പുഴു മുതൽ വാലാട്ടിപ്പട്ടി വരെ: അർണബിന്റെ റിപ്പബ്ലിക്കിലെ മൃഗങ്ങൾ

തന്റെ വാദങ്ങള്‍ ശരിയാണെന്ന് ഏതു വിധേനയും സ്ഥാപിക്കാനുള്ള വാശിയും അതിനുവേണ്ടി ഏതു പരിധിയും കടക്കാനുള്ള ആവേശവും തന്നെയായിരിക്കും അര്‍ണാബ് എന്ന ബ്രാൻഡിന്റെ വിജയരഹസ്യം. കൂട്ടത്തില്‍ നല്ല രീതിയില്‍ ചിട്ടപ്പെടുത്തിയ ദേശീയതയും. ചാനല്‍ ചര്‍ച്ചകളില്‍ ഒന്നുകില്‍ ദേശസ്‌നേഹി അല്ലെങ്കില്‍ ദേശദ്രോഹി എന്ന രണ്ടു പക്ഷങ്ങളെ നിര്‍മ്മിച്ചെടുക്കാന്‍ അര്‍ണാബിനു സാധിച്ചു.

പുഴു മുതൽ വാലാട്ടിപ്പട്ടി വരെ: അർണബിന്റെ റിപ്പബ്ലിക്കിലെ മൃഗങ്ങൾ

അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ ചര്‍ച്ചകള്‍ അതിരുവിട്ടുള്ള ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും പ്രശസ്തമാണ്. അര്‍ണാബിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായതൊന്നും സ്വീകാര്യമല്ല, അല്ലെങ്കില്‍ രൂക്ഷമായി ആക്രമിക്കപ്പെടും എന്നതു തന്നെയാണു ചര്‍ച്ചകളുടെ പൊതുസ്വഭാവം. 2015 ല്‍ ഇത്തരം ഒരു ചര്‍ച്ചയ്ക്കു ശേഷം അഭിഭാഷകയായ വൃന്ദ ഗ്രോവറും മനുഷ്യാവകാശ പ്രവര്‍ത്തകയായ കവിതാ കൃഷ്ണനും ടൈംസ് നൗ ചാനല്‍ ബഹിഷ്‌കരിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.

അന്ന് അര്‍ണാബിന്റെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ കേട്ട ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒരു തുറന്ന കത്തും എഴുതിയിരുന്നു. തുടക്കം മുതലേ ആക്റ്റിവിസ്റ്റുകള്‍ക്ക് അവരുടെ വീക്ഷണങ്ങള്‍ പറയാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു എന്നും വിദ്വേഷപ്രസംഗം മാത്രമായിരുന്നു അഴിച്ചു വിട്ടതെന്നും അതില്‍ പറയുന്നുണ്ട്.

'ആക്റ്റിവിസ്റ്റുകളെ തുടര്‍ച്ചയായി ദേശദ്രോഹികള്‍ എന്നും ദേശവിരോധികള്‍ എന്നും മുദ്ര ചാര്‍ത്തുന്നതും വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഒരു പ്രമുഖ ചാനലിലൂടെ ഉപയോഗിക്കുന്നതും ഗൗരവമുള്ള അനന്തരഫലങ്ങള്‍ ഉണ്ടാക്കും,' എന്ന് ആ കത്തില്‍ പറയുന്നു.

ടൈംസ് നൗ ചാനല്‍ ശ്രദ്ധ പിടിച്ചു പറ്റിയത് അര്‍ണാബിന്റെ ന്യൂസ് അവറിലൂടെയാണെന്നു പറഞ്ഞാലും തെറ്റില്ല. തന്റെ അഭിപ്രായങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് അടിച്ചേല്‍പ്പിക്കുന്ന തരത്തിലായിരുന്നു അര്‍ണാബ് തന്റെ പ്രോഗ്രാം രൂപകല്‍പന ചെയ്തിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നിരുന്നെങ്കിലും അര്‍ണാബ് ഇന്ത്യന്‍ വാര്‍ത്താ മാദ്ധ്യമരംഗത്തെ അതികായനായി മാറി. സ്വയം ഒരു ബ്രാൻഡ് ആയി മാറിയ അര്‍ണാബ് ടൈംസ് നൗവിനേക്കാള്‍ വളര്‍ന്നു എന്നതായിരുന്നു സത്യം.

അപ്പോഴും തന്റെ വിദ്വേഷപ്രസംഗങ്ങള്‍ക്ക് അയവു വരുത്താന്‍ തയ്യാറായിരുന്നില്ല അര്‍ണാബ്. ഇതാണു ജേണലിസം എന്നു പറയാതെ പ്രഖ്യാപിക്കുന്നതു പോലെയായിരുന്നു അര്‍ണാബും സംസാരിക്കാന്‍ അവസരം കിട്ടാത്ത ചര്‍ച്ചാ പങ്കാളികളും ഉള്‍പ്പെട്ട ന്യൂസ് അവര്‍.

ടൈംസ് നൗവില്‍ നിന്നും അര്‍ണാബ് രാജി വച്ചപ്പോള്‍ അതു വലിയ വാര്‍ത്തയായിരുന്നു. ഒരു ജേണലിസ്റ്റ് രാജി വച്ചു എന്നു കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാക്കുന്ന വിധം എന്തു മാന്ത്രികവിദ്യയാണ് അര്‍ണാബിന്റെ പക്കലുണ്ടായിരുന്നത്?

തന്റെ വാദങ്ങള്‍ ശരിയാണെന്ന് ഏതു വിധേനയും സ്ഥാപിക്കാനുള്ള വാശിയും അതിനുവേണ്ടി ഏതു പരിധിയും കടക്കാനുള്ള ആവേശവും തന്നെയായിരിക്കും അര്‍ണാബ് എന്ന ബ്രാൻഡിന്റെ വിജയരഹസ്യം. കൂട്ടത്തില്‍ നല്ല രീതിയില്‍ ചിട്ടപ്പെടുത്തിയ ദേശീയതയും. ചാനല്‍ ചര്‍ച്ചകളില്‍ ഒന്നുകില്‍ ദേശസ്‌നേഹി അല്ലെങ്കില്‍ ദേശദ്രോഹി എന്ന രണ്ടു പക്ഷങ്ങളെ നിര്‍മ്മിച്ചെടുക്കാന്‍ അര്‍ണാബിനു സാധിച്ചു.

അറിഞ്ഞോ അറിയാതെയോ ആ കുരുക്കില്‍ വീഴുകയായിരുന്നു പ്രേക്ഷകര്‍. നല്ല ജേണലിസം, ചീത്ത ജേണലിസം എന്നതൊന്നും പ്രേക്ഷകര്‍ക്കു താല്പര്യമുള്ള വിഷയമല്ല. അവര്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് എന്താണെന്ന് അര്‍ണാബ് തീരുമാനിക്കുന്നു. അതനുസരിച്ച ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്നു. അത്രയേയുള്ളൂ അര്‍ണാബിന്റെ തത്വം.

താന്‍ നിര്‍മ്മിച്ചെടുത്ത ഈ മാദ്ധ്യമസംസ്‌കാരം ഒരു ചാനലില്‍ അനുവദിച്ചു കിട്ടുന്ന അല്പസമയം കൊണ്ടു വളര്‍ത്തിയെടുക്കാവുന്നതല്ല എന്ന തിരിച്ചറിവാകണം സ്വന്തം ചാനല്‍ എന്ന ആശയത്തിലേയ്ക്ക് അര്‍ണാബിനെ നയിച്ചത്.

അങ്ങിനെ, സ്വന്തം ഇടം കിട്ടിയ അര്‍ണാബ് തന്റെ രീതിശാസ്ത്രത്തിനെ മുഴുവന്‍ ഊക്കോടും കൂടി അഴിച്ചു വിടുന്ന കാഴ്ചയായിരുന്നു കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പയ്‌ക്കെതിരേ നടത്തിയത്. 'പുഴു' എന്നും 'വാലാട്ടിപ്പട്ടി' എന്നുമെല്ലാം ലക്ഷക്കണക്കിനു ജനം കാണുന്ന ചര്‍ച്ചയില്‍ ഉപയോഗിക്കാന്‍ അര്‍ണാബിന് ഒരു മടിയും തോന്നിയില്ല. താന്‍ വെട്ടിപ്പിടിച്ച സാമ്രാജ്യത്തില്‍ തന്റെ നിയമം നടപ്പിലാക്കും എന്ന ഉറച്ച തീരുമാനമായിരുന്നു അര്‍ണാബിന്റെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നത്.

ജേണലിസത്തിന്റെ മൂല്യങ്ങള്‍ അര്‍ണാബ് കുഴിച്ചു മൂടുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നതു മാദ്ധ്യമപ്രവര്‍ത്തനം എന്ന മേഖല മൊത്തമായിട്ടാണ്. താന്‍ മാതൃകയായ ജേണലിസമാണ് ഉന്നതമെന്ന് അര്‍ണാബ് ധരിച്ചു പോയിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടതാണ് ആ ധാരണ.