപ്പിക്കുന്നുണ്ട്.

ഇത്രയേയുള്ളൂ ഇത്രമാത്രമേയുള്ളൂ ഇവരുടെ ആദർശധീരത. അവനവനെ തൊടുന്നതു വരെ. ഒന്ന് അമർത്തിയാൽ തൊലുപ്പുറമേ വേദനിച്ചാൽ അവർ ഉടനേ ചായം മറന്ന് കൂവിപ്പോകും. ഇവരാകട്ടെ സംഘികൾക്കെതിരെ പോരാടുന്നു ഞങ്ങൾ എന്ന് ഫേസ്ബുകിൽ ഉടനീളം പലവിധത്തിൽ പോസ്റ്ററൊട്ടിക്കുന്നവരും. ഏത് സംഘികൾ? കേരളത്തിലെ നാലും അഞ്ചും സംഘികളോ? ഫേസ്ബുക്കിലെ ട്രോളാണോ സംഘികൾ? ഇടതുപക്ഷത്തിന്റെ ഇത്രയും വേരോട്ടമുള്ള ഇത്രയും സംരക്ഷണമുള്ള കേരളത്തിൽ നിന്ന് പാകിസ്താൻ അതിർത്തിയിൽ കാവൽ നിൽക്കുന്നു എന്നു വ്യാജ ഗീർവാണം പോലെയൊന്നല്ലേ അതും? ഒരിക്കൽ പോലും മുറി വിട്ട് ഇറങ്ങാത്ത, നിലം തൊടാത്തെ ഹെലിക്കോപ്റ്റർ പത്രപ്രവർത്തനത്തിൽ എഡിറ്റർ എന്ന അമ്മാവൻ പദവികളിലെ പ്രിവിലേജിലിരുന്നു കൊണ്ട് ഹിഗ്വിറ്റയിലെ തെറ്റു പോലും തിരുത്താൻ ഭയപ്പെടുന്നവർ?

സവർണ്ണ പുരുഷമേധാവിത്വം കൊണ്ട് മാത്രം സൃഷ്ടിക്കപ്പെടുന്ന തൊഴിലിടങ്ങളിൽ അനീതി നടക്കുന്നുണ്ടോ എന്ന് പോലും മനസ്സിലാക്കാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. അത്രയും സൂക്ഷ്മമായി അത്രയും മൈക്രോ ആയാണ് സവർണ്ണപുരുഷാധികാരം പ്രവർത്തിക്കുക. ഇവർ തങ്ങൾക്ക് ലഭിക്കുന്ന പ്രിവിലേജുകളുടെ ബലത്തിൽ വന്ന് ഓൾട്ടർനേറ്റ് മാധ്യമങ്ങളിലും നിറഞ്ഞാടുകയാണ്. ഇവരുടെ അഭിപ്രായം ഇല്ലെങ്കിൽ സോഷ്യൽ മീഡിയക്ക് ഒന്നും സംഭവിക്കില്ല എന്ന് പോലും മനസ്സിലാവാതെ എല്ലാ ഇടങ്ങളിലും അനാവശ്യ അഭിപ്രായ പ്രകടനങ്ങളിലൂടെ സവർണ്ണ പുരുഷ നറേറ്റീവുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.

പൊരുതിയിട്ടും നിരന്തരമായി അപമാനിക്കപ്പെട്ട സ്ത്രീ ആശുപത്രിക്കിടക്കയിലാണ്, ആ സ്ത്രീയുടെ ഒരു ഭാഗം പോലും കേൾക്കാതെയാണ് ഈ വക നറേറ്റീവുകൾ ബോധപൂർവ്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. സ്ത്രീയും ദളിതും ആയാൽ ജോലിക്ക് എടുക്കാൻ "പേടി" വരും എന്നുള്ള discriminatory caste/gender/വംശീയത പോലും പച്ചനെ എഴുതിവെക്കുകയാണ്. കറുത്തവരേയും ഏഷ്യക്കാരെയും എല്ലാം ജോലിക്കെടുക്കാൻ "പേടി" എന്ന് വെളുത്തവർ പറയാറുണ്ട്. പ്രത്യേകിച്ചും അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണെങ്കിൽ തീർച്ചയായും പേടിക്കണം. ബുദ്ധിയുറക്കാത്തവരെ തിരിച്ചൊരിക്കലും ചോദ്യം ചോദിക്കാത്തവരെ എല്ലാത്തരം അപമാനവും അവഗണനയും ചിരിച്ച്കൊണ്ട് കേൾക്കുന്നവരെ ജോലിക്കെടുക്കണം സാറന്മാരെ നിങ്ങൾ!

ഈ സംഭവത്തെത്തുടർന്ന് കെ.ജെ ജേക്കബ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലെ കുറച്ച് വരികളാണിവ. "പക്ഷെ തൊഴിലിടത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ അതിനായി നിർമ്മിച്ചിരിക്കുന്ന നിയമങ്ങൾ എടുത്തുപയോഗിക്കുകയായിരിക്കും കൂടുതൽ കരണീയം എന്നൊരു അഭിപ്രായം എനിക്കുണ്ട്. ദുർബ്ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനായി നിർമ്മിച്ചിരിക്കുന്ന നിയമങ്ങൾ ഉപയോഗിച്ചാൽ അത് വ്യക്തിപരമായും സാമൂഹ്യമായും അനഭിലഷണീയമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.ജോലി ശരിയാകുന്നില്ല എന്ന് മുകളിലുള്ളയാൾ പറഞ്ഞാൽ ഒന്നുകിൽ അത് ശരിയാണ് എന്ന് അംഗീകരിക്കുക അല്ലെങ്കിൽ തെറ്റാണു എന്ന് തെളിയിക്കുക. "

അതായത് തൊഴിലിടത്തിൽ നടന്ന പ്രശ്നത്തെ എങ്ങിനെ ഇര 'മാന്യമായി' അഭിമുഖീകരിക്കണം എന്നും സ്ത്രീവിരുദ്ധയെന്നും കീഴാളവിരുദ്ധതയെന്നും എല്ലാം തുറന്ന് പറഞ്ഞാൽ അത് എന്തൊക്കെയോ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു ഭീഷണിയുടെ നറേറ്റീവ് നിർമ്മിക്കുകയും, മേലുദ്യോഗസ്ഥൻ പറയുന്നത് അനുസരിക്കണം എന്നുമെല്ലാം പറഞ്ഞ്സ്വന്തം പ്രിവിലേജുകൾ സംരക്ഷിക്കാനുള്ള ഓട്ടപ്പാച്ചലിലാണ്. പൊതുവേ അറിയാത്ത വിഷയങ്ങളിൽ മൗനം പാലിക്കണം എന്നു പോലുമുള്ള ഔചിത്യം ഇവിടെയില്ല. ഈ ഹിംസയിൽ പങ്കാളിയാവുന്ന തന്റെ സവർണ്ണ പുരുഷാധിപത്യ പ്രിവിലേജിൽ നിന്നുകൊണ്ട് ഇങ്ങിനെ എഴുതുന്നതിലെ രാഷ്ട്രീയ പാപ്പരത്തം തുറന്ന് കാട്ടുകയാണ് ഈ വരികൾ.

ഇതാദ്യമായല്ല കെ.ജെ ജേക്കബ് ഇങ്ങിനെ ഹിംസാത്മകമായി സ്ത്രീവിരുദ്ധത എഴുതുന്നത്. അയാൾ Repeated offender ആണ് എന്ന് വ്യക്തമാക്കാൻ എനിക്കുണ്ടായ അനുഭവവും കൂടി വിവരിക്കേണ്ടതുണ്ട്. മാധ്യമസ്ഥാപനങ്ങളുടെ എഡിറ്റർ പദവിയിൽ ഇരുന്നു കൊണ്ട്, അത് ഫേസ്ബുക്ക് പ്രൊഫൈലിൽ അഭിമാനത്തോടെ പ്രദർശിപ്പിച്ചുകൊണ്ടു, സ്ത്രീകളെ പച്ചനെ അവഹേളിക്കുന്ന ഈ 'ദിലീപിനെ' ഞാൻ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. മലയാളത്തിൽ മാത്രമേ ഇത്രയും ഓപ്പൺ ആയി electronically transmitted എന്ന് സൈബർ ഇടങ്ങളെക്കുറിച്ച് നിയമാവലി വരെയുള്ള രാജ്യത്ത് ഇരുന്നു എന്ത് ലൈം​ഗിക വ്യം​ഗാർത്ഥം (sexual connotations) ചേർത്തും മുതിർന്ന മാധ്യമപ്രവർത്തകർക്ക് ലജ്ജയില്ലാതെ പെരുമാറാം എന്നത് എന്നെ അത്ഭുതപ്പെടുത്തിയ വസ്തുതയാണ്.

ഡെക്കാൻ ക്രോണിക്കിൽ എഡിറ്റർ പദവിയിൽ ഇരിക്കുന്ന കെ.ജെ ജേക്കബ് എന്ന വ്യക്തി വാക്കു തർക്കങ്ങൾക്കിടെ എന്റെ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് "ചേച്ചി" എന്ന വഷളൻ വിളിയോടെ എന്നെ പരമാർശിക്കുകയും, ഞാൻ താമസിക്കുന്ന സ്ഥലത്ത് വിവരമില്ലാതെ എത്തിയതെന്നും തുടങ്ങി, സൈബർ വയലൻസിനു ഇരയായിരുന്ന എന്നെ victim bashing and victim shaming വരെ നടത്തിയിരുന്നു. ആ സമയത്ത് ഞാൻ എപ്പോഴത്തേയും പോലെ അത് തിരിച്ച് മറുപടി കൊടുത്തുകൊണ്ട് അതവിടെ അവസാനിപ്പിച്ചിരുന്നു. അയാളെ എന്റെ സ്പേസിൽ നിന്ന് മാറ്റാനായി അൺഫ്രന്റും ചെയ്യുന്നു. പിന്നീടും ഇയാൾ പലപോഴും ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുന്നതും വ്യംഗ്യമായി അപമാനിക്കുന്നതും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഒരു documented evidence-നു ഞാൻ എന്റെ വ്യക്തിപരമായ ബ്ലോഗിൽ ഒരു പോസ്റ്റ് വെക്കുന്നത്. കാരണം ഈ ആൺമേൽക്കോയ്മയുടെ അധികാരശ്രേണി ഡോക്യുമെന്റ് ചെയ്തു തുടങ്ങേണ്ടതുണ്ട് എന്ന് എനിക്ക് തോന്നിത്തുടങ്ങി. അല്ലെങ്കിൽ ഓരോ വയലൻസ് കഴിയുമ്പോഴും കുറച്ച് നാൾ കഴിഞ്ഞ് അത് മറക്കുകയും പിന്നേം ഇവരൊക്കെ കൂടി പടച്ച് വിടുന്ന വയലൻസുകളിൽ മറ്റുള്ളവരും പുതിയ തലമുറയും അത് അനുഭവിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഈ പോസ്റ്റ് വാഷ് എന്ന സംഘടന (Women Against Sexual Harassment) ശ്രദ്ധിക്കുകയും, ഇയാൾ ഒരു പവർ പൊസിഷനിൽ ഇരിക്കുന്ന വ്യക്തി ആയതുകൊണ്ട്, ഇതിനെതിരെ പ്രതികരിക്കണം എന്ന് കരുതുകയും അവർ ഡെക്കാൻ ക്രോണിക്കളിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരിക്കുന്ന എ.റ്റി ജയന്തിക്ക് അയക്കുകയും ചെയ്തിരുന്നു. വാഷിന്റെ ആ പരാതി എങ്ങിനെയാവും ഒരു മാധ്യമ സ്ഥാപനം കൈകാര്യം ചെയ്യുക എന്ന് ഞാൻ ക്യൂരിയസ് ആയിരുന്നു. കാരണം എന്തെങ്കിലും മറുപടി ലഭിക്കും എന്ന് പോലും കരുതിയിരുന്നില്ല.

മറുപടി ലഭിച്ചു. വാഷിനെതിരെ നിയമനടപടിക്ക് പോവുമെന്നും ഇങ്ങിനെയൊരാരോപണം ഞങ്ങളുടെ എഡിറ്റർക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ല എന്നും, കെ.ജെ ജേക്കബിനോട് ചോദിച്ചപ്പോൾ അദ്ദേഹം ഒരു മാന്യനാണെന്നും സ്വയം വിലയിരുത്തുകയും അദ്ദേഹം എന്നും 'പോരാടുന്ന' ആർ.എസ്.എസുകാർ വരെ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും, അദ്ദേഹം "ച്യേച്ചി" എന്ന് സ്വന്തം സഹോദരിയെ ആണ് വിളിക്കുന്നത് എന്നും എല്ലാം കാണിച്ചുകൊണ്ടുള്ള മറുപടി. എത്രമാത്രം അപക്വമായാണ് ഇങ്ങിനെയുള്ള വയലൻസുകളെ ഒരു മാധ്യമസ്ഥാപനം കൈകാര്യം ചെയ്യുന്നത് എന്ന് ഇതിലൂടെ സ്പഷ്ടമാണ്. എന്റേതാകട്ടെ ഒരു outsider പരാതി, മാധ്യമസ്ഥാപങ്ങളുടെ നേരിട്ടുള്ള കണ്ട്രോളിൾ ഇല്ലാത്തവയും അവരുടെ സ്പേസിൽ പോലും വരാത്തതും എന്നാൽ അവരുടെ ക്രെഡിബിളിറ്റിയിലും പ്രിവിലേജിലും നിന്ന് കൊണ്ട് മാത്രം ഉള്ളവയുമാണ്. അങ്ങിനെയെങ്കിൽ ഈ വക മാധ്യമസ്ഥാപനങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്നവയെ മൊത്തം എത്രമാത്രം ഭീഷണിപ്പെടുത്തിക്കൊണ്ടും അപമാനിച്ചുകൊണ്ടും പരാതിക്കാരികളെ പാടെ അവഗണിച്ചുകൊണ്ടും എത്രമാത്രം ഹിംസ ഇവിടെയെല്ലാം നടമാടുന്നുണ്ടാവും.

പരാതി പറയുന്നതാകട്ടെ തങ്ങളുടെ "പോപ്യുലർ" താരത്തിനെ മുഴുവൻ സംരക്ഷിച്ചുകൊണ്ട് നിൽക്കുന്നവരോടും ആവില്ലേ? പോലീസിൽ വരെ എത്തിയ ഒരു പരാതിയെ എത്ര നിസ്സാരമായി ജോലിയിലെ അശ്രദ്ധയെന്നും 'എന്നേയും വഴക്ക് പറഞ്ഞിട്ടുണ്ട്' എന്നൊക്കെ വരെ ന്യായീകരണം കെ.ജെ ജേക്കബ് തന്നെ ചമച്ച് കൊണ്ട് വന്നതു ഒട്ടും യാദൃശ്ചികമാവാത്തതും അതുകൊണ്ട് തന്നെയാണ്. അത്രയും മൈക്രോ അഗ്രഷൻ നിലനിറുത്താൻ സമർത്ഥമായവരാണിവർ.

മറ്റൊരാളുടെ അവസ്ഥയെ, അതും യാതൊരു പ്രിവിലേജുകളുമില്ലാതെ, ജോലി കിട്ടുന്നതു മാത്രമല്ല, അത് നിലനിറുത്താൻ എന്നും ജോലിസ്ഥലത്ത് പോരാടേണ്ടി വരുന്ന ഒരു കീഴാള സ്ത്രീയുടെ അവസ്ഥകളെ തന്റെ പ്രിവിലേജുകളുൽ നിന്ന് കൊണ്ട് നിസ്സാരവൽക്കരിക്കുകയും നിരാകരിക്കുകയും അദൃശ്യമാക്കാൻ ചെയ്യുകയും ചെയ്യുകയാണ്. "എന്റെ മനോവിഷമം ആരു മനസ്സിലക്കുന്നു" എന്ന് ദിലീപും സുഹൃത്തുക്കളും ഒരേ സ്വരത്തിൽ ചോദിച്ചത് ഓർമയില്ലേ? തന്റെ പ്രിവിലേജുകളിൽ തൊടുന്നു എന്നുള്ള നിലവിളിയാണിത്. എഡിറ്റർമാരില്ലാത്ത സോഷ്യൽ മീഡിയകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇവർ എത്ര ഹിംസകൾ ഇങ്ങിനെ കസേരക്കീഴിൽ ചവുട്ടിത്തേച്ചേനെ! കാലം മാറുന്നുണ്ട് എന്ന് പോലും ഇതുവരെ നേരം വെളുക്കാത്തവർ!

Read More >>