തരൂർജീ...താങ്കളുടെ കാഴ്ചപാടും ഒരു ഫരാഗോയാണ്!

താന്‍ കാലങ്ങളായി അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചു സന്യാസിയുടെ ലിംഗഛേദനം നടത്തിയ പെൺകുട്ടി പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് താങ്കള്‍ ഉപദേശിച്ചു കണ്ടു. കേരള പൊലീസിനെ കുറിച്ച് താങ്കള്‍ക്കു പലതും അറിയാം, പലതും കൂടുതലും അറിയാം. എന്നിട്ടും ഇങ്ങനെ ഉപദേശിക്കണമെങ്കില്‍ താങ്കള്‍ 'ശശി'യാണ് എന്ന് ഇങ്ങനെ തെളിയിക്കാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിച്ചു പോകുന്നു

തരൂർജീ...താങ്കളുടെ കാഴ്ചപാടും ഒരു  ഫരാഗോയാണ്!

യുണൈറ്റഡ് നേഷന്‍സ്, അമേരിക്കന്‍/യൂറോപ്യൻ രാജ്യങ്ങൾ എന്നിവ പോലെയൊന്നും നമ്മുടെ ഈ കൊച്ചു നാടിനെയും കാണരുതെന്ന് ബഹുമാനപ്പെട്ട ശശി തരൂരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. അവിടുത്തെ പൊലീസും കേരളാ പൊലീസും തമ്മില്‍ വലിയ അന്തരമുണ്ട്. ഒരു പ്രസ്താവന നടത്തും മുന്‍പേ എവിടെയാണ് എന്നും എന്താണ് എന്നും തിരിച്ചറിഞ്ഞു സംസാരിക്കുന്നത് ഉചിതമാകും.

കേരളത്തിൽ വരുമ്പോൾ താങ്കള്‍ തിരുവനന്തപുരത്തുള്ള ഏതെങ്കിലും എലൈറ്റ് ടീമിനൊപ്പം വൈകിട്ട് ബ്ലൂ ലേബൽ വിസ്‌ക്കി മാത്രം കഴിച്ചാൽ പോരാ, ഇടക്ക് അവിടെയെവിടെയെങ്കിലും ഉള്ള ഒരു കള്ളുഷാപ്പിൽ കൂടി കയറണം. പറ്റുമെങ്കില്‍ നാടന്‍ കള്ളിന്റെ സ്വാദും ലഹരിയും ഗന്ധവും അറിയണം. മറ്റൊന്നിനും വേണ്ടിയല്ല, എല്ലാ ജീവിതങ്ങളും അടച്ചുറപ്പിച്ച ശീതീകരിച്ച മുറിയിലെ സംഭാഷണങ്ങളില്‍ ലഭിക്കണമെന്നില്ല. അതിനാലാണ് ഈ ഒരു അഭിപ്രായം...

താന്‍ കാലങ്ങളായി അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചു സന്യാസിയുടെ ലിംഗഛേദനം നടത്തിയ പെൺകുട്ടി പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് താങ്കള്‍ ഉപദേശിച്ചു കണ്ടു. കേരള പൊലീസിനെ കുറിച്ച് താങ്കള്‍ക്കു പലതും അറിയാം, പലതും കൂടുതലും അറിയാം. എന്നിട്ടും ഇങ്ങനെ ഉപദേശിക്കണമെങ്കില്‍ താങ്കള്‍ 'ശശി'യാണ് എന്ന് ഇങ്ങനെ തെളിയിക്കാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിച്ചു പോകുന്നു.താങ്കള്‍ക്കു അറിയാന്‍ പാടില്ലാത്തതായിരിക്കില്ല, എങ്കിലും ഒന്നു സൂചിപ്പിക്കുകയാണ്. 'വിവേചനാധികാരം' എന്നൊന്ന് പൊലീസിന്റെ കര്‍ത്തവ്യത്തില്‍ വളരെ ലാവിഷായി നല്‍കിയിട്ടുണ്ട്. അതായത്, തന്റെ മുന്നില്‍ എത്തുന്ന ഒരു പരാതി ഫയലില്‍ സ്വീകരിക്കുമ്പോഴും എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതില്‍ താന്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ കൂടി അതില്‍ സൂചിപ്പിക്കാം.

ഉദ്ദാഹരണത്തിനു, താങ്കള്‍ പറഞ്ഞത് പോലെ ഈ പെൺകുട്ടി പരാതിയുമായി പൊലീസ് ഏമാന്റെ അടുത്ത് ചെന്നെന്നിരിക്കട്ടെ. എന്താകും പിന്നീട് സംഭവിക്കുക? ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ക്ക് ഈ കേസിന്റെ 'റീച്ച്' പിടിക്കിട്ടും. എവിടെ എങ്ങനെ കൊടുത്താല്‍ ആര്‍ക്കൊക്കെ പരിക്കേല്‍ക്കും എന്ന് അവര്‍ക്കറിയാം. പരാതി സ്വീകരിക്കുന്നതിനൊപ്പം തന്നെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും അന്വേഷണത്തിന്‍റെ ഭാഗമായി ഉണ്ടാകും.

ഇത്രയും കാലം ആസ്വദിക്കുകയായിരുന്നോ? ഇപ്പോള്‍ എന്താണ് പരാതി? പരാതിയുടെ വളരെ ഡീറ്റെയില്‍ഡ് വിശദാംശങ്ങള്‍ തുടങ്ങി ഒന്നാം ഘട്ടം കഴിയുമ്പോള്‍ തന്നെ പെണ്‍ക്കുട്ടി മാനസികമായി തളരും എന്നുറപ്പല്ലേ.

ഇതിനിടെ മറ്റൊന്ന് കൂടി സമാന്തരമായി അണിയറയില്‍ നടക്കുന്നുണ്ടാകും. എസ്.ഐ, സി.ഐ എന്നിങ്ങനെ പ്രോട്ടോക്കോള്‍ പ്രകാരം പരാതി അനൌധ്യോഗികമായി മേല്‍ത്തട്ടിലേക്ക് പോയിട്ടുണ്ടാകും. സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ ബാധിക്കുന്ന വിഷയമാണെങ്കില്‍ അത് മിനിട്ടുകള്‍ക്കുള്ളില്‍ അവിടെയും ബോധിപ്പിച്ചിരിക്കും.

പ്രതിയായ സ്വാമി തീരെ നിസ്സാരക്കാരനല്ല, വിപ്ലവവീര്യം കൊണ്ടുനടക്കുന്ന ഈ മഹാനുഭാവനോട് പല ഉദ്യോഗസ്ഥർക്കും ബന്ധങ്ങള്‍ ഉണ്ടാകാം. 15 മിനിറ്റു തികച്ചു വേണ്ട, സ്വാമി കാര്യമറിയാന്‍. ഈ കേസ് ഒതുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ സ്വാമി ഒരു സ്വാമിയെ അല്ലെല്ലോ! ഈ പെൺകുട്ടിയുടെ അമ്മയെ കൊണ്ടു തന്നെ ഇയാള്‍ പെൺകുട്ടിക്ക് തലയ്ക്കു നല്ല സുഖമില്ല എന്ന മൊഴി നല്‍കും. ആരോടും ഇങ്ങനെ ആയിരിക്കും പെരുമാറുന്നതെന്നും ആ സ്ത്രീ സാക്ഷ്യപ്പെടുത്തും. ചികിത്സയിലാണ് എന്നൊരു ഡോക്ടർ സർട്ടിഫിക്കറ്റ് കൂടിയാകുമ്പോള്‍ പെണ്‍ക്കുട്ടിയുടെ പരാതിയുടെ വിശ്വാസ്യത തകരുമെന്നും ഉറപ്പല്ലേ?

ഈ പെൺകുട്ടിയെ ഓറൽ സെക്സിനാണ് സ്വാമി നിർബന്ധിച്ചിരുന്നത് പോലും. പെൺകുട്ടി ഈ പരാതി പറയുമ്പോൾ നമ്മുടെ പോലീസ് എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നു അറിയാത്തത് ഒരു പക്ഷെ തരൂരിന് മാത്രമായിരിക്കും. അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് ഇവ ശരിക്കും അറിയാം. ഇതിനാണ് തരൂര്‍ജീ ഇടയ്ക്ക് കള്ളു ഷാപ്പിൽ ഒന്നു പോകണം എന്ന് പറഞ്ഞത്. സാധാരണക്കാരന്റെ പള്‍സ് അറിയാം.

ഐജിമാരുടെ മാത്രം സൗഹൃദം ഒരു പക്ഷെ പൊലീസിനെ കുറിച്ചു ഇത്തരമൊരു ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ കാരണമായേക്കാം. എന്നാല്‍ പറ്റുമെങ്കില്‍ പ്രോട്ടോകോള്‍ മാറ്റി വച്ചു ഒരു ലോക്കൽ പോലീസുകാരനൊപ്പം ഒരു പെഗ് എങ്കിലും എടുക്കു....അവര്‍ പറയും പുസ്തകത്തിലെ ജീവിതങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം എത്ര വലുതാണ്‌ എന്ന്!

Farrago of distortions, misrepresentations are there in the implementation of justice for the weak too...Tharoor Ji !