കാറില്‍ നിന്നിറങ്ങി കാളവണ്ടി യുഗത്തിലേക്ക് ഒരു പ്രയാണം- മേക്കിംഗ് ഇന്ത്യ!

ഇന്ന് ഇന്ത്യയിലെ പ്രമുഖ കാർ നിര്‍മ്മാതാക്കള്‍ നേരിടുന്നതും ഇതേ പ്രതിസന്ധിയാണ്. ഇവരുടെ പ്രധാന ഇടപാടുകാര്‍ ഇടത്തരക്കാരാണ്. ഇവരുടെ സാമ്പത്തിക നിയന്ത്രണം കാര്‍ വ്യവസായത്തെ കാര്യമായി ബാധിച്ചെന്നു വേണം കരുതാന്‍, പത്തു മുതല്‍ പതിനഞ്ചു ലക്ഷത്തിനു മുകളിൽ ഉള്ള ഒരു ഫോര്‍ സീറ്റർ വാഹനമായിരിക്കും മിക്ക ഇടത്തരക്കാരും തിരഞ്ഞെടുക്കുക. ഒരു കുടുംബത്തില്‍ ഒന്നിലധികം കാറുകളും വന്നു. ഇക്കൂട്ടരാണ് പെട്ടിയും കിടക്കയും എടുത്തു ആഡംബര ജീവിതത്തില്‍ നിന്നും തിരിച്ചു നടക്കാന്‍ തുടങ്ങിയത്.

കാറില്‍ നിന്നിറങ്ങി കാളവണ്ടി യുഗത്തിലേക്ക് ഒരു പ്രയാണം- മേക്കിംഗ് ഇന്ത്യ!

"How Detroit, the Motor City, turned into a ghost town "

ദി ഗാർഡിയൻ ന്യൂസ് പേപ്പറില്‍ വന്ന ഒരു തലക്കെട്ടാണ് ഇത്. ജനറൽ മോട്ടോഴ്‌സ്, ഫോർഡ്, ക്രസ്റ്റ്ലർ തുടങ്ങിയ വമ്പന്‍ വാഹന നിർമ്മാണക്കമ്പനികൾ സ്വയം കടക്കമ്പനികളായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സാമ്പത്തിക മാന്ദ്യം അമേരിക്കയുടെ മര്‍മ്മത്തെ തൊട്ടപ്പോള്‍ വന്‍ തോതില്‍ ജനങ്ങളുടെ പ്രയാണവും ഉണ്ടായി. നാളതുവരെ ജീവിച്ചിരുന്ന വീടും നാടും ഉപേക്ഷിച്ചു അവര്‍ മറ്റു നഗരങ്ങള്‍ തേടി പോയി. പട്ടിണിയുണ്ടാകരുതെന്ന ആഗ്രഹം മാത്രമായിരുന്നു ഈ പലായനത്തിനു പിന്നില്‍.

ഇന്ന് ഇന്ത്യയിലെ പ്രമുഖ കാർ നിര്‍മ്മാതാക്കള്‍ നേരിടുന്നതും ഇതേ പ്രതിസന്ധിയാണ്. ഇവരുടെ പ്രധാന ഇടപാടുകാര്‍ ഇടത്തരക്കാരാണ്. ഇവരുടെ സാമ്പത്തിക നിയന്ത്രണം കാര്‍ വ്യവസായത്തെ കാര്യമായി ബാധിച്ചെന്നു വേണം കരുതാന്‍, പത്തും മുതല്‍ പതിനഞ്ചു ലക്ഷത്തിനു മുകളിൽ ഉള്ള ഒരു ഫോര്‍ സീറ്റർ വാഹനമായിരിക്കും മിക്ക ഇടത്തരക്കാരും തെരഞ്ഞെടുക്കുക. ഒരു കുടുംബത്തില്‍ ഒന്നിലധികം കാറുകളും വന്നു. ഇക്കൂട്ടരാണ് പെട്ടിയും കിടക്കയും എടുത്തു ആഡംബര ജീവിതത്തില്‍ നിന്നും തിരിച്ചു നടക്കാന്‍ തുടങ്ങിയത്. പണം ചെലവാക്കാൻ എല്ലാവര്‍ക്കും ഭയമായി. വിപണിയിലേക്ക് പണം എത്തുന്നില്ല. ഉൾഭയമാണ് പ്രശ്നം. നാളെ എന്ത് സംഭവിക്കും എന്ന അനിശ്ചിതാവസ്ഥയില്‍ ഉള്ളത് ഭദ്രമായി സൂക്ഷിക്കുക എന്ന മനോഭാവത്തിലേക്ക് ഇടപാടുകാര്‍ എത്തപ്പെട്ടു. ലക്ഷറി ലൈഫ് വേണ്ട എന്ന മനോഭാവം അതിനു കാരണമായി.

1996ല്‍ ഈയുള്ളവൻ ഡൽഹിയിൽ ആദ്യം വരുന്ന കാലത്തു ഇവിടെ ഏറ്റവും കൂടുതൽ കണ്ടിരുന്നത്‌ മാരുതി സുസുക്കിയുടെ 800 മോഡലും, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ അംബാസഡർ കാറും പിന്നെ പ്രീമിയര്‍ പത്മിനി ഫിയറ്റുമായിരുന്നു. ഒരുവിധ പെട്ട എക്സിക്യൂട്ടീവുകള്‍ അധികവും ഫിയറ്റ് കാറിലാണ്. ബിസിനസുകാര്‍ മാരുതി -800 , സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംബാസഡർ കാറുകളും തെരുവിലിറക്കി. ടാക്സികള്‍ അധികവും അംബാസഡർ തന്നെയായിരുന്നു. സാധാരണക്കാരന് കാറുകള്‍ ആഡംബരമായിരുന്ന ഒരു കാലമാണ് എന്നോര്‍ക്കണം.

നരസിംഹ റാവു പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മലയാളിയായ പിസി അലക്സാണ്ടറോട് ഒരു കഴിവുള്ള എക്കണോമിസ്റ്റിനെ ധനമന്ത്രിയായി നിര്‍ദ്ദേശിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. പി.എൻ.ഭഗവതി, മൻമോഹൻ സിംഗ് എന്നീ പേരുകളാണ് അലക്സാണ്ടര്‍ ശുപാര്‍ശ ചെയ്തത്. നരസിംഹ റാവു രണ്ടു പേരോടും ഇക്കാര്യം സംസാരിച്ചു. ഭഗവതിയ്ക്കു അമേരിക്ക വിടാൻ താല്പര്യമില്ല എന്നറിയിച്ചു ഒഴിഞ്ഞുമാറി. ചുമതല താന്‍ ഏറ്റെടുക്കാം എന്നും പക്ഷെ ഭരണനിര്‍വ്വഹണത്തില്‍ അമിത ഇടപെടലുകള്‍ ഉണ്ടാകരുതെന്നും സൂചിപ്പിച്ചു മൻമോഹൻ സിംഗ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായി. നരസിംഹ റാവുവിന്റെ പുസ്തകമായ ഇൻസൈഡറില്‍ ഇക്കാര്യങ്ങള്‍ വ്യക്തതയോടെ സൂചിപ്പിച്ചിട്ടുണ്ട്.

ഫ്രീ- മാർക്കറ്റ് ലിബറലൈസേഷന്‍ തുടര്‍ന്നുണ്ടായി. അതായതു കൂടുതൽ റെഡ് ടേപ്സ് നിലവില്‍ വന്നു. വിദേശ കമ്പനികൾക്കും ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യാമെന്നായി കാര്യങ്ങള്‍. ദേശീയത എന്ന സ്വാര്‍ഥത വ്യാവസായിക മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തി വിദേശിയതയും നമ്മൾ സ്വാഗതം ചെയ്തു. 1996 നവംബറിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ചു ബിസ്സിനസ്സ് ഇന്ത്യ ഗ്രൂപ്സ്, ഡൽഹിയിലെ പ്രഗതിമൈദാനിൽ ഒരു ഓട്ടോ എക്സ്പോ സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ വിപണി ലക്ഷ്യം വച്ചുള്ള തങ്ങളുടെ മോഡലുകളെ വിവിധ അന്താരാഷ്ട്ര കമ്പനികളും ഈ പ്രദര്‍ശനത്തിലൂടെ അവതരിപ്പിച്ചു. ഏകദേശം പത്തു ദിവസങ്ങള്‍ നീണ്ടു നിന്ന ഒരു പ്രദര്‍ശനമായിരുന്നു ഇത്. അതില്‍ ഈയുളളവൻ 5 ദിവസവും അവിടെ സന്ദര്‍ശിച്ചിരുന്നു. കാര്‍ ഭ്രാന്തമാരുടെ നഗരമാണ് നമ്മുടെ തലസ്ഥാനം എന്ന് തെളിയിക്കുന്ന തിരക്കായിരുന്നു ആ ദിവസങ്ങളില്‍ അവിടെ ഉണ്ടായിരുന്നത് പുതിയ കാറുകള്‍ കാണാനും പരിചയപ്പെടാനും എത്തിയവരെ കൊണ്ട് മൈതാനം നിറഞ്ഞുകവിഞ്ഞു. സൂചി കുത്താൻ പോലും സ്ഥലമുണ്ടായിരുന്നില്ല എന്ന് പറയുന്നത് അതിശയോക്തിയല്ല. അന്നാണ് ലോകത്തു ഇത്രമാത്രം കാറുകൾ ഉണ്ടെന്നു ഈയുള്ളവനും മനസിലാക്കുന്നത്‌.

ഏതാണ്ട് 2005 ഓടെ ലോകത്തിലെ ഒരുവിധം കാറുകളും ഇന്ത്യന്‍ വീഥികളില്‍ സ്ഥിര സാന്നിധ്യമായി. ഒപ്പം ഒന്നുണ്ടായി, അംബാസഡർ പരിപൂർണമായും നിത്യതയിലേക്ക് പോയി, ഫിയറ്റ് എവിടെയും കാണാതായി. ഇന്ത്യൻ നിർമ്മിത വിദേശ കാറുകൾ നമ്മുടെ വീഥികൾ കൈയടക്കി. പണ്ട് നമ്മൾ കണ്ട പല കാഴ്ചകളും ഇന്ന് ഒരു പക്ഷെ അപരിചിതമായിരിക്കും. മൂന്നും നാലും പേര് ചേര്‍ന്ന് കാറ് തള്ളി സ്റ്റാർട്ടാകുന്ന കാഴ്ച അന്യമായി എന്ന് തന്നെ പറയാം, കാറിന്റെ മുൻ പാളി ഉയർത്തി വെച്ച് കാർബറേറ്ററിൽ വെള്ളം ഒഴിക്കുന്ന കാഴ്ച ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞാല്‍ കൂടി മനസിലാകണം എന്നില്ല. അപ്രത്യക്ഷമായ കാറുകള്‍ക്കൊപ്പം ഇല്ലാതായ കാഴ്ചകള്‍ കൂടിയാണ് ഇത്. അത്തരത്തില്‍ ആഘോഷപൂര്‍വ്വം നിരത്തുകള്‍ കീഴടക്കിയ കാർ കമ്പനികൾ അടച്ചുപൂട്ടാൻ പോകുന്നു പോലും. കാരണം മറ്റെങ്ങും തെരയേണ്ട...ഇന്ത്യയുടെ സാമ്പത്തിക തകർച്ച ആരംഭിച്ചു കഴിഞ്ഞു.

ഒരു അമേരിക്കൻ ധനകാര്യ വിദഗ്ധൻ നോട്ട് നിരോധനത്തെ താരതമ്യം ചെയ്തത് ഓടുന്ന കാറിന്റെ ടയറിലെ കാറ്റ് അഴിച്ചു വിടുന്നത് പോലെ ആയിരിക്കും എന്നാണ്. അത് പോലെ തന്നെ സംഭവിച്ചു! രഘുറാം രാജൻ തന്റെ ഒരു സുഹൃത്തിനോട് പങ്കുവച്ച ആശയം കൂടി സൂചിപ്പിക്കട്ടെ -സർജറി നടക്കുമ്പോള്‍ ഓപറേഷന്‍ തിയറ്ററിൽ കറന്റ് പോയാൽ രോഗിയുടെ അവസ്ഥ എങ്ങനെയിരിക്കും അതായിരിക്കും ഇവിടുത്തെ സാധാരണക്കാരന്റെയും അവസ്ഥ എന്നായിരുന്നു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിലെ കറൻസി മരവിപ്പിച്ചാല്‍ അത്തരമൊരു അപകടമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇന്ത്യൻ ഇക്കോണമി ഒരു ഗര്‍ഭസ്ഥശിശു മാത്രമാണ്, അതിനെ വളരാൻ അനുവദിക്കുക. വളര്‍ച്ച പൂര്‍ണ്ണമാകാതെ ധൃതിയില്‍ സർജറി ചെയ്തു പുറത്തെടുത്താൽ ആ ശിശുവിന്റെ ആരോഗ്യത്തെ അത് എക്കാലത്തും ബാധിക്കും എന്നുള്ളതിനും സംശയമില്ല. ഇന്ത്യന്‍ സാമ്പത്തികശാസ്ത്രത്തെ പഠിച്ചിട്ടുള്ളവര്‍ നല്‍കിയ മുന്നറിയിപ്പ് വെറുതെയായില്ല എന്ന് ഇപ്പോള്‍ മനസിലാക്കാനും കഴിയും.

H1 -ബി വിസ നിയന്ത്രണം ഒരു വശത്തു ആശങ്ക ഉയര്‍ത്തുമ്പോള്‍ ഇൻഫൊർമേഷൻസ് ടെക്‌നോളജിയിലെ തൊഴില്‍ സാധ്യതകളില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിടുന്നു. പല കമ്പനികളും അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നു. റിയൽ എസ്റ്റേറ്റ് വിപണി 20 വര്‍ഷങ്ങള്‍ പിന്നിലേക്ക് പോയി. കാർഷിക രംഗം കഴിഞ്ഞു ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങള്‍ ഉള്ളത് നിര്‍മ്മാണ മേഖലയിലായിരുന്നു. ഡൽഹിയിലെ ഗ്രേറ്റർ നോയിഡ, ഡൽഹിക്കടുത്തുള്ള ഗുഡ്‌ഗാവ്‌ എന്നിവടങ്ങളില്‍ പണി നടന്നു കൊണ്ടിരുന്ന അപ്പാർട്ടുമെന്റുകളുടെ സ്ഥിതി പോയി നോക്കുക. ശവപ്പറമ്പിന് തുല്യമായ മരവിപ്പാണ് അവിടെയുള്ളത്. എവിടെ എന്തെല്ലാം സംഭവിച്ചാലും മുംബൈ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് താഴെ പോയിട്ടില്ല. സ്ഥായിയായ ഒരു നിലനില്‍പ്പ്‌ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെയും അതല്ല സ്ഥിതി. പത്തു വര്ഷം പിന്നിലേക്കുള്ള സാമ്പത്തികമാണ് ഇപ്പോള്‍ മുംബൈ റിയല്‍ എസ്റ്റേറ്റില്‍ കാണാന്‍ കഴിയുന്നത്‌.

കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനുള്ള നിയന്ത്രണം എങ്ങനെ സാമ്പത്തിക വ്യവസ്ഥിതിയെ ബാധിച്ചു എന്നു കൂടി നോക്കാം. ഒരു ലക്ഷം കോടിയിലധികം വിറ്റുവരവുള്ള വ്യവ്യസായമായിരുന്നു ഇത്. വീണ്ടു വിചാരമില്ലാത്ത നിയന്ത്രണം ഈ മേഖലയുടെ സാമ്പത്തിക അടിത്തറയെ ഇളക്കും എന്നുള്ളതിന് അധിക ഗവേഷണം ഒന്നും വേണമെന്നില്ല. അടുത്ത ക്വാര്‍ട്ടറിലെ സാമ്പത്തിക സൂചിക അതിനുത്തരം നല്‍കും. സര്‍ക്കാര്‍ തന്നെ കണക്കുകള്‍ അവതരിപ്പിക്കട്ടെ.

നമ്മൾ ഡിജിറ്റൽ ഇന്ത്യയിൽ നിന്നും കാളവണ്ടി യുഗത്തിലേക്ക് കടക്കാൻ വെമ്പൽ കൊള്ളുകയാണോ എന്ന് ആരെങ്കിലും ചോദിക്കുന്നതില്‍ അതിശയം തോന്നേണ്ടതില്ല. കാരണം പശു സംരക്ഷകരുടെ പക്കലാണ് സര്‍വ്വനിയന്ത്രണങ്ങളും. അപ്പോൾ കാറിനു പകരം പഴയ വില്ലു വണ്ടി തേടി പോകാന്‍ തയ്യാറെടുക്കാം. ഇന്ധന ലാഭവും ഒപ്പം മേക്കിംഗ് ഇന്ത്യയുടെ പ്രചരണവുമാകട്ടെ.