ചാരക്കേസ്, ലാവലിൻ കേസ്... പിന്നെ ഇൻഡിപ്പെൻഡന്റ് മീഡിയയും

" ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ.." ചാരക്കേസിലെ ഒരു അനുബന്ധ വാർത്തയ്ക്ക് മുത്തശിപത്രം നൽകിയ തലക്കെട്ട്. "മാലി തെരുവിലെ കാമുകിമാര്‍ ", "മറിയം തുറന്നു വിട്ട ഭൂതങ്ങള്‍", "പണത്തില്‍ പെണ്ണുങ്ങള്‍ വീണു", " മാതാഹരി സര്‍പ്പ സുന്ദരി മലബാര്‍ ബന്ധം", "മാലിക്കാരിയുടെ ബാഗിലെ രഹസ്യരേഖകള്‍ " എന്നിങ്ങനെ മുത്തശ്ശി പത്രത്തിലെ സബ് എഡിറ്റർ തസ്തിക സർവാംഗം അശ്ലീലമയമായ നാളുകൾ. പൂർണനഗ്നയായി കമിഴ്ന്നു കിടക്കുന്ന മാതാഹരിയുടെ ചിത്രം നിർലജ്ജം എഡിറ്റ് പേജിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ പതനം പൂർണമായി.

ചാരക്കേസ്, ലാവലിൻ കേസ്... പിന്നെ ഇൻഡിപ്പെൻഡന്റ് മീഡിയയും

പൾസർ സുനിയുടെ കാമുകി എന്ന് സോഷ്യൽ മീഡിയ ആഘോഷിച്ച ഒരു യുവതിയുടെ പ്രതികരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വക്കം മൗലവി ഫൗണ്ടേഷനിൽ നടന്ന മാധ്യമ പഠനശിബിരത്തിൽ ചർച്ച ചെയ്യപ്പെട്ടു. എബി തരകന്റെ (എഡിറ്റർ, ഏഷ്യാനെറ്റ് ഓൺലൈൻ) അവതരണം സോഷ്യൽ മീഡിയ മാധ്യമപ്രവർത്തനത്തെക്കുറിച്ചായിരുന്നു. ആസാം ഗായിക നഹീദ് അഫ്രിനെതിരെ മുസ്ലിം മതമൗലികവാദികൾ ഒരുവിധ ഫത്വയും പുറപ്പെടുവിച്ചിട്ടേയില്ല എന്ന കാര്യം എടുത്തു പറഞ്ഞു. സി പി സ്കോട്ടും comments are free, but facts are sacred എന്ന ഉദ്ധരണിയും ഉയർത്തെഴുന്നേറ്റ മിനിറ്റുകള്‍

കാര്യമാത്ര പ്രസക്തമായിരുന്നു എബിയുടെ അവതരണം. സുവ്യക്തമായ നിലപാട്. കണ്ണുള്ളവർക്ക് കാണാനും കാതുള്ളവർക്ക് യോജിക്കാനും പാകത്തിന് സ്പഷ്ടമായ സന്ദേശം. അടിസ്ഥാന മാനദണ്ഡങ്ങൾ പാലിച്ചാകണം മാധ്യമപ്രവർത്തനമെന്ന് ഊന്നിപ്പറഞ്ഞു. വാർത്തകൾ വസ്തുനിഷ്ഠമായാലേ സ്ഥാപനത്തിന് വിശ്വാസ്യതയുണ്ടാകൂ. എതിർക്കാനാത്ത ന്യായവാദങ്ങൾ..

വീണ്ടുമൊരു ലാവലിൻ കാലത്താണ് മാധ്യമപ്രവർത്തനത്തിലെ വസ്തുനിഷ്ഠതയെക്കുറിച്ച് എബി തരകന്റെ വാദങ്ങൾ വന്നുവീഴുന്നത്. ചാരക്കേസിന്റെ ഓർമ്മകളും സുഭിക്ഷം. comments are free, but facts are sacred എന്ന ജേണലിസം പാഠം ഉരുവിട്ടു പഠിച്ചവരും പഠിപ്പിച്ചവരുമാണ് ചാരക്കേസും ലാവലിൻ കേസും കൈകാര്യം ചെയ്തത്. മലയാള മാധ്യമചരിത്രത്തിലെ നാണക്കേടിന്റെ കരിമുദ്രയാണ് ചാരക്കേസ്.

ചാരക്കേസിൽ നിന്ന് എന്തു പാഠം പഠിച്ചവരാണ് ലാവലിൻ കേസ് കൈകാര്യം ചെയ്തത്? എബിയുടെ വാദങ്ങളുടെ പിൻപറ്റി ആലോചിക്കാൻ രസമുള്ള വിഷയമാണത്. ഇൻപെൻഡന്റ് മീഡിയാ ഇനിഷ്യേറ്റീവ് സഫലമാകുന്നത് ഈ രണ്ടുകേസുകളെയും മാധ്യമപാഠങ്ങളുടെ പശ്ചാത്തലത്തിൽ പുനരാലോചിക്കുമ്പോഴും.

ചാരക്കേസ് കോൺഗ്രസിലെ വിഭാഗീയതയുടെ ഉൽപ്പന്നമായിരുന്നു. ലാവലിൻ കേസ് സിപിഎമ്മിലെയും. രണ്ടിലും മാധ്യമപ്രവർത്തകർ പക്ഷം ചേര്‍ന്നു വാർത്ത ഉൽപാദിപ്പിച്ചിട്ടുണ്ട്. അതു ശരിയായിരുന്നോ എന്ന് മാധ്യമ പഠന ക്ലാസുകളിലെങ്കിലും ചർച്ച ചെയ്യണം.

കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നു പിടിച്ചിറക്കുകയായിരുന്നു ചാരക്കേസിന്റെ ലക്ഷ്യം. ലാവലിൻ കേസ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പിണറായിയുടെ തലയരിയാനും. രണ്ടിനും പൊതുസമ്മതി സൃഷ്ടിക്കാൻ മാധ്യമപ്രവർത്തകർ മനസറിഞ്ഞു പണിയെടുത്തു. comments are free, but facts are sacred എന്ന് ആഹ്വാനം ചെയ്ത പാവം സി പി സ്കോട്ടിനെ മലയാളത്തിലെ മാധ്യമപ്രവർത്തകർ മത്സരിച്ചു മാനഭംഗപ്പെടുത്തിയ നാളുകൾ.

" ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ.." ചാരക്കേസിലെ ഒരു അനുബന്ധ വാർത്തയ്ക്ക് മുത്തശ്ശി പത്രം നൽകിയ തലക്കെട്ട്. "മാലി തെരുവിലെ കാമുകിമാര്‍ ", "മറിയം തുറന്നു വിട്ട ഭൂതങ്ങള്‍", "പണത്തില്‍ പെണ്ണുങ്ങള്‍ വീണു", " മാതാഹരി സര്‍പ്പ സുന്ദരി മലബാര്‍ ബന്ധം", "മാലിക്കാരിയുടെ ബാഗിലെ രഹസ്യരേഖകള്‍ " എന്നിങ്ങനെ മുത്തശ്ശി പത്രത്തിലെ സബ് എഡിറ്റർ തസ്തിക സർവാംഗം അശ്ലീലമയമായ നാളുകൾ. പൂർണനഗ്നയായി കമിഴ്ന്നുകിടക്കുന്ന മാതാഹരിയുടെ ചിത്രം നിർലജ്ജം എഡിറ്റ് പേജിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ പതനം പൂർണമായി.

കൊടുംക്രൂരമായിരുന്നു മാധ്യമ വേട്ട. രമൺ ശ്രീവാസ്തവയെന്ന ഐജിയുടെ പേരും ചിത്രവും കുടുംബചരിത്രവും നിരത്തി ചാരൻ എന്ന് ഒന്നാം പേജിൽ ആക്ഷേപിക്കാൻ ഒരു മാധ്യമ മര്യാദയും തടസമായില്ല. നിരന്തരമായ വേശ്യാസമ്പർക്കമുള്ളവൻ എന്ന് ആർത്തുവിളിക്കാൻ ഒരു മനസറപ്പും ഉണ്ടായതുമില്ല. ഐജി തസ്തികയിലുള്ള ഒരു പോലീസുദ്യോഗസ്ഥനാണ് ഈ വിധം ആക്ഷേപിക്കപ്പെട്ടത്. ഒരു തെളിവിന്റെയും പിൻബലമില്ലാതെ മാധ്യമങ്ങൾ ചാരനും രാജ്യദ്രോഹിയുമാക്കിയത്.

കെ കരുണാകരന്റെ രാജിയെ തുടർന്ന് മനോരമ പ്രസിദ്ധീകരിച്ച "കരുനീക്കങ്ങള്‍ 150-ാം നമ്പര്‍ മുറിയില്‍നിന്ന്" എന്ന വാർത്തയിലെ ഏതാനും വാചകങ്ങളിൽ ചാരക്കേസിന്റെ ഉത്ഭവവും ലക്ഷ്യവും ആറ്റിക്കുറുക്കിയിട്ടുണ്ട്. "തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ പതിനഞ്ചാം നമ്പര്‍ മുറി രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് വേദിയായി. ഓള്‍ഡ് ബ്ലോക്കിന്റെ ഒന്നാംനിലയിലെ ഉമ്മന്‍ചാണ്ടിയുടെ ഈ മുറി കേന്ദ്രീകരിച്ചാണ് കരുണാകര വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍." (1995 ഫെബ്രുവരി 21).

ചാരക്കേസിൽ കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കാൻ പൊതുസമ്മതി സൃഷ്ടിച്ചത് മാധ്യമങ്ങളായിരുന്നു. വിജയിച്ചത് കോൺഗ്രസിലെ വിഭാഗീയതയും. കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ ശിഥിലീകരണത്തിന്റെ തുടക്കം ചാരക്കേസിൽ നിന്നായിരുന്നു.

ലാവലിൻ കേസിൽ മാധ്യമങ്ങൾ പക്ഷം ചേർന്നത് സിപിഐഎമ്മിലെ വിഭാഗീയതയിൽ. പക്ഷേ, മാധ്യമസമ്മർദ്ദം പിണറായിയുടെ കാര്യത്തിൽ വിലപ്പോയില്ല. പതിനഞ്ചു വർഷം അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയുടെ കസേരയിലിരുന്നു. പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി.

ഇന്‍ഡിപെന്‍ഡന്റ്‌ മീഡിയാ ഇനിഷ്യേറ്റീവിന്റെ മാധ്യമ പഠനശിബിരങ്ങളിൽ ലാവലിൻ വാർത്തകളും വിചാരണ ചെയ്യപ്പെടണം. അവിടെ ജസ്റ്റിസ് വികെ ബാലിയുടെ ഒരു ഹൈക്കോടതി വിധി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തണമെന്നൊരു അഭ്യർത്ഥനയുണ്ട്. (ലിങ്ക് - https://indiankanoon.org/doc/1569770/).

ലാവലിൻ കേസിൽ ആഘോഷിക്കപ്പെട്ട സിഎജി റിപ്പോർട്ട് യഥാർത്ഥത്തിൽ എത്ര മാധ്യമപ്രവർത്തകർ വായിച്ചു നോക്കിയിട്ടുണ്ട് എന്ന ചോദ്യവും ചർച്ചയ്ക്കു വെയ്ക്കണം.മേൽപ്പറഞ്ഞ കോടതിവിധി വായിച്ചു വന്നാൽ ഇങ്ങനെയാരു വാചകം കാണാം. 'The Principal Accountant General found that, 'due to various technical defects in the equipments renovated and non-achievement of pre-generation levels, the entire expenditure of rupees 374.50 crores incurred for renovation was rendered wasteful'.

പിഎസ് പി പദ്ധതികളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എഴുതിയ വിധിയിൽ ഉദ്ധരിച്ചു ചേർത്ത വാചകങ്ങൾ ഉണ്ടോ എന്ന് ആർക്കും പരിശോധിച്ചു നോക്കാം. തിരയുന്നവർ വിഡ്ഢികളാവും. സിഎജി റിപ്പോർട്ടിലെ ഇല്ലാത്ത വാചകങ്ങളെപ്പിടിച്ച് വാർത്തകൾ, വിശകലനങ്ങൾ, ഒടുവിൽ ചീഫ് ജസ്റ്റിസ് വക കോടതി വിധിയും.

ആ കോടതിവിധിയിൽ It is also admitted position that the Malabar Cancer Centre is a non-starter എന്നൊരു വാചകമുണ്ട്. 2000 നവംബർ 11ന് ഉദ്ഘാടനം ചെയ്ചപ്പെട്ട ആശുപത്രി. വിധിയെഴുതുന്ന ദിവസമാകുമ്പോഴേയ്ക്കും പതിനായിരത്തോളം രോഗികൾ ചികിത്സ തേടിയെത്തിയ സ്ഥാപനം. അതേക്കുറിച്ചാണ് ഹൈക്കോടതിവിധിയിലെ ഈ വിഡ്ഢിത്തം.

സിഎജി റിപ്പോർട്ടിലെ ഇല്ലാത്ത പരാമർശത്തെ ആയുധമാക്കി മെനഞ്ഞതാണ് ലാവലിൻ അഴിമതിക്കഥ. മാധ്യമ സ്വാധീനത്തിനാണോ മറ്റേതെങ്കിലും സമ്മർദ്ദത്തിനാണോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഴങ്ങിയത് എന്ന ചോദ്യവും പ്രസക്തം. സിംഗപ്പൂരിലെ കമല ഇൻറർനാഷണൽ മുതൽ പാണ്ട്യാലമുക്കിലെ വീട്ടിലെ റിമോട്ട് കൺട്രോൾ ഉപയോഗിക്കുന്ന തുറക്കുന്ന ഗേറ്റു വരെ ലാവലിൻ ഭാവനയുടെ മാധ്യമ പാഠങ്ങളാണ്. പിണറായി വിജയന്റെ ദൃഷ്ടിയിൽ, ഉറുമ്പ് മണ്ണു കൂട്ടിവെയ്ക്കുന്ന സൂക്ഷ്മതയോടെ നടത്തിയ ഉപജാപം.

പിഎസ്പി പദ്ധതികൾക്കുള്ള കൺസൾട്ടന്റ് സേവനക്കരാർ ഒപ്പിടുന്ന അതേദിവസം തന്നെ ലാവലിനുമായി കുറ്റ്യാടി പദ്ധതിക്കുള്ളസപ്ലൈ കരാറും ഒപ്പിട്ടിരുന്നു എന്നതിനു തെളിവും

മറ്റൊരു സിഎജി റിപ്പോർട്ടാണ് കുറ്റ്യാടിക്കു വേണ്ടി വായ്പ ഏർപ്പാടാക്കിയതും യന്ത്രസാമഗ്രികൾ സമാഹരിച്ചതുമൊക്കെ ലാവലിൻ കമ്പനിയായിരുന്നു. പക്ഷേ, നമ്മുടെ പത്രങ്ങളുടെ 15 വർഷത്തെ ആർക്കൈവിൽ ഒരിടത്തുപോലും കുറ്റ്യാടി- ലാവലിൻ കരാറിനെക്കുറിച്ച് ഒരു വരിപോലുമില്ല.

മലയാളത്തിൽ ഇങ്ങനെയൊരു മാധ്യമപ്രവർത്തനമുണ്ട്. ഇതും ഭാവി തലമുറ പരിചയപ്പെടേണ്ട ചരിത്രപാഠങ്ങളാണ്. പ്രഭാഷണവേദിയിലും പഠനക്ലാസുകളിലും ഉച്ചരിച്ചു വിഴുങ്ങാനുള്ള ഉദ്ധരണിയല്ല സി പി സ്കോട്ടിന്റെ പ്രസിദ്ധമായ പാഠം. ചാര, ലാവലിൻ കേസുകളിലെ വാർത്തകളെയും വിശകലനങ്ങളെയും ചൂണ്ടുവിരലിന്റെ തുമ്പത്തു നിർത്തി, comments are free, but facts are sacred എന്ന ഉദ്ധരണിയുടെ വിശുദ്ധിയെ പ്രകീർത്തിക്കാനുള്ള ആർജവം ഇൻഡിപ്പെൻഡന്റ് മീഡിയാ ഇനിഷ്യേറ്റീവിനുണ്ടാകട്ടെ. സോഷ്യൽ മീഡിയയുടെ നിരുത്തരവാദിത്തത്തിനൊപ്പം "മെയിൻ സ്ട്രീം" മീഡിയയുടെ നിർലജ്ജചരിത്രവും വിചാരണ ചെയ്യപ്പെടണം.

ചില ചരിത്രങ്ങൾ അങ്ങനെ മറന്നു കളയാനാവില്ല. പക്ഷേ, ഓർക്കാനുള്ള ധീരത എത്ര പേർക്കുണ്ട്?