ഉച്ചഭാഷിണിയെ വിമര്‍ശിച്ചാല്‍ ഇസ്ലാമോ ഫോബിയ ആകുമോ? സോനു നിഗം പറഞ്ഞതും ഇന്ത്യക്കാർ കേട്ടതും!

എത്രത്തോളം ഇസ്ലാമോഫോബിയ ഉണ്ടോ, അത്രത്തോളം അതിന്റെ ആക്കം കൂട്ടുന്നതിൽ ഇസ്ലാമിസ്റ്റുകൾക്കും പങ്കുണ്ട്. പള്ളിയിൽ ദിവസത്തിൽ അഞ്ചുതവണ വളരെ ചെറിയ സമയം വാങ്കുവിളിക്കുന്നതിൽ ആർക്കാണു കുഴപ്പം എന്നു ചോദിക്കാം. ആർക്കും കുഴപ്പമില്ല എന്നാണുത്തരം. അതേ സമയം കോളാമ്പി മൈക്കുവച്ച് ചുറ്റുമുള്ളവരെ അതു കേൾപ്പിച്ചേ അടങ്ങൂ എന്ന നിർബന്ധം എന്തിനാണ്? വാക്സിൻ ഷിർക്കാണെന്നു വാദിക്കുന്നവർക്ക് വൈദ്യുതി ഷിർക്കാണെന്നു തോന്നാത്തത് എന്തുകൊണ്ടാണ്?

ഉച്ചഭാഷിണിയെ വിമര്‍ശിച്ചാല്‍ ഇസ്ലാമോ ഫോബിയ ആകുമോ? സോനു നിഗം പറഞ്ഞതും ഇന്ത്യക്കാർ കേട്ടതും!

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ലെങ്കിലും എല്ലാദിവസവും വെളുപ്പിനെ വാങ്കുവിളി കേട്ട് ഉണരേണ്ടിവരുന്നു. എന്നാണ് ഇന്ത്യയിലെ ഈ നിർബന്ധിത മതപരത അവസാനിക്കുക?

ഗായകനായ സോനു നിഗം ഇന്നലെ ട്വിറ്ററിലൂടെ ഉയർത്തിയ ചോദ്യമിതാണ്. കേട്ടപാതി, കേൾക്കാത്ത പാതി, ഇന്ത്യൻ ട്വിറ്ററാറ്റി ആകെ ഇളകിമറിഞ്ഞു.

ഇസ്ലാം സൃഷ്ടിച്ചപ്പോൾ മുഹമ്മദിന് വൈദ്യുതിയില്ലായിരുന്നു… എഡിസണിനു ശേഷം ഞാനെന്തിന് ഈ ബഹളം സഹിക്കണം എന്നു കൂടി ചോദിച്ചപ്പോൾ രോഷം അണപൊട്ടുകയായി.

ഒടുവിൽ ബാലൻസ് കെ നായരെ കൂട്ടുപിടിക്കാതെ രക്ഷയില്ലെന്ന അവസ്ഥയായി, ആ ബോളിവുഡ് ഗായകന്.

മതം പിന്തുടരാത്ത ആളുകളെ വിളിച്ചുണർത്താൻ വൈദ്യുതി ഉപയോഗിക്കുന്ന ഒരു ക്ഷേത്രത്തിലും ഗുരുദ്വാരയിലും ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ എന്താണ്? ആത്മാർത്ഥമല്ലേ? സത്യമല്ലേ? - അദ്ദേഹം തന്റെ നിലപാടിനെക്കുറിച്ചു തുടർന്നു ചോദിക്കേണ്ടിവന്നു.

ഇതാണ് ഇസ്ലാമിനെ വിമർശിച്ചാൽ ഉള്ള കുഴപ്പം. എത്രത്തോളം ഇസ്ലാമോഫോബിയ ഉണ്ടോ, അത്രത്തോളം അതിന്റെ ആക്കം കൂട്ടുന്നതിൽ ഇസ്ലാമിസ്റ്റുകൾക്കും പങ്കുണ്ട്. പള്ളിയിൽ ദിവസത്തിൽ അഞ്ചുതവണ വളരെ ചെറിയ സമയം വാങ്കുവിളിക്കുന്നതിൽ ആർക്കാണു കുഴപ്പം എന്നു ചോദിക്കാം. ആർക്കും കുഴപ്പമില്ല എന്നാണുത്തരം. അതേ സമയം കോളാമ്പി മൈക്കുവച്ച് ചുറ്റുമുള്ളവരെ അതു കേൾപ്പിച്ചേ അടങ്ങൂ എന്ന നിർബന്ധം എന്തിനാണ്? വാക്സിൻ ഷിർക്കാണെന്നു വാദിക്കുന്നവർക്ക് വൈദ്യുതി ഷിർക്കാണെന്നു തോന്നാത്തത് എന്തുകൊണ്ടാണ്?

ഇതൊരു മോസ്കിലെ മാത്രം കാര്യമല്ല. ക്ഷേത്രങ്ങളുടെ സമീപത്തു താമസിക്കുന്നവർക്കറിയാം, അതുമൂലമുള്ള ശബ്ദശല്യം. ഉത്സവകാലത്താണ് അതിന്റെ തീവ്രത വർദ്ധിക്കുന്നതെങ്കിലും എല്ലാ ദിവസവും മൈക്കിലൂടെ വെങ്കിടേശ്വര സുപ്രഭാതം മുഴക്കുന്ന ക്ഷേത്രങ്ങളും കുറവല്ല. തിരുവനന്തപുരം പോലെ മുക്കിനു മുക്കിനു ക്ഷേത്രമുള്ളിടത്ത് രണ്ടുക്ഷേത്രങ്ങൾ തമ്മിൽ മത്സരിച്ചു മൈക്ക് വച്ചു നടത്തുന്ന വ്യത്യസ്ത ഉത്സവങ്ങൾ വരെയുണ്ട്. അതിനിടയിൽ പെട്ടുപോകുന്ന വീട്ടുകാർക്കാണ് ശല്യം.

ശബ്ദം മാത്രമല്ല, പൊതുനിരത്തു കൈയേറിയുള്ള ഘോഷയാത്രകളും ഇതേ പോലെ പ്രശ്നകാരിയാണ്. രാഷ്ട്രീയസംഘങ്ങൾ പ്രതിഷേധമാർച്ചുകളോ സമരങ്ങളോ നടത്തുന്നതുപോലും ഇഷ്ടപ്പെടാത്ത നമ്മളിൽ പലരും മതപരമായ ഏതാഘോഷത്തേയും ടേക്കൺ ഫോർ ഗ്രാന്റഡ് ആയി അങ്ങു സഹിക്കുകയാണ്. എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മോശക്കാരായാലോ? പള്ളികളിലെ റാസ, കുരിശിന്റെ വഴി, തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിൽ നടക്കുന്ന പൊങ്കാല, ഇതൊക്കെ പൊതുവഴിയിൽ നിന്ന് ഒഴിവാക്കി നടത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അതിനായി മൈതാനങ്ങളോ തുറസായ സ്ഥലങ്ങളോ ഉപയോഗിക്കണം. വാഹനഗതാഗതത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ പെരുവഴികൾ കൊട്ടിയടച്ചു നടത്തുന്ന ആഘോഷങ്ങൾ വിശ്വാസികൾ ഇടപെട്ടു തന്നെ നിരുത്സാഹപ്പെടുത്തണം.

പൂച്ചയ്ക്കാരു മണികെട്ടും എന്നതു തന്നെയാണ് പ്രശ്നം. ഈ പൂച്ച പതുങ്ങിപ്പതുങ്ങിവരുന്ന ആക്രമണകാരിയായ പൂച്ചയാവുമ്പോൾ പ്രത്യേകിച്ചും.