ഗ്ലൂമി സൺ‌ഡേ അഥവാ ആത്മഹത്യ പ്രേരണാ ഗാനം

തന്റെ മുന്‍ കാമുകിക്കു വേണ്ടിയായിരുന്നു റെസ്യൂ സെരെസ് ഗ്ലൂമി സൺഡേ രചിച്ചത്. കവിത സംഗീതമായി പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളില്‍ കാമുകി ആത്മഹത്യ ചെയ്തു- ജിയ സുജൻ എഴുതുന്നു

ഗ്ലൂമി സൺ‌ഡേ അഥവാ ആത്മഹത്യ പ്രേരണാ ഗാനം

ഒരു പാട്ടുകേട്ടാൽ എങ്ങനെ മരിക്കാൻ തോന്നും? ഈ ഒരു ആശങ്കയാണ് ഗ്ലൂമി സൺ‌ഡേ എന്ന പാട്ടിലേക്ക് എന്റെ ശ്രദ്ധ കൊണ്ടുപോയത്. 'ഗ്ലൂമി സൺ‌ഡേ' അഥവാ ഹംഗറിയിലെ ആത്മഹത്യാഗാനം' (Hungarian suicide song).

റെസ്യൂ സെരെസ് എന്ന ഹംഗറിക്കാരനായ പിയാനോ വായനക്കാരൻ 1933-ൽ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഗ്ലൂമി സൺ‌ഡേ. പിന്നീട് റെസ്യൂ സെരെസിന്റെ വരികളെ, ഹംഗറിക്കാരൻ തന്നെയായ കവി ലെയ്സിയോ ജെയ്‌വോൻ കൂടുതൽ തീവ്രമായ വാക്കുകളാൽ മാറ്റിയെഴുതി. അതോടെ ഈ ഗാനം അനേകമാളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു.

തന്റെ മുന്‍ കാമുകിക്കു വേണ്ടിയായിരുന്നു റെസ്യൂ സെരെസ് ഗ്ലൂമി സൺഡേ രചിച്ചത്. കവിത സംഗീതമായി പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളില്‍ കാമുകി ആത്മഹത്യ ചെയ്തു. ആത്മഹത്യാകുറിപ്പില്‍ ഗ്ലൂമി സൺഡേയെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് മറ്റൊരു മരണം നടന്നു. ഹംഗറിയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ചു മരിച്ചു. മുറിയില്‍ നിന്നും അയാള്‍ കേട്ടുകൊണ്ടിരുന്ന ഗ്ലൂമി സൺഡേയുടെ റെക്കോർഡ് കണ്ടെടുത്തു.

റെസ്യൂ സെരെസിന്റെ ആത്മഹത്യ സംബന്ധിച്ചുവന്ന വാർത്ത


ബഡാപെസ്റ്റിലെ ഒരു റെസ്റ്റോറന്റില്‍ ഒരു ഗായകസംഘം ഗ്ലൂമി സൺഡേ ആലപിച്ചുകൊണ്ടിരിക്കെ, ശ്രോതാക്കളില്‍ ഒരു ചെറുപ്പക്കാരന്‍ സ്വയം വെടിവച്ചു മരിച്ചു. തുടര്‍ന്ന് ഗ്ലൂമി സൺഡേ പൊതുവേദികളില്‍ ആലപിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഈ സമയം യൂറോപ്പിന്റെ പല ഭാഗത്തും ആത്മഹത്യകള്‍ തുടര്‍ക്കഥയാവുകയായിരുന്നു. ബിബിസി ഗ്ലൂമി സൺഡേ നിരോധിച്ചു. അമേരിക്കയിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവിടെ ഗാനം നിരോധിച്ചില്ല.

ഈ ആത്മഹത്യാ കഥകൾ യാഥാർഥ്യമോ അല്ലാത്തതോ ആകട്ടെ, റെസ്യൂ സെരെസിന്റെ മനസിനെയും ഇത് വല്ലാതെ അലട്ടിയിരുന്നു. സെരെസ് ഒരിക്കൽ തന്റെ മാസ്റ്റർപീസിനെക്കുറിച്ച് എഴുതി: "ഞാൻ ഈ ഭയാനകമായ വിജയത്തിനു നടുവിൽ കുറ്റാരോപിതനായി നിൽക്കുന്നു. ഈ മാരകമായ പ്രശസ്തി എന്നെ വേദനിപ്പിക്കുന്നു. ഈ ഗാനം എന്റെ ഹൃദയത്തിലെ നിരാശകളെല്ലാം ഉള്ളതാണ്. ഇതെന്നെ കരയിച്ചു... എന്റെ വികാരങ്ങളുള്ള മറ്റുള്ളവർക്കും അതുതന്നെ സംഭവിച്ചിരിക്കും"

പിന്നീട് ഒരു ഗാനം പോലും സെരെസ് രചിച്ചില്ല. 1968 ൽ തന്റെ അപ്പാർട്ട്മെന്റിനു മുകളിൽ നിന്നും താഴേക്കു ചാടി റെസ്യൂ സെരെസ് ആത്മഹത്യ ചെയ്തു. ഗ്ലൂമി സൺഡേയുമായി ബന്ധപ്പെട്ടു നൂറിൽപരം ആത്മഹത്യകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. കേൾവിക്കാരുടെ മനസ്സിൽ വിഷാദവും നിരാശയും നിറയ്ക്കുന്ന വരികളാണ് ഈ ഗാനത്തിൽ. ആത്മഹത്യാ പ്രവണത വളർത്തി എന്നതിനു തെളിവുകളൊന്നും ഇല്ലെങ്കിലും അനേകം രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകൾ, ഈ ഗാനം പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും മാറിനിന്നിരുന്നു.


Read More >>