പൊളിച്ചുതുടങ്ങിയാൽ ഇളകുന്നത് സഭയെന്ന കടന്നൽക്കൂട്; ഹൈറേഞ്ചിലെ കുരിശുകൃഷിക്ക് ഇതു വിളവെടുപ്പുകാലം

അഞ്ചു സെന്റിലും പത്തുസെന്റിലുമുള്ള സാധാരണക്കാരെ കുടിയൊഴിപ്പിക്കാന്‍ കാട്ടുന്ന ആവേശം സഭയുടെ കയ്യേറ്റങ്ങളുടെ കാര്യംവരുമ്പോള്‍ തണുക്കും. വിശ്വാസികളുടെയും വിശ്വാസത്തിന്റെയും കാര്യമാണ്, അനങ്ങിയാല്‍ പ്രശ്‌നമാണ്, എന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ ഈ കയ്യേറ്റങ്ങളുടെ കാര്യത്തില്‍ അടക്കം പറയുന്നത്. അതുകൊണ്ടുതന്നെയാണു മതചിഹ്നം തകര്‍ത്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുന്നതും എന്നു കരുതേണ്ടിവരും. പാപ്പാത്തിച്ചോലയിലേതിനു സമാനമായ 'കുരിശുകയ്യേറ്റങ്ങള്‍' പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാവുകയോ ഹൈക്കോടതി അനുകൂല തീരുമാനമെടുക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ ഊരാക്കുടുക്കിലാകും.

പൊളിച്ചുതുടങ്ങിയാൽ ഇളകുന്നത് സഭയെന്ന കടന്നൽക്കൂട്; ഹൈറേഞ്ചിലെ കുരിശുകൃഷിക്ക് ഇതു വിളവെടുപ്പുകാലം

മൂന്നാറില്‍ കയ്യേറ്റഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയ ഉദ്യോഗസ്ഥരുടെ 'അത്ഭുതപ്രവര്‍ത്തി' ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന്റെ കനല്‍ തെളിയിക്കാത്തത് അവര്‍ സര്‍ക്കാരിനെ അകമഴിഞ്ഞ് പിന്തുണക്കുന്നതുകൊണ്ടല്ല. മറിച്ച് കുരിശ് കത്തോലിക്കാ സഭയുടേതല്ല എന്ന ഒറ്റക്കാരണംകൊണ്ടാണ്. കത്തോലിക്കാസഭ പുറത്താക്കിയ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന വിഭാഗത്തിന് ആവശ്യമായ അംഗബലം ഇല്ലാത്തതിനാല്‍ മാത്രമാണ് ഉദ്യോഗസ്ഥനീക്കം ഫലം കണ്ടത്. എന്നാല്‍ ഈ വിജയത്തില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് കൈയേറ്റഭൂമികളിലെ കുരിശുകള്‍ പിഴുതെറിയാന്‍ ജില്ലാഭരണകൂടം ചിന്തിച്ചാലോ? ആലോചിക്കാന്‍ കഴിയുന്നതിലുമപ്പുറമാകും പ്രത്യാഘാതങ്ങള്‍.

പാപ്പാത്തിമലയില്‍ സ്ഥാപിക്കപ്പെട്ടതുപോലെ നിയമവിരുദ്ധമായി ഒട്ടനവധി കുരിശുകള്‍ ഇടുക്കിജില്ലയിലെ മലമടക്കുകളില്‍ പലയിടത്തുമുണ്ട്. കാല്‍നൂറ്റാണ്ടു മുമ്പുവരെ മരക്കുരിശു മാത്രമായിരുന്ന ഇവിടങ്ങളില്‍ ഏതാണ്ടെല്ലാം ഇന്നു പള്ളികളോ ധ്യാനകേന്ദ്രങ്ങളോ ആയി മാറിക്കഴിഞ്ഞു. ഈ ഭൂമികളെല്ലാം ഇന്ന് ഓരോ ഇടവകകളും കൈവശംവച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നു. മൂന്നാറിനൊപ്പം തന്നെ പരിസ്ഥിതിപ്രാധാന്യം അവകാശപ്പെടാനാകുന്ന മൊട്ടക്കുന്നുകളിലും പുല്‍മേടുകളിലുമൊക്കെയായി ഉയര്‍ന്നുപൊങ്ങുന്ന ആരാധനാലയങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങളും ചെറുതല്ല.

പാപ്പാത്തിമലയില്‍ നടപ്പാക്കിയ നിയമം ഉപയോഗിച്ചാല്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമിയിലുള്ള 'പള്ളിവക' നിര്‍മ്മാണങ്ങളെല്ലാം പൊളിച്ചുനീക്കേണ്ടിവരും. വിശ്വാസത്തിന്റെയും വിശ്വാസികളുടെയും പേരില്‍ ഇടുക്കിയിലെ വനഭൂമികളിലും സര്‍ക്കാര്‍ പുറമ്പോക്കുകളിലും നാട്ടിയ കുരിശുകള്‍ നിരവധിയാണ്.

വാഴക്കൃഷിക്കും കപ്പക്കൃഷിക്കുമൊക്കെയൊപ്പം ഹൈറേഞ്ചില്‍ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന പേരാണ് കുരിശുകൃഷി. ഉയരമുള്ള ഇടങ്ങളിലെല്ലാം കുരിശുപാകുന്ന നൂതന കൃഷിരീതി. ഇടുക്കിയുടെ കുടിയേറ്റകാലത്തോളം പഴക്കമുണ്ട്, കുരിശുമലകളുടെ ചരിത്രത്തിനും. ലോറേഞ്ചില്‍ നിന്നു കുടിയേറിയെത്തിയ വിശ്വാസികള്‍ക്കുവേണ്ടിയാണു കുരിശുമലകളുടെ ആദ്യപതിപ്പു രൂപപ്പെടുന്നത്. ദുഃഖവെള്ളിയാഴ്ച ഹൈറേഞ്ചിലെ വിശ്വാസികള്‍ക്കു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകൾ അനുവർത്തിക്കുന്നതിനു വേണ്ടിയാണ് കുരിശുമലകള്‍ സ്ഥാപിക്കപ്പെടുന്നത്. ഗോഗുല്‍ത്ത മലയുടെ പ്രതീകമായി സമീപത്തെ മലയുടെ മുകളില്‍ ആദ്യം ഒരു മരക്കുരിശ് നാട്ടി. ആ ഇടവകയിലെ മാത്രം വിശ്വാസികള്‍ പീഡാനുഭവ സ്മരണയില്‍ മലകയറി. പ്രാര്‍ത്ഥിച്ചു. വര്‍ഷത്തില്‍ ഒരു ദിവസം ഒന്നോരണ്ടോ മണിക്കൂര്‍ മാത്രം നീളുന്നതായിരുന്നു അന്നത്തെ മലകയറ്റം. വനഭൂമിയോ റവന്യൂ പുറമ്പോക്കോ ആയിരുന്നു ഈ ഇടങ്ങളെല്ലാം. വര്‍ഷത്തില്‍ ഒരിക്കല്‍, പരിമിതമായ സമയത്തു മാത്രം നടക്കുന്ന തീര്‍ത്ഥാടനമായിരുന്നതിനാല്‍ അന്നത്തെ ഉദ്യോഗസ്ഥസംവിധാനം ഇതിനെ എതിര്‍ത്തുമില്ല. എന്നാല്‍ കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെയാണു കുരിശുമലകള്‍ക്ക് കാര്യമായ രൂപമാറ്റം സംഭവിച്ചത്.

മാറ്റം വന്ന വഴി

കനത്ത മഴയും തണുപ്പും നിമിത്തം മരക്കുരിശുകള്‍ നശിക്കാന്‍ തുടങ്ങിയപ്പോള്‍ പകരം ലോഹക്കുരിശുകള്‍ സ്ഥാപിച്ചുകൊണ്ടാണ് സഭ സ്ഥാപനവല്‍ക്കരണത്തിന്റെ കാല്‍നാട്ടുകര്‍മ്മം നിര്‍വഹിക്കുന്നത്. സമീപത്തെ ഇടവകകളില്‍ നിന്നുള്‍പ്പെടെ വിശ്വാസികള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇരുമ്പുകുരിശിനു സമീപത്ത് ക്രിസ്തുരൂപം വന്നു. നേര്‍ച്ചപ്പെട്ടി, രൂപക്കൂട് തുടങ്ങിയവയും പതിയെപ്പതിയെ പ്രത്യക്ഷപ്പെട്ടു. മലയാറ്റൂര്‍ പള്ളിപോലെ എന്തുകൊണ്ട് ഈ കുരിശുമലകളെയും മാറ്റിക്കൂടായെന്ന് പുതുതായി ഇടവകയില്‍ ചുമതലയേറ്റ വൈദികര്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെയാണു കുന്നുകളുടെ നാശം തുടങ്ങുന്നത്. ഓരോ വൈദികരും സഭയ്ക്കുമുന്നില്‍ തങ്ങളുടെ കഴിവു തെളിയിക്കുന്നതിനായാണ് അധിക നിര്‍മ്മാണങ്ങള്‍ നടത്തി കൂടുതല്‍ ഭൂമി കൈവശപ്പെടുത്തുന്നത്.

എഴുകുംവയല്‍, തുമ്പച്ചിമല, വാഗമണ്‍ കുരിശുമല, കാല്‍വരി മൗണ്ട്, കൂമ്പന്‍പാറ, ചെങ്കുളം, പാല്‍ക്കുളംമേട്ട്, കല്ല്യാണത്തണ്ട്, പള്ളിവാസല്‍, നാടുകാണി, പുളിയന്‍മല, അണക്കര തുടങ്ങി നിരവധി ഇടങ്ങളില്‍ കുരിശുകൃഷി വികസിച്ചു. പതിയെ പലയിടത്തും ചെറിയ കെട്ടിടങ്ങളുയര്‍ന്നു. കാലാന്തരത്തില്‍ അത് വികസിച്ചു. പള്ളികളായി. നിത്യാരാധനാകേന്ദ്രങ്ങളായി. ക്രിസ്തുവിന്റെ ആള്‍രൂപങ്ങളുയര്‍ന്നു. വിശ്വാസികള്‍ക്ക് മലകയറാനുള്ള സൗകര്യാര്‍ത്ഥം വഴികള്‍ക്ക് വീതികൂടി. റോഡായി, കോണ്‍ക്രീറ്റ് ചെയ്തു, പലയിടത്തും പുതിയ വഴിവെട്ടി. അമ്പതുനോമ്പ് കാലത്ത് മുഴുവന്‍ സ്ഥിരമായി വിശ്വാസികള്‍ വന്നുപോകുന്ന സ്ഥലങ്ങളായി ഇവ മാറി. ചിലര്‍ ഇവിടങ്ങളില്‍ ധ്യാനകേന്ദ്രം തുറന്നു. അഞ്ഞൂറും ആയിരവും പേര്‍ ഒരാഴ്ച ധ്യാനത്തിനായി ഇടിച്ചുകയറി. അവരുടെ വിസര്‍ജ്യങ്ങളും അവരുപേക്ഷിക്കുന്ന മാലിന്യങ്ങളും കുന്നിന്‍മുകളിലും താഴ് വാരത്തും നിറഞ്ഞു. വേനല്‍ക്കാലത്ത് വിശ്വാസികള്‍ക്കായി ലോഡ് കണക്കിന് കുപ്പിവെള്ളം മലകയറി. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ നിറഞ്ഞു.

വാഗമണ്‍ കുരിശുമലയിലെ തീര്‍ത്ഥാടന കാലത്തിനു ശേഷം ചില പരിസ്ഥിതി സ്‌നേഹികള്‍ ഇവിടെനിന്ന് അമ്പതുചാക്കോളം പ്ലാസ്റ്റിക് കുപ്പികളാണു ശേഖരിച്ചത്. കോതമംഗലത്തിനു സമീപത്തെ നാടുകാണിയില്‍ കുന്ന് ഇടിച്ചുനിരത്തിയാണു ധ്യാനകേന്ദ്രമാരംഭിച്ചതെന്നു നാട്ടുകാര്‍ തന്നെ പറയുന്നു. ഈ കേന്ദ്രങ്ങളെല്ലാം ആത്മീയ ടൂറിസമാണ് ഇപ്പോള്‍ നടത്തുന്നത്. ലോറേഞ്ചില്‍ സഭയുടെ പേരില്‍ത്തന്നെ നിരവധി ഭൂമികളുള്ളപ്പോഴാണ് വിശ്വാസികളെ മുന്നില്‍ നിര്‍ത്തി കാടും മലയും ഇളക്കിമറിക്കുന്നത്. നഗരത്തോടുചേര്‍ന്ന വളരെ ചെറിയ കുന്നായ ഗോഗുല്‍ത്താമലയുടെ പ്രതിരൂപമെന്ന പേരിലാണു പരിസ്ഥിതി പ്രാധാന്യമുള്ള മൊട്ടക്കുന്നുകളും പുല്‍മേടുകളും ഈ വിധം നശിപ്പിച്ചു വെണ്ണീറാക്കുന്നത്. വിശ്വാസികള്‍ക്കു സുഗമമായി യാത്രചെയ്യാന്‍ കാടുകള്‍ക്കു തീയിടുന്നതും ഇവിടങ്ങളില്‍ നിത്യസംഭവമാണെന്ന് ഓരോ നാട്ടിലെയും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് പാപ്പാത്തിച്ചോലയിലെ ഭീമന്‍ കുരിശ് ഇതിനൊക്കെ മുന്നില്‍ മാറിനില്‍ക്കണമെന്നു സാരം.

അതീവ ഗുരുതരമാംവിധം പരിസ്ഥിതിയെ നശിപ്പിച്ചിട്ടും ഇതിനെതിരേ ഇടുക്കിയില്‍ ഇതുവരെയും ഉദ്യോഗസ്ഥരുടെ നാവ് അനങ്ങിയിട്ടില്ല. അഞ്ചു സെന്റിലും പത്തുസെന്റിലുമുള്ള സാധാരണക്കാരെ കുടിയൊഴിപ്പിക്കാന്‍ കാട്ടുന്ന ആവേശം സഭയുടെ കയ്യേറ്റങ്ങളുടെ കാര്യംവരുമ്പോള്‍ തണുക്കും. വിശ്വാസികളുടെയും വിശ്വാസത്തിന്റെയും കാര്യമാണ്, അനങ്ങിയാല്‍ പ്രശ്‌നമാണ്, എന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ ഈ കയ്യേറ്റങ്ങളുടെ കാര്യത്തില്‍ അടക്കം പറയുന്നത്. അതുകൊണ്ടുതന്നെയാണു മതചിഹ്നം തകര്‍ത്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുന്നതും എന്നു കരുതേണ്ടിവരും. പാപ്പാത്തിച്ചോലയിലേതിനു സമാനമായ 'കുരിശുകയ്യേറ്റങ്ങള്‍' പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാവുകയോ ഹൈക്കോടതി അനുകൂല തീരുമാനമെടുക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ ഊരാക്കുടുക്കിലാകും.