കുര്യന്‍ സാറും കുഞ്ഞുഞ്ഞുനച്ചായനും തമ്മില്‍....

ജില്ലയിൽ ഒരു ഡിസിസി പ്രസിഡന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടി തീരുമാനങ്ങളെല്ലാം പിജെ കുര്യൻ അറിഞ്ഞു തന്നെ നടന്നു. എ ഗ്രൂപ്പ് ആഗ്രഹിച്ച ഇക്കാര്യവും കുര്യന്‍ സാര്‍ ഭദ്രമായി നടത്തിക്കൊടുത്തു. ഉമ്മന്‍ ചാണ്ടിയും പി.ജെ.കുര്യനും തമ്മിലുള്ള ബന്ധവും ദൃഡമായി. പിന്നെന്തു കൊണ്ടാണ് പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ മാത്രം വിമര്‍ശിച്ചു അണികള്‍ക്ക് സന്ദേശം നല്‍കിയത്?

കുര്യന്‍ സാറും  കുഞ്ഞുഞ്ഞുനച്ചായനും തമ്മില്‍....

ഇത്തവണ മാണിക്കുഞ്ഞിനു രാജ്യസഭയിലേക്ക് 'പച്ച'ക്കൊടി വീശിയത് ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഒന്നിച്ചാണ് എങ്കിലും പിജെ കുര്യന്‍ തന്റെ എതിര്‍പ്പ് തുറന്നടിച്ചത് ഉമ്മന്‍ ചാണ്ടിക്ക് നേരെയായിരുന്നു. 'എ' ഗ്രൂപിന്റെ ലേബലില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടം നേടിയ പിജെ കുര്യന്‍ എന്തു കൊണ്ടായിരിക്കും ഉമ്മന്‍ ചാണ്ടിക്ക് എതിരെ മാത്രം ഇങ്ങനെ പരസ്യപ്രകടനം നടത്തിയത്? അതും രാജ്യസഭാ സീറ്റ് സംബന്ധിച്ച വിവാദം ചൂടാറാതെയിരിക്കുവാന്‍ തന്നെ?

1980 ലാണ് പ്രൊഫ.പി.ജെ കുര്യൻ ആദ്യമായി മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെൻറ് അംഗമായി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 'ഐ' ഗ്രൂപ്പിനെ ശക്തിയുക്തം നിലനിര്‍ത്തി കെ കരുണാകരനും എ ഗ്രൂപ്പിൻറെ നേതാവായി എ.കെ ആൻറണിയുമാണ്‌ അന്നു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. ആന്തരിക തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്ഗ്രസില്‍ ഉണ്ടായ ഗ്രൂപ്പ് വിഭജനത്തില്‍ താര്തമെന്യേ പ്രവര്‍ത്തന മേല്‍ക്കോയ്മ എ ഗ്രൂപ്പിനായിരുന്നു. ഈ ഗ്രൂപ്പിലാണ് യുവതുർക്കികൾ കൂടുതലുണ്ടായിരുന്നത്. ഇവര്‍ വളരെ സിസ്റ്റമാറ്റിക് ആയി പ്രവർത്തിച്ചു. കോൺഗ്രസിലെ ഒരു കേഡർ വിഭാഗമെന്ന തന്നെ ആ സമയത്ത് ഈ ഗ്രൂപ്പിനെ വിശേഷിപ്പിക്കാന്‍ കഴിയുമായിരുന്നു. പരസ്പരമുള്ള ആശയവിനിമയവും തെറ്റില്ലാതെ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഉള്‍ഗ്രൂപ്പ് നെറ്റ്‌വർക്കിംഗ് വളരെ ശക്തം!

ഡല്‍ഹിയില്‍ തന്നെ പാര്‍ട്ടി സുരക്ഷിതമായിരുന്നതിനാല്‍ ആയിരിക്കണം, കേരളത്തിൽ നിന്ന് വരുന്ന കോൺഗ്രസ് നേതാക്കന്മാർക്ക് അവിടെ അന്നു പ്രത്യേകിച്ച് വെയിറ്റേജ് ഒന്നും ലഭിച്ചില്ല. ക്യാബിനറ്റ് റാങ്കുകൾ ഒന്നും കേരളത്തിന് ലഭിച്ചില്ല. മിനിസ്റ്റർ ഫോർ സ്റ്റേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി മിനിസ്റ്റർ എന്നീ തസ്തികകളിലേക്ക് മാത്രമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ദേശീയ രാഷ്ട്രീയത്തില്‍ ഒതുങ്ങി നിന്നു.

ഗ്രൂപ്പുകള്‍...മേല്‍കോയ്മകള്‍....

ദേശീയ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി രമേശ്‌ ചെന്നിത്തലയും അന്നു ഡല്‍ഹിയിലുണ്ട്. ഹിന്ദി ഭാഷയിലുള്ള പരിചയം രമേശ്‌ ചെന്നിത്തലയ്ക്ക് മറ്റു കേരളാ നേതാക്കന്മാരെക്കാള്‍ മുന്‍‌തൂക്കം നല്‍കിയിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പിജെ കുര്യന്‍ തലസ്ഥാനത്ത് എത്തുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ 'എ' ഗ്രൂപ്പിന്‍റെ അംബാസിഡർ എന്ന നിലയിലേക്കാണ് കുര്യന്‍ ഡൽഹിയിലെത്തുന്നത്. നമ്മള്‍ മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ അതേ തീവ്രതയോടെയും ഭാവത്തോടെയും ഹൈക്കമാൻഡിന്റെ മുന്നിലെത്തണം. ഇല്ലെങ്കില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം പോലും മന്ദീഭവിക്കും. ഭാഷാ പ്രശ്നങ്ങളില്ലാതെ ഹൈക്കമാൻഡിനെ ഇത്തരം കാര്യങ്ങൾ ധരിപ്പിക്കുവാൻ കുര്യന് കഴിയുമെന്ന് എ ഗ്രൂപ്പ് വിശ്വസിച്ചു.

അന്നും എ കെ ആൻറണി ഡൽഹിയിൽ പോവുകയും വരികയും ഒക്കെ ചെയ്യുന്നുണ്ട് എങ്കിലും ഇംഗ്ലീഷ്/ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിമിതി പലപ്പോഴും ആന്റണിക്കും അനായാസ വിനിമയത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. പി.ജെ.കുര്യന്‍ ഇതിനും പരിഹാരമായിരുന്നു . ആന്റണിക്കായി പല കത്തുകളും ഇംഗ്ലീഷില്‍ ഡ്രാഫ്റ്റ് ചെയ്യുന്നത് പിജെ കുര്യനായിരുന്നു. കെപിസിസി അധ്യക്ഷനായിരുന്ന ആന്റണിയെ അന്നു പിജെകുര്യന്‍ വിളിച്ചിരുന്നത്‌ 'പ്രസിഡന്റ്‌' എന്നായിരുന്നു. ഇപ്പോഴും അതേ, കുര്യന്‍ സാറിന് എകെ ആന്റണിയെ ഇപ്പോഴും പ്രസിഡന്റ് എന്നാണ് അഭിസംബോധന ചെയ്യുന്നത്.

പി.ജെ.കുര്യന്‍ ശ്രദ്ധിക്കപ്പെടുന്നു...

ബോഫോഴ്സ് കേസിൽ രാജീവ് ഗാന്ധിക്കെതിരെ വിമർശനങ്ങൾ ശക്തമായി ഉയര്‍ന്നു വന്ന കാലയളവില്‍ ഡൽഹിയിൽ കൂടിയ കോൺഗ്രസ് പാർട്ടിയുടെ പാർലമെൻററി യോഗത്തിൽ നിന്നാണ് അതിനു തുടക്കം. കോൺഗ്രസിനെതിരെയും രാജീവ്ഗാന്ധിക്കെതിരെയും വിപി സിംഗ് യോഗത്തില്‍ രൂക്ഷവിമർശനം ഉയർത്തി. ഇതോടെ വിപി സിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള അഭിപ്രായവും അതേ യോഗത്തില്‍ ഉണ്ടാകുന്നു. അഭിപ്രായം മാത്രമല്ല, തീരുമാനത്തിലേക്ക് തന്നെ കാര്യങ്ങള്‍ അടുത്തു. എന്നാൽ ഈ തീരുമാനത്തിനെതിരെ രണ്ടു പേര്‍ വിയോജനം രേഖപ്പെടുത്താന്‍ തയ്യാറായി. നിന്നുള്ള ഒരു എംപി പിന്നെ പ്രൊഫ. പിജെ കുര്യനുമാണ് ഈ തീരുമാനത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്. വിപി സിംഗിനെ കോണ്ഗ്രസ് പുറത്താക്കിയാൽ അദ്ദേഹം വേറെ പാർട്ടി രൂപീകരിക്കുമെന്നും അത് കോൺഗ്രസിന്‍റെ മുന്നണി സംവിധാനത്തില്‍ അഭിപ്രായഭിന്നത ഉണ്ടാകുമെന്നുമാണ് പിജെ കുര്യൻ അഭിപ്രായപ്പെട്ടത്. തന്റെ വിയോജനം മിനിട്സില്‍ രേഖപ്പെടുത്തണം എന്നും കുര്യന്‍ ആവശ്യപ്പെട്ടു.

പിൽക്കാലത്ത് പിജെ കുര്യന്‍ പറഞ്ഞത് പോലെ സംഭവിച്ചു. വി.പി സിംഗ് പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ വിയോജനക്കുറിപ്പ് എഴുതിയ ഗുജറാത്തിലെ എംപി സിങ്ങിനൊപ്പം കൂടുകയും എന്നാൽ പിജെ കുര്യൻ കോൺഗ്രസ്സിൽ തന്നെ തുടരുകയും ചെയ്തു. സ്വന്തം അഭിപ്രായങ്ങള്‍ വിധേയത്വമനോഭാവത്തില്‍ പറയാതെ മടിക്കുന്ന കോണ്ഗ്രസുകാര്‍ക്കിടയില്‍ പി.ജെ.കുര്യന്‍ വ്യത്യസ്തനായി. അതോടെ രാജീവ്ഗാന്ധി ശ്രദ്ധിക്കപ്പെടുന്ന ഒരു ഒരു വ്യക്തിത്വമായി പിജെ കുര്യൻ ഉയരുവാൻ സാധിച്ചു. അങ്ങനെ ആദ്യ കടമ്പ കടന്നു കിട്ടി- രാജീവ്ഗാന്ധിയുടെ ഗുഡ് ലിസ്റ്റിൽ കയറിപറ്റുവാന്‍ 'കുര്യന്‍ സാറിന്' സാധിച്ചു.

ബോഫോഴ്സ് കേസില്‍ കോണ്ഗ്രസിന് തിരിച്ചടി നേരിടുകയും തുടര്‍ന്ന് അവര്‍ക്ക് പില്‍ക്കാലത്ത് പ്രതിപക്ഷത്ത് ഇരിക്കേണ്ടിയും വന്നപ്പോള്‍ ചീഫ് വിപ്പായി നിയമിച്ചത് ഇതേ പി.ജെ.കുര്യനെ ആയിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു നേതാക്കന്മാരോടും അഭിപ്രായം ചോദിക്കാതെ രാജീവ് ഗാന്ധി നേരിട്ട് എടുത്ത തീരുമാനമാണ് ഇത്.

രാജിവ് ഗാന്ധി അവശേഷിപ്പിച്ച ആ കുറിപ്പ്...

രാജീവ്ഗാന്ധി കൊല്ലപ്പെടുകയും പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് റാവു കടന്നുവരികയും ചെയ്തു. പിന്നീട് ഈ സ്ഥാനം സോണിയാഗാന്ധിയുടെ ഉത്തരവാദിത്തമായി വന്നു ചേര്‍ന്നു. നാളതുവരെ സജീവ രാഷ്ട്രീയത്തില്ലിലാതിരുന്ന സോണിയഗാന്ധിക്ക്, പാർട്ടിയിൽ നിന്നും ഏറ്റവും അനുയോജ്യമായ ഒരു പൊളിറ്റിക്കൽ സെക്രട്ടറി/ അഡ്വൈസര്‍ വേണമെന്ന് അഭിപ്രായമുണ്ടായി. ഇതിനു 'അനുയോജ്യനായ ഒരാള്‍' എന്ന അന്വേഷണം ചെന്നു നിന്നത് രാജീവ് ഗാന്ധിയുടെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിരുന്ന ചില വിവരങ്ങളിലാണ്.

ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കാണുകയും അതു തുറന്നു പറയുകയും കോൺഗ്രസിനൊപ്പം നിലനിൽക്കുകയും ചെയ്യുന്ന അഭ്യസ്തവിദ്യനായ പാർലമെൻറ്റെറിയന്‍ എന്ന വിശേഷണമാണ് രാജീവ് ഗാന്ധി തന്റെ കമ്പ്യൂട്ടറില്‍ പി.ജെ.കുര്യനെ കുറിച്ചു വിവരിച്ചിരുന്നത്. അന്നുണ്ടായിരുന്ന സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്സന്റ് ജോർജ്ജ് പിജെ കുര്യനെ വിളിച്ചു സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ അഡ്വൈസർ ആകുവാനുള്ള ഓഫര്‍ മുന്നോട്ടു വയ്ക്കുന്നു. എന്നാൽ പിജെ കുര്യൻ ഈ അവസരം നിരസിക്കുകയാണുണ്ടായത്. കാരണം ഇപ്പോള്‍ വിവാദമായ സൂര്യനെല്ലിക്കേസിൽ അന്വേഷണം നേരിടുമ്പോള്‍, ഇപ്പോൾ ഇങ്ങനെ ഒരു നിയമനം പാർട്ടിക്കും സോണിയക്കും ദോഷകരമായിരിക്കും. എന്ന കുര്യന്‍റെ വിലയിരുത്തലാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത്. അങ്ങനെയെങ്കിൽ ഈ പോസ്റ്റിലേക്ക് ആരെ നിയമിക്കുവാന്‍ കഴിയും എന്ന ചോദ്യത്തിന് താൻ തിരിച്ച് ജോർജിനോട് സംസാരിക്കട്ടെയെന്നും എന്നിട്ട് ശരിയായ മറുപടി നൽകാമെന്നും കുര്യന്‍ സോണിയാ ഗാന്ധിയെ അറിയിച്ചു. അഹമ്മദ് പട്ടേലിന്റെയും അംബികാ സോണിയുടെയും പേരാണ് വിന്സന്റ് ജോര്‍ജ് മുന്നോട്ട് വച്ചത്. അത് അംഗീകരിക്കപ്പെട്ടു സോണിയാഗാന്ധിയുടെ ഉപദേശകനായി അഹമ്മദ് പട്ടേൽ രംഗത്ത് വരികയും ചെയ്തു.

മധ്യതിരുവതാംകൂറിലെ സുറിയാനി- വെണ്ണിക്കുളം പാപ്പച്ചായന്‍!

മധ്യതിരുവിതാംകൂറിലെ ആഗോള ക്രൈസ്തവ കമ്മ്യൂണിറ്റിയുടെ നോമിനിയായി അംഗീകരിക്കപ്പെട്ട പ്രതീതി ഉണ്ടാക്കാന്‍ പി.ജെ കുര്യന് സാധിച്ചിരുന്നു. പത്തനംതിട്ടയിലെ ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും ഓർത്തഡോക്സ്, കാത്തലിക്, മാർത്തോമാ പെന്തക്കോസ്ത് വിശ്വാസികളില്‍ ഉള്ളവരാണ് മധ്യതിരുവിതാംകൂറിലെ ഈ ക്രൈസ്തവ ബെൽറ്റ്. ഇവരെ കൂടാതെ പ്രവാസി അച്ചായന്മാരുടെ പ്രിയപ്പെട്ടവനായും മാര്‍ത്തോമ്മാ സഭാവിശ്വാസിയായ പിജെ കുര്യൻ സ്വയം സ്ഥാപിതനായി. ഇന്ത്യയിലുള്ള മിക്ക ക്രൈസ്തവ സംഘടനകള്‍ക്കും FCRA ലൈസന്‍സ് തരപ്പെടുത്തി കൊടുത്തതും ഇദ്ദേഹമാണ്.

പ്രവാസികള്‍ക്കും, കേരളത്തിനു പുറത്തുള്ള വ്യവസായികള്‍ക്കും കേരളത്തിലെ വ്യവസായികള്‍ക്കും ഡല്‍ഹിയില്‍ നിന്നോ കോണ്ഗ്രസ് ഭരണത്തിലുള്ള ഏതെങ്കിലും സംസ്ഥാനത്ത് നിന്നോ എന്തെങ്കിലും കാര്യം സാധിക്കണമെങ്കില്‍ പി.ജെ കുര്യന്‍ അതു സാധിപ്പിച്ചു കൊടുക്കും. ഇവര്‍ക്കെല്ലാം ഇദ്ദേഹം കുര്യന്‍ സാറല്ല, വെണ്ണിക്കുളം പാപ്പച്ചായാനാണ്. ഇവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിനാല്‍, പാര്‍ട്ടിക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യമാകുന്ന പക്ഷം പി.ജെ.കുര്യന് അത് കണ്ടെത്താനും സാധിക്കും. അതായത്, മറ്റൊരു സാമ്പത്തിക സ്രോതസ് കൂടി പി.ജെ.കുര്യനിലൂടെ കോണ്ഗ്രസില്‍ ഉണ്ടായി.

ഈ പ്രദേശങ്ങളിലെ ഒരു ഏകീകൃത ഗ്രൂപ്പായി പി.ജെ.കുര്യന്‍ വളര്‍ന്നു. എ ആയാലും ഐ ആയാലും കുര്യന്‍ സാറിന്റെ അടുത്തു പോയാല്‍ പുള്ളി കാര്യം സാധിച്ചു കൊടുക്കുമെങ്കില്‍, പിന്നെ സാധാരണക്കാരന് കോൺഗ്രസ് എന്നു പറയുന്നത് പി.ജെ കുര്യൻ എന്നായി.ആ ജില്ലയിൽ ഒരു ഡിസിസി പ്രസിഡന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടി തീരുമാനങ്ങളെല്ലാം പിജെ കുര്യൻ അറിഞ്ഞു തന്നെ നടന്നു. എ ഗ്രൂപ്പ് ആഗ്രഹിച്ച ഇക്കാര്യവും കുര്യന്‍ സാര്‍ ഭദ്രമായി നടത്തിക്കൊടുത്തു. ഉമ്മന്‍ ചാണ്ടിയും പി.ജെ.കുര്യനും തമ്മിലുള്ള ബന്ധവും ദൃഡമായി.

പിന്നെന്താണ് പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ മാത്രം വിമര്‍ശിച്ചു അണികള്‍ക്ക് സന്ദേശം നല്‍കിയത്? പത്തനംതിട്ട ജില്ലയിൽ ഇതിനിടയില്‍ നടന്ന ചില രാഷ്ട്രീയ തീരുമാനങ്ങളാണ് ഇതിനു പിന്നില്‍.

കോണ്ഗ്രസിന്റെ ഉറച്ച മണ്ഡലമായ പത്തനംത്തിട്ടയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഫിലിപ്പോസ് തോമസ്‌ മുന്നോട്ടു വന്നതാണ് ഇതിലൊന്ന്. മുന്‍ ഡിസിസി പ്രസിഡന്‍റ്റ് കൂടിയാണ് ഫിലിപ്പോസ് തോമസ്‌.എന്നാൽ മാര്‍ത്തോമാ സഭയെ പ്രതിനിധികരിക്കുന്ന പിജെ കുര്യൻ ദേശീയരാഷ്ട്രീയത്തിൽ ഉള്ളതിനാൽ തന്നെ അവിടെ നിന്നു വരേണ്ടത് ഒരു കത്തോലിക്ക സഭാ വിഭാഗക്കാരൻ ആകണം എന്ന ആശയം മുന്നോട്ടു വച്ചത് ഉമ്മൻചാണ്ടിയാണ്. അദ്ദേഹം അന്നു മുഖ്യമന്ത്രിയാണ്. അങ്ങനെ ഫിലിപ്പോസിന്‍റെ പേരിനു മുകളിലായി ആന്റോ ആന്റണിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചു. ഈ തീരുമാനത്തെ പക്ഷേ പി.ജെ കുര്യന് പൂർണമായി അംഗീകരിച്ചിരുന്നില്ല. പത്തനംത്തിട്ടയില്‍ നിന്നും രണ്ടു മാര്‍ത്തോമ്മാക്കാര്‍ വേണ്ടാ എന്നാ കുഞ്ഞൂഞ്ഞു തീരുമാനം കുര്യന്‍ സാറിന് പിടിച്ചില്ല. അവിടെ നിന്നും ഇരുവരും തമ്മില്‍ മാനസികമായി അകന്നിരുന്നു.

എന്നിരുന്നാലും സൂര്യനെല്ലി കേസിൽ നിന്നും ഏകദേശം മോചിതനായശേഷം പിജെ കുര്യന് ടിക്കറ്റ് നൽകണമെന്ന് എ.കെ. ആൻറണിയോട് ആവശ്യപ്പെട്ടു ഈ തീരുമാനം നടപ്പിലാക്കാന്‍ മുൻകൈയെടുത്തത് ഉമ്മൻചാണ്ടിയാണ്. കെഎം മാണിയുടെ മധ്യസ്ഥതയില്‍ ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി തീരുമാനമെടുത്തതിനാല്‍ പിജെ കുര്യൻ രാജ്യസഭാംഗമായി എന്നുള്ളത് ചരിത്രം.

2012 ല്‍ ഉമ്മൻചാണ്ടി പി ജെ കുര്യനോട് ആവശ്യപ്പെട്ടത് വ്യത്യസ്തമായ ഒരു ആവശ്യമായിരുന്നു- ഏതെങ്കിലും സംസ്ഥാനത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷം സജീവരാഷ്ട്രീയത്തിലേക്കു മടങ്ങാമെന്ന് ഉമ്മൻചാണ്ടിയെ കുര്യനോട് ആവശ്യപ്പെടുന്നു. കാരണം ഇത്തവണ മലബാറില്‍ നിന്നുള്ള ഒരു മുസ്ലിം പ്രതിനിധിയാണ് പാർലമെൻറിൽ പോകേണ്ടത് എന്ന് താൽപര്യമാണ് ഉമ്മൻചാണ്ടി അന്ന് പ്രകടിപ്പിച്ചത്. കുറേനാളുകളായി കേരളത്തിൽ നിന്നുള്ള മുസ്ലീം പ്രാധിനിധ്യം രാജസഭയില്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എം.പി.മൊയ്തീന്റെ പേര് ഉമ്മന്‍ ചാണ്ടി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ സ്വന്തമായി മേൽവിലാസമുണ്ടാക്കിയ പിജെ കുര്യന് അങ്ങ് ഡല്‍ഹിയിലും പിടിയുണ്ടല്ലോ... അദ്ദേഹം ഹൈക്കമാൻഡിനെയും സോണിയാഗാന്ധിയെയും സ്വാധീനിച്ചു വീണ്ടും രാജ്യസഭാംഗമായി എത്തി. പിജെ കുര്യനും ഉമ്മന്‍ ചാണ്ടിയും പരോക്ഷമായി വീണ്ടും അകന്നു.

മുഖ്യമന്ത്രി പദവിയിൽ നിന്നും കെ കരുണാകരനെ മാറ്റണോ അഥവാ മാറ്റിയാൽ ഇനിയാര് എന്നുള്ള ചോദ്യം ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കന്മാരോട് ചോദിച്ച സമയത്തുണ്ടായ ഒരു വികാരവും അനുബന്ധ കഥകളായി പ്രചരിക്കുന്നുണ്ട്. കരുണാകാരനെ മാറ്റണം എന്ന് മിക്ക ആളുകളും അവരുടെ അഭിപ്രായം പറയുകയും ഒപ്പം ഉമ്മൻചാണ്ടിയുടെ ആന്റണിയോ ആകട്ടെ എന്നും അഭിപ്രായം ഉണ്ടായി. അന്നു എന്‍ എസ് എസിന് സമദൂരസിദ്ധാന്തം എന്നല്ല, കോൺഗ്രസിനോട് തന്നെ പരസ്യ ആഭിമുഖ്യം പുലർത്തുന്ന സമയവുമാണ്. എന്‍ഡിപി എന്ന പാർട്ടി കോൺഗ്രസിന് സഖ്യകക്ഷിയുമാണ്‌.

നാരായണപ്പണിക്കർ ഇതിനെ പ്രതിനിധീകരിച്ച് രംഗത്തുവന്നു .കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റേണ്ട എന്നാണ് തങ്ങളുടെ അഭിപ്രായം എന്നും എന്നാൽ ഏതെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങളിൽ അങ്ങനെയൊരു തീരുമാനം ഉണ്ടായാൽ പി ജെ കുര്യനാകണം മുഖ്യമന്ത്രിയെന്നും നാരായണപണിക്കർ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ഇങ്ങനെയായാല്‍ പിന്നെങ്ങനെ ഉമ്മൻചാണ്ടി അസ്വസ്ഥനാകതിരിക്കും?

സുകുമാരൻ നായരോടും വളരെയധികം അടുത്തബന്ധം പുലർത്തുന്നയാളാണ് പിജെ കുര്യൻ. എൻഎസ്എസിന് എന്തെങ്കിലും കാര്യം ഡൽഹിയിൽനിന്ന് സാധിക്കണമെങ്കിൽ അവർ ഒരു പക്ഷേ മനസ്സിൽ കാണുന്നതിന് മുമ്പുതന്നെ അത് സാധിച്ചു കൊടുക്കുവാൻ കുര്യന്‍ സാര്‍ ഉത്സാഹം കാണിച്ചു.നായരെക്കാൾ വലിയ നായരായി ഡൽഹിയിൽ പി.ജെ.കുര്യന്‍ അഭിരമിച്ചു.

മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടിക്ക് നൽകി കളമൊഴിഞ്ഞ എ.കെ ആൻറണിയെ വീണ്ടും രാജ്യസഭയിൽ എത്തിച്ചതില്‍ പിജെ കുര്യനെ വഹിച്ച പങ്ക് ചെറുതല്ല. ഉമ്മൻചാണ്ടിയോട് ഇക്കാര്യം പിജെ കുര്യൻ ആവശ്യപ്പെട്ടപ്പോൾ- താൻ ഇങ്ങനെയൊരു നീക്കം നടത്തിയാൽ അത് കേരളത്തിൽ നിന്നും ആന്റണിയെ ഓടിക്കുവാനുള്ള ഒരു പദ്ധതിയായി മാത്രമേ വ്യാഖ്യാനിക്കപ്പെടൂ എന്ന് ഉമ്മൻചാണ്ടി ആശങ്കപ്പെട്ടു. താന്‍ ആ ആശങ്ക ദുരീകരിക്കാം എന്ന് ഉറപ്പുനൽകി പിജെ കുര്യൻ ആ ദൗത്യം ഏറ്റെടുക്കുകയും ആൻറണിയെ സമീപിക്കുകയും ചെയ്തു. ആ സീറ്റ് നിലവിൽ എൻഎസ്എസിന്‍റെ കൈയിലിരിക്കുന്നതുമാണ്. അതു എങ്ങനെ അത് ലഭിക്കുമെന്നുമുള്ള ആശങ്കയാണ് ആന്റണി പ്രകടിപ്പിച്ചത്. എൻഎസ്എസുമായി നല്ല ബന്ധം പുലർത്തിയിരുന്ന പി ജെ കുര്യന് ഇത് തുലോം നിസ്സാരമായിരുന്നു. അവരെ അനുനയിപ്പിച്ച് കാര്യങ്ങളെ താൻ ഉദ്ദേശിച്ച രീതിയിൽ എത്തിക്കുവാൻ പിജെ കുര്യന് സാധിച്ചു എന്നുള്ളതും കേരളം കണ്ടു. ഒടുവില്‍ കാര്യങ്ങള്‍ ഇപ്പോള്‍ ഇവിടെ വരെ...

പി.ജെ.കുര്യന്‍ കോണ്ഗ്രസില്‍ മാത്രമല്ല, ഇതര രാഷ്ട്രീയക്കാര്‍ക്കും സമ്മതനാണ്..

സൂര്യനെല്ലി കേസ് വന്നതോടെ പി.ജെ.കുര്യന്‍ തീര്‍ത്തും രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഒറ്റപ്പെട്ടത് പോലെയായിരുന്നു. പാര്‍ട്ടി തന്നെയാണ് തനിക്കിട്ടു പണി' തന്നതെന്ന് 'കുര്യന്‍ സാര്‍' കരുതി. സുര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍ പി.ജെ.കുര്യനായി ഹാജരായത് ബിജെപി നേതാവായ അരുണ്‍ ജയ്റ്റിലിയാണ്, അതു ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ!

ഞാന്‍ നേരില്‍ കണ്ട ഒരു സംഭവം കൂടി പറയട്ടെ- സൂര്യനെല്ലി കേസ് രണ്ടാം തവണ വിവാദമായ സമയത്ത് പാര്‍ലമെന്റ് നടക്കുകയാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയുമെല്ലാം കുര്യനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നത്തെ ഹ്യുമന്‍ റിസോര്‍സ് മന്ത്രി പ്രകാശ് ജാവേദ് അന്നു ബിജെപി ഓഫീസില്‍ പത്രസമ്മേളനം വിളിച്ചു പി.ജെ.കുര്യന്‍ രാജി വയ്ക്കണം എന്നും മറ്റും ശക്തമായി ആവശ്യപ്പെട്ടു. ഈ പത്രസമ്മേളനം ഞങ്ങള്‍ പി.ജെ.കുര്യന്‍റെ വീട്ടില്‍ ഇരുന്നു ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞില്ല, ഇതേ പ്രകാശ്‌ ജാവേദിന്‍റെ ഫോണ്‍ പി.ജെ.കുര്യന്റെ ഓഫീസിലെത്തി- " കുര്യന്‍, എനിക്ക് ഒരു പത്രസമ്മേളനം നടത്തേണ്ടി വന്നു. അതില്‍ ഞാന്‍ താങ്കളെ വിമര്‍ശിച്ചിട്ടുണ്ട്. അത് കാര്യമായി എടുക്കരുത്. രാഷ്ട്രീയമല്ലേ, ഞങ്ങള്‍ ഇനി ഇതില്‍ കൂടുതല്‍ മുന്നോട്ട് പോകുന്നില്ല. ഞങ്ങള്‍ ഈ ഇഷൂ കളഞ്ഞു." എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകള്‍.

പിന്നീട് ഈ വിഷയം പാര്‍ലമെന്റില്‍ വന്നപ്പോള്‍ മറുപടി കൊടുത്തത് കമല്‍ നാഥായിരുന്നു. ആകെ അന്നു കുര്യനെതിരെ സംസാരിച്ചത് യെച്യൂരി മാത്രമാണ്, അതും ആരുടേയും പിന്തുണ ലഭിക്കാതെയും! ഇതെന്താണ് ഇങ്ങനെ എന്ന പത്രക്കാരുടെ ചോദ്യത്തിന് മുരളി മനോഹര്‍ ജോഷിയും ശരദ് യാദവും മറുപടി പറഞ്ഞത് ഇങ്ങനെ-" We know, he is a gentle man!" അത്രമാത്രം ഇവരുമായെല്ലാം കുര്യന്‍ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്.

അഭിപ്രായം:

പി.ജെ.കുര്യന്‍ ഇപ്പോള്‍ വീണ്ടും രാജ്യസഭയിലേക്ക് ഊഴം പ്രതീക്ഷിച്ചിടത്തു നിന്നാണ് കാര്യങ്ങള്‍ വഴി മാറുന്നത്. ഇനി അടുത്തതായി യുപിഎ അധികാരത്തില്‍ വന്നാല്‍, ഉറപ്പാണ്, മൂന്ന് മാസത്തിനുള്ളില്‍ അദ്ദേഹം ഏതെങ്കിലും സംസ്ഥാനത്തില്‍ ഗവര്‍ണര്‍ ആകും. ഭരണം ലഭിക്കുമ്പോള്‍ രാജ്യത്തെ വൈസ് പ്രസിഡന്റ് സ്ഥാനമാണ് അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. ഏതിനും ഇപ്പോള്‍ ഉണ്ടായ ഒരു വിവാദത്തില്‍ ചാടാതെ 'പാപ്പച്ചായന്‍' ഒരു വര്ഷം എങ്കിലും മാറി നില്‍ക്കണമായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സോണിയാഗാന്ധിയുടെ ഓഫീസില്‍ ഏതെങ്കിലും നേതാക്കന്മാര്‍ ചെല്ലണമെങ്കില്‍ മുന്‍കൂട്ടി അവരുടെ അപ്പോയിന്റ്മെന്റ് വാങ്ങേണ്ടതുണ്ട്. എന്നാല്‍ പി.ജെ.കുര്യന് ഒരു ഫോണ്‍ കോള്‍ ചെയ്താല്‍ മതി, അപ്പോള്‍ തന്നെ കാണാനുള്ള അനുമതി ലഭിക്കുമായിരുന്നു. സോണിയക്കുള്ള മമത പക്ഷെ രാഹുല്‍ ഗാന്ധിക്ക് ഇദ്ദേഹത്തോടില്ല. അതും ഇദ്ദേഹം മനസിലാക്കേണ്ടിയിരുന്നു.

റബ്ബറിനേക്കാള്‍ ബൌണ്‍സിങ്ങ് കപ്പാസിറ്റിയുള്ള കുഞ്ഞുഞ്ഞച്ചായന്‍ ഡല്‍ഹിയില്‍ കാല് കുത്തിയതും ശരവേഗത്തില്‍ വെണ്ണിക്കുളം പാപ്പച്ചായനെ പറപ്പിച്ചില്ലേ? അതും യു.ഡി.എഫിന്റെ ചെലവില്‍- അതാണ്‌ മലയാളി നേതാക്കന്മാരുടെ കോണ്ഗ്രസ് രാഷ്ട്രീയം!!

Read More >>