ഹലാല്‍ ബീഫ് ഫെസ്റ്റ് എന്നു കേള്‍ക്കേ, ഉത്തരമില്ലാതാവുകയും ഗ്വാഗ്വാ വിളിക്കുകയും ചെയ്യുന്നത് എന്തെന്നാല്‍...

ബീഫ് ഫെസ്റ്റിവെലിന് ഹലാല്‍ ബീഫാണോ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന്, രാഷ്ട്രീയം ജ്വലിക്കുന്ന ഒരുത്തരം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റില്‍ നിന്നും പ്രതീക്ഷിക്കും- നാരദ സീനിയര്‍ കറസ്പോണ്ടന്‍റ് എസ്. വിനേഷ് കുമാര്‍ എഴുതുന്നു

ഹലാല്‍ ബീഫ് ഫെസ്റ്റ് എന്നു കേള്‍ക്കേ, ഉത്തരമില്ലാതാവുകയും ഗ്വാഗ്വാ വിളിക്കുകയും ചെയ്യുന്നത് എന്തെന്നാല്‍...

വയനാട്ടിലെ ഒരു അതിര്‍ത്തിഗ്രാമം.

2017 ഏപ്രില്‍ 30. സ്ഥലത്തെ ജുമാമസ്ജിദില്‍ മതപ്രഭാഷണത്തിന് ഇത്തവണ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ള പ്രതിനിധിയാണെത്തുന്നത്. വൈകുന്നേരത്തോടെ മസ്ജിദ് പരിസരം ആളുകളെക്കൊണ്ട് നിറഞ്ഞു. സ്ഥലത്തെ ഡിവൈഎഫ് ഐ പ്രവര്‍ത്തകരില്‍ കൂടുതലും മുസ്ലിം വിശ്വാസികളാണ്. ഇവരെല്ലാം തന്നെ സജീവമായുണ്ട് മസ്ജിദില്‍. പ്രഭാഷണം രാത്രി വൈകിയാണ് അവസാനിച്ചത്. പതിവ് പോലെ എല്ലാവരും വീട്ടിലേക്ക് പോയി.

അടുത്തദിവസം മെയ് ഒന്നാണ്. തൊഴിലാളിദിനം.

രാവിലെ എട്ടോടെ സമീപത്തെ പുഴക്കരയില്‍ പാര്‍ട്ടിയുടെ കൊടി ഉയര്‍ത്താനെത്തിയ ബ്രാഞ്ച് സെക്രട്ടറി മണിക്കൂറുകളോളം കാത്തു നിന്നിട്ടും മരുന്നിന് പോലും ഒരു ഡിഫിക്കാരനെ കിട്ടാനില്ല. ഒടുവില്‍ വൈകിയാണെങ്കിലുമെത്തിയ മുതിര്‍ന്ന സിപിഐഎം പ്രവര്‍ത്തകര്‍ നാലഞ്ചാളുകള്‍ ചേര്‍ന്ന് കൊടി ഉയര്‍ത്തി സ്ഥലം വിട്ടു. പറഞ്ഞുവരുന്നത് ഡിവൈഎഫ്ഐ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം മാത്രമാണിത്. ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഒന്നരവര്‍ഷം മുമ്പ് നടന്ന ബീഫ് ഫെസ്റ്റില്‍ ഹലാല്‍ വിവാദം ഉടലെടുത്തത് ചൂണ്ടിക്കാട്ടിയ എന്റെ വാര്‍ത്തയോടുള്ള സഖാക്കളുടെ പ്രതികരണം തീവ്രവവും ചിലത് പുലഭ്യത്തിന്റെ വേനല്‍തീയുമായാണ് പെയ്തിറങ്ങിയത്. ഇതിനെ കളിയറിയാതെയുള്ള ആട്ടം കാണല്‍ എന്ന് വിശ്വസിക്കുന്നതാവും ശരി.

എന്താണ് ഹലാല്‍

ഇസ്ലാമിന് കീഴില്‍ വരുന്ന അനുവദനീയമായ കാര്യത്തിനാണ് ഹലാല്‍ എന്നു പറയുന്നത്. ഭക്ഷണത്തിന്റെ കാര്യമെടുത്താല്‍ അനുവദനീയമായ ഭക്ഷണം എന്നതാണ് ഹലാല്‍ കൊണ്ടുദ്ദേശിക്കുന്നത്. മാംസഭക്ഷണത്തില്‍ മതം നിഷ്‌കര്‍ഷിക്കുന്ന രീതിയിലേ കശാപ്പു പാടുള്ളുവെന്നിവര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. അള്ളാഹുവിന്റെ നാമത്തില്‍ ജപിച്ചു ചൊല്ലി കാലികളേയും കോഴി/താറാവ് തുടങ്ങിയവയെയും അറുക്കണം എന്നാണ് ഇസ്ലാമിക നിയമം. മൃഗങ്ങളുടെ മാംസം ഹാലാലാകുവാന്‍ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോള്‍ കശാപ്പുകാരന്‍ പ്രായപൂര്‍ത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്ലിം തന്നെയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം. കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂര്‍ച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടരുത്.

കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം. എന്നിവയാണ് നിബന്ധനകള്‍. പന്നി, പട്ടി തുടങ്ങിയവ, പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങള്‍, പരുന്ത്, കഴുകന്‍ പോലുള്ള പക്ഷികള്‍, അള്ളാഹു അല്ലാത്തവയുടെ പേരില്‍ അറുക്കപ്പെട്ടവ, ശവം, വീണു ചത്ത മൃഗങ്ങള്‍, അടിച്ചു കൊന്നത് തുടങ്ങിയവ ഹറാം, അതായത് അനുവദനീയമായതല്ലന്നര്‍ഥം. അതേസമയം മത്സ്യത്തിന് ഇത് ബാധകമല്ലതാനും. വെള്ളത്തിന് പുറത്തെത്തുമ്പോള്‍ത്തന്നെ മത്സ്യങ്ങള്‍ ചാവുന്നതിനാല്‍ കശാപ്പുചെയ്യേണ്ടതില്ലെന്നിവര്‍ വിശ്വസിക്കുന്നു. ഇങ്ങനെ ഹലാല്‍ ആയത് കഴിക്കാനാണ് ഇസ്ലാം പറയുന്നത്. അത് മറികടക്കാന്‍ ശ്രമിക്കുന്നവര്‍ മലബാര്‍ മേഖലയിലൊക്കെ അപൂര്‍വമാണ് താനും.

ബീഫ് രാഷ്ട്രീയം

കേരളത്തില്‍ ബീഫ് ഫെസ്റ്റ് ശ്രദ്ധിക്കപ്പെട്ടത് തൃശൂര്‍ കേരള വര്‍മ്മ കോളജിലെ സംഭവത്തോടെയാണ്. കോളജിനകത്ത് ക്ഷേത്രമുള്ളതിനാല്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു എബിവിപിയുടേത്. ഇത് മറികടന്നാണ് എസ്എഫ്ഐ ക്യാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. പിന്നീട് ഇരുകൂട്ടരും സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോഴാണ് ഈ സമരം ശ്രദ്ധേയമായത്. കോളജിലെ അധ്യാപികയായ ദീപ നിശാന്ത് ബീഫ് സമരത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ കമന്‍റിട്ടതും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

മലപ്പുറത്തേക്ക് വരുമ്പോള്‍ എസ് എഫ് ഐ-ഡി വൈ എഫ് ഐ സംഘടനകള്‍ ക്യാമ്പസുകളിലും പൊതുയിടങ്ങളിലും ബീഫ് ഫെസ്റ്റ് നടത്തുകയുണ്ടായി. സഖാക്കള്‍ വിളമ്പുന്നത് ഹലാല്‍ ബീഫല്ലെന്ന് പ്രചരിപ്പിച്ച് സമരത്തെ തിരിച്ചു വിടാന്‍ എം എസ് എഫ് ഉള്‍പ്പെടെ നടത്തിയ നീക്കങ്ങള്‍ സഖാക്കള്‍ മറക്കരുത്. ഹലാല്‍ ഇറച്ചിയല്ലെന്ന് എതിരാളികള്‍ പ്രചരിപ്പിച്ചു.

മലപ്പുറത്തും തിരൂരിലും വണ്ടൂരിലുമെല്ലാം ബീഫ് ഫെസ്റ്റ് നടത്തിയപ്പോള്‍ അവിടുത്തെ മുസ്ലിങ്ങള്‍ക്കിടയില്‍ നിന്നുള്ള പങ്കാളിത്തം എത്രയായിരുന്നു? മുസ്ലിങ്ങള്‍ക്ക് വേണ്ടി നടത്തിയതല്ലെന്ന് പറയാമെങ്കിലും സംഘപരിവാര്‍ ബീഫ് നിരോധനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത് പ്രധാനമായും മുസ്ലിങ്ങളെയും ദളിതരെയുമാണ്.

ഹലാല്‍ ബീഫ് വിളമ്പി മുസ്ലിങ്ങളെ ആകര്‍ഷിപ്പക്കണമെന്ന അര്‍ഥത്തിലല്ല. ബീഫ് വിളമ്പി എസ് എഫ് ഐയും ഡിവൈ എഫ് ഐയും പ്രതിഷേധിക്കുന്നത് ഫാസിസത്തിന്റെ കാലത്ത് ശരിയായ സമരരീതി തന്നെയാണ്. അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വണ്ടൂരില്‍ ബീഫ് ഫെസ്റ്റ് നടന്നതിന് ശേഷം ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രദേശിക സിപിഐഎം നേതൃത്വം രംഗത്ത് വന്നിരുന്നല്ലൊ. എം സ്വരാജ് ഇടപെട്ടാണ് ആ പ്രശ്‌നം പരിഹരിച്ചത്. അതിന് പിന്നിലും ഹലാല്‍ വിവാദമാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.

ബീഫ് ഫെസ്റ്റിന് ഹലാല്‍ നോക്കിയാണോ ചെയ്യേണ്ടതെന്ന് കാര്യത്തില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡഡന്റ് പി എം മുഹമദ് റിയാസിനുപോലും ഉത്തരമില്ലെന്നതല്ലേ വാസ്തവം.

ഹലാല്‍ മതപരം തന്നെ

ദാദ്രി സംഭവത്തെത്തുടര്‍ന്ന് രാജ്യമൊട്ടാകെ ബീഫ് ഫെസ്റ്റ് നടത്തുമെന്ന് എം ബി രാജേഷ് എം പി വ്യക്തമാക്കിയിരുന്നു. എന്നിട്ടെന്തായി?

കേരളത്തിന് പുറത്ത് എവിടെയൊക്കെ ബീഫിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ വിതരണം ചെയ്യുന്ന ബീഫ് ഹലാല്‍ എന്നോ ഹറാം എന്നോ നോക്കേണ്ട ഗതികേട് ഡി വൈ എഫ് ഐ പോലുള്ള സംഘടനയ്ക്ക് ഉണ്ടാകാമോ? ഹലാല്‍ തികച്ചും മതപരമായൊരു കശാപ്പുരീതി തന്നെയാണ്. എന്നാല്‍ അതില്‍ നിന്ന് പൊളിറ്റിക്കലായി മറികടക്കുകയെന്നത് തന്നെയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുമ്പോഴും പുരോഗമന യുവജന സംഘടനകള്‍ക്ക് കഴിയേണ്ടത്. വിമര്‍ശിക്കുന്നവരെ സംഘിയാക്കി മുദ്രകുത്താന്‍ വളരെ എളുപ്പമാണ്. എതിര്‍ ശബ്ദങ്ങളെ തടയാന്‍ അതിലേറെ ലളിതമായൊരു പ്രയോഗമില്ലതാനും.

ബീഫ് ഫെസ്റ്റ് പ്രതിഷേധം നോമ്പുതുറ സമയത്ത് നടത്തണമെന്നുള്ള മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രതിഷേധങ്ങള്‍ മതചിട്ടവട്ടങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തേണ്ടതും മാറ്റേണ്ടതുമല്ല. ഹലാലും ഹറാമും നോക്കിയല്ല, ഇത്തരം സമരപരിപാടികള്‍ നടത്തുന്നതെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ നേതാക്കള്‍ എന്തുകൊണ്ടു ഭയക്കുന്നുവെന്നത് തന്നെയാണ് വിഷയം.

മഞ്ചേരിയിലെ ഒരു കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിദ്യാര്‍ഥിയുടെ തലയില്ലാത്ത ചിത്രം എസ് എഫ് ഐയ്ക്കുണ്ടാക്കിയ നാണക്കേട് ആലോചിക്കാവുന്നതല്ലെ. അസഹിഷ്ണുതയേയും ഫാസിസത്തെയുമൊക്കെ പ്രതിരോധിക്കാന്‍ ഇറങ്ങുമ്പോള്‍ തങ്ങള്‍കൂടി അതില്‍ നിന്ന് മുക്തമാകണമെന്ന് സ്വയം ചിന്തിച്ചേ മതിയാകു.

ബീഫ് ഫെസ്റ്റിവെലിന് ഹലാല്‍ ബീഫാണോ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന്, രാഷ്ട്രീയം ജ്വലിക്കുന്ന ഒരുത്തരം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റില്‍ നിന്നും പ്രതീക്ഷിക്കും. ഉത്തരം ലഭിച്ചിട്ടില്ലാത്തതിനാല്‍, ആ ചോദ്യം നിലനില്‍ക്കുന്നു. സ്കൂള്‍ കായിക മേളയ്ക്ക് ഇറച്ചി ഭക്ഷണം കൊടുക്കുകയും യുവജനോത്സവത്തില്‍ ബീഫ് വിഭവം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്നതും ചോദ്യമാണ്.

ഉത്തരം കാലം ആവശ്യപ്പെടുന്നുണ്ട്!

Story by