'ടൊവീനോ ഇല്ലായിരുന്നുവെങ്കില്‍' ഗോദയുടെ കഥ വെളിപ്പെടുത്തി സാരഥി

തിയറ്ററില്‍ വന്‍ വിജയം നേടി ഗോദ സിനിമ കുതിക്കുമ്പോള്‍ സിനിമയുടെ യഥാര്‍ത്ഥ 'കഥ' ഇവിടെ വെളിപ്പെടുത്തുകയാണ് നിര്‍മ്മാതാവ് സി വി സാരഥി

ടൊവീനോ ഇല്ലായിരുന്നുവെങ്കില്‍ ഗോദയുടെ കഥ വെളിപ്പെടുത്തി സാരഥി

സി വി സാരഥി

കുഞ്ഞിരാമായണം എന്ന ആദ്യ സിനിമയുടെ പ്രൊമോഷന്‍ ജോലികള്‍ക്കിടെ തന്റെ അടുത്ത ചിത്രം സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു. 2015 ഓഗസ്റ്റ് ഒന്നിനാണ് സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നത്. 2015 ഒക്ടോബര്‍ ആദ്യ വാരം തിരക്കഥ പൂര്‍ത്തിയാക്കി. ഇതേ വര്‍ഷം നവംബര്‍, അതായത് എന്ന് നിന്റെ സ്വന്തം മൊയ്തീന്‍ റീലീസ് ചെയ്യപ്പെട്ട ശേഷം ഗോദയിലെ ആഞ്ജനേയ ദാസാകാന്‍ ടോവിനോ തോമസ് കൊച്ചിയിലെ മിന്നല്‍ ജോര്‍ജ് ആശാന്റെ കീഴില്‍ പരിശീലനത്തിന് ചേര്‍ന്നു. ഗോദ സിനിമയുമായി കരാറൊപ്പിട്ട ആദ്യ സിനിമാ താരവും ടോവിനോയാണ്. മിന്നല്‍ ജോര്‍ജിന് കീഴില്‍ പരിശീലനം നേടാനായി ടോവിനോ ഫോര്‍ട്ട് കൊച്ചിയില്‍ താമസം തുടങ്ങി. ടോവിനോയുടെ കാസ്റ്റിംഗ് കഴിഞ്ഞതോടെ സിനിമയുടെ സംവിധാന സഹായികളെയടക്കം തെരഞ്ഞെടുത്ത് ഷൂട്ടിംഗ് ജോലികള്‍ ആരംഭിച്ചു.


കുട്ടികള്‍ക്ക് പരിശീലം നല്‍കുന്ന മിന്നല്‍ ജോര്‍ജിനെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന ലേഖനമാണ് ഞങ്ങള്‍ക്ക് ആശാനിലേക്ക് വഴിതുറന്നത്. എറണാകുളം ക്ലബ് റോഡിലെ സി ഐ സി സി സി ബുക്ക് സ്റ്റാള്‍ നടത്തുന്ന ജയചന്ദ്രനാണ് ഞങ്ങളെ ആശാന്റെ അടുത്തേക്ക് കൊണ്ടെത്തിച്ചത്. കഥാപാത്രമായി മാറാനുള്ള ടോവിനോയുടെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും സമാനതകളില്ലാത്തതായിരുന്നു. ആഞ്ജനേയ ദാസിന്റെയും ക്യാപ്റ്റന്റെയും അതിഥി സിങ്ങിന്റേയും കഥയാണ് ഗോദ. അതിഥി സിങ്ങ് കൂടുതല്‍ കൈയടി നേടുമെന്ന് അറിയാമായിരുന്നെങ്കിലും ടോവിനോയ്ക്കതില്‍ പരാതിയില്ലായിരുന്നു. ആഞ്ജനേയ ദാസ് ഇല്ലാതെ, അതായത് ടോവിനോയില്ലാതെ അതിഥി കേരളത്തിലെത്തില്ലായിരുന്നു. ടോവിനോയുടെ സമര്‍പ്പണവും കഠിനാധ്വാനവും സഹകരണവുമില്ലായിരുന്നെങ്കില്‍ ഗോദ ഒരു യാഥാര്‍ത്ഥ്യമാകില്ലായിരുന്നു.

ഗോദ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്ന് മനസിലായതോടെ ഗപ്പിയെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചു. ഒരു പ്രമുഖ താരം വേണ്ടെന്നു വെച്ച തേജസ് വര്‍ക്കിയെന്ന കഥാപാത്രമാകാന്‍ ടോവിനോ തയ്യാറായി. ഇതിനിടെ ഗോദയ്ക്കായി ഗുസ്തി പഠിക്കാന്‍ അധിക കാലമെടുക്കാത്ത ഒരു നടിയിലേക്ക് ഞങ്ങളുടെ തെരച്ചില്‍ നീണ്ടു. മാര്‍ച്ച് അവസാനത്തോടെ വാമിക ഗബ്ബിയെ ഞങ്ങള്‍ കണ്ടെത്തി. വാമിക 2016 മെയ് മാസം അമൃത്സറില്‍ ഗുസ്തി പരിശീലനമാരംഭിച്ചു. ഇതിനിടെ രണ്‍ജി പണിക്കരെ ക്യാപ്റ്റന്‍ എന്ന കഥാപാത്രമാകാന്‍ ഞങ്ങള്‍ സമീപിച്ചു. പൂര്‍ണ സമ്മതം മൂളിയ അദ്ദേഹം ക്യാപ്റ്റന്‍ എന്ന കഥാപാത്രമാകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മുംബൈയിലെ തിരക്കേറിയ ജീവിതത്തോട് തല്‍ക്കാലം വിടപറഞ്ഞ് വാമിക കുടുംബത്തോടൊപ്പം താമസിച്ചാണ് അമൃത്സറില്‍ നിന്ന് ഗുസ്തി പരിശീലനം നേടിയത്. പിന്റോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആരുഷിയും ഇതിനിടെ വാമികയുടെ കൂടെ താമസം തുടങ്ങി. ഇതോടെ ഇരുവരും ഫ്‌ളാറ്റില്‍ വെച്ച് ഗുസ്തിയില്‍ നേടിയ പരിശീലനം അഭ്യസിക്കാന്‍ തുടങ്ങി.


2016 നവംബറായിരുന്നു ആദ്യം ഷൂട്ടിംഗിനായി നിശ്ചയിച്ച തീയതി. ഇതിനിടെ നിരന്തരമായി മണലില്‍ ഗുസ്തി രംഗങ്ങള്‍ ചിത്രീകരിച്ചതിനെത്തുടര്‍ന്ന് വാമികയ്ക്ക് നേത്രരോഗം പിടികൂടി. ഇതോടെ വാമികയും ആരുഷിയും തമ്മിലുള്ള ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നത് സെപ്റ്റംബര്‍ അവസാനത്തേക്ക് മാറ്റിവെച്ചു. നിശ്ചയിച്ച സമയത്തു തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാകുകയും ചെയ്തു. റിലീസിംഗിന് മുമ്പ് 60-90 ദിവസങ്ങള്‍ ആവശ്യം വന്നതിനാല്‍ റിലീസിംഗ് 2017 ഫെബ്രുവരി റിലീസിംഗിനായി നിശ്ചയിച്ചു. സിനിമയുടെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രഫി 206 ഡിസംബറോടെ പൂര്‍ത്തിയായി. ഇതിനിടെ സിനിമ സമരം മൂലം ഞങ്ങളുടെ തന്നെ ഇസ്ര അടക്കമുള്ള സിനിമകളുടെ റിലീസിംഗ് വൈകി. ഇതോടെ ഗോദയുടെ റിലീസ് 2017 മെയ് മാസത്തിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായി.

2015 ഒക്‌ടോബറില്‍ ഷാന്‍ റഹ്മാന്‍ ഗോദയുടെ ഭാഗമായി മാറിയിരുന്നു. സിനിമയില്‍ 13 ഗാനങ്ങളുണ്ടെന്ന് നിങ്ങളില്‍ എത്ര പേര്‍ ശ്രദ്ധിച്ചു കാണും. ഇതൊക്കെ പറയാന്‍ കാരണം ഗോദ ദംഗല്‍ എന്ന ബോളിവുഡ് ചിത്രത്തിന് മുമ്പ് ഇറക്കാന്‍ ലക്ഷ്യമിട്ട് ഷൂട്ടിംഗ് പുരോഗമിച്ച സിനിമയാണെന്ന് വ്യക്തമാക്കാനാണ്. ബാസില്‍ ജോസഫ്, വിഷ്ണു ശര്‍മ, സുനേന്ദര്‍ നായിക്, ജിതിന്‍ ലാല്‍, രാകേഷ് മന്തോതിദാസ് കെ എച്ച്, ദിപില്‍ ദേവ്, പ്രശോഭ് കൃഷ്ണ, പ്രേംലാല്‍ കരാനന്ത് മനോജ്, പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, സജീവ് ചന്ദിരൂര്‍, സുരേഷ് നായര്‍, ഷൊഹൈബ് റാവുത്തര്‍, ശ്രീരാജ് രവീന്ദ്രന്‍, ഷാന്‍ റഹ്മാന്‍ എന്നിവര്‍ 2015 ഒക്ടോബര്‍ മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളോടൊപ്പം അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു.


സാങ്കേതിക രംഗത്തെ പ്രമുഖരായ രാജ കൃഷ്ണ, ജയദേവ് തിരുവൈപ്പാട്ട്, സച്ചിന്‍ സുധാകരന്‍ എന്നിവര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് സിനിമയ്ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ച് പറയാനാകും ഗോദയെന്ന സിനിമ സ്ത്രീ ശാക്തീകരണം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണെന്ന്. സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വായത്തമാക്കണമെന്നും അതുവഴി നിങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കണമെന്നുമാണ് സിനിമ നല്‍കുന്ന സന്ദേശം. ഓം ശാന്തി ഓശാനയിലെ നായിക കഥാപാത്രം പോലെ ഈ സിനിമയിലേയും നായിക തന്റെ ലക്ഷ്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള ഒരാളാണ്. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കഠിനാധ്വാനവും അര്‍പ്പണമനോഭാവവും ആരും കാണാതെ പോകരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന.

എന്നാല്‍ നിങ്ങള്‍ സിനിമയെ സ്‌നേഹിക്കുന്നവരാണെങ്കില്‍ ഗോദ തിയറ്ററില്‍ പോയി മാത്രം കാണുക. നമ്മുടേത് വളരെച്ചെറിയൊരു സിനിമാ വ്യവസായമാണ്. എന്നാല്‍ മികച്ച സിനിമയുണ്ടാക്കുന്നതില്‍ നമ്മുടെ ഇന്‍ഡസ്ട്രി മുന്നിലാണ്.

പരിഭാഷ: ജിനേഷ് ദേവസ്യ