എങ്ങനെ നീ മറക്കും കുയിലേ; നാല്‍പത് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ഓര്‍മ്മകള്‍

ഇന്ന് ദേശീയ തപാല്‍ ദിനം. തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരജേതാവായ ശ്യാം പുഷ്‌കരന്റെ അമ്മ ഗീതാ പുഷ്‌കരന്‍ നാല്‍പത് വര്‍ഷത്തെ തന്റെ അനുഭവങ്ങളില്‍ ചിലത് പങ്ക് വയ്ക്കുന്നു.

എങ്ങനെ നീ മറക്കും കുയിലേ; നാല്‍പത് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ഓര്‍മ്മകള്‍

യോഗമുള്ളവന്‍ തേടി വയ്ക്കണ്ട എന്നു കേട്ടിട്ടില്ലേ. അതിനടിവരയിടുന്നു ഒരു അനുഭവം. 2004 കാലഘട്ടം. ഞാന്‍ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്നു. ഒരു സബ് ഓഫീസില്‍ പോസ്റ്റുമാസ്റ്റര്‍ പെട്ടന്ന് അസുഖമായി ലീവിലായി. ആ ഓഫീസിലെ പിഎ യെ മറ്റൊരു ഓഫീസിലേക്ക് ഡെപ്യൂട്ടേഷന്‍ വിട്ടിരിക്കുന്നു. ചാര്‍ജ് എടുക്കാന്‍ ആരുമില്ല. ആ ഓഫീസിലേക്കു പോകാമോ എന്നു എച്ച് പിഎം ചോദിച്ചു. അസുഖം ആര്‍ക്കും വരുന്നതല്ലേ റിലീഫ് കിട്ടേണ്ടതല്ലേ പെട്ടന്ന്. ഞാന്‍ ആ ഓഫീസിലേക്ക് പോയി. വര്‍ക്കു കൂടുതലുള്ള ഓഫീസാണ്.

ഒരു ദിവസം ഉച്ചയോടെ ഒരു സ്ത്രീ പതിനായിരം രൂപയുടെ ഇന്ദിരാ വികാസ് പത്രം എന്‍ക്യാഷ് ചെയ്യാന്‍ കൊണ്ടുവന്നു.ഞാന്‍ പതിനായിരം രൂപ കൊടുത്തു. അവര്‍ പെട്ടന്ന് ബഹളമുണ്ടാക്കി ഇരുപതിനായിരം രൂപയാണ് അവര്‍ക്കു കിട്ടേണ്ടത് എന്നു അവര്‍ പറഞ്ഞു. അവര്‍ തന്ന പതിനായിരത്തിന്റെ ഇന്ദിരാ വികാസ് പത്രത്തിനു് പതിനായിരമേ കിട്ടു. അയ്യായിരം രൂപ തരുമ്പോള്‍ ഡബിള്‍ വാല്യു, പതിനായിരത്തിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇഷ്യു ചെയ്യുന്നത്. ആയമ്മ പതിനായിരമാണ് കൊടുത്തിരുന്നത് എന്നാണ് അവര്‍ പറയുന്നത്. അങ്ങിനെയാണെങ്കില്‍ അവരുടെ കൈയ്യില്‍ പതിനായിരത്തിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി കാണണം. ഇരുപതിനായിരത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്തു കാണണം. ഇന്ദിരാ വികാസ് പത്രം ഇഷ്യു ചെയ്യുമ്പോള്‍ ഒരു രജിസ്റ്റര്‍ സൂക്ഷിക്കു ന്നുണ്ട്. സര്‍ട്ടിഫിക്കറ്റിന്റെ സീരിയല്‍ നമ്പറും രജിസ്‌ട്രേഷന്‍ നമ്പരും ഡേറ്റ് ഓഫ് ഇഷ്യുവും തുകയും അതിലുണ്ടാകണം. അങ്ങിനെയൊരു രജിസ്ട്രര്‍ അവിടെ കാണുന്നുമില്ല. കണ്ടാലും സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരാതെ എന്‍ക്വാഷ് ചെയ്യാനാവില്ല.

കുറച്ചു സമയത്തിനു ശേഷം ഒരു സംഘം ആളുകള്‍ ഓഫീസിലെത്തി. പിന്നെ നല്ല സീനായിരുന്നു. നല്ല സൂപ്പര്‍ ഡയലോഗും. അവരുടെ മനസ്സില്‍ ഞാന്‍ പതിനായിരം രൂപ മോഷ്ടിച്ചവളാണ്. ന്യായീകരണത്തിന് സ്ഥാനമില്ല. അവര്‍ പരാതിയയച്ചു. ന്യായം എന്റെ ഭാഗത്താണെങ്കിലും സമാധാനം പറഞ്ഞല്ലേ പറ്റു. ഒന്നുകൂടി ഓഫീസ് റെക്കോര്‍ഡ്‌സ് തിരഞ്ഞു ഞാന്‍. മൂന്നാലു ദിവസത്തെ തിരിച്ചിലിനൊടുവില്‍ അന്നേ ദിവസം പതിനായിരം രൂപ ക്രെഡിറ്റു വന്നിട്ടുണ്ടെന്നു മനസ്സിലായി. പിന്നെ വീണ്ടും ഞാന്‍ പലവിധത്തിലും അന്വേഷിച്ചു ,ആലോചിച്ചു. അന്നേ ദിവസം അയ്യായിരം രൂപയുടെ നാലു സര്‍ട്ടിഫിക്കറ്റുകള്‍ ആയമ്മക്കു കൊടുക്കുന്നതിനു പകരം തിരക്കില്‍ രണ്ടേ കൊടുത്തിട്ടുള്ളു എങ്കില്‍, എനിക്കു തോന്നി ,ബാക്കി രണ്ടെണ്ണം എപ്പോഴെങ്കിലും എഴുതിവച്ചിട്ടുണ്ടാകും ഓഫീസില്‍ത്തന്നെയെന്ന്. ക്യാഷ് ക്രെഡിറ്റ് വന്നിട്ടുണ്ടല്ലോ. പിന്നീട് ക്യാഷ് ചെസ്റ്റില്‍ തിരഞ്ഞു ,ഒരു കവറില്‍ നിന്ന് എനിക്കവ കിട്ടുകയും ചെയ്തു.

ആ കവറിനുള്ളില്‍ എഴുതി വച്ചിരുന്നു വഴിയില്‍ കിടന്നു കിട്ടിയിട്ട് ആരോ ഓഫീസില്‍ ഏല്പിച്ചതാണെന്ന്. അങ്ങിനെയായിരുന്നെങ്കില്‍ ആ കസ്റ്റമറെ കണ്ടെത്തി ഏല്‍പ്പിക്കാമായിരുന്നു. പോസ്റ്റ് ഓഫീസിലെ ഡെലിവറി സ്റ്റാഫ് വിചാരിച്ചാല്‍ നടക്കുന്ന കാര്യം. അതു ചെയ്തിരുന്നെങ്കില്‍ ഒരു പ്രശ്‌നം ഒഴിവാക്കാമായിരുന്നു. ആയമ്മയെ വരുത്തി ക്യാഷ് കൊടുത്തു. അവരോട് എനിക്ക് എന്റെ ഭാഗത്തെ സത്യം ബോദ്ധ്യപ്പെടുത്തിക്കൊടുക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും അവര്‍ക്കു തുക കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി. കുറച്ചു നാളുകള്‍ക്കു ശേഷം, ആയമ്മയുടെ മകന്‍, ഓഫീസില്‍ വന്നു ചീത്ത വിളിച്ചയാള്‍ എന്റെ വീട്ടില്‍ വന്നു ,അയാള്‍ സത്യമറിഞ്ഞു. എന്റെ ഓഫീസിലുള്ള ഒരു സ്റ്റാഫ് അവര്‍ക്കു വേണ്ടപ്പെട്ടയാള്‍ അവരോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയത്രേ. അയാള്‍ മാപ്പു പറഞ്ഞു, നന്ദിയും.

ഇത്തരം ധാരാളം നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍ ഉണ്ട്. ഇപ്പോള്‍ എട്ടു മാസമായി ജോലിയില്‍ നിന്ന് വിരമിച്ച്, അടുക്കളയിലേക്ക് ഒതുങ്ങിയിട്ട്. പരമ ബോറ്. വെറുതെയല്ലേ... നാലു പതിറ്റാണ്ട് പൊതുജനങ്ങളോട് തല്ലുകൂടി നട്ടെല്ലു നിവര്‍ത്തി നിന്നു നിന്നു. നട്ടെല്ലു വളയാതായി. ഒരഞ്ചു പൈസ ബാക്കി കൊടുക്കാന്‍ ചില്ലറയില്ലാതിരുന്നതിനു മുതല്‍ പരാതി അയക്കുന്ന ഒത്തിരി മഞ്ഞുമ്മല്‍ കുഞ്ഞുണ്ണിമാരുടെ ധാര്‍ഷ്ട്യം കണ്ടു കണ്ട് പാമ്പിന്റെ സ്വഭാവായേ. നേരിയ അനക്കം കേള്‍ക്കുമ്പോഴേ പത്തി വിടര്‍ത്തിനില്ക്കുന്ന, പ്രതിരോധം തീര്‍ക്കുന്ന, പാമ്പ്. എന്താല്ലേ ?

കിട്ടുന്ന രജിസ്സ്‌ട്രേഡ് കത്തുകള്‍ പെട്ടിയില്‍ വച്ചു പൂട്ടി താക്കോല്‍ കിണറ്റില്‍ കളഞ്ഞിട്ട്, പരാതിയയക്കുന്ന ഡോക്റ്റര്‍മാരും കിട്ടിയ മണിയോര്‍ഡര്‍ ഒപ്പിട്ടു വാങ്ങീട്ട് കിട്ടീല്ലന്നു പരാതി പറയുന്ന ചേട്ടായിമാരും നീയൊക്കെ ശമ്പളം മേടിക്കുന്നത് ഞങ്ങള്‍ കൊടുക്കുന്ന നികുതി കൊണ്ടാണെന്നു പറയുന്ന പാട്ടുകാരനായ പാമ്പും ഇവരെയൊക്കെക്കൊണ്ട്, എന്നും സമൃദ്ധമായിരുന്നു, ആദ്യകാല ഔദ്യോഗിക ജീവിതം. പിന്നെ പിന്നെ മേലധികാരികളായി സൂപ്പര്‍. ഏതു പരാതിക്കും inconveniance regreted എന്നും. കണ്‍സേന്‍ഡ് ഒഫീഷ്യലിനെ തൂക്കിക്കൊന്നോളാമെന്നും എഴുതി അയച്ച് ജീവനക്കാരുടെ മാനം കെടുത്തല്‍ ഹോബിയാക്കിയ കുറെപ്പേര്‍.

പിന്നെ പുതുയുഗം കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ ആഹാ ബാറ്ററിയില്ലാത്ത ജെനറേറ്ററും UPS ഇല്ലാത്ത കമ്പ്യൂട്ടറുകളും, ജനറേറ്ററില്‍ ഡീസല്‍ ഇല്ലെങ്കില്‍ വാങ്ങാന്‍ പോലും മുന്‍കൂറെഴുതി അനുമതി തേടണ്ട സ്ഥിതി വിശേഷവും Systems കേടായാല്‍ നന്നാക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുന്ന ഭരണ സംവിധാനവും പേപ്പര്‍ പോലും വാങ്ങാന്‍ അനുമതി തരാത്ത ഓഫീസേഴ്‌സും കാലഹരണപ്പെട്ട കെട്ടിടങ്ങളും ഇരിക്കാന്‍ കസേര പോലുമില്ലാത്ത ഓഫീസുകളും accute staff shortage ഉം ടോയ്‌ലറ്റു പോലുമില്ലാത്ത കുടുസ്സുമുറി ഓഫീസുകളും സ്വര്‍ഗ്ഗ സുന്ദരമായ ഔദ്യോഗിക ജീവിതം.

പ്രഥമവും പ്രധാനവുമായ തപാല്‍ ഡെലിവറിക്കു പാലും ആവശ്യത്തിന് സ്റ്റാഫില്ലാതെ, വെറും ഇരുനൂറു രൂപ ഡെയ്‌ലി വേജസ് വച്ച് ആളെത്തേടേണ്ടി വരുന്ന പോസ്റ്റ് മാസ്റ്ററന്മാരും മറ്റു സ്റ്റാഫും ,നാട്ടാരുടെ നാവില്‍നിന്നു അസഭ്യം ഉതിരുന്നതു കണ്ണടച്ചു കേള്‍ക്കുന്ന സുന്ദരമായ അനുഭവങ്ങള്‍ പങ്കുവച്ചും സ്വയം ശപിച്ചു നാളുകള്‍ എണ്ണിക്കഴിയുന്നു അപ്പോ ദാ വരുന്നു തൊഴിലുറപ്പ് കര്‍ക്കിടകത്തില്‍, താളും തകരയും പച്ചരിക്കഞ്ഞിയുമായി കഴിയുന്ന ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്ക് പെങ്ങളും അളിയനും നാലു മക്കളും കര്‍ക്കിടകം നിക്കാന്‍ വന്നു. അതെ തൊഴിലുറപ്പ് സേവിങ്ങ്‌സ് ബാങ്ക് ഓണ്‍ലൈന്‍ സംവിധാനം മെക്കാ മിഷ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഓണ്‍ലൈന്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, കേന്ദ്രീകൃതമായത് പിന്നെ നല്ല സുഖായിരുന്നു ചേര്‍ത്തല താലൂക്കിലെ മുഴുവന്‍ ജനപ്രതിനിധി മാരും, തൊഴിലുറപ്പു തൊഴിലാളികളും, പഞ്ചായത്ത് ജീവനക്കാരും സെക്രട്ടറിമാരും, പേരിന്ന് മറ്റു പാര്‍ട്ടിക്കാരും ആഹാ എല്ലാവരുമായി എന്തൊരു സൗഹൃദം.

വായ് തുറന്നാല്‍ അവര്‍ എന്റെ അമ്മക്കേ പറഞ്ഞിട്ടുള്ളുട്ടോ എന്തു സ്‌നേഹം മാതാപിതാക്കളെ വരെ അവര്‍ക്കിഷ്ടം ആനന്ദലബ്ധിക്കിനിയെന്തുു വേണം ദാ, അപ്പോഴാണ് ഓഫീസുകാരും ഏജന്റു മാരും ഞങ്ങളുടെ ജനസ്‌നേഹാര്‍ത്തരായ ഒന്നു രണ്ടു ജീവനക്കാരും എന്നോടു ഐക്യദാര്‍ ഢ്യം പ്രഖ്യാപിച്ചത്. പിന്നെ ദേ കേസായി ബഹളമായി, പുകിലായി.അന്വേഷണമായി. അങ്ങിനെ ആര്‍.ടി.ഒ എന്നു കേട്ടാലോ സന്തോഷ പൂരിതമായിരുന്നന്തരംഗം. ദേ വരുന്നു സാമൂഹ്യ സുരക്ഷ എന്ന അമിട്ട് എന്റെ നെഞ്ചത്തിട്ടു പൊട്ടിക്കാന്‍ നോക്കി പതിമ്മൂന്നര ലക്ഷം പോയി പഞ്ചായത്ത് ഡിപ്പാര്‍ട്ടുമെന്റിന്, നമ്മുടെ അതങ്ങിനെ ദേ വരുന്നു സെര്‍വീസ് ടാക്‌സ്, അത് ഒതുക്കി. പിന്നാലേ, അതടക്കാന്‍ യുദ്ധം ദാ, അവസാനം നോട്ടു നിരോധനം.

എന്റമ്മോ അതായിരുന്നു കൊല്ല്, കൊല്ല് എന്നു പറയിപ്പിച്ചത്. ഒരു മാസം മുഴുവന്‍ ,സണ്‍ഡേ കൂടി ജോലി ചെയ്ത പെണ്‍പിള്ളര്‍ക്ക് 'സണ്‍ഡേയില്‍ ആഹാരം വാങ്ങിക്കൊടുത്ത കണക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിക്കില്ലത്രേ. പക്ഷേ, ആ പിള്ളേര്‍ക്ക് ഞാന്‍ ഡിയോഡറന്റ് വാങ്ങിക്കൊടുത്തു കുളിക്കാനും അലക്കാനും സമയമില്ലായിരുന്നേ ഇതിനിടെ മുഴുവന്‍ ഒരു മുഴുഭ്രാന്തിയുടെ പരാതികളും, കളക്റ്റര്‍ക്കും, വിജിലന്‍സിനും മുഖ്യമന്ത്‌റിക്കും. അതിനിടെ ഒഴിവു ദിവസം ലീവു സാങ്ക്ഷന്‍ ചെയ്യാത്തതില്‍ ന്യൂജെന്‍ ബ്രോയുടെ ആക്രമണം വനിതാ കമ്മീഷന് ബ്രോയുടെ പെറ്റീഷന്‍, പെണ്ണിനു പാര പെണ്ണ് എന്ന് ബോദ്ധ്യമാക്കിയ എന്റെ വനിതാ സെല്ലുകാര്‍. ഇത്രയൊക്കെയായിട്ടും ഞാന്‍ അതിജീവി ച്ചെങ്കില്‍ ഞാനാരാ മോള്‍ ( അല്ല അമ്മുമ്മ ) അല്ലേ?

പാവം ഞാന്‍ ,ഇതൊക്കെ മിസ്സു ചെയ്യന്നു വല്ലാതെ . തോന്നിയവാസം പറഞ്ഞ ചങ്കു ബ്രോയെ, ഭ്രാന്തു പൂത്തവളുടെ തെറിവിളികളെ, കൂട്ടത്തിലുള്ളവരുടെ പാരകളെ, യൂണിയന്‍കാരുടെ അശ്രാന്ത പരിശ്രമങ്ങളെ (എന്നെ കുഴീല്‍ വയ്ക്കാന്‍) എങ്ങിനെ നീ മറക്കും കുയിലേ...

Read More >>