ആ ഗര്‍ഭിണിയെ ചുട്ടുകൊന്ന ജാതിയുടെ ഇന്ത്യന്‍ യാഥാര്‍ഥ്യം

ദളിതരും ന്യൂനപക്ഷങ്ങളും ഐക്യപ്പെടുന്ന രാഷ്ട്രീയ കാലത്ത്, കര്‍ണ്ണാടകയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത, ദളിതനെ വിവാഹം ചെയ്ത ഗര്‍ഭിണിയായ മുസ്ലിം യുവതിയെ സ്വന്തം വീട്ടുകാര്‍ ചുട്ടുകൊന്നു എന്നതാണ്- കേരളത്തിലെ സ്വതന്ത്ര ചിന്തകര്‍ പ്രതികരിക്കുന്നു

ആ ഗര്‍ഭിണിയെ ചുട്ടുകൊന്ന ജാതിയുടെ ഇന്ത്യന്‍ യാഥാര്‍ഥ്യം

കര്‍ണാടകയില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ യുവതിയെ വീട്ടുകാര്‍ കത്തിച്ചുകൊന്നത് ശനിയാഴ്ചയാണ്. 21ാം നൂറ്റാണ്ടിലും ജാതിയുടെ പേരില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാനാവുന്നതല്ല. ദളിതരും മുസ്ലീങ്ങളും ഒരേ ഫാസിസത്തിനെതിരേ രാജ്യത്ത് ഐക്യപ്പെടുമ്പോഴാണ് ഇത്തരമൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദളിതരിലും ഉന്നതശ്രേണിയിലുള്ളവരാണ് തങ്ങളെന്ന് കരുതുന്ന മുസ്ലീം ദുരഭിമാനം ഇത്തരം ഐക്യപ്പെടലുകളെയാണ് അപകടത്തിലാക്കുന്നത്. ജാതിയെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്.

ഈ വിഷയത്തില്‍ കേരളത്തിലെ സ്വതന്ത്രചിന്തകര്‍ സംവദിക്കുന്നു.

പ്രൊഫ. സി രവിചന്ദ്രന്‍ (സ്വതന്ത്രചിന്തകന്‍, അധ്യാപകന്‍)


പ്രൊഫ. സി രവിചന്ദ്രന്‍

ബ്രാഹ്മണനും ദളിതനും അന്ധവിശ്വാസങ്ങളാണ്. ഒന്നുണ്ടെങ്കിലേ മറ്റേതിന് നിലനില്‍ക്കാനാവൂ. ബ്രാഹ്മണനെ കേവലം മനുഷ്യനായി അംഗീകരിക്കാന്‍ ദളിതനും ദളിതനെ മനുഷ്യനായി കാണാന്‍ ബ്രാഹ്മണനും തയ്യാറാവണം. അത്തരമൊരു സോഫ്റ്റ്വെയര്‍ ഡെവലെപ്പ്മെന്റ് സംഭവിച്ചാല്‍ ജാതിബോധം ഉരുകിത്തുടങ്ങും. ഈ മാറ്റം മസ്തിഷ്‌കപരമായി സംഭവിക്കണം. ഭൗതികമാറ്റങ്ങളില്‍ വിശ്വാസം എന്ന പോലെ ജാതിബോധവും സംരക്ഷിക്കപ്പെടും. വിശ്വാസത്തെപ്പോലെ അമാനവികവും യുക്തിരഹിതവും വ്യാജവുമായ മനോസങ്കല്‍പ്പങ്ങളെ ആധാരമാക്കിയാണ് ജാതി എന്ന സാമൂഹികസ്ഥാപനവും ഉരുവംകൊള്ളുന്നത്. ശ്രേണീബദ്ധമായ ജാതീക്രമത്തിന്റെ അടിസ്ഥാനതത്വം തൊട്ടുതാഴെയുള്ളവനെ തേക്കുക(താതേ) എന്നതാണ്. ബ്രാഹ്മണര്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളെക്കാള്‍ പരിതാപകരമാണ് ദളിതര്‍ക്കിടയിലുള്ളവ. ജാതികള്‍ക്കുള്ളില്‍ ഉപജാതിക്രമത്തില്‍ സമാനമായ ഉച്ചനീചത്വങ്ങളുണ്ട്. പൂവിനുള്ളില്‍ പൂ വിരിയുന്നത് പോലെയാണത്.

അയിത്തം മതസാഹിത്യത്തിന്റെ മാത്രം പ്രശ്നമാണെന്ന് തോന്നുന്നില്ല. പുറംലോകവുമായി ബന്ധമില്ലാതെ മലയോരങ്ങളിലും വനത്തിലുമായി ആയിരക്കണക്കിന് വര്‍ഷം ജീവിച്ച കേരളത്തിലെ ആദിവാസികളായ കുറിച്യര്‍ തങ്ങളാണ് ലോകത്തെ ഏറ്റവും വിശുദ്ധജാതിയെന്ന് വിശ്വസിക്കുന്നവരാണ്. നമ്പൂതിരി തൊട്ടാലും അവന് അയിത്തമാണ്, വിഷംകഴിക്കുന്നത് തുല്യമാണ്. ഗോത്രസാമൂഹിക ഘടനകളില്‍ പൊതുവെ ഇത്തരം ഉച്ചനീചത്വങ്ങളും പ്രകടമാണ്. ഇവയൊക്കെ പില്‍ക്കാലത്ത് മതസാഹിത്യങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടാവാം.

ജാതീയത മതംമാറ്റത്തിന് ശേഷവും തുടരുന്നതില്‍ അസ്വാഭാവികതയില്ല. പൊയ്കയില്‍ അപ്പച്ചന്റെ ചരിത്രം ഉദാഹരണമാണ്. ജ്യോതിഷവും വാസ്തുവും ഉള്‍പ്പെടെ പല പൂര്‍വമത അന്ധവിശ്വാസങ്ങളും കേരളത്തിലെ ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങള്‍ ഇപ്പോഴും വെച്ചുപുലര്‍ത്തുന്നുണ്ട്. മുസ്ലീങ്ങള്‍ക്കിടയില്‍ ക്ഷൗരപ്പണി ചെയ്യുന്ന ഒരു ഒസ്സാന്‍ മുന്തിയ ജാതിയായ തങ്ങളെ വിവാഹം ചെയ്യാന്‍ സാധ്യതയില്ല. മുസ്ലീങ്ങളും ഈഴവരും പൊതുവെ സാമൂഹിക പിന്നാക്കാവസ്ഥ അവകാശപ്പെടുന്നവരാണ്. പക്ഷെ അതൊന്നും പാലക്കാട്ട് ചക്ലിയരെ സമുദായക്കാരെ തേക്കുന്നതില്‍ നിന്ന് ഈഴവരെയോ കര്‍ണ്ണാടകത്തില്‍ ദളിതനെ വിവാഹം ചെയ്തതിന്റെ പേരില്‍ സ്വന്തം സമുദായംഗത്തെ കൊലപ്പെടുത്തുന്നതില്‍ നിന്ന് മുസ്ലീങ്ങളെയോ തടയുന്നില്ല. ജാതീയത ഇന്ത്യന്‍ മനസ്സിന്റെ പൊതുരോഗമാണ്. മസ്തിഷ്‌ക്കമാറ്റങ്ങള്‍ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസപരിപാടികളിലൂടെ മാത്രമേ അതിനെ നേര്‍പ്പിക്കാനാവൂ.

മജീഷ് ചാക്കോ (ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പ് അഡ്മിന്‍)


മജീഷ് ചാക്കോ

ഒരു നടുക്കത്തോടെ മാത്രമേ നമുക്ക് ഇത്തരം വാര്‍ത്തകള്‍ വായിക്കുവാനാകൂ. ജാതിക്കും മതത്തിനും മുകളില്‍ മനുഷ്യന് യാതൊരു വിലയുമില്ലതാകുന്ന അവസ്ഥയാണ് ഇന്നും നമ്മുടെ നാട്ടില്‍ ഉള്ളത്. വാര്‍ത്ത തുറന്നു വായിച്ചപ്പോള്‍ ആദ്യം ഉണ്ടായിരുന്ന നടുക്കം മാറി, വെറുമൊരു മരവിപ്പ് മാത്രമായി. സംഭവം നടക്കുന്നത് കര്‍ണ്ണാടകയിലെ ബിജാപ്പൂര്‍ ജില്ലയില്‍. ഞാന്‍ ഏകദേശം അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത സ്ഥലം. ഗുല്‍ബര്‍ഗ, ബിജാപ്പൂര്‍, റായ്ചൂര്‍, ബീദര്‍ എന്നീ ജില്ലകളിലെ ഓരോ ഗ്രാമങ്ങളിലും ജോലി സംബന്ധമായി പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. ജാതീയമായും മതപരമായും അസമത്വം നിറഞ്ഞു നില്‍ക്കുന സ്ഥലങ്ങള്‍. ദുരഭിമാന കൊലപാതകങ്ങള്‍ക്ക് യാതൊരു പഞ്ഞവും ഇല്ലാത്ത നാട്. പലപ്പോഴും കേട്ടിട്ടുണ്ട് 'മറ്റൊരാളുമായി (വേറെ ജാതിയില്‍ ഉള്ള) പ്രണയത്തിലായ പെങ്ങളെ കുത്തിക്കൊന്ന, തല വെട്ടിയെടുത്ത സഹോദരന്റെ' അഭിമാനപ്രശ്‌ന കഥകള്‍. താമസിച്ചിരുന്ന വീടിന്റെ തൊട്ടു മുന്നില്‍ ഉള്ള റെയില്‍വേ ട്രാക്കില്‍ പലപ്പോഴും അനാഥമായി കിടക്കുന്ന വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍! ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നാട് യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ജാതിയും മതവും വര്‍ണ്ണവും അല്ല, വ്യക്തിയും വ്യക്തിബന്ധങ്ങളും സ്‌നേഹവും ആണ് വലുതെന്നു ഇവരൊക്കെ എന്നാണു മനസ്സിലാക്കുക.

ഷഹാന കെവി (ഫ്രീതിങ്കേഴ്‌സ് വേൾഡ് - അഡ്മിൻ)


ഷഹാന കെവി

യഥാര്‍ഥത്തില്‍ ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം ഇത്തരം ദുരഭിമാനകൊലകള്‍ നടക്കുന്നത് അവിടെ നില നില്‍ക്കുന്ന ജാതിയുടെ ശക്തമായ സ്വാധീനം കൊണ്ടാണ് .തമിഴ്‌നാട്ടില്‍ ഉള്ള എന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുണ്ട് അവര്‍ക്കൊക്കെ ജാതി മാറി പ്രേമിക്കാന്‍ പോലും പേടിയാണെന്ന്. കാരണം അവിടെ സംഘം ചേര്‍ന്ന് തന്നെ അടിച്ചു കൊല്ലുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ട് .ഇവിടെ യുവാവ് ദളിത് ആയത് കൊണ്ട് അഭിമാന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. പിന്നെ ഇതിലെ പെണ്‍കുട്ടി മുസ്ലിം ആയത് കൊണ്ടാണ് സ്വന്തം വീട്ടുകാര്‍ തന്നെ കൊന്നു കളഞ്ഞത്. അവിടെ മതപരമായി ഉള്ള പ്രശ്‌നം ഉണ്ട് .ഇസ്ലാമില്‍ മതത്തില്‍ പെട്ട ഒരു യുവതി അന്യമതത്തില്‍ നിന്നും ആരെയെങ്കിലും കല്യാണം കഴിച്ചാല്‍ വീട്ടുകാര്‍ അവരെ പിന്തുണച്ചാല്‍ കുടുംബത്തെ മുഴുവന്‍ മഹല്ലില്‍ നിന്നും പുറത്താക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി നിലനില്‍ക്കുന്നുണ്ട്. മുസ്ലിം സമുദായത്തില്‍ ഇങ്ങനെയുള്ള വിലക്കുകള്‍ കേരളത്തിലും നില നില്‍ക്കുന്നുണ്ട്

മന്‍സൂര്‍ കൊച്ചുകടവ്


Image Title

നമ്മുടെ പൊതുബോധം തന്നെ ബ്രാഹ്മണിസത്തോട് എത്രയധികമാണ് ബന്ധപ്പെട്ടുകിടക്കുന്നതെന്നു നോക്കൂ. അതുകൊണ്ട് തന്നെയാണ് ദളിതുകളുടെ ജാതിപ്പേര് പൊതുസമൂഹത്തില്‍ തന്നെ തെറിവാക്കുകളായി മാറിയത്. ഈ സമൂഹത്തില്‍ ദളിതുകള്‍ക്ക് മനുഷ്യനെന്ന പരിഗണന പോലുമില്ലെന്നതാണ് വാസ്തവം. മറിച്ചൊരു ആപിപ്രായം ആര്‍ക്കെങ്കിലും ഉണ്ടങ്കില്‍ 'പുലയാടിമക്കള്‍' എന്ന് തെറിയായി വിളിക്കാത്തവര്‍ എത്രപേര് കാണും നമുക്ക് ചുറ്റും എന്നൊന്ന് സ്വയം ചിന്തിച്ചുനോക്കിയാല്‍ മതി !ദളിത് യുവാവിനെ വിവാഹം കഴിച്ച ഗര്‍ഭിണിയായ യുവതിയെ അവരുടെ വീട്ടുകാര്‍ തന്നെ ചുട്ടുകൊന്ന സംഭവത്തില്‍ മത വര്‍ഗീയതയ്ക്ക് ഉപരി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവെറിതന്നെയാണ് അതില്‍ കാണാന്‍ കഴിയുന്നത്. സുഹൃത്തേ, ജാതി വ്യവസ്ഥ മതങ്ങള്‍ക്ക് അധീതമായി നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.

അഡ്വ.ലിസി വി ടി


Image Title

ഇന്ത്യയുടെ പല ഭാഗത്തും ദുരഭിമാനകൊലപാതകങ്ങള്‍ നടക്കുന്നതായി നമ്മള്‍ ഇടയ്ക്കിടെ കേള്‍ക്കുന്നു. അപ്പോഴൊക്കെ ഇ തൊന്നും കേരളത്തില്‍ നടക്കില്ല എന്നും നമ്മള്‍ സേഫ് സോണില്‍ ആണെന്നും നമ്മള്‍ ആശ്വസിക്കുന്നു. അങ്ങനെ ആശ്വസിച്ചിരുന്ന പല കാര്യങ്ങളും തെറ്റിപ്പോകുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മതം മാറിയ പെണ്‍കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി ഹര്‍ത്താല്‍ നടത്തിയവരാരും മിണ്ടി കേള്‍ക്കുന്നില്ല' കേരളത്തിലും കര്‍ണ്ണാടകയിലുമെല്ലാം വ്യക്തിസ്വാതന്ത്ര്യം ഉറപ്പുകൊടുക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണ് ഇത് കര്‍ണ്ണാടകയിലാണല്ലോ എന്നോര്‍ത്ത് പ്രതികരിക്കാതിരിക്കുമ്പോള്‍ നാളെ ഇവിടെയും ഇത് സംഭവിക്കാനുള്ള വഴി നമ്മള്‍ തുറന്നുകൊടുക്കുകയാണ്.

Free thinkers react to the killing of Muslim woman who married a Dalit man in Karnataka